malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, ഡിസംബർ 29, ഞായറാഴ്‌ച

കിണർ



ചിലപ്പോൾ
അകം കലങ്ങി
ചിലപ്പോൾ
കണ്ണീരു പോലെ
തെളിഞ്ഞ്
ഏകാന്തതയിൽ
മുങ്ങി
ആകാശത്തിലേക്ക്
നോക്കി
ആഴങ്ങളിലേക്കിറങ്ങി
ഒരിക്കലും
തുളുമ്പാകെ
തൂവാതെ
ഉള്ളിലടക്കി
രാപ്പകലില്ലാതെ
ഏത് ഋതുവിലും
പരിഭവമില്ലാതെ
ഉറവകളെ മാത്രമുണർത്തി
ഉൺമകളെ മാത്രമേകി
ഉണർന്നിരിക്കുന്നൊരമ്മ.
ഓർമ്മകളുടെ
ഒറ്റക്കണ്ണാണ് കിണർ.
ഓരോ ആളുടെ
ഉള്ളിലുമുണ്ട് ഒരു കിണർ
അകം കലങ്ങി
ആഴം വളർന്ന്

2019, ഡിസംബർ 27, വെള്ളിയാഴ്‌ച

മറച്ചു വെയ്ക്കുന്നത്



മറച്ചു വെയ്ക്കുന്നുണ്ട്
ഓരോആളും എന്തോഒന്ന്
വാക്കിൽ
നോക്കിൽ
ചിരിയിൽ
ചിന്തയിൽ
ബന്ധത്തിൽ
സ്വന്തത്തിൽ.
മറച്ചുവെയ്ക്കുന്നുണ്ട്
ഓരോ ആളും
ഒരു കാട്
ഒരു തേറ്റ

2019, ഡിസംബർ 24, ചൊവ്വാഴ്ച

ക്രിസ്തുമസ്



സാന്താക്ലോസിന്റെ
വെളുത്ത താടിപോലെ
ഡിസംബറിലെ മഞ്ഞ്
ചില്ലു നൂലിൽ കോർത്ത
കുഞ്ഞു ബൾബു പോലെ
ഹിമശലാകകൾ
വർണ്ണങ്ങളുടെ വെളിച്ചമായ്
ക്രിസ്തുമസ് .
ചില്ലതൻ പച്ചവിരലുകൾ ഉയത്തി -
കാട്ടുന്ന ക്രിസ്തുമസ്ട്രീയിൽ
നക്ഷത്രങ്ങളായ് ചുവന്ന ഫലങ്ങൾ
തൂങ്ങിയാടുന്നു
വിശുദ്ധകന്യക സ്നേഹലാളനത്തിൽ
മുഴുകിയിരിക്കുന്നു
അവനെന്റെ ഹൃദയവേദന ശമിപ്പിക്കുന്നു
മൃതിവിഹ്വലതയെ
വൃക്ഷവിരലുകളാൽ
തഴുകി തലോടുന്നു
അവനെന്റെ പാപങ്ങളെ
കൈയ്യേൽക്കുന്നു
അവനെന്റെ അപ്പത്തിന്
കാവലാളാകുന്നു
അവനേകും മഞ്ഞെനിക്ക്
വീഞ്ഞിൻ ലഹരി
അവനെന്നിൽ പ്രത്യാശതൻ
നാമ്പുണർത്തുന്നു
ഇന്നിവിടെ സ്നേഹത്തിൻ
പിറവി ദിനം

അവൾ, ഒരു കടലാണ്



കടലുകാണുവാൻ
കടൽക്കരയിൽ പോകണ
മെന്നില്ല
കടൽക്കരയിൽ വസിക്കുന്ന
ഒരുവളെ കണ്ടാൽ മതി.
നിറഞ്ഞ കൺകളിൽ കടൽ
തിരപോലെ പാറുന്ന മുടി
തിരതൻ പടഹധ്വനിപോലെ
തേങ്ങൽ
അപാരതയിലേക്കെന്നപോലെ
ശൂന്യമായ കൈകൾ
നിരാശതയേറ്റിവരുന്നവള്ളം -
പോലെ ചുണ്ടുകൾ
പ്രതീക്ഷയറ്റ പകൽപോലെ -
മനസ്സ്
ഉൾക്കടൽപോലെ അനക്കമറ്റ -
നിൽപ്പ്
കടലുകാണാൻ കടൽക്കരയിൽ
പോകണമെന്നില്ല
കടൽക്കരയിൽ വസിക്കുന്ന
ഒരുവളെ കാണണമെന്നില്ല
നോക്കൂ ;
അവളെക്കുറിച്ചുള്ള ഓർമ്മകളിൽ -
തന്നെ
ഒരു കടലിരമ്പുന്നത്

2019, ഡിസംബർ 22, ഞായറാഴ്‌ച

കുരിശിൽ



തറയ്ക്കുക ആണിയെൻ
കൈപ്പത്തിയിൽ
കാരിരുമ്പുപോൽ ബന്ധമെന്നുറക്കെ
പറയുക
കാഴ്ച പൊട്ടിക്കുമ്പോൾ കേൾക്കുമാ
ശബ്ദത്തെ
ഞൊട്ടയിടുന്നതിന്നൊച്ചയെന്നോതുക
ഇനിയുമെൻചോരയും നീരും കുടിച്ച നിൻ
ചുണ്ടുകൾ ചുംബനത്താൽ ചോന്നതെന്നും
ചത്തവർഷങ്ങളായിരുന്നല്ലൊയിന്നോളം
നീയെനിക്കേകിയ വിവാഹ സമ്മാനം
തുടിക്കും ഹൃദയത്തിൽ കത്തിമുനയാലെ
കുത്തിക്കളിക്കുകയല്ലോനിൻ സൗഹൃദം
മരണം മണപ്പിച്ചു നീങ്ങും നിഴലത് നീയാണ്
യെന്നു ഞാൻ ഇന്നറിയുന്നിതാ
നോവിനെ വേവിച്ചു തിന്നു രസിക്കനീ
ഞാൻ നിനക്കായ് മാത്രമുള്ള ഇരയല്ലോ
നേടുവാനില്ലയിനിയെനിക്കൊന്നുമേ
മരണത്തെ മേവുക മാത്രം
ആണി തറക്കുവാനായല്ലോ അന്നെന്നെ
അച്ഛൻ പിടിച്ചു നിൻ കൈയിലേല്പ്പിച്ചത്
കൊച്ചു നുണക്കുഴിനുള്ളി നോവിക്കാതെ
ഉമ്മ തന്നുള്ളോരെന്നമ്മ കരഞ്ഞത്
പൊന്നും പണവും കണക്കു പറഞ്ഞന്ന്
പോര പോരെന്നു നീ പിന്നെയും ചൊന്നത്
കുരിശിന്റെ കൂട് നീയന്നേ പണിഞ്ഞെന്ന്
കുശുകുശുക്കുന്നെന്നിൽ മിടിപ്പുകളായിന്നും
തറയ്ക്കുകനീ ആണി സീമന്ദരേഖയിൽ
ഉയർത്തെഴുന്നേൽക്കില്ലെന്നുറപ്പു വരുത്തുക


2019, ഡിസംബർ 20, വെള്ളിയാഴ്‌ച

മഴ



മഴ വന്നേ, വരണ്ട മനസ്സിൻ
വയലേലകളെല്ലാം നനഞ്ഞു കുതിർന്നേ
ആർത്താർത്തു പെരുത്തു വരുന്നേ
സുന്ദരമൊരുമഴ കവിതമഴ
ഒറ്റയ്ക്കീകോലായിലിരുന്ന്
ഓർക്കുമ്പോൾ ലഹരിമഴ
ബാല്യത്തിൻ വരമ്പുവഴുക്കി
ആർത്തുചിരിക്കും ഓർമ്മമഴ
സ്വപ്നങ്ങൾ പൊട്ടിമുളച്ച്
നനഞ്ഞു കുളിർന്ന് തളിർത്തു പടർന്ന
ആദ്യത്തെ പ്രണയ വിചാര വികാരത്തിൻ
കന്നിമഴ
കുളിരുണർത്തും ഓർമ്മകളെ
യാമത്തിൻ ഇരുളറയിൽ
ഉറഞ്ഞാടി പെയ്തൊഴിഞ്ഞ
സ്വർഗ്ഗീയ നിമിഷമഴ
സുഖമേറെ ഓർക്കാനും സുഖമുണ്ടെന്നാ-
ണേലും
ചോരുന്നൊരു ചെറുകുടിലിൽ
ചോരാത്തൊരിടം തേടി
തേങ്ങിയൊരു രാവുകളിൽ
തുളുമ്പുന്നൊരു കണ്ണീർമഴ
മഴയായൊരു മഴയെല്ലാം
പല വഴിയേ പോയല്ലോ
നിനവുകളിൽ, നിലാവുകളിൽ
മുട്ടിയുരുമ്മുന്നു പല മുഖമിന്നും
ഓർമ്മകൾതൻ ചില്ലകളിൽ
കണ്ണീരിൻ കവിത മഴ

പ്രണയമേ....



നീ എന്നിലൊരു കമ്പനമാകുന്നു
കാറ്റാടിച്ചില്ലപോലെ,യാടിയാടി-
നിൽക്കുന്നു
മുയൽ മിഴിയായ്, കൂർമ്പൻ ചെവി
യായ്
പതുപതുത്ത മഞ്ഞിൻ തരിയായ്
കുളിർന്നു നിൽക്കുന്നു
അരുവിപോലെ കളകളം പൊഴിക്കുന്നു
കുരുവിപോലെ കുണുങ്ങിയിരിക്കുന്നു
ആകാശം പോലെ അനന്തമാകുന്നു
വൈദ്യുതി പോലെ വിജൃംഭിതം
പൂവുപോലെ മൃദുലം
കാറ്റിൻ ദലമർമ്മരം
കടും വെളിച്ചം
മിന്നൽ പിണർ
പുലർകാല നക്ഷത്രം
ഊരിക്കളഞ്ഞ ഏകാന്തത
സാന്ത്വനത്തിന്റെ സഹനത
സ്വപ്നങ്ങളുടെ കൂട്ടുകാരി
സ്വരാക്ഷരങ്ങളുടെ പാട്ടുകാരി
നിന്റെ ഓർമ്മയോളം മധുരം
ഏത് മധുരത്തിനുണ്ട്

2019, ഡിസംബർ 18, ബുധനാഴ്‌ച

ജീവിത വണ്ടി



ജീവിതത്തിന്റെ മൂന്നാമത്തെ
വളവിൽ വെച്ചാണത് സംഭവിച്ചത്
നാലാമത്തെ വളവിൽ വെച്ചായി
രുന്നുവെങ്കിൽ
ഇത്രയുമുണ്ടാവില്ലായിരുന്നു ഖേദം
ഒന്നാമത്തെ വളവിൽ വെച്ചായിരുന്നു
അവൻ ഓട്ടാൻ പഠിച്ചത്
രണ്ടാമത്തെ വളവിൽ വെച്ച്
എല്ലാം അനായാസമെന്ന് തോന്നി.
മൂന്നാമത്തെ വളവിൽ വെച്ചാണത്
സംഭവിച്ചത്
തന്റെ മോഹവാഹനത്തിൽ
വെസ്‌റ്റേൺ മ്യൂസിക്കിന്റെ
അകമ്പടിയോടെ
ആക്സലേറ്ററിലമർന്ന് ആനന്ദത്തി -
ലങ്ങനെ
എൺപതിൽ നിന്ന് നൂറിലേക്ക്
വളവിന്റെ പകുതിയിൽ നിന്ന്
തിരിയാൻ കഴിയാതെ
ഒരു തുമ്പിയെപ്പോലങ്ങനെ...
പറന്നു പറന്ന് നേരെ.......
ഓർത്തിട്ടുണ്ടാകുമോ
അപ്പോഴെങ്കിലും അവൻ
കൈയിലൊതുങ്ങാത്ത ജീവിത വണ്ടി
യുടെ
മായികതയെക്കുറിച്ച്

2019, ഡിസംബർ 16, തിങ്കളാഴ്‌ച

അനശ്വരം



ഹൃദയമുക്കോൺ ചെപ്പിൽ
പ്രണയമായ് പൂത്തു നീ
തന്മാത്രകൾ തോറും തേൻ
ചുരത്തുന്നു നീ
സഖി നിന്റെ കൺകളിൽ കാർ -
മഷി പൊയ്കയിൽ
നീന്തി തുടിക്കുന്നു കൃഷ്ണമണി -
പക്ഷി
എന്തെന്തുജാലങ്ങൾ കാലങ്ങൾ -
നിൻമെയ്യിൽ
കാട്ടുന്നുസഖി നീവിടർന്ന ചെന്താരമോ
കാർന്നിരയ്ക്കൊത്തൊരാ
കൂന്തൽ വിടർത്തി നീ
കാന്തീകമായികാഭാവം പടർത്തുന്നു
ചെറ്റുവിടർന്നൊരാ ചേണുറ്റ-
ചെമ്പനീർ
പൂവുപോൽ പുഞ്ചിരിയായ് പരിലസി-
ക്കുന്നു
സ്നേഹിക്ക സഖിനമ്മൾ
സ്നേഹിക്കയെന്നുമേ
സ്നേഹമല്ലാതെയീബ്ഭൂവിലെന്തുണ്ട -
നശ്വരം





2019, ഡിസംബർ 15, ഞായറാഴ്‌ച

തറവാട്ടുവീട്ടിൽ



അച്ഛൻ പണിത വീടാണ്
കളപ്പുര വീടാണ്
ഓടിട്ട ഞാലീല്
ഉണക്കാനിട്ട നെല്ല് ഓർമ്മയുണ്ട്
പുന്നെല്ല് വിളഞ്ഞ കണ്ടവും
പുത്തരിയുണ്ട നാളും.
ഇപ്പോഴുമുണ്ട് ഭിത്തിയിൽ
കരിക്കട്ടയാൽ കോറിയ ചിത്രം
മണ്ണപ്പം ചുട്ട ചിരട്ട.
ദ്രവിച്ച് അടർന്നുവീണെങ്കിലും
അടുക്കളയിലെ അമ്മമണം.
പ്രാന്തത്തി പാറുവിനെപ്പോലെ
തൊടിയിലെങ്ങും കടിത്തൂവ.
ഇളകിയാടുന്നുണ്ട് കട്ടിളയും ജനലും
തെക്കേലെ പാറൂട്ടി
കല്ല്യാണം കഴിയാതെ കുളിതെറ്റിയപ്പോ
മുറ്റത്തെ പ്ലാക്കൊമ്പിൽ
തൂങ്ങിയാടുംപോലെ.
തെറിച്ചുവീണ മൂലയോട് മുഖം പൊന്തിച്ച്
കിടപ്പുണ്ട്
അടിയാത്തി കാരിച്ചി അടിതെറ്റി വീണ
വരഞ്ചാണിയിലേപ്പോലെ
കൊതുക് മൂളിപ്പറക്കുന്നുണ്ട്
അന്നത്തെപ്പോലെയിന്നും
വീണടിഞ്ഞിട്ടുണ്ട് ചക്കയും
നെല്ല് തിന്ന് ചൂളിയിട്ട എലികൾ
പറ്റിച്ചേന്നും പറഞ്ഞ് പായുന്നുണ്ട്
കാലുകൾക്കിടയിലൂടെ അപ്പക്കാട്ടിലേക്ക്
കുറുന്തോട്ടി, കുറുക്കൻ വെള്ളരി
കാണാനേയില്ല
കാടുമൂടിക്കിടപ്പുണ്ട് രണ്ട്മൺകൂനകൾ
തൊട്ടാവാടിക്കുള്ളിൽ തൊട്ടു തൊട്ട്.
ചിതയിലെരിയുന്ന അച്ഛനു, മമ്മയേയും
ഞാൻ നോക്കി നിന്നിട്ടുണ്ട്.
പണിപ്പെട്ടുള്ള അവരുടെ ശ്വാസം
അടഞ്ഞു പോയ ശബ്ദം
എരിഞ്ഞു തീരുന്ന എല്ലുകൾ
ചങ്കുപൊട്ടുന്ന വേദന ,തിന്നിട്ടുണ്ട്.
സന്ധ്യയായെന്ന് ഒരു ചെമ്പോത്ത്
ഓർമ്മിപ്പിക്കുന്നു
മടങ്ങി വരുമ്പോൾ കിളയരികിലെ
കോണി കടക്കുമ്പോൾ
ഒരു ബാല്യം വന്നെന്റെ അരക്കെട്ടിൽ
ചുറ്റിപ്പിടിക്കുന്നു

2019, ഡിസംബർ 14, ശനിയാഴ്‌ച

ശവമാടം



ദാനം കിട്ടിയ ജന്മം
വിത്തേതെന്നോ
നിലമേതെന്നോ അറിയില്ല.
ഓർമ്മയ്ക്ക് മുമ്പ്
ഓമനിച്ചിട്ടുണ്ടാകുമോ,
അമ്മയെന്ന്
ഉച്ചരിച്ചിട്ടുണ്ടാകുമോ.
ആരുടെ ആനന്ദത്തിൽ
നിന്നായിരിക്കും
ഈ കണ്ണീർ പിറവി
സ്മൃതിയില്ലാത്തവന്
മൃതിയകലെ
മൂകതയുടെ
മുനമ്പിൽ താമസം
പീടിക തിണ്ണയ്ക്കറിയുമോ
പിറവിയുടെ രഹസ്യം.
പ്രാണന്റെ പിടച്ചിൽ
കണ്ണീർ രുചി നുണയുന്നു
കുറുക്കൻമാർ ചുറ്റും.
വാക്കിന്റെ മൂർച്ചയോളം
വരില്ല
പ്രളയത്തിന്റെ ജലകഠാരം
മതിയായി ജീവിതത്തിന്റെ
വസന്തം രുചിച്ചത് !
എവിടെ എന്റെ ശവമാടം
ഉണ്ടാവില്ല അമ്മയില്ലാത്തവന്
ശവമാടവും

2019, ഡിസംബർ 11, ബുധനാഴ്‌ച

ജീവന്റെ വേര്



പരിസ്ഥിതിയേപറ്റി
പറഞ്ഞു പറഞ്ഞു നാം
നാവു വെച്ചുടൻ
വാ കഴുകുന്നു
കൈ തുടയ്ക്കുന്നു
കാടുവെട്ടിയ
കണക്കെടുക്കുന്നു
കുപ്പിവെള്ളം
കുടു കുടേ മോന്തി
ഞെരിച്ചമർത്തി
മണ്ണിലേക്കെറിയുന്നു
മണ്ണരികിലെ കല്ലിളക്കുന്നു
കുന്നിൻ കണ്ണുകൾ
ചൂഴ്ന്നെടുക്കുന്നു
പണക്കണക്കുകൾ മാത്രം
നോക്കവേ
കുന്നിടിഞ്ഞൊരാ
പുഴ നിവരുന്നു
കടലുവന്നാ കരയെ
തൊട്ടപ്പോൾ
കരകുഴഞ്ഞുവീണൊ
ലിച്ചു പോകുന്നു
കുന്നിനുള്ളിൽ
നിലവിളിക്കുമേൽ
കടലൊഴുകി കടലിനെ
തിരയുന്നു
പറിഞ്ഞ വേരുകൾ
പഴയ കാലത്തിൽ
കുന്നിനെ ചുറ്റി കാത്ത -
തോർക്കുന്നു
പിന്നെയും,
പറഞ്ഞു പറഞ്ഞു നാം
നാവു വെച്ചുടൻ
കൈ കഴുകുന്നു
പറയുന്നതൊന്ന്
പ്രവർത്തി മറ്റൊന്ന്
തെറിച്ച വിത്തും
മുളച്ചു വരും മുമ്പേ
പറിച്ചെടുത്തു നാം
കണക്കുകൂട്ടുന്നു

ജീവിത ചിത്രം



വരയ്ക്കുന്നുണ്ട് ഒരാൾ
ജീവിത ചിത്രം
പാടത്തും, പറമ്പിലും.
പെരുമ്പാമ്പുപോലെ നീണ്ടു -
വളഞ്ഞ വഴി മൂടി കിടക്കുന്ന
തൊട്ടാവാടികളും, തുമ്പച്ചെടികളും
മാടിയൊതുക്കുന്നുണ്ട്
പച്ചച്ചായം പോലെ നുള്ളിനുള്ളി -
വെയ്ക്കുന്നുണ്ട്
തകര താളാം ചപ്പിൽ
തോട്ടരികിലെ ചാലിലൂടെ
ഒഴുകി വരുന്ന കവിതയെ
തിരിച്ചുവിടുന്നുണ്ട്
പല കൈവഴികളായി
പാവലിൽ, വെണ്ടയിൽ വരച്ചു
ചേർക്കുന്നുണ്ട്
പൂവിൻ ചിത്രങ്ങൾ
കവിതാക്ഷരമായ് വിരിഞ്ഞു
നിൽപ്പുണ്ട് കായകൾ
ഒരു മരം വരച്ചു ചേർത്തിരിക്കുന്നു
താഴെ തണൽ
വിയർപ്പു വരച്ച ഉപ്പിൻ ചിത്രം
ഒപ്പിയെടുക്കുന്നു അയാൾ
വാഴക്കൂമ്പിൽ ഉഞ്ഞാലാടുന്നു
അണ്ണാൻ
പൊട്ടിയ സ്ലേറ്റിൽ കണക്കുമാഷ്തന്ന
മൊട്ട പോലെ
വിണ്ടനിലത്ത് ചാഞ്ഞു കിടക്കുന്നു
മത്തൻ
മഞ്ഞവെയിൽ പടിഞ്ഞാട്ടെ കുന്നിറ-
ങ്ങുന്നു
തൊടിയിലൊരാൾ വരച്ച ചിത്രത്തിന്റെ
മിനുക്ക് പണിയിലാണ്


2019, ഡിസംബർ 7, ശനിയാഴ്‌ച

അതിജീവനം



ഒരു കവിത വന്നെന്റെ കൈയ്യിൽ 
കയറി പിടിച്ചു
എടുത്ത കയർ ഞാൻതാഴെയിട്ടു
ഒരിക്കൽ പാഞ്ഞു വരുന്ന
വണ്ടിക്കടിയിലേക്ക്
കുളത്തിലേക്കെന്ന പോലെ
ഊളിയിടാൻ ആഞ്ഞപ്പോൾ
ഒരു കവിത വന്നെന്റെ കരണ-
ത്തടിച്ചു
പുകയുന്ന കുഞ്ഞു കണ്ണുകളെ
കാട്ടിത്തന്നു
പിന്നെയൊരിക്കൽ
കവിത വന്നെന്റെ കഴുത്തിൽ -
പിടിച്ചു
കാളകൂടത്തെപ്പോലെ കഴുത്തു
നീലിച്ചെങ്കിലും
കാലന് കൂട്ടായ് പോകാൻ കഴി-
ഞ്ഞില്ല
മരണത്തെ കട്ടെടുക്കാൻ
സമ്മതിക്കില്ലെന്ന്
ഇന്ന്
കവിത കണ്ണുരുട്ടി കാണിക്കുന്നു.
കവിത അതിജീവനമെന്ന്
ഈ പുതുജീവിതത്തിലിരുന്ന്
ഞങ്ങൾ പരസ്പരം ചിരിക്കുന്നു

ആശുപത്രി



അസുഖമായി നിങ്ങളെന്നെങ്കിലും
ആശുപത്രിയിൽ കിടന്നിട്ടുണ്ടോ?
ജീവിതത്തിലേക്കും മരണത്തിലേക്കും
തുല്ല്യദൂരംഅളക്കാവുന്ന ഒരളവുകോലാണ്
ആശുപത്രി
നിലവിളികളുടേയും പൊട്ടിച്ചിരിയുടേയുമിടം
പുടവയുടുത്ത ഓർമ്മകൾ പട്ടുപോവുകയും
ചിന്തേരിട്ട് മിനുക്കി മിനുക്കിയുമെടുക്കും.
കിടന്നു പോയി നടന്നും
നടന്നു പോയി കിടന്നും വരും
ഒരു മാത്രപോലുമുറങ്ങാതെ
ചപലതയുടെ താപനിലയിലുരുകും
ഒരു മാത്രപോലുമുണരാതെ
തമോദ്വാരത്തിൽ ഉറങ്ങും
ചില നേരങ്ങളിൽ കാല്പനികതയിലേക്ക്
എടുത്തുയർത്തും
ചില നേരങ്ങളിൽ സംസാരദുഃഖത്തിലേക്ക്
വലിച്ചു താഴ്ത്തും
ചിലപ്പോൾ തൃഷ്ണയാൽ ജ്വലിക്കും
ചിലപ്പോൾ വെറുപ്പിന്റെ ചിതൽപുറ്റിലൊ-
ളിക്കും
ആശുപത്രിക്ക് ഒരേ സമയം മോർച്ചറിയുടെ
തണുപ്പും
മണിയറയുടെ ചൂടുമാണ്.
എന്തു തന്നെയായാലും ആശുപത്രി
അവസാനത്തെ അഭയമാണ്, സമാധാനവും
കിടക്കുന്നവർക്കും, കിടത്തുന്നവർക്കും





2019, ഡിസംബർ 5, വ്യാഴാഴ്‌ച

നാട്ടുപാട്ട്



തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
ഞാറുപറിക്കും നങ്ങേലിപെണ്ണിന്
നാണംനുരിയിട്ട് പൊന്തുന്നേ
കാലിപൂട്ടുന്നേരം കമ്മാരൻചെക്കന്റെ
കരളിൽ കുതികൊള്ളും തന്തോയം
ഓ.....തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
പുതുഞ്ഞാറുപോലൊരു പെണ്ണൊരുത്തി
കൊഴുവിന്നുറപ്പാകു ,മാണൊരുത്തൻ
ഇമ്പ.... മ്പ ചൊല്ലുന്നു കണ്ണ്നാലും
പ്രേമമിതമ്പമ്പോകെങ്കേമം
ഓ.....തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
കളപറിക്കുന്നുണ്ടേ കന്നിപ്പെണ്ണ്
കരളിൽപിട്ടലായി മോഹമുണ്ടേ
ചിങ്ങം പിറന്നെന്നാൽ കമ്മാരൻ ചെക്കനും
നങ്ങേലിപെണ്ണിനും മാംഗല്യം
ഓ....തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
കതിരിട്ടമോഹത്തിൻ കാവൽപ്പുരകെട്ടി
വിളകാത്തിരിക്കുന്നു കമ്മാരൻ
ചാറൂറ്റും തമ്പ്രാനാൽ ചാഴിയാകാതാവാൻ
നാളെണ്ണിതീർക്കുന്നു നങ്ങേലി
ഓ......തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
കണ്ടം മൂരുന്നോരു കാലംവന്നേ
കാത്തു കാത്തുള്ളോരു കാലംവന്നേ
വിളനെല്ലു പോലൊരു പെണ്ണൊരുത്തി
കറ്റകൾ താളത്തിൽ കൊയ്തുകൂട്ടി
ഓ....തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
വല്ലംനിറഞ്ഞു ,യില്ലംനിറഞ്ഞു
മുറ്റംനിറഞ്ഞു കളംനിറഞ്ഞു
പതക്കറ്റപോലുള്ള പെണ്ണവൾക്ക്
പുടമുറി നാള് കുറിച്ചുവച്ചു
ഓ......തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ

2019, ഡിസംബർ 4, ബുധനാഴ്‌ച

ഉള്ളടക്കം



ഉള്ളിയുടെ ഉള്ളംപോലെ -
യായിരിക്കണം ഉള്ളം
എള്ളോളമറിയരുത് ഭള്ള്
ഉള്ളിയുടെ ഉള്ളിൽ
ഒന്നുമില്ലെന്ന് നിങ്ങൾക്ക് -
തോന്നുന്നുണ്ടോ?
പൊളിച്ചു കഴിയുമ്പോൾ
കള്ളം പറഞ്ഞ പോലെ -
തോന്നുന്നുണ്ടോ?!
ഉള്ളിയുടെ ഉള്ളിൽ ഒന്നുണ്ട്-
ഉള്ള്
എരിവും, ഗുണവും, മണവുമുണ്ട്.
നമുക്കില്ലാത്തതും
അതുതന്നെയല്ലേ
ഉള്ളിയേപ്പോലെ നഗ്നനാവാൻ
ഏതു മനുഷ്യനാണ് കഴിയുക

2019, ഡിസംബർ 2, തിങ്കളാഴ്‌ച

ചെമ്പരത്തി



വക്കൊടിയാത്ത വാക്കായി
വീട്ടുവഴിയിൽ വിരിഞ്ഞു നിൽക്കും
ഒരു ചെമ്പരത്തി പൂവ്
കത്തുന്ന മനസ്സോടെ കാത്തു നിൽക്കും
തെറ്റാത്ത വഴിയെന്ന് ഉറപ്പ് തരും
താളിക്കുളിര് പകർന്നുതരും
ശാഠ്യംപ്പിടിച്ച കുഞ്ഞുകുഞ്ഞുകരച്ചിലുകളെ
പിച്ചവെച്ച വാക്കുകളായ് വിവർത്തനം ചെയ്യും
പാതിരാവിലും പടികയറി വരുന്നവർക്ക്
പിടിവള്ളിയാകും
കയ്പ്പിന്റെ കാട്ടിൽ നിന്ന് കലികയറി വന്നാലും
കറുത്ത മുഖം കാട്ടാതെ ചിരിച്ചു നിൽക്കും
പ്രണയികൾവിവർത്തനം ചെയ്യുന്ന ഒറ്റവരി
ക്കവിതയാണ് ചെമ്പരത്തി
അകത്തൊരു അടുപ്പ് തീർത്ത്
കനലു തിന്ന് ചുവന്നോൾ
നട്ട് നനയ്ക്കാതെ
തൊട്ടുതലോടാതെ
പരിഭവമില്ലാതെ
പരാതി പറയാതെ
അതിരരികിലേക്ക് മാറി നിന്നിട്ടും
ചാഞ്ഞും ചരിഞ്ഞും നോക്കീന്നും
ചിരിച്ചു കാട്ടീന്നുംപറഞ്ഞ്
ചെവിയിൽ ചൂടാമെന്ന് പരിഹസിക്കുന്നു
ഭ്രാന്തത്തി പൂവെന്ന് കുത്തിനോവിക്കുന്നു