malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, ഫെബ്രുവരി 29, വ്യാഴാഴ്‌ച

പ്രഭാതത്തിൽ


ഉരുകിയുരുകി ഊഷ്മളമായ
കിടക്കയിലേക്ക്
പുലരി ,കുളിരിൻ്റെ അലകളെ
ഇളക്കി വിടുന്നു
അവളുടെ വിരലുകൾ ഇഴഞ്ഞി
ഴഞ്ഞു ചെന്ന്
മുടികളെ വാരിക്കെട്ടുന്നു
ചൂലിൻ്റെ ചെറുകിലുക്കം
മുറ്റത്തെ ചരലിൽ നിന്നുയരുന്നു

ഓലക്കൊട്ടയിലെ ചപ്പുചവറുകൾ
കത്തിച്ച്
ഞങ്ങൾ ശീതമകറ്റുന്നു
മുറ്റക്കൊള്ളിലെ പൂക്കളിൽ മഞ്ഞു -
മണികൾ
കവിത ചമയ്ക്കുന്നു

മുരിക്കുമരത്തിൽ ഒരു കാക്ക
ഇരുട്ടിനെയകറ്റുന്നു
കണങ്കാലിൽ മുട്ടിയുരുമ്മി
പൂച്ച സൗഹൃദം കാട്ടുന്നു

ചാണകവറളി പെറുക്കി കൂട്ടുന്നു
മുത്തശ്ശി
വാലു പൊക്കി തുള്ളി കളിക്കുന്നു
ആലയിൽ പൈക്കുട്ടി
കവിത പോലൊരു കട്ടൻ ചായ
കുടിച്ചിരിക്കണമിപ്പോൾ

2024, ഫെബ്രുവരി 27, ചൊവ്വാഴ്ച

ഓർക്കുക


അരുവികൾ, കുരുവികൾ, ആരാമവീഥികൾ
എങ്ങു പോയെങ്ങുപോയ് തണൽമരങ്ങൾ
മഞ്ഞ മുക്കുറ്റികൾ, പച്ചോല ചീന്തുകൾ
എങ്ങുപോയെൻ കളിക്കൂട്ടുകാരും

വയലും,വനങ്ങളും, വാസന്ത രാത്രിയും
മഞ്ഞും ,കുളിരും ,തളിർത്തോരുഡുക്കളും
ഋതുമതി പെണ്ണുപോൽ പൂവിട്ട മേദിനി
എൻ കിനാവേരുകൾ തേടും കവിതകൾ

എങ്ങു പോയെങ്ങുപോയ് കൊയ്ത്തുകാലം
എങ്ങു പോയ് മോഹങ്ങൾ നെയ്ത കാലം
കണ്ടാൽ പരസ്പരമൊന്നു ചിരിക്കുന്ന
കണ്ടില്ലയെങ്കിലോ ഓർമ്മയിൽ തങ്ങുന്ന
എല്ലാരുമൊന്നായിരുന്ന കാലം

ഒത്തൊരുമിച്ചിടാം കൂട്ടായി നിന്നിടാം
കാലത്തിൻ മാറ്റം തിരിച്ചറിയാം
ഒന്നിച്ചു നിൽക്കുകിൽ ഒന്നായിത്തീരുകിൽ
പറിച്ചെറിയാനാർക്കും കഴിയില്ലനമ്മേ

2024, ഫെബ്രുവരി 26, തിങ്കളാഴ്‌ച

പ്രണയത്തിൻ്റെ റോഡ് നിയമങ്ങൾ


പ്രണയം വൺവേയല്ല
കൂട്ടിമുട്ടാൻ സാദ്ധ്യതയുണ്ട്
സൂക്ഷിച്ച് പോകുക

പ്രണയം ടൂവീലർ പോലെയാണ്
തിളങ്ങുന്ന കണ്ണുമായി നേരെ -
പോകണം
ഇടംവലം ചേർന്നു പോയാൽ
അപകടമാണ്
സൂക്ഷിച്ച് പോകുക

സൗന്ദര്യത്തിൻ്റെ ലഹരി കുടിച്ചു
കൊണ്ടേയിരിക്കുക
ഹൃദയത്തിലെ തീ അണയാതെ
സൂക്ഷിക്കുക
തീയണഞ്ഞാൽ നനഞ്ഞ പടക്ക -
മാകും
ചിലപ്പോൾ
അറിയാതെ പൊട്ടിത്തെറിച്ചേക്കാം
അപകടമാണ്
സൂക്ഷിച്ച് പോകുക

കുഴികളും തടകളും ഏറെയാണ്
വെട്ടിച്ചും ചാടിച്ചും പോകുക
മനസ്സിൻ്റെ വേഗം കൂട്ടുക
അറിയാതെയെങ്ങാനും നിർത്തി
പോകരുത്
എങ്കിൽ മതി ജീവിതകാലം മുഴുവൻ
കോമയിലാകാൻ

മുന്നറിയിപ്പ്:
പ്രണയത്തിൻ്റെ റോഡുനിയമങ്ങൾക്ക്
ബോർഡുകളില്ല
പച്ചയും, ചുകപ്പും മറ്റു സിഗ്നലുകളും
വിവേകത്തിന് വിധേയം


2024, ഫെബ്രുവരി 21, ബുധനാഴ്‌ച

ജഡ ശരീരം


കണ്ണീരും
ചോരയുമിറ്റിയതിൽ നിന്നാണ്
സ്വാദറിഞ്ഞ് നാം
വയറു നിറക്കുന്നത്

സ്വേദമെന്തെന്നറിഞ്ഞിട്ടില്ല
പട്ടിണിയുടെ പട്ടടകണ്ടിട്ടില്ല
നീലയുടെ ചതുപ്പിലേക്ക്
താഴ്ന്നു പോയവവരെ അറിയില്ല

ചരിത്രമെന്തെന്നറിയില്ല
കഴിഞ്ഞ ചിത്രമേ കണ്ടിട്ടില്ല
ചുരുങ്ങിച്ചുരുങ്ങി വന്ന്
ജഡ ശരീരമായൊരു ജീവിതം

മൃത്യുഗന്ധം ശ്വസിക്കുമ്പോഴും
സ്മൃതിയിലൊരുമന്ത്രം മാത്രം
അറിവെന്നാൽ പണമെന്നും
പണം തന്നെ ഗുണമെന്നും

2024, ഫെബ്രുവരി 18, ഞായറാഴ്‌ച

ആശാൻ വൈദ്യർ


ആശാൻ വൈദ്യർ
ഊശാൻ താടിയുംതടവി
ഒരുവരവുണ്ട്
വൈദ്യരെത്തുന്നതിനു മുന്നേ
മരുന്നിൻ്റെ മണമെത്തും

വൈദ്യരുടെ വാക്കിൻ്റെ രസായനം
സേവിച്ചാൽ തന്നെ
രോഗം പകുതി മാറും
കണ്ണടച്ച്, മൂക്ക് പൊത്തി ഒറ്റവലിക്ക്
കുടിക്കുന്ന കഷായത്തിന് ശേഷം
കഴിക്കുന്ന
കൽക്കണ്ടമാണ് വൈദ്യരുടെ വാക്ക്

കാലം തേച്ചുമിനുക്കിയെടുത്ത
കാൽമുട്ടുവേദന
ജീവിതഭാരം കയറ്റിവെച്ച് ഒടിഞ്ഞു -
പോയ മുതുക്
കുനിഞ്ഞു കുനിഞ്ഞ് കൂച്ചിക്കെട്ടി
പ്പോയ നടുവ്
ഒട്ടിപ്പോയ വയറിനുള്ളിലെ നെട്ടോട്ടം

ചിരിയുടെ ഒരു ചീന്തെടുത്ത്
ആദ്യമൊരു കെട്ടുകെട്ടും വൈദ്യർ
വേദന മാറാനുള്ള വേത് അതിൽ
തിളയ്ക്കും
കല്ലും,മുള്ളും നിറഞ്ഞ ഇടവഴിയിലൂടെ
കളിവണ്ടി കൊണ്ടു പോകുന്ന കുട്ടിയെ -
പ്പോലെ
തൊട്ടു നോക്കും വൈദ്യർ
വേദനയുടെ കെട്ടഴിഞ്ഞ് ചിരിയിലേക്ക്
വഴുതി വീഴുമപ്പോൾ രോഗി

ആശാൻ വൈദ്യരുടെ ഓർമ്മയാണ്
ഇപ്പോഴും
ചില വേദനകൾക്കെല്ലാം ശമനം

2024, ഫെബ്രുവരി 17, ശനിയാഴ്‌ച

മരിച്ചുപോയ കുഞ്ഞുങ്ങൾ


മരിച്ചുപോയ കുഞ്ഞുങ്ങൾ
എങ്ങോട്ടാണ് പോകുന്നത് !

പൊന്തക്കാടുകളിൽ
ഒളിച്ചു കളിക്കുകയായിരിക്കുമോ?
അട്ടാച്ചൊട്ട കളിക്കാൻ
ഓടിപ്പോയതാണോ?
നെടിയ പിലാവിൻ കീഴെയിരുന്ന്
മണ്ണപ്പം ചുടുന്നുണ്ടാകുമോ ?!

മരിച്ചു പോയകുഞ്ഞുങ്ങളെ -
ക്കുറിച്ചുള്ള ഓർമ്മകൾ
വിശാലം
അഗാധം
കുഞ്ഞുങ്ങൾ ദൈവങ്ങളാണ്
അവരെ ആർക്കാണ്
കൊല്ലാൻ കഴിയുക.

അവർ ഒരു യാത്ര പോയതാണ്
മലകൾ
പുഴകൾ
ആകാശം
കാണുവാനൊരു തീർത്ഥയാത്ര

മരിച്ചുപോയ കുഞ്ഞുങ്ങൾ
മരിക്കുന്നേയില്ല

2024, ഫെബ്രുവരി 16, വെള്ളിയാഴ്‌ച

പുലരിയിൽ


കുയിലിൻ കുളിരൂറുന്നൊരു ശബ്ദം
കേട്ടുയിന്നു പുലർകാലെ
ചക്കരമാവിൻ ചില്ലത്തുമ്പിൽ
ചാഞ്ചാടുന്നൊരു ശബ്ദത്തെ

ഉന്മേഷത്തിൻ തിരകൾ വന്ന്
തൊട്ടു തലോടി ഹൃദയത്തെ
കന്മഷമെല്ലാമുരുകിയൊലിച്ചു
കവിത നിറഞ്ഞു ഉള്ളത്തിൽ

സിരകളിലെങ്ങും സ്വരമഴചാറി
കുളിരു പടർത്തുന്നതു പോലെ
ഇതളു വിടർത്തി ഇമകൾ തുറന്ന്
വിരിഞ്ഞു വരുന്നൊരു പൂ പോലെ

പുതുലോകത്തങ്ങെത്തിയ പോലെ
പുതുമുളയിട്ടതു പോലെ
പുതുതായൂർജ്ജം വന്നുനിറഞ്ഞു
പുത്തനുറവകൾ പോലെ

2024, ഫെബ്രുവരി 15, വ്യാഴാഴ്‌ച

നോട്ടം


മുറിവേറ്റവളെ വീണ്ടും വീണ്ടും
വരിഞ്ഞുമുറുക്കുന്നു കണ്ണുകൾ
പരിഹാസത്തിൻ്റെ
തെറിയുടെ
തുറിച്ചു നോട്ടങ്ങൾ

അഴുക്കിൻ്റെ മെഴുക്
അവളെയാകെ മൂടുന്നു
അനുഭവിക്കുന്നവളുടെ
വേദനയെ
അകലെ നിൽക്കുന്നവരുടെ
ആനന്ദമാഘോഷിക്കുന്നു

ഉറ്റവരും
ഉടയവരും
ഉറഞ്ഞു തുള്ളുന്നു
കൂടെയുള്ളവനും
കൊത്തിവലിക്കുമ്പോൾ !
മരണമുറിയുടെ തണുപ്പ്
അവളിലേക്കരിച്ചു കയറുന്നു

മുറിവേൽപ്പിച്ചവൻ
തലമറന്നു ചിരിക്കുന്നു
മുറിവേറ്റവൾ
അലമുറയിൽ
വറച്ചട്ടിയിലേക്ക്

അറപ്പിൻ്റെ നോട്ടങ്ങൾ
വെറുപ്പിൻ്റെ കാകോളം
മോന്തിക്കുടിക്കുന്നു
കെട്ടുപിണഞ്ഞു കിടക്കുന്ന
ഒരു കൂട്ടക്ഷരമാണവൾ

2024, ഫെബ്രുവരി 14, ബുധനാഴ്‌ച

കവി


ഭ്രാന്തിൻ്റെ കോന്തലപിടിച്ച്
അയാൾ നടക്കുന്നു
ഉന്മാദത്തിൻ്റെ ഉറവയിൽ
ഉള്ളകം നനയുന്നു

കരളിൽ നിന്നൊരു
കാറ്റിളകുന്നു
കാറ്റിളകുമ്പോൾ
കനലിളകുന്നു

കനലിൽ കത്തും
കാട്ടിൽ നിന്നും
കവിതപ്പൂങ്കുല
തെളിഞ്ഞീടുന്നു

2024, ഫെബ്രുവരി 13, ചൊവ്വാഴ്ച

വരിക ഇനിയും


വരിക ഇനിയുമാ പഴയൊരാ വീട്ടിൽ
മുല്ല മണം പേറുമാമുമ്മറത്തിണ്ണയിൽ
ഒന്നിച്ചിരിക്കാമിരുന്നു സല്ലപിക്കാമിനി
ഇന്നലെത്തെപ്പോലെ തൂമഞ്ഞുരാവിൽ

സ്മൃതി വന്നുമെല്ലെ തലോടിവിളിക്കുന്നു
പ്രണയ മുല്ലകൾ മൊട്ടിട്ടു നിൽക്കുന്നു
ചിരിച്ചു മറിയുന്ന നീർച്ചാട്ടമായി
നമ്മളൊന്നിച്ചിരുന്നുള്ള രാവുകൾ

നിൻചിരിതൻ ചിരാതിൽ നിന്നന്നു ഞാൻ
പട്ടു പോൽ നേർത്ത കാവ്യം ചമച്ചതും
മോഹമാം വനച്ചാരുത കണ്ടു നാം
പുഴതൻപുളിനത്തിൽ നീർത്തുള്ളിയായതും

പുറത്തുതട്ടി വിളിക്കുന്നുയിന്നും
കഴിഞ്ഞൊരാക്കാലം കരങ്ങൾനീട്ടുന്നു
വരിക ഇനിയുമാ പഴയൊരാവീട്ടിൽ
പ്രണയ പൂച്ചെടി നമുക്കിന്നു നട്ടിടാം

2024, ഫെബ്രുവരി 12, തിങ്കളാഴ്‌ച

നിന്നെയും കാത്ത്


ഹരിക്കപ്പെട്ടു ഹരിതകം
ഹരിണിയുടെ കൺതടം
മൃതിയുടെ തടാകം

കറുകകൾ കറുത്തു
കയ്ക്കുന്നുവേനൽ
ഗിരിയുടെ ഗരിമ നശിച്ചു
കരിമേഘങ്ങൾ
കൊത്തി വലിച്ചു

മിഴികളിൽ ചത്ത സൂര്യൻ
പൊന്തി നിന്നു
വേനലിൻ്റെ ഇഴമുറിയാ-
പ്പെയ്ത്തിൽ
മഞ്ഞിൻ്റെ പൊള്ളും ചൂടി -
നായ്
കാത്തിരിക്കുന്നു ഞാൻ

അറിയുമോ നീയെന്നെ
നിനക്കായ് മാത്രം കാത്തിരി -
പ്പവളെ
കാത്തിരുന്ന് കല്ലായ്തീർന്ന
കവിതയെ
നിന്നോർമ്മതൻ ചൂടിനാൽ
ഉരുകുമാദിത്യഹൃദയത്തെ

ഇച്ഛയ്ക്കില്ല സ്വച്ഛ
ഛന്ദസ്സുതെറ്റിയ കവിത ഞാൻ
അധരത്തിലില്ല മധുരം
അർണ്ണവം വിളിക്കുന്നു
മരണം നീയാകുമ്പോൾ

2024, ഫെബ്രുവരി 11, ഞായറാഴ്‌ച

പ്രണയാക്ഷരം


അക്ഷിയിലെ പക്ഷികൾ
കുറിക്കുന്നു പ്രണയാക്ഷരം
രാവിനോടിഷ്ടമെന്നോതി
മന്ദം മറയുന്നു സന്ധ്യ

വരുമെന്നൊരു വാക്കു ചൊല്ലി
പിരിഞ്ഞ വേനലിനെ
വഴിയിൽ കാത്തിരിപ്പു ഞാൻ

കരളിൽ നിൻ കുളിർ വിരൽ -
തലോടലിൻ ചാറ്റൽ മഴ
അരിയ മോഹത്തിൻ മൗനം -
പിടയുന്നിടനെഞ്ചിൽ
നീയേകിയ മധുര നൊമ്പരം
ഉറവയിടുന്നെന്നുള്ളിൽ

മെലിഞ്ഞു പോയ് പുഴ
ഒഴിഞ്ഞു പോയ് മഴ
പിരിഞ്ഞു പോയ് സന്ധ്യ

എങ്കിലും ;
കാത്തിരിപ്പു ഞാൻ
കവിതാ ( പ്രണയാ)ക്ഷരമായ്
നിന്നിലലിയാൻ

2024, ഫെബ്രുവരി 10, ശനിയാഴ്‌ച

സ്കൂട്ടറോട്ടം


രാവിലെയുള്ള സ്കൂട്ടറോട്ടത്തിലാണ്
ആളൊഴിഞ്ഞ ബസ്സ്റ്റോപ്പിൽ
ആദ്യമായവളെ കണ്ടത്
എന്നും കാണുവാൻ തുടങ്ങിയപ്പോഴാണ് ശ്രദ്ധ ക്ഷണിക്കലിന്റെ ആദ്യ ഹോൺ നീട്ടിയത്

എന്നോടല്ലെന്ന ഭാവത്തിൽ അപ്പോഴെല്ലാം അവൾ
പുറങ്കാഴ്ച കാണുന്നതു പോലെ പുറന്തിരിഞ്ഞു നിന്നു
പിന്നെ പിന്നെ കാക്കയെപ്പോലെ
കടക്കണ്ണുനീട്ടി
നഗര വേഷമില്ലാതെ ഗ്രാമ്യ വേഷത്തിൽ നിന്നെകാണുമ്പോൾ
'എനിക്കൊരു പുഴ തരൂ
ഞാൻ പഴയൊരാരുചി തരാം'
യെന്ന വരിയാണെന്റെയുള്ളിൽ

പിന്നെയെന്നാണ് ഞാൻ നീയെന്നില്ലാതെ നമ്മളായത്
മതിലുകളില്ലാത്ത മൺ വഴികളായത്
വഴിയരികിലെ രണ്ടു മരങ്ങളായിരുന്നില്ലെ നാം
ഒന്നും മിണ്ടാതെ ഒരായിരം കഥ പറഞ്ഞിരുന്നില്ലെ

എന്റെ ഓരോ സ്ക്കൂട്ടറോട്ടവും നിന്നിലേക്കായിരുന്നു
ഒന്നാലോചിച്ചിട്ടുണ്ടോ?
എത്രയും ആളുകളുണ്ടായിട്ടും എന്തുകൊണ്ടായിരിക്കുംഇത്രയേറെ
ജന്മബന്ധംപ്പോലെ നമ്മൾ നമ്മെ
ഇത്രമാത്രം സ്നേഹിച്ചിട്ടുണ്ടാവുക
എന്നിട്ടും നീഎന്നെ വിട്ട് പോയി!

മൗനമായിപ്പോലുംനീ ഒരുവാക്ക് മിണ്ടിയില്ലല്ലോ?
എത്ര പ്രതീക്ഷയോടെയാണ് എന്നിട്ടും
ഞാനെന്നും സ്കൂട്ടറോടിച്ചത്
ഒറ്റമരമായി ഓർത്തോർത്ത് നിന്നത്
കൊലുസിൻ കിലുക്കത്തിന് കാതോർത്ത് നിന്നത്

പിണങ്ങുവാൻ ഇന്നുവരെ മിണ്ടിയിട്ടില്ല നാം
പറഞ്ഞകഥയെല്ലാം മൗനത്തിന്റെ ഭാഷയിലും
എന്നിട്ടും പോയില്ലെ നീ
നീയും ഞാനുമല്ലാതിരുന്നിട്ടും നമ്മളായിട്ടും
ആങ്ങളേ പെങ്ങളേയെന്ന്
മനസ്സ് തുറക്കാൻ കഴിഞ്ഞില്ലല്ലോ
ഒരിക്കൽപ്പോലും നമുക്ക്

ഇന്നും നടത്താറുണ്ട് ഞാൻ നിന്നിലേക്ക് സ്കൂട്ടറോട്ടങ്ങൾ
നീയില്ലെന്നറിഞ്ഞിട്ടും നീയുണ്ടെന്നോർക്കാനാണ് എനിക്കേറെയിഷ്ടം
ആ പ്രതീക്ഷകളാണ് എന്റെ രാവിനെ വെളുപ്പിക്കുന്നത്
നിന്നിലേക്കുള്ളയെന്റെ
സ്കൂട്ടറോട്ടങ്ങളെ പ്രേരിപ്പിക്കുന്നത്

2024, ഫെബ്രുവരി 8, വ്യാഴാഴ്‌ച

രാവ്

 


കറു കറുപ്പാണ് രാവിന്
കറുകറുപ്പാണ്
കറുത്ത പെണ്ണേ നീയെന്നുള്ളിൽ
വെളുവെളുത്താണ്
വെളുവെളുത്താണ്

തുടുതുടുത്താണ്
മതിലേഖ പോലാണ്
മധുരമൂറും പുഞ്ചിരിപ്പൂ
വിരിഞ്ഞ പോലാണ്
പഞ്ഞി പോലാ മഞ്ഞിൻ പുടവ
ഉടുത്തുനിൽപ്പാണ്
ഉടുത്തു നിൽപ്പാണ്

കറുത്ത രാവാണ് ഇവൾ
കവിത പോലാണ്
പുലരി വന്നു തൊടും വരേയ്ക്കും
കിടന്നുറക്കാണ്
മടിച്ചിപ്പെണ്ണാണ് ഇവൾ
മടിച്ചിപ്പെണ്ണാണ്
മതിവരാതെ മറഞ്ഞു പോകും
മതിലേഖ പോലാണ്

2024, ഫെബ്രുവരി 7, ബുധനാഴ്‌ച

എൻ്റെ നാട്


നിൽക്ക നീ സഖീ; തെല്ലൊന്നിറോഡിലായ്
പാടം പൂവിട്ടവരമ്പെന്നറിക നീ
നോക്കു നീയാകല്ലിങ്ക്; പണ്ട് സ്കൂളിൽ നാം
പോകുന്ന നേരത്ത്
കർക്കിടകം കാൽ വലിച്ചൊരു തോടത്

നാടിതൊന്നാകെ മാറി മറിഞ്ഞെടോ
നാടിതിൻഭംഗി,യാകെമറഞ്ഞെടോ
ഓർക്കുന്നുവോ സഖീ; ചക്രവാളം വരെ
പച്ചയുടുപ്പിട്ട പ്രണയിയാം പാടത്തെ

പുല്ലാങ്കണ്ണിതൻ മഞ്ഞുതുള്ളിയാൽ
നിൻ്റെകണ്ണുകൾ ഞാനെഴുതിച്ചതും
കൊച്ചുചാമ്പക്ക തട്ടിപ്പറിച്ചപ്പോൾ
എന്നെ നീവന്നു പിച്ചിപ്പറിച്ചതും

പത്തനത്തിൽ പിന്നെ പൊട്ടിപ്പുറപ്പെട്ട
ലഹളകൾ കേട്ടു ഞെട്ടിത്തരിച്ചതും
കഴുകകൊക്കുകൾ കൊത്തിപ്പറിച്ചു
പിടഞ്ഞുമരിച്ചൊരു പെണ്ണിൻ്റെ ചിത്രവും

ഓർക്കുന്നുവോ സഖീ; ചേർന്നുനിന്നു നാം
പൊട്ടിക്കരഞ്ഞ കറുത്ത ദിനങ്ങളെ
കരയല്ലെ -യെന്നോതി ചേർത്തുപിടിച്ചൊരു
കാരണവരായ കുളിർമാന്തണലിനെ

2024, ഫെബ്രുവരി 5, തിങ്കളാഴ്‌ച

വാർദ്ധക്യം


ഒഴുക്കിയ വിയർപ്പിന്
കണക്കൊട്ടുമില്ല
പട്ടുപോയതിൽ നിന്നും
പടുത്തതീ ജീവിതം

പ്രീയങ്ങളെല്ലാം തന്നെ
പിന്നേയ്ക്കു മാറ്റിവച്ചു
അഗ്നിയും മഞ്ഞും കൊണ്ട്
സഹനപ്പടവേറി

പറക്കുമുറ്റി കുഞ്ഞുങ്ങൾ
പാറിപ്പോയ് പലപാടും
പറക്കാൻ മറന്ന നാം
പിന്നെയും ഒറ്റയ്ക്കായി .

പുറത്തേക്കിറങ്ങിയ
കുഞ്ഞുങ്ങൾ വൈകിപ്പോ-
യാൽ
അന്നൊക്കെ ഉള്ളിന്നുള്ളിൽ
വേവുന്ന വേവലാതി

ഉറക്കമില്ലിന്നു രാവിൽ
പാതിരാവിലെങ്ങാനും
കുഞ്ഞുങ്ങൾ വന്നാൽ -
വാതിൽ
തുറന്നുകൊടുക്കേണ്ടേ

2024, ഫെബ്രുവരി 3, ശനിയാഴ്‌ച

പീഡനം


ഏതൊ ഒരു ബാല്യം
ബലിയാടായിരിക്കുന്നു
ഒരു തുള്ളി ചോര
കുറ്റിക്കാട്ടിൽ
അനാഥമായിക്കിടക്കുന്നു
ഒരു നിലവിളി
അതിദ്രുതം പനയോല
ച്ചിറകടിക്കുന്നു

ഒന്നുമറിയാത്തൊരമ്മ
മോഹത്തിൻ്റെ
തഴപ്പായ നെയ്യുന്നു

2024, ഫെബ്രുവരി 1, വ്യാഴാഴ്‌ച

പേര്


ഉള്ളത്തിലായിരമിഷ്ടങ്ങളു-
ണ്ടെനിക്കതിയായ മോഹങ്ങളുണ്ട്
കാലം കരുതി വെച്ചുള്ളതു മാത്രമേ
കിട്ടുവെന്നുള്ളോരറിവുമുണ്ട്
എങ്കിലുമാശതൻ പാശം തിരയുന്നു
നാശത്തിൻ വക്കിലിരുന്നു ഞാനേ

കാലമേ, എന്തിനായ് സങ്കടക്കടലുമായ്
കാത്തിരക്കുന്നു നീ ഏഴകൾക്കായ്
ഏഴഴകാർന്നു പിറന്നവനല്ലോ ഞാൻ
പാഴായി പോയതെന്തെൻ്റെ ജന്മം

ഊഴിയിലുഴലുവാൻ മാത്രമായെന്തിനീ
ജന്മമേകുന്നു നീ കലികാലമേ
കദനം കുടിച്ചിറക്കീടുന്നൊരു കൂട്ടർ
മാനവകുലത്തിൻ്റെ കീടങ്ങളോ
കരുണയുമല്ലിത്, കുരുതിയുമല്ലിത്
ക്രൂരതേ, എന്തു പേരിട്ടു ചൊല്ലും.