malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022, മേയ് 30, തിങ്കളാഴ്‌ച

 

വർത്തമാനത്തിലെത്തുന്ന ഭൂതകാലം

ചിന്തയുടെ ഒരുപൊറ്റ അവളുടെ
ചുണ്ടിലുറച്ചു.
സ്വപ്നങ്ങളുടെ ബീജങ്ങൾ
തെറിച്ചുവീണയിടമെല്ലാം
പുതുമുളകൾ നാമ്പിട്ടു
എന്നാൽ,
അവയെല്ലാം തനിക്ക് വിലക്ക-
പ്പെട്ടതെന്ന് ഇന്നവൾ തിരിച്ചറിയുന്നു

ജീവിതത്തിൻ്റെ താളുകൾ തുന്നി-
ക്കൂട്ടാൻ
എത്രകാലമായി ഈ ഉമ്മറപ്പടിയിൽ
നിൽക്കുവാൻ തുടങ്ങിയിട്ട് !
കൽക്കരിപോലെ ഉള്ളം കത്തുമ്പോഴും
ചില ചിരികളുണ്ട് ജീവിതത്തിൽ
കണ്ണുകളോളമെത്തിയ കരച്ചിലിനെ
തടയാനുള്ള ഒരു ശ്രമം പോലെ

ചില നേരങ്ങളിൽ
പൊടുന്നനെ മുറിയിലേക്ക് കടന്നു
വരാറുണ്ട് കഴിഞ്ഞകാലം
കുറച്ചു നേരം തങ്ങിനിന്ന് കടന്നു
പോകാറുണ്ട്

അകലെയേതോ താഴ് വരയിലേക്ക്,
പർവ്വത പ്രദേശത്തേക്ക്,
ആകാശത്തിലേക്ക് ,ആഴിയിലേക്ക്,
സമയത്തിനുമപ്പുറത്തിനുമപ്പുറത്തേക്ക് !!

നാം കാണാത്ത
ഏതു വഴിയിലൂടെയായിരിക്കും
കഴിഞ്ഞകാലം കടന്നു വരികയും
ചില പരിഭ്രമങ്ങളെ വാരിയിട്ട്
കടന്നുപോവുകയും ചെയ്തിട്ടുണ്ടാവുക


ചിലപ്പോഴൊക്കെ


പിതൃത്വം അനിശ്ചിതമായ കുഞ്ഞിനെ
അവഹേളിക്കരുത്
മാതൃത്വത്തെ പുച്ഛിക്കുകയും
ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ്

വേദനകളിലും
യാതനകളിലും
നിരാശപ്പെടരുത്
ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ്

ഉത്കടമായ സ്നേഹത്താൽ
സഹിക്കേണ്ടി വരുന്നനാണക്കേടുണ്ട്
കഴിവുകെട്ടതെന്ന് കളിയാക്കരുത്
ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ്

ഏകാന്തതയുടെ അപാരതയിൽ
ജീവിതം ജീവിച്ചു തീർക്കേണ്ടി
വരാറുണ്ട്
ഭ്രാന്തെന്നു പറയരുത്
ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ്

അല്ലെങ്കിലും;
ഈ ജീവിതം
എന്തെന്നും ഏതെന്നും
കണ്ടറിഞ്ഞവരാരുണ്ടീ ഉലകിൽ

കടൽ


കടലിനെക്കുറിച്ച്
നിങ്ങൾക്കെന്തറിയാം
അതിൻ്റെ ആഴത്തെക്കുറിച്ച്
പരപ്പിനെക്കുറിച്ച്

ജീവിതം തന്നെയാണ് കടൽ
മുൻകൂട്ടി ഒന്നും നിശ്ചയിക്കാൻ
കഴിയില്ല .
മനുഷ്യ മനസ്സുപോലെയാണ്
കരയിലേക്ക് കയറുന്നതിരകൈകൾ
വലിച്ചിടാനൊ, വാരിപ്പുണരാനൊ
യെന്നറിയില്ല

കടലിലേക്കിറങ്ങുമ്പോൾ
കരയിലെ പുറന്തോട് അഴിച്ചു വെയ്ക്കണം
കടലിലുമുണ്ട് കാട്
അവൻ്റെ അറ്റുപോയ വേരുകൾ
അവിടെ നിന്നായിരിക്കാം തുടങ്ങുന്നത്

കടലിനുമുണ്ട് നിയമങ്ങൾ
അറ്റുപോയ വേരുകൾ
അടങ്ങാത്ത ആഗ്രഹത്തിൽ തൊട്ടെന്നു
കരുതി
നിയമങ്ങൾ തെറ്റിക്കാൻ കഴിയില്ല
കടലത് നമ്മെ പഠിപ്പിക്കുന്നുണ്ട്

കടലിലേക്കിറങ്ങിയാൽ
അവരിൽ ഒരാളാകണം നമ്മൾ
ഒഴുകിപ്പോയ ഓർമ്മകളെ തിരഞ്ഞ്
പലപാടും ഒഴുകേണ്ടതുണ്ട്

കടലെന്നു കരുതി
കടലായ കടലിലെല്ലാം ഇറങ്ങരുത്
നമ്മുടെ കാൽപ്പാദങ്ങൾ പതിപ്പിക്കുവാൻ
പാടില്ലാത്ത കടലുകളുണ്ട്
പരിശുദ്ധമായവ
തൊഴുതു മടങ്ങുക മാത്രം ചെയ്യേണ്ടവ





2022, മേയ് 27, വെള്ളിയാഴ്‌ച

കടൽ തീരത്തെ പ്രഭാതം


ഇരുളിൽ മുഖപ്പാളി കൊത്തിയെറിഞ്ഞ്
കടൽപ്പക്ഷിയെന്തോ ചിലക്കുന്നനേരം
കിഴക്കിൻ കിളിവാതിൽ മെല്ലെത്തുറന്ന്
തിരിതെളിയിക്കുന്നൊരു കൊച്ചുകിടാത്തി

കാളിയനർത്തനമെന്നപോലാടുന്ന
കടലിൻ്റെ പത്തിയിൽ ഓടങ്ങൾ കണ്ണനോ?!
അർക്കൻ്റെ ആദ്യാംശു ഉടയാടയെന്നപോൽ
വർണ്ണങ്ങളാൽ പല ജാലങ്ങൾ തീർക്കുന്നു

ഓരത്തെക്കൂരയിൽ കരളിൽകടലുമായ്
കാത്തിരിപ്പുണ്ടൊരുപെണ്ണവൾ കണവനെ
കടൽച്ചെണ്ടകൊട്ടും മുഴക്കങ്ങൾ കേൾക്കേ
അവൾക്കിടനെഞ്ചിൽ മുഴങ്ങുംപെരുമ്പറ

തുഹിനങ്ങൾ വൈരങ്ങളാകും പുലരികൾ
മഹാരുദ്രമൗനങ്ങൾ പോലെയവൾക്കെന്നും
തലപോയതെങ്ങിൽ നരച്ചുള്ള കാക്കകൾ
നേരിൻതലപ്പിനായ് കാത്തിരിപ്പാണെന്നും

കരിമ്പാറപോലും കിഴക്കിനെ കൈകൂപ്പി
അർഘ്യമൊരുക്കിയിരിപ്പാണു പുലരിയിൽ
അണിയത്തുനിന്നാർപ്പുവിളിയൊന്നു കേൾക്കേ
പുത്തൻപുലരി പിറക്കുകയായി

2022, മേയ് 26, വ്യാഴാഴ്‌ച

ഒറ്റച്ചൂണ്ടയിൽകുരുങ്ങാത്തത്


മൗനത്തിൽ
മരുഭൂമിയും
മലർവാടിയുമുണ്ട്

ഹൃദയത്തിൽ
പർണ്ണശാലയും
പഞ്ചനക്ഷത്ര
നൃത്തശാലയുമുണ്ട്

ചിരിയുടെ
ഇടിമുഴക്കവും
കണ്ണീരിൻ്റെ മഴയും
ആനന്ദത്തിൻ്റെ
തെളിനീരുമുണ്ട്

ഇഴയഴിച്ചു നോക്കാനൊരു
സ്മരണയും
ഇഴചേർത്തു നെയ്യാനൊരു
പ്രത്യാശയുമുണ്ട്

ഒറ്റച്ചൂണ്ടയിൽ
കുരുങ്ങുന്ന
ചെറു മത്സ്യമല്ല
ജീവിതം

2022, മേയ് 21, ശനിയാഴ്‌ച

സ്വപ്നം

അന്നൊക്കെ എന്നും

സ്വപ്നങ്ങൾ കാണുമായിരുന്നു

സ്വപ്നം കാണുവാനുള്ളൊരു മനസ്സ്

ഭാഗ്യമെന്നു കരുതിയിരുന്നു


ലോട്ടറി അടിച്ചതായി സ്വപ്നംകണ്ടു

പണം സ്വന്തമാക്കുന്നതായി കണ്ടില്ല

ബംഗ്ലാവ് പണിതതായി കണ്ടു

താമസിക്കുന്നതായി കണ്ടില്ല


കാറ്,നല്ലജോലി,സന്തുഷ്ട കുടുംബം

സ്വപ്നം കണ്ടതുപോലെ

സ്നേഹിക്കുവാനല്ലാതെ

നിന്നെ സ്വന്തമാക്കുവാനെനിക്ക് -

സാധിച്ചില്ലല്ലോ കൂട്ടുകാരീ....


2022, മേയ് 19, വ്യാഴാഴ്‌ച

ചിലത്

കണക്കിലെന്നും

വട്ടപ്പൂജ്യമായിരുന്നു

സ്ക്കൂളിൽ പോകുന്നത് തന്നെ

ഉപ്പുമാവും,പാലും കുടിക്കാനുള്ള

കാട്ടിക്കൂട്ടലുകളായിരുന്നു


കാലിമേയ്ക്കാനായിരുന്നു കമ്പം


എന്നിട്ടും,

കമ്പനിയായി

കാറായി

ബംഗ്ലാവായി

കണ്ടമാനം സ്വത്തായി

ഓച്ചാനിച്ചു നിൽക്കാൻ

ഒരു പാടാളായി


ജീവിതത്തെ നോക്കൂ ;


ചില ജീവിതങ്ങൾ

എത്ര പെട്ടെന്നാണ്

മാറിമറിയുന്നത്

രാത്രി


ചോരചർദ്ദിച്ച സൂര്യൻ
കടലിലേക്ക് കുഴഞ്ഞു വീണു
വെളിച്ചം മഴ നിറഞ്ഞ
കുഴികളിലേക്കും

ഇരുട്ടിൻ്റെ കണ്ണുകളിൽ
വേട്ടയുടെ ആഴം
വാക്കിൻ്റെ വാളുകൾ
ഉറയിൽ തന്നെ ഉറച്ചു പോയി

വേവലാതിയുടെ വേലിക്കെട്ടുകൾ
ചുറ്റിലും ഉയരുന്നു
നരച്ച മഞ്ഞ് നുരച്ചു നിൽക്കുന്നു
എത്ര ഊതിയാലും കത്താതെ
കരിഞ്ഞു നിൽക്കുന്ന
വിറകുകൊളിയാകുന്നു രാത്രി

2022, മേയ് 18, ബുധനാഴ്‌ച

പത്തു മണിപ്പൂവ്


അവൾക്ക് എല്ലാറ്റിനോടും -
പ്രണയമായിരുന്നു
മണൽത്തരിത്തുണ്ടിനോട്
ഇലപ്പച്ചത്തുമ്പിനോട്
വേരിൻ പടർപ്പിനോട്
നേരിൻ തുടിപ്പിനോട്

ആകാശ അനന്തതയോട്
കടലിന്നഗാധതയോട്
മലയോട്
മൗനങ്ങളോട്
കവിതയോട്
പറവകളോട്

അതുകൊണ്ടായിരിക്കണം ;
താൻ നീണ്ടുനിവർന്നു കിടക്കുന്ന
പച്ച മണ്ണിൽ
ഒരു പത്തുമണിപ്പൂവായ്
എന്നും പൂത്തുനിൽക്കുന്നത്

2022, മേയ് 17, ചൊവ്വാഴ്ച

മീൻ


വിശന്നുവലഞ്ഞ മീനുകൾ
ഇരതേടിയിറങ്ങി

ഒന്നാമൻ രണ്ടാമനോട് പറഞ്ഞു:
സുഹൃത്തേ,
വിശപ്പോളം വലിയ ശിക്ഷയല്ല
ഒരു ചൂണ്ടക്കൊളുത്തിൻ്റെ -
ശിക്ഷയും

പിന്നെയവർ ധൃതി പിടിച്ച്
ചൂണ്ടക്കൊളുത്തി നടുത്തേക്ക് -
നീങ്ങി
................................
രാജു കാഞ്ഞിരങ്ങാട്

2022, മേയ് 16, തിങ്കളാഴ്‌ച

പ്രണയമഷിപ്പടർച്ച


ഓർമയുടെ മഷിക്കുപ്പി നിറച്ച്
പ്രണയത്തെ ചുവപ്പിച്ചു കൊണ്ടേയിരിക്കണം
പുഴയോളം തണുപ്പടരുമ്പോൾ
പൊള്ളുന്ന ചുംബനത്തിൻ്റെ ചൂടേറ്റുണരണം

പുഴപോലെയൊഴുകുന്ന നിൻ്റെ മുടിയിഴകളെ
കടും നീലയാക്കി കാർമേഘമാക്കണം
തണുവാർന്ന നിൻച്ചിരിക്കാറ്റേറ്റാ മേഘമൊരു
മഴയായ് ഞാൻ നിന്നിലെനിന്നിലേക്കു പെയ്യണം

ഇലകളായ് മാറണം, മത്സ്യമായ് നീന്തണം
നിലാനിഴൽ പടരുന്ന സന്ധ്യയായ് മാറണം
പഴയൊരാ പുഴയുടെ തീരത്തിരിക്കണം
ഉടലോടുടൽ ചേരും പ്രണയത്തിൻ പ്രാണന്
മഷിക്കുപ്പിനിറച്ചു കടും നീല ചാർത്തണം

ഒരു തുള്ളി ജലത്തിനാൽ പിറവി ,പിന്നെയത്
ചാലിട്ട് ചോലയായ് ചേലൊത്ത ചിരിമണിയായ്
കൈത്തോടിൻ കളമൊഴിയായ് കുഞ്ഞിളം കാറ്റായ്
മഴ പെയ്തു നിറയുന്ന പുഴയാണു പ്രണയം

2022, മേയ് 14, ശനിയാഴ്‌ച

പരിഭവം


പെണ്ണുകെട്ടാത്തതാണ്
പൊട്ടത്തരമായതെന്ന് കുമാരേട്ടൻ
വിങ്ങിപ്പൊട്ടുന്നു

അവസാന കാലത്ത്
ആരും കൂട്ടിനില്ലെങ്കിലും
ആളുണ്ടായിട്ടും
തിരിഞ്ഞു നോക്കാത്തതല്ലേ -
യെന്ന് സമാധാനിക്കായിരുന്നു

പെണ്ണുകെട്ടിയതാണ്
പൊട്ടത്തരമായതെന്ന് രാമേട്ടൻ
വിങ്ങിപ്പൊട്ടുന്നു

അവസാന കാലത്ത്
ആരും കൂട്ടിനില്ലെങ്കിലും
ആരും ഇല്ലാത്തതുകൊണ്ടാണല്ലോ -
യെന്ന് സമാധാനിക്കായിരുന്നു

ഞാനിപ്പോൾ
ഇവർക്കു രണ്ടു പേർക്കുമിടയിലിരുന്ന്
ഇതുവരെ ജനിച്ചിട്ടില്ലാത്ത
ഒരു കുഞ്ഞിനെ ഓർക്കുന്നു

ഉഷ: കാലം


നഗ്നതയാൽ ഞാൻ
നാണം മറയ്ക്കുന്നു
വിശപ്പറ്റ വയറിനാൽ
മൃഷ്ടാന്നഭോജനം

പൈപ്പ് വെള്ളമെനിക്ക്
ശീതള പാനീയം
നഗരത്തിരക്കെനിക്ക്
നുരയും ചഷകം

പീടികത്തിണയെനിക്ക്
ഗർഭഗൃഹം
ഇരുട്ട് ഒഴിഞ്ഞുപോകാ
കൂട്ടുകാരൻ
തെരുവുപട്ടികൾ
കാവലാളുകൾ

ഞെട്ടിയുണർന്നപ്പോൾ
നേരംനന്നേ പുലർന്നിരുന്നു .
അമ്മ അടുപ്പിൽ ദോശചുട്ടു
കൊണ്ടിരിക്കുകയായിരുന്നു
അപ്പോൾ

2022, മേയ് 11, ബുധനാഴ്‌ച

ഇറങ്ങിപ്പോകണം


ഒരിക്കൽ ഒരക്ഷരം മിണ്ടാതെ
ഇറങ്ങിപ്പോകണം
ഓർമകളെ അതിനു മുന്നേ -
അപഹരിച്ചു കൊണ്ടു പോകണം

മരിച്ച പക്ഷിയുടെ തൂവലുകൾപോലെ
കൊഴിഞ്ഞു പോകുന്നു കാലം
തീ പിടിച്ച തലച്ചോറിൻ്റെ അലച്ചിൽ
കെട്ടടങ്ങിയിരിക്കുന്നു
ചിതലുകൾ ചിത്രംവരച്ച ചുമരാണിന്ന് -
ശരീരം

ഓർമകൾ ഓരം ചേർന്ന്
ഒപ്പരം തന്നെയുണ്ട്
മനസ്സ് അസ്വസ്ഥമായ കടൽ പോലെ
കിടന്നു പിടയ്ക്കുന്നുണ്ട്

ഒരക്ഷരം മിണ്ടാതെ
ഇറങ്ങിപ്പോകണം
ഓർമകളെ അതിനു മുന്നേ
അപഹരിച്ചു കൊണ്ടു പോകണം
..................
രാജു കാഞ്ഞിരങ്ങാട്

2022, മേയ് 10, ചൊവ്വാഴ്ച

പ്രണയ ജീവിതം


ശൈത്യത്തിൻ്റെ ഇല മൂടലുകളെ
വെയിലിൻ്റെ തരിവള കൈകൾ
പതുക്കെ നീക്കുന്നു
നീ പകർന്നആദ്യ ചുംബനത്തിൻ്റെ
ചൂടിൽ
സൂര്യകാന്തി പൂക്കുന്നു

പ്രീയേ,
പ്രണയത്തിൻ്റെ പനിത്തിമർപ്പിൻ
ചുരത്തിലാണു നാം
ചുവന്ന വാകപൂവുപോലെ പരില -
സിക്കനാം
വഴി മറന്ന മൊഴി മുറിഞ്ഞ കാട്ടു -
പാതയിൽ
കാഴ്ചശൂന്യമായിടുന്നതാമി -
വേളകൾ

മഴവില്ലു തേടിവന്ന പറവകൾപോലെ
ഉടലൊരുക്കും ഉത്സവത്തിമർപ്പി -
ലാണു നാം
ജാലകപ്പഴുതിലെ കാഴ്ച നിർത്തിടാം
ജീവിതക്കടലിലേക്ക് ആഴ്ന്നിറങ്ങിടാം




2022, മേയ് 7, ശനിയാഴ്‌ച

ഓർമ്മിപ്പിക്കുന്നത്


നിങ്ങൾ ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴും
നിങ്ങളുടെ ജീവിതം ഉണർന്നു തന്നെയി-
രിക്കുന്നു
അതിരാവിലെ തട്ടിയുണർത്തി
ദിനസരിക്കുറിപ്പുകൾ നിങ്ങളറിയാതെ
നിങ്ങളുടെ മനസ്സിൽ നിവർത്തുന്നു

അക്ഷരങ്ങളിൽ നിന്ന് അന്ന് ജീവിച്ചു -
പോകേണ്ടുന്ന അക്കങ്ങളിലേക്ക്
നിങ്ങൾ വിവർത്തനം ചെയ്യപ്പെടുന്നു.
അപ്പോൾ
വേവലാതിയുടെ വേലിയേറ്റത്തിലേക്ക്
നിങ്ങൾ പിടഞ്ഞു വീഴുന്നു
നോക്കൂ
കഴിയില്ല നിങ്ങൾക്ക് പിന്നെ വെറുതേ -
യിരിക്കാൻ

ജീവിതം പിന്നെ നിങ്ങളെ
നൂൽപ്പാലത്തിലൂടെ നടത്തുകയായി
അഗ്നി വളയങ്ങൾ തീർക്കുകയായി
ഇടയ്ക്കിടേ ജീവിതം ജീവിതത്തെ
ഓർമ്മിപ്പിക്കുകയായി

വേദനയുടെ വളർവള്ളിയാണ് ജീവിതം
കത്തുന്ന ഗ്രീഷ്മമായി ,
ശിശിരമായി ,
ഇലകൊഴിഞ്ഞമരമായി നിൽക്കു -
മ്പോഴും
ജലം തേടുന്ന പടർപ്പൻ വേരുപോലെ
മുറിച്ചു മാറ്റാൻ പറ്റാത്ത വിധം
ജീവിതം ആഴങ്ങളിലേക്കാഴ്ന്നിറങ്ങുന്നു


2022, മേയ് 4, ബുധനാഴ്‌ച

മൺകുടത്തിൽ അടങ്ങാത്തത്


ആലോചിച്ചാൽ ഒരന്തവുമില്ല
ആലോചിച്ചില്ലേൽ ഒരു കുന്തവുമില്ലെന്ന്
പറഞ്ഞതുപോലെ
ആലോചിച്ചിട്ടുണ്ടോ
ആറ്റിക്കുറുക്കിയെടുത്താൽ
ഒരു ജീവിതമെത്രയുണ്ടെന്ന്

ഒറ്റവാക്കിൽ
ഒരു മൺകുടത്തിൽ
അടങ്ങുന്നതെന്ന് പറയാമോ?!

കണ്ണീരും,കദനങ്ങളും എവിടെയാണ്
രേഖപ്പെടുത്തിയിട്ടുള്ളത്
വിടർന്നസ്നേഹത്തിനും
വിളമ്പിയ മധുരത്തിനും എവിടെ
അടയാളം

ഏകാന്തയ്ക്കും
ഏറ്റ ശരമാരിക്കും
ആര് കൂട്ട്

പറഞ്ഞ വാക്കുകളും
പറയാത്ത ചില മൗനങ്ങളുമല്ലാതെ
ബാക്കിയാകുന്നത് മറ്റെന്ത്

എങ്കിലും,
കാലത്തേയും
ദേശത്തേയുംമറികടന്ന്
ഒരു ഞരമ്പ് ചിലരെ പരസ്പരം
ബന്ധിപ്പിക്കുന്നുണ്ടാകും

എത്രവായിച്ചാലാണ്
ഒരു ജീവിതത്തെപഠിക്കുക

ഒരിക്കലും വെളിപ്പെടുത്താത്ത
എത്രയെത്ര ആഗ്രഹങ്ങൾ,
അനുഭവങ്ങൾ,
നിരാശകൾ, ആസക്തികൾ
മൂടിവെച്ച മുറിവുകൾ
തിടം വെച്ച ഓർമ്മകൾ

ആറ്റിക്കുറുക്കിയെടുത്താൽ
എത്രയുണ്ടാകും ഒരു ജീവിതം
ഒരു മൺകുടത്തിൽ
അടങ്ങുമോ ജീവിതം




2022, മേയ് 3, ചൊവ്വാഴ്ച

അനന്തരം


ഉണർന്നു വരുന്ന
കതിരവനെപ്പോലെ,
ഇളം മുന്തിരിക്കുലപോലെ
അവൾപുഞ്ചിരിക്കുന്നു

ഉരുകിയ തങ്കം പോലെ
പ്രശോഭിക്കുന്നു
ഹരിതവർണ്ണാഭ
വിടർത്തുന്നു

മണ്ണിൽ നിന്നെല്ലാം
മാഞ്ഞു പോകുന്നു !
നമ്മിൽ നിന്ന്
നാമും മാഞ്ഞു പോകുന്നു !!
അവളിലേക്ക് ലയിക്കുവാൻ
ഹൃദയത്തിൽ
അതിയായആഗ്രഹം
മുറ്റി നിൽക്കുന്നു

പൂത്തു നിൽക്കുന്ന
വസന്തമാണവൾ
പ്രണയം
എത്ര സുന്ദരമാണ്

അനന്തരം:
അവളിലേക്കു പറന്നേറുവാൻ
ഭൂമി മുഴുവൻ വലയം ചെയ്യുന്ന
സ്നേഹത്തിൻ്റെ
രണ്ടു ചിറകുകളായി
പരിണമിക്കുന്നു

2022, മേയ് 2, തിങ്കളാഴ്‌ച

ഓർമകൾ


ഓർമകളെക്കുറിച്ച്
നിങ്ങൾ ഓർത്തുനോക്കിയിട്ടുണ്ടോ?!
ഓർമകൾ
പലവിധമുണ്ട്

ചക്കിപ്പൂച്ചയെപ്പോലെ
കണങ്കാലിൽ മുട്ടിയുരുമ്മി
അരമുള്ളനാവിനാൽ വിരലിൽനക്കി
ഇക്കിളിയാക്കുന്നവ

പാലു കട്ടുകുടിക്കുന്നതുകണ്ട് വടിയുമായി
എത്തുമ്പോൾ
തട്ടിമറിച്ച് പാഞ്ഞുപോയി എവിടെയോ
മറഞ്ഞിരുന്ന്
നോക്കിക്കൊണ്ടിരിക്കുന്നവ

മറ്റു ചിലതുണ്ട്
എന്നും കാവലിരിക്കും,
പിറകേനടക്കും
കുരച്ചുചാടിക്കൊണ്ട് മുന്നിൽ നടക്കും

വേറെ ചിലത്
മുഖാമുഖം നിന്ന് വെല്ലുവിളിക്കും
നിഷേധിക്കും
ഒരു യുദ്ധം തന്നെ ചെയ്ത്
രക്തമൊഴുക്കും

പിന്നെയുമുണ്ട് ഓർമകളനവധി
വാലാട്ടിനിൽക്കുന്നവയും
വീണേടം വിദ്യയാക്കുന്നവയും
വായിൽക്കൊള്ളാത്തവയും
കടിയേറ്റതുപോലെ കടയുന്നവയും

വേഷം


പണ്ടൊക്കെ
കോമാളി വേഷം കാണാൻ
ഉണ്ടപ്പറമ്പ മൈതാനിയിലും
പോലീസ് മൈതാനിയിലും
സർക്കസ് കാണാൻ പോയിരുന്നു

ഇന്നിപ്പോൾ
പുറത്തോട്ടൊന്നിറങ്ങിയാൽ
എന്തെന്തു വേഷങ്ങളാണ്
ഇത്രയും കോമാളിത്തരം
അന്നത്തെ സർക്കസിൽപോലു
മുണ്ടായിരുന്നില്ല

കാലത്തിനനുസരിച്ച്
കോലം കെട്ടണമെന്ന്
പഴേയാളുകള് പറയാറുണ്ട്

ജീവിതമേ,
കാലത്തിനനുസരിച്ച്
നീ എന്തൊക്കെ കോമാളിത്ത -
രമാണ്
കെട്ടിക്കൊണ്ടിരിക്കുന്നത്