malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, മാർച്ച് 31, ബുധനാഴ്‌ച

ഒറ്റമരം


ഒറ്റമരത്തെ നിങ്ങൾ കണ്ടിട്ടില്ലെ?
തടിച്ചുകൊഴുത്ത് ,
പടർന്നുപന്തലിച്ച്
അങ്ങനെ ഒരു നിൽപ്പുണ്ട്

കാണുന്നവർ പറയും:
പരമസുഖം, ഒറ്റാന്തടി
കാഴ്ചക്കാർക്കറിയില്ലല്ലോ
കദനത്തിൻ്റെ കയ്പ്പുനീർ കുടിച്ചെന്ന്.

ഓർത്തിട്ടുണ്ടോ നിങ്ങൾ ഒറ്റമരത്തിന് -
ഓർച്ചനേരങ്ങളിൽ
ഒന്നു ചായാൻ,ചരിയാൻ, ഒതുക്കത്തോടെ -
ചേർന്നു നിൽക്കാൻ
ചിരിയുടെ ചില്ലകൈകളാൽ ഒരുസാന്ത്വന
മേൽക്കാൻ എത്ര കൊതിക്കുന്നുണ്ടാകും

അർത്ഥംവെച്ചുള്ള ,അശ്ലീലച്ചുവയുള്ള
ഭ്രാന്തൻ കാറ്റിൻ്റെ ഭർത്സനം,
കാടൻ മഴയുടെ കല്ലുവാരിയെറിയൽ,
ഇരുട്ടിൻ്റെ കണ്ണുരുട്ടൽ, പകലിൻ്റെ കുത്തി -
നോവിക്കൽ.

ഒറ്റമരത്തെ
ഓർമ്മ മരമെന്നോ,
കണ്ണീർ മരമെന്നോ
എന്തു പേരിട്ടാണ് വിളിക്കേണ്ടത്?!

2021, മാർച്ച് 30, ചൊവ്വാഴ്ച

അന്നൊരു നാളിൽ


തൊണ്ണൂറുകളിലാണ്
കമ്പനി പ്പണിയാണ്
നാലുമണിക്കുള്ള ഷിഫ്റ്റിലാണ്
സമയം, പുലർച്ചെ മൂന്നരയാണ്
അരക്കിലോ മീറ്റർ നടക്കണം

കവിതയേർത്ത്
നടന്നു നടന്ന് കമ്പനിഗെയ്റ്റിലെ -
ത്താറായി
പിന്നിൽ നിന്നൊരു ശബ്ദം
തിരിഞ്ഞു നോക്കിയപ്പോൾ
വടിയും കുത്തി ഒരമ്മൂമ്മ!
നാവുനീട്ടി അണച്ചുകൊണ്ട്
നരിപോലൊരുനായ !!

ഞെട്ടി തരിച്ചു പോയെങ്കിലും
ശബ്ദം ശരിയായി പുറത്തു വന്നി-
ല്ലെങ്കിലും
'ആരാ' - ന്ന് ചോദിച്ചെങ്കിലും
കേട്ടതായി നടിച്ചില്ല അമ്മൂമ്മ
കണ്ടതായി നടിച്ചില്ലനായ

വേഗം നടന്ന് ഗെയ്റ്റ് തുറന്നകത്തു -
കയറി
കുറ്റിയിട്ട് നോക്കുമ്പോൾ
എങ്ങുമില്ല അമ്മൂമ്മ !!!
കൂടെയുള്ള നായ !!!

അപ്പോഴാണ് ശരിക്കുംഞെട്ടിത്തരിച്ചു -
നിന്നു പോയത്
കാൽ വിറച്ച് നടക്കാൻ കഴിയാതായത്
കവിതയെങ്ങോട്ടോ കാണാതെ പോയത്.

പിന്നെയിന്നോളം കണ്ടിട്ടില്ല ആ കവിതയും
അമ്മൂമ്മയും, നായയും


2021, മാർച്ച് 27, ശനിയാഴ്‌ച

നേർക്കാഴ്ച


അമ്മ കുടുംബ സീരിയലിൽ
കഴുത്തോളം കണ്ണീരിൽ

അച്ഛൻ തെരുവിൽ മദ്യലഹരിയിൽ
സിനിമാ പോസ്റ്ററിലെ സുന്ദരിയുടെ -
മൂർദ്ധാവിൽ മൂത്രിക്കുന്നു

മകൻ പോർണോസൈറ്റിലെ
നീലത്തിരയിൽ

അകത്ത് പൂച്ച പാലുകുടിക്കുന്നു !
മകളും ആൺ സുഹൃത്തും ഒളിച്ചോടി
വാർത്താ മാധ്യമങ്ങളിലേക്ക് -
എടുത്തുചാടുന്നു

നേർരേഖ


ഒരാൾക്ക് അധികദൂരം സഞ്ചരിക്കുവാൻ -
കഴിയില്ല
മറ്റൊരാളുടെ കൂടെ
യാത്രയ്ക്കിടയിൽ എവിടെ വെച്ചും ഏതു
സമയത്തും
ഒറ്റയായിപ്പോയേക്കാം

ഇഷ്ടത്തിൻ്റെ ദൈർഘ്യത്തേക്കാൾ
കൂടുതലാണ്
കഷ്ടത്തിൻ്റെ ദൈർഘ്യം
കാത്തിരുന്ന നഷ്ടങ്ങളെക്കുറിച്ചോർത്തിട്ട്
കാര്യമില്ല

കവിതയുടെ കൈയും പിടിച്ച്
ഏകാന്തതയിലൂടെ ഭാവനയിലേക്കൊന്ന്
നടക്കണം
ജീർണ്ണിച്ചതെങ്കിലും അതിരുകളിൽ ഉപേക്ഷി-
ച്ചു പോയ ഉടുപ്പുടവകളെ ഓർക്കണം

പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ
പ്രതീക്ഷിക്കാത്ത കരങ്ങൾ
ഒരു താങ്ങായേക്കും
അപ്രതീക്ഷിത നേരങ്ങളിൽ
മനസ്സിൽ നിറഞ്ഞു നിൽക്കുന്നൊരാളിൽ നിന്ന്
താഡനമേറ്റേക്കും

ജീവിതത്തിൻ്റെ നേർരേഖകൾ
കണ്ടവരാരുമില്ല
ജീവിത കുപ്പായങ്ങൾക്ക്
ഒരേ അളവല്ല

2021, മാർച്ച് 24, ബുധനാഴ്‌ച

അടയാളപ്പെടുന്ന ജീവിതങ്ങൾ


ആനന്ദത്തിനും, വേദനയ്ക്കുമപ്പുറം
ഒരവസ്ഥയുണ്ടോ?!
ഉണ്ടെന്നാണ് ചില ജീവിതങ്ങൾ
ജീവിച്ചു കാണിച്ചുതരുന്നത് !

വാക്കുകൾ ലോപിച്ച് ലോപിച്ച്
മൂകത മുഴച്ചു നിൽക്കുമ്പോൾ
മനസ്സിനകത്ത് ഒരു ഡെവലപ്പിങ്
ഡാർക്ക് റൂം രൂപം കൊള്ളുന്നുണ്ടാകാം!

ഏതോ ഒരു ചിന്താരൂപം അവരോട്
സംസാരിക്കുന്നുണ്ടാകാം
നിർവ്വികാരതയുടെ മൂടുപടത്തിനുള്ളിൽ
നിർവ്വാണസുഖം അനുഭവിക്കുന്നുണ്ടാകാം

തൃഷ്ണകളില്ലാത്ത കൃഷ്ണമണികൾ -
നിങ്ങൾ കണ്ടിട്ടുണ്ടോ?
വാക്കുകളില്ലാതെ ചുണ്ടുകൾ സംസാരി
ക്കുന്നത് കണ്ടിട്ടുണ്ടോ?
അകത്തളങ്ങളിൽ അടയാളപ്പെട്ടുകിടക്കുന്ന
ചില ജീവിതങ്ങൾ
ആനന്ദത്തിനും, വേദനയ്ക്കുമപ്പുറം നിന്നു
കൊണ്ട്
ജീവിതമെന്തൊന്ന് ജീവിച്ചു കാണിച്ചുതരുന്നു -
ണ്ട് നമുക്ക്

അപ്പനെ ഓർക്കുമ്പോൾ


അപ്പനെ അടക്കം ചെയ്തിടത്ത്
ഒരു പച്ചപ്പ്മുളയിടുന്നു
അപ്പൻ്റെ ഒരു തുള്ളി ഉപ്പ്
അതിൽ ഉണ്ടായേക്കാം

അപ്പനെന്നും താങ്ങും തണലുമായിരുന്നു
ഈ പച്ചപ്പിലൂടെ ജീവിതം
പച്ച പിടിപ്പിക്കേണ്ടതിനെക്കുറിച്ച് ഓർമ്മി-
പ്പിക്കുകയാകാം
പച്ച തൊടാതെ പോയ ഒരു ജീവിതമായിരു-
ന്നല്ലോ അപ്പൻ്റേത് !

വേവുകാലം മാറുന്നേയില്ല
എനിക്ക് എന്നിലേക്ക് തിരിച്ചു പോകാൻ
കഴിയുന്നില്ല
കരയിലകപ്പെട്ട മത്സ്യം പോലെ പിടയുന്നു -
ഉള്ളം

ഈ പച്ചപ്പെന്നെ അപ്പൻ്റെ വിരലുകൾ പോലെ
കിക്കിളിപ്പെടുത്തുന്നുണ്ട്
ഓർമ്മകളുടെ നനുത്ത തൂവലിനൊപ്പം
വേദനയുടെ കൊടുംവേനലും കാണിച്ചുതരുന്നുണ്ട്

ഞാൻ;
ഉത്തരം കിട്ടാത്ത ചോദ്യം
കൊഴിഞ്ഞു വീണ ഒരില
തെറ്റിയോടുന്ന സമയസൂചി
തൊട്ടു വിളിക്കുന്നുണ്ട് പച്ചപ്പ്
അപ്പനെന്നും ഒപ്പരമുണ്ടെന്ന് പറയുന്നതാകാം

2021, മാർച്ച് 21, ഞായറാഴ്‌ച

രണ്ടു കവിതകൾ


ഭർത്താവ്


വിതച്ച്
വളമിട്ട്
വെള്ളമൊഴിച്ച്
മടുക്കും വരേ പണിതിട്ടും
ഇത്തിരി മാത്രം ഫലം തരുന്ന
ഒരു വൃക്ഷം


കാമുകൻ


പാഴ് വിത്തെന്നു കരുതി
എറിഞ്ഞു കളഞ്ഞിട്ടും
ഫലസമൃദ്ധിയാൽ
ചില്ലകൾ താഴ്ത്തി നിൽക്കുന്ന
വൃക്ഷം

ദാനം


വലവിരിച്ചിരിക്കുന്നു മൃതിയെന്ന്
ഹൃദയം നടുങ്ങുന്നു |
ഇരയും, വേട്ടക്കാരനും നീ തന്നെ
യെന്ന്
അമ്ലവീര്യംനെഞ്ചിൽ കുത്തി നഗ്ന-
സത്യം വിളിച്ചു പറയുന്നു !
ഏദനിലെ എരുക്കിൻ തോട്ടത്തിൽ -
ഞാൻ

മൗനത്തിൻ്റെ മതിൽ മുളച്ചുപൊന്തുന്നു
കപോതകൻ കനി കാട്ടിത്തരുന്നു
ശ്യാമം നിറഞ്ഞ ഉളളകത്തിൽ ഭയത്തി -
ൻ്റെ മുട്ട പെരുകുന്നു
എങ്ങനെ പുറത്തിറങ്ങും!ആർത്തി അറി-
വിൻ കനി ഭക്ഷിച്ചു

നിഷാദനെ സ്വപ്നം കാണുന്നു
വിഷാദം വിജനത കൈയ്യടക്കുന്നു
ശിശിരത്തിൻ്റെ ശരം കൊണ്ട് യെൻ്റെ -
മാറുപിളർക്കുക
വലവിരിച്ച മൃതിക്ക് ദാനം നൽകുന്നു -
എൻ്റെ ഹൃദയം

2021, മാർച്ച് 19, വെള്ളിയാഴ്‌ച

ഗ്രീഷ്മം


ഗ്രീഷ്മംകടുപ്പിച്ചു നോക്കുന്നു
വാനിടം കുമ്പിട്ടിരിക്കുന്നു
ദിക്കുകൾ മൂകമായ് കേഴവേ
ജീവിതം പൊള്ളിപ്പിടയുന്നു

കിണറിനെ കഴുകി കമിഴ്ത്തി
മീനസന്ധ്യകൾ കരിന്തിരി കത്തി
ആലയിൽ പൈക്കിടാങ്ങൾതൻ
അലമുറയെങ്ങുമുയർന്നു

പത്രം കൊഴിഞ്ഞ വൃക്ഷത്തിൽ
പക്ഷം കരിഞ്ഞ കിളികൾ
തേങ്ങിയുണരുന്ന ദുഃഖപ്പൊരുളിനെ
കൊക്കിനാൽ ഇറുക്കിയടച്ചു !

2021, മാർച്ച് 16, ചൊവ്വാഴ്ച

ചില ജീവിതങ്ങൾ



വേവുന്ന വയറുമായ്, വേദന നീറ്റുന്ന
മിഴിയുമായ്
ഒടുവിലാപടിവാതിലടച്ചവളിറങ്ങുന്നു
ഖിന്നയാം രാവിൻകണ്ണീർ മഞ്ഞുതുള്ളി യായിറ്റീടുന്നു
പാതിരാ നിലാവപ്പോൾ പാതി മറഞ്ഞുനി
ന്നീടുന്നു

ആരുടെയിരയിന്നുഞാൻ, എരിയും
മനസ്സാലെ
ഉതിരും കണ്ണീർ തോർത്തി കാത്തു നിൽപ്പൂ
തരുണി
ആളൊഴിഞ്ഞചന്തതൻ ചാരുത കെട്ടടങ്ങി
ഒറ്റയായങ്ങുമിങ്ങും തെരുവ് വിളക്കുമാത്രം

'എന്തിനീ ഒറ്റയ്ക്കിപ്പോൾ' മന്ദ്രനാദം കേൾക്കുന്നു
മുന്തിയ മാന്യൻ ഓരാൾ മാടി വിളിച്ചീടുന്നു
ആർത്തിതൻ കഴുകക്കണ്ണ് കൊത്തിവലിക്കുന്നു
അശ്ലീലച്ചവർപ്പവൻ പാറ്റിത്തുപ്പീടുന്നു

വിശക്കും വയറിൻ്റെ വിളിയറിയാതുള്ളവൻ
വിലപേശിപ്പേശി ബിന്ദുവായ് ചുരുങ്ങുന്നു
ഉടലിൻ സുഖം നേടാൻ വന്നതല്ലിവളൊരുനേര
ത്തെ കൊറ്റിനായി ഒരുങ്ങി പുറപ്പെട്ടോൾ.

അഴലിൻ കടലിലിങ്ങനെയെത്ര ജന്മങ്ങൾ
എരിയും നാളമായി പൊലിഞ്ഞു തീർന്നീടുന്നു
ഞാൻ നിൽക്കുമീ മണ്ണിന്നറ്റം പിളർന്നടർന്ന-
ഗാധത്തിൽ
താഴ്ന്നു പോയെങ്കിലെന്ന് മനസ്സാൽ പ്രാർത്ഥി ക്കുന്നു


2021, മാർച്ച് 15, തിങ്കളാഴ്‌ച

കാഴ്ച



ഉഷസ്സ് തുഷാരത്തെ തൊട്ടു നോക്കെ
നനഞ്ഞ ഉഷസ്സുകുളിർന്നു പോയി
ഉല്ലസിച്ചൊരു ഞെട്ടിലാടി നിൽക്കു-
ന്നോരല്ലിമലരതുനോക്കി നിന്നു

ആത്തകുതുക,മണിഞ്ഞുകൊണ്ടേ
കിളിയൊന്നാപ്പൂന്തണ്ടിലാടിടുന്നു
മിന്നിത്തിളങ്ങും മിഴികളുമായ്
ഉണ്ടൊരു ബാലനിറയത്തിരിപ്പൂ

ചാരുതയാർന്നൊരുകാഴ്ചകാണാൻ
സൂര്യാംശു തല നീട്ടി നോക്കിടുന്നു
പൊങ്ങുംകുസൃതിക്കുനുചിരിയാൽ
ബാലകർ കൈകൊട്ടിക്കളിച്ചിടുന്നു

കാഞ്ചന വെയിലിൻ്റെ നൂലുമായി
എത്തുന്നു പൂമ്പാറ്റകൾ കൂട്ടമായി
ഉണ്ണിക്കിടാവേ, ഒരിക്കലീ ഞാനും
ആവോളം നുണഞ്ഞു ഈപൂന്തേൻ രുചി

എത്രനാളെത്ര നാളെന്നോമൽക്കുഞ്ഞേ
കാണുമീ സുന്ദരമായ കാഴ്ച
അറിവിൻ്റെ കേദാരമെന്നു ചൊൽവോർ
നല്ലതെല്ലാം നശിപ്പിക്കയല്ലേ

കവിയും,കവിതയും



ഒരിക്കലൊരാൾ
അക്ഷരങ്ങളെ പെറുക്കിയെടുത്ത്
വരികളായി കോർത്തു വെച്ചു

ചേലിൽ ചേർത്തുവെച്ചവരികളുടെ
അറ്റത്തെത്തിയപ്പോൾ
അവിടെ ഒരു വഴിതുടങ്ങുന്നു

ഓരോവരിയിൽനിന്നും വഴിപുറപ്പെട്ട്
പല വഴികളായ് പരിണമിക്കുന്നു
വഴികൾക്ക് ശാഖയും, ഇലകളും വളരുന്നു

വളഞ്ഞവഴികൾ
പുളഞ്ഞ വഴികൾ
പിരിയൻ വഴികൾ

വഴിയുടെ അറ്റങ്ങളിൽ അഗാധഗർത്തം
വിശാലമാംപരപ്പ്
കുത്തനെകയറ്റം

അങ്ങനെ,
കവിയും
കവിതയുമുണ്ടായി





2021, മാർച്ച് 13, ശനിയാഴ്‌ച

പ്രണയിക്കുമ്പോൾ


പ്രിയപ്പെട്ടവളേ,
വെയിൽ കുടിച്ച് ചുവന്നു പോയ
വാകപൂക്കളെ നോക്കൂ !
ചുവന്നു തുടുത്ത നമ്മിലെ
പ്രണയത്തെപ്പോലെ

പ്രണയം പ്രകൃതിയാണ്
അത് ജീവൻ്റെ പുഷ്പങ്ങൾ വിടർത്തും
പ്രകൃതിക്ക് ഞാനും നീയുമില്ല
ഒന്നായ നമ്മളേയുള്ളു

പ്രണയത്തിൻ്റെ ജ്വാലയ്ക്ക്
അഗ്നിയേക്കാൾ ചൂടുണ്ട്
കടലിനേക്കാൾ ആഴവും
ആകാശത്തേക്കാൾ പരപ്പും

പ്രിയപ്പെട്ടവളേ,
കുന്നിൻ പള്ളയിലെ
കുഞ്ഞിക്കുരുവികളെ നോക്കു
കുഞ്ഞുകൂട്ടിലവ തൊട്ടു തൊട്ടിരിക്കുന്നു
നാം മുട്ടിയുരുമിയിരിക്കുന്ന പോലെ

2021, മാർച്ച് 11, വ്യാഴാഴ്‌ച

ചില നേരങ്ങളിൽ


ചില നേരങ്ങളിൽ ഒരുവൻ ഒറ്റയ്ക്ക്
ഒരു കാട്ടിലൂടെ നടക്കുന്നു
അപ്പോൾ,
സിംഹവും
മുയലും
രാപ്പാടിയും അവൻ തന്നെ

നിഷാദനും
കപോതകനും
കപോതവും അവൻ തന്നെ

ബോധിയും
ബുദ്ധനും
സിദ്ധാർത്ഥനും അവൻ തന്നെ

ഏതു കൊടുങ്കാടും
ഒരു വഴിത്താര തീർക്കുന്നു
കന്യാവനങ്ങൾ കാത്തിരിക്കുന്നു
അഗാധഗർത്തങ്ങളും
വൻമലകളും
സമതലങ്ങളാകുന്നു

കാട്ടുപുഴകൾ കുന്നിൽ തടഞ്ഞപോലെ
ഒരു നിമിഷം നിൽക്കുകയും
അവൻ മറുകരപറ്റുകയും ചെയ്യുന്നു
മധുര ഫലങ്ങൾ അവനായി
തലകുനിച്ചു കൊടുക്കുന്നു
കാട്ടു തേൻ അവൻ്റെ ചുണ്ടിലേക്കിറ്റിറ്റു -
വീഴുന്നു

ചിലനേരങ്ങളിൽ ഒറ്റയ്ക്കൊരുവൻ
കടലിലേക്കിറങ്ങുന്നു
കടലവനൊരു മനുഷ്യപ്പാത തീർക്കുന്നു
കടലാഴങ്ങളിലേക്കു കൂട്ടിക്കൊണ്ടു -
പോകുന്നു
താഴെ ആകാശവും
മുകളിൽ കടലും
കാണിച്ചു കൊടുക്കുന്നു

തിരകളുടെ തരളിത വിരലുകളാൽ -
തലോടുന്നു
കടലിലെ കാടും
കരയും
കാട്ടിക്കൊടുക്കുന്നു

പല നേരങ്ങളിലും ഒരുവൻ ഒറ്റയ്ക്കെ-
ല്ലാതാവുന്നു
കരയുന്ന കുഞ്ഞിൻ്റെ
ദൈന്യതയിലേക്കു നോക്കി
ജൈവ സഞ്ചിയെടുത്ത്
മാസ്ക്കണിഞ്ഞ്
കടം പറയേണ്ടിവരുന്ന
ജാള്യതയോർത്ത്
പലചരക്കുകടയിലേക്ക് നടക്കുന്നു

2021, മാർച്ച് 10, ബുധനാഴ്‌ച

ശരീരസമേതം


വറോനിക്ക ആത്മകഥയിലെഴുതി
റുവാന്നിയ ആദ്യമായും അവസാനമായും -
പറഞ്ഞു:
ഒരുവൻ മരിച്ചു കഴിഞ്ഞാലാണ്
അവൻ്റെ പെണ്ണിലേക്ക് അവൻ ശരീരസമേതം -
കുടിയേറുന്നത് .

മരണത്തിനുമുമ്പ് അവൻ ശ്വാസത്തിനായ് പിട-
യുമ്പോൾ
ആദ്യരാത്രിയിലെന്നപോലെ അവൾ ലജ്ജാലു-
വായി
അപ്പാൾ, ആദ്യരതിക്കു മുന്നിലെ ചുംബനത്തി -
ലെന്ന പോലെ
ചൂടും, വിറയലുമുണ്ടായിരുന്നു അവൻ്റെ ചുണ്ടിന്

അവൻമരിച്ച മാത്രയിലുണ്ടായി രതിമൂർച്ഛ
അന്നോളമനുഭവിച്ചിട്ടില്ല അവനെയിത്രയും!
അവസാനം ഞാൻ നൽകിയ മരണ ചുംബനത്തിന്
ആദ്യമായി അവൻ നൽകിയ പ്രണയ ചുംബന -
ത്തോളം തീവ്രതയുണ്ടായിരുന്നു.

മൂന്നാംപക്കം അവനുയർത്തെഴുന്നേൽക്കും!
ഇതാ, അവൻ തുറന്നിട്ട ഈ വാതിൽ
മൂന്നാംപക്കമവൻ വന്നതിനു ശേഷമവ -
അടയ്ക്കും!
അവൻ്റെ യോർമ്മകളെ സാക്ഷിനിർത്തി ഞാൻ -
പറയുന്നു

മൂന്നാം ദിവസം ഞാൻ വന്നു നോക്കുമ്പോൾ -
റുവാന്നിയ ഉണ്ടായിരുന്നില്ല
അതിനുശേഷമിന്നോളം അവളെക്കുറിച്ചാർക്കു- മൊന്നുമറിഞ്ഞുകൂട
തുറന്നിട്ട വാതിൽ ഇന്നുമടച്ചിട്ടില്ല
സ്നേഹഹൃദയംപോലെ തുറന്നുകിടക്കുന്നു -
ഒരുവീട്

2021, മാർച്ച് 7, ഞായറാഴ്‌ച

യാത്രാമൊഴി


യാത്രാമൊഴിചൊല്ലാൻ കാത്തിരിപ്പൂ
മാഘവും പിന്നെയീ മാന്തളിരും
മധുവൂറി നിൽക്കുമാ ബാല്യകാലം
മാമക ചിത്തത്തിലിന്നുമുണ്ട്

മേഘ പകർച്ചയിതെത്രകണ്ടു
മോഹങ്ങളെത്ര കൊഴിഞ്ഞുവീണു
തോറ്റിക്കഴിച്ച പതിരുപോൽ ജീവിതം
കാറ്റിൽ പാറിപ്പാറി തളർന്നു നിന്നു

ചിന്തകൾ ചീന്തിയ ചകലാസുപോലെ
ചന്തമേറ്റിപ്പാറി നിൽപ്പതിന്നും
പുതുമഴ മോന്തുന്ന ബ്ഭൂമിയുടെ
പൊറാതെ ദാഹമായിന്നുമുള്ളിൽ

കണക്കുകളൊന്നുമേ കൂട്ടിടാതെ
കാലം നടന്നു മറഞ്ഞീടവേ
സായന്തനസൂര്യൻ മറയുന്നപോൽ
ജീവിതം കരിന്തിരികത്തിടുന്നു

2021, മാർച്ച് 5, വെള്ളിയാഴ്‌ച

തലമുറ


കിഴക്കേ തളത്തിൽ
ചാരിവെച്ചിരിക്കുന്നു
ഒരു ചാരുകസേര

കാലുകൾ വളഞ്ഞ്
കൈയുകൾ തിരിഞ്ഞ്

എണ്ണയും, കുഴമ്പുംപുരണ്ട്
ചുക്കിച്ചുളിഞ്ഞ്
പിന്നിയ തുണി

ഉറക്കുത്തിയ
ഊന്നുകമ്പിൽഉറപ്പിച്ച്
ചാരിവെച്ചിരിക്കുന്നു
എപ്പൊഴും ചരിഞ്ഞു വീഴാമെന്ന
പാകത്തിൽ

എത്രകാലം തലയുയർത്തി
നെഞ്ചുവിരിച്ച്
മുറുക്കിച്ചുവപ്പിച്ച് നീട്ടി തുപ്പി

ആജ്ഞാപിച്ച്
അട്ടഹസിച്ച്
പൊട്ടിച്ചിരിച്ച്

കുമ്പിട്ടതലകളിൽ
കൈകൊണ്ടു മാത്രമല്ല
"കാലു കൊണ്ടും "-
അനുഗ്രഹിച്ച്

ഉടയോൻ്റെ ഇംഗിതത്തിനു -
വഴങ്ങി
അടിയാത്തി പെണ്ണുങ്ങളുടെ
കണ്ണീരും
ചോരയും ഒഴുക്കിയതാണ്.

തൊട്ടടുത്ത്,
കാലിൻമേൽ കാൽകയറ്റി
ഞെളിഞ്ഞിരിക്കുന്നുണ്ടൊരു
പുത്തൻ കസേര

പരിസരബോധമില്ലാതെ
വാക്കോ നോക്കോയില്ലാതെ
ഉള്ളങ്കൈയിലെ മൊബൈലിൽ -
മാത്രം കണ്ണുംനട്ട്

കീബട്ടനുകളെ ആയുധമാക്കി
ചെറുചിരിയാലെ യുദ്ധം ചെയ്ത്
കായികാദ്ധ്വാനമില്ലാതെ
കളങ്കത്തിൻ്റെ കാകോളത്താൽ

ഒരു രാജ്യം തന്നെ
പിടിച്ചടക്കുന്നുണ്ട്





മുലകളുടെ രാഷ്ട്രീയം


ഇരുമുലകളുമാട്ടിയാട്ടി
ഊന്നുവടിയും കുത്തിക്കുത്തി
ആവഴിയെ നടന്നു പോകുമെന്നുമാമുത്തശ്ശി

മുലസമരങ്ങളവസാനിച്ചിട്ടും
മുലക്കരം നിർത്തിയിട്ടും
മാറു മറയ്ക്കാമെന്നു വന്നിട്ടും

മുല മുറിച്ചത്
കവലപ്രസംഗവും
ചിത്രപ്രദർശനവുമായിട്ടും

കഴിഞ്ഞകാലത്തിൻ്റെ
ചരിത്രശേഷിപ്പുപോലെ

തുളളിക്കളിക്കുന്ന മുലകളെ മുയൽക്കുഞ്ഞുങ്ങളപ്പോലെ
മേഞ്ഞു നടക്കാൻ വിട്ട്
തലയുയർത്തി നടന്നു മുത്തശ്ശി

ആൺനോട്ടങ്ങളേക്കാൾ
പെൺനോട്ടങ്ങളാണ്
ആ മുഴുത്ത മുലകൾക്ക് കൂടുതലായി
ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് !

അശ്ലീല നോട്ടങ്ങൾ
ആശ്ചര്യനോട്ടങ്ങൾ
നാണിച്ച നോട്ടങ്ങൾ
മുത്തശ്ശിക്ക്മാത്രം ഒരു കുലുക്കവുമില്ല
മാറുമറയ്ക്കാൻ തോന്നിയിട്ടുമില്ല

ഒർമ്മവെച്ച നാൾമുതൽ കാണുന്നതാണ്
മരിക്കുന്നതുവരേയും മുത്തശ്ശിക്കൊരേ -
പ്രായമായിരുന്നു

ഇന്ന്, തൊടിയിലെ വരിക്കപ്ലാവിലെ
ഞാന്നുകിടക്കുന്ന ചക്കകാണുമ്പോൾ
മനസ്സിൽ മുളയിട്ടുണരുന്നത്
ആ മുത്തശ്ശിയുടെ മുഴുത്ത മുലകളാണ്

2021, മാർച്ച് 3, ബുധനാഴ്‌ച

ധീര ജവാൻ


ആത്മവീര്യത്തിൻ്റെ
അവസാന കണികയിലേക്ക്
വെടിയുണ്ട തുളഞ്ഞു കയറു-
മ്പോൾ

ഭൂമിയുടെ ഒറ്റച്ചുംബന -
ത്താൽ
രക്തസാക്ഷിത്വം
വരിക്കുന്നവൻ

അന്ധവിശ്വാസത്തിൽ അഭിരമിക്കുന്നവൻ


അവൻ്റെ തലവര അവനെ
ധനവാനാക്കി
എൻ്റെ തലവര എന്നെ ദരിദ്രനാക്കി

അവൻ്റെ ഉള്ളങ്കൈയിൽ
ഉള്ളടങ്ങുന്നു ഒരു പുഴ
കുനിഞ്ഞു നിൽക്കുന്നു
ഒരുക്കുന്ന്

എൻ്റെ ഉള്ളങ്കൈയിൽ നിന്ന്
ഊർന്നിറങ്ങിയ
വെള്ളച്ചാലിൽ ഞാൻ വഴുതി
വീഴുന്നു
എൻ്റെ തലയിലേക്കൊരുകുന്ന്
ഇടിഞ്ഞു വീഴുന്നു

നരച്ചു പോയ ജന്മമേ
വരയും വിധിയും നോക്കാതെ
നീ നിൻ്റെ ഹൃദയത്തിലേക്കും
തലച്ചോറിലേക്കും നോക്കുക

ആത്മവിശ്വാത്തിൻ്റെ കണ്ണാടിയിൽ
നീ നിന്നെ നോക്കി
പ്രവർത്തിയിലേർപ്പെടുക
ഇല്ലാതെയില്ല ഒരു കുറുക്കുവഴിയും
നിനക്ക് നീയാവാൻ

2021, മാർച്ച് 2, ചൊവ്വാഴ്ച

രണ്ട് കുഞ്ഞു കവിതകൾ


ആസക്തി


പുതുപുത്തൻ
ഗന്ധം ശ്വസിച്ച്
മണ്ണിൽ കെട്ടടങ്ങി
ഒരു മഴ

(2)

ആഴിയുടെയും
ആകാശത്തിൻ്റെയും
ആഴമെത്രയെന്നറിഞ്ഞിട്ടില്ല
ഇന്നുവരെ ഊഴി