malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, മാർച്ച് 30, തിങ്കളാഴ്‌ച

തെരുവിലെ പെൺകുട്ടി



കറുത്ത കണ്ണുള്ള വിഷാദ വതിയായ
പെൺകുട്ടി
എത്ര ദുരിതപൂർണ്ണമാണ് നിൻ്റെ ജീവിതം
എന്നും പ്രഭാതത്തിലെ,യീ തണുപ്പിൽ
ഇരുളടഞ്ഞ ശവക്കുഴിയിലേക്കെന്നോണം
തെരുവു മൂലയിലൂടെ, ഗലികളിലൂടെ നിനക്ക്
യാചിച്ചു നടക്കേണ്ടി വരുന്നു
അപ്പോഴും തെമ്മാടികളായ ചിലർ
അശ്ലീലങ്ങൾ പറഞ്ഞ് കണ്ണ് കൊണ്ട് നിന്നെ കൊത്തിപ്പറിക്കുന്നു
നിനക്ക് കണ്ണു കാണില്ലെന്ന് കണ്ടാൽ തോന്നു
കയേയില്ല
ഓരോ കാലടി ശബദവും വെച്ച് നീ ആളുകളുടെ
നീക്കത്തെ തിരിച്ചറിയുന്നു
ഓരോ മൊഴിയിലൂടെ നീ മനസ്സിനെ അടുത്തറി യുന്നു
നിൻ്റെ ഓരോവാക്കും എൻ്റെ ബോധത്തിലൂടെ -
യൂർന്ന്
ഓർമ്മയിൽ വന്നിറങ്ങിക്കൊണ്ടിരിക്കുന്നു
ആ വാക്കുകളെന്നെ ഗദ്ഗദം കൊണ്ട് മൂടുന്നു
അക്ഷരങ്ങളുടെ ഒഴുക്കും, ഇലകളുടെ നൃത്തവു
മാണ് നീ
ആഴങ്ങളിൽ നിന്നും ചുരത്തുന്ന പ്രകാശം,
ലോകത്തിൻ്റെ നന്മ
നിന്നെയോർക്കുമ്പോൾ എന്നിൽനിന്നുഞാൻ
പൊഴിഞ്ഞു പോകുന്നു
നിലാവും, ആകാശവും, ഞാനും, ചക്രവാളവും
ഒരേകാന്ത വൃക്ഷമായി മാറുന്നു
ശരത്കാല ഇലപോലെ വീണടിയുന്നു
കഥയില്ലാതെ ചിത്രമില്ല
നിറങ്ങളായി വിരയുന്ന ചിത്രത്തിൻ്റെ ഇതളുക
ളാണു നീ
മഞ്ഞിൽ പതിഞ്ഞ ആ മനോഹരമായ കാൽപ്പാട്
മനസ്സിൽ നിന്നും മായുന്നേയില്ല
പിന്നെയും, പിന്നെയും നിൻ്റെയോർമ്മ
മുറിവേറ്റൊരു പക്ഷിയേപ്പോലെ മനസ്സിൽ
പൊടുന്നനെ ചാടി വീഴുന്നു
ഒരിക്കൽ വരച്ചു വെച്ചാൽ മതി
മറക്കില്ല നാം ഒരുനാളും ചില ഓർമ്മകൾ

2020, മാർച്ച് 28, ശനിയാഴ്‌ച

പ്രണയം പ്രാർത്ഥനപോലെ



പ്രിയേ,
നമ്മുടെ മുന്തിരിത്തോപ്പുകൾ
നാം തന്നെയാണ്
ഉടലിൻ്റെ ഇഴയടുപ്പത്താൽ
ഇനി നമുക്ക് ഉഴുതുമറിക്കാം
ജീവിതത്തിൻ്റെ മഹത്തായ
ലഹരിക്കായ്
പ്രണയത്തിൻ്റെ വീഞ്ഞ് നുകരാം
നാം തന്നെ നമ്മുടെ ഉടയാടകളാകു
മ്പോൾ
നമുക്കെന്തിന് വേറെ ഉടയാടകൾ
അധരങ്ങൾകൊണ്ട് നമുക്ക്
ഋതുക്കളെ കോർക്കാം
അനുരാഗത്തിൻ്റെ ഒറ്റയടിപ്പാതയി
ലൂടെ
ഇതുവരെ കാണാത്ത ഭൂഖണ്ഡങ്ങ
ളിലേക്ക് യാത്ര പോകാം
സമുദ്രങ്ങളും, വനങ്ങളും താണ്ടി
വസന്തത്തിൻ്റെ താഴ് വരകളെ
കണ്ടെത്തുക തന്നെ ചെയ്യാം
നിൻ്റെ വാക്കുകളേക്കാൾ വേഗത്തിൽ
നിൻ്റെ മണമെത്തുന്നല്ലോ.
ദൈവമേ ! അവൾ എന്നിൽ തളിർത്ത്
എന്നിൽ പൂത്തു വിടർന്ന ഒരു പുഷപമെന്ന്
ഞാനറിയുന്നു.
പ്രിയേ,
നാം ഭൂമിയാകുന്നു
നഗ്നത വാരി ചുറ്റിയബ്ഭൂമി
നമുക്ക് നമ്മിലെ മുന്തിരി തോപ്പിലേ
ക്കിറങ്ങാം
വീഞ്ഞിൻ്റെ വീര്യത്തിലേക്ക്
ആഴങ്ങളിൽ നിന്നാഴങ്ങളിലേക്ക്
പ്രയാണം തുടരാം
പ്രാർത്ഥന പോലെ
ധ്യാനം പോലെ

2020, മാർച്ച് 27, വെള്ളിയാഴ്‌ച

കൂടെയല്ല മുന്നിൽ തന്നെയുണ്ട്



സത്യത്തിൽ
വായിക്കുവാനേ തോന്നുന്നില്ല
എഴുതുവാനും
കൂട്ടിലിട്ട വെരുകിനെപ്പോലെ
ഓരോ മുറിയിലും കയറിയിറങ്ങി
നേരം കൂട്ടുന്നു
ചരടുപൊട്ടിയ പട്ടംപോലെ
ചിന്തകൾ ലക്ഷ്യമില്ലാതെ പറക്കുന്നു
ഫോണിനോടുമില്ല അത്രയും താത്പര്യം
എങ്കിലും,
മൊബൈലിൽ വരുന്ന ചിലവാർത്ത
കളും, വീഡിയോകളും ഇടയ്ക്കൊന്ന്
എടുത്തു നോക്കുന്നു
സത്യത്തിൽ
യഥാർത്ഥ ജീവിതമെന്തെന്ന് നമ്മേ
പഠിപ്പിക്കുന്നത്:
ആരോഗ്യ പ്രവർത്തകരാണ്,
സന്നദ്ധ പ്രവർത്തകരാണ്,
പോലീസാണ്
എന്തിനേറെ;
കൂടെയല്ല, മുന്നിൽ തന്നെ നടക്കുന്ന
ഈ ഗവർമ്മേണ്ടാണ്
സത്യത്തിൽ
കാലം കാത്തു വെച്ച 'കൊറോണ' യെന്ന
ഈ മഹാമാരിയെക്കുറിച്ചോർക്കുമ്പോൾ
പുറത്തിറങ്ങാനേ തോന്നുന്നില്ല

2020, മാർച്ച് 25, ബുധനാഴ്‌ച

വീടുകൾ അതിരുകളാകുമ്പോൾ!



വീടുകൾ അതിരുകളാകുമ്പോൾ
മനസ്സുകൊണ്ടൊരു മതിലു തീർക്കുക
അദൃശ്യവും, നിശ്ശബ്ദവുമായൊരു
നിരോധാജ്ഞ നടപ്പിലാക്കുക
തീ തുപ്പുന്ന ഭൂതമായി അലയാതിരിക്കുക
തിരയടങ്ങിയ കടൽ പോലെ ശാന്തമാകുക
ഉണ്മയും, നന്മയും തിരിച്ചറിയുക
ശീപോതി അകത്ത്, പൊട്ടിപുറത്തെന്ന്
ആത്മഗതം ചെയ്യുക

വക്കും ,മുനയും



കടവുകളും
കൽപ്പടവുകളും ഇന്നില്ല
കടവിൽ നിന്നൂർന്നു പോയ
പുഴയെ കാണാനേയില്ല
വക്കു പൊട്ടിയ കലമായി മനസ്സ്
കുസൃതികളും, കൂരിയാറ്റ കിളികളും
കാലത്തിൻ്റെ മണ്ണടരുകളിലേക്ക്
മറഞ്ഞു പോയി
സന്യാസി കൊക്കുകൾ ഓർമ്മയായി
കുളവും
മത്സ്യവും
ഞെണ്ടും
കൊക്കു പറന്നെത്തിയ
കുന്നിൻ പുറവും
കഴിഞ്ഞ കാലങ്ങളിൽ തലകുത്തി
കൊഴിഞ്ഞുവീണ,യിലകളായി
പട്ടങ്ങളെന്നേ ചിറകൊതുക്കി
പെട്ടു പോയ് പെട്ടകത്തിലെന്നോണം
ഫ്ലാറ്റിൽ
ഓന്തിനെകണ്ടാൽ പൊക്കിൾ മറച്ചു
പിടിച്ച ബാല്യം
ചോരയൂറ്റി കുടിക്കുമെന്ന പഴ,യറിവ്
ഇന്ന്,
ചുറ്റും ഓന്തൻമാർ
വാക്കിൻ്റെ വക്കും
കൺമുനയുടെ
മുനയും കൊണ്ട്
വലിച്ചൂറ്റിക്കുടിക്കുന്നു ചോര
പ്രായഭേദമില്ലാതെ

2020, മാർച്ച് 22, ഞായറാഴ്‌ച

കൊറോണക്കാലം



മനസ്സുകൊണ്ടൊരു വിനോദയാത്ര
നടത്തുക
മനസ്സുകൊണ്ടാകുമ്പോൾ അത്
തീർത്ഥയാത്രയാകും
മനസ്സുകൊണ്ടൊരു പൂക്കാലം
തീർക്കുക
മനസ്സുകൊണ്ടാകുമ്പോൾ അത്
പ്രണയകാലമാകും
തിരക്കുകൾക്കും അന്തർദാഹങ്ങൾക്കും
അവധി കൊടുക്കുക
തിരിഞ്ഞുനോക്കാനും അന്യനെ അറിയാനും
അതുവഴി കഴിയും
സന്തോഷത്തോടെ ജീവിക്കുക
ജീവിതമെന്തെന്ന് ഇപ്പോഴാണറിയുക
സുന്ദരമായതിനെയൊക്ക സ്വന്തമാക്കി
നശിപ്പിച്ചു കൊണ്ടിരിക്കുന്നവരാണ് മനുഷ്യർ

2020, മാർച്ച് 21, ശനിയാഴ്‌ച

വേനലിൽ



മീനത്തിൽ മീനിനു പോലു,മിരയില്ല
വേനൽ വെളിച്ചപ്പാട് തുള്ളുന്നു
പൊട്ടിച്ചിതറിയ അപ്പൂപ്പൻ താടികൾ
പോലെ
വെൺമേഘങ്ങൾ പാറിപ്പറക്കുന്നു
സൂര്യൻ തീക്കുണ്ഡമായെരിയുന്നു
ജലത്തെ ഒരു ഭീകരജീവിയെപ്പോലെ
കുടിച്ചു വറ്റിക്കുന്നു
അവന്റെ ക്രൗര്യക്കണ്ണേറ്റ് കത്തുന്നു
കാടുകൾ
അവന്റെ ചവിടേറ്റ് ഭൂമിക്കടിയിലേക്ക്
പൂഴ്ന്നുപോകുന്നു പുഴകൾ
ഉഴറി വീഴുന്നു ഉറവങ്ങൾ
നീണ്ടുപോയ വേരിൻ കൈകൾക്ക്
എത്തിപ്പിടിക്കുവാൻ കഴിയാതെ
അർദ്ധ പ്രാണനായ മരങ്ങളിൽ
അള്ളിപ്പിടിച്ചിരിക്കുന്നു
അവശരായ പച്ചയിലകൾ,
പഴുത്തവ പൊഴിയുന്നു കൊതിതീർ
ന്നിട്ടില്ലെന്നമൊഴിയുമായ്
വാക്കുകൾക്ക് വേനൽ വരൾച്ചപുര-
ട്ടുന്നു
വിത്തുകൾ പ്രാക്തന കാലത്തിലെന്ന
പോലെ
മണ്ണിൽ പുതഞ്ഞു കിടക്കുന്നു
പറവകൾ കരിയിലക്കളെപ്പോലെ മരി-
ച്ചടിയുന്നു.
പഴുത്ത പാറയിൽ നിന്ന് ചൂടിന്റെ പൊന്നീ -
ച്ചകൾ പാറുന്നു
ഉമിനീരു വറ്റിയ മൃഗങ്ങൾ നീരുവറ്റിയ കുള-
ങ്ങളിൽ, കിണറുകളിൽ ചത്തുപൊങ്ങുന്നു
അവസാനത്തെ ഒരിറ്റു വെള്ളത്തിനായ്
നീണ്ടുനിരങ്ങിപ്പോയ മരങ്ങൾ ഒരു
തുള്ളിയും കിട്ടാതെ
പുഴയുടെ കാട്ടുപൊന്തയിൽ ,കല്ലിടുക്കു
കളിൽ
ശ്വാസംമുട്ടിമരിച്ചു
ഇവിടെ ഒരു പുഴയുണ്ടായിരുന്നെന്ന്
പൊൻമയുടെ ജഡം ഒരുനീല വരവരച്ചു
വെയ്ക്കുന്നു

2020, മാർച്ച് 16, തിങ്കളാഴ്‌ച

കാഴ്ച



സമാധാനത്തിൻ്റെ പ്രാവുകൾക്ക്
എന്തൊരു സമാധാനമാണ്
സമാധിയിലെന്ന പോലെ അവ തുടരുന്നു
അച്ചടക്കത്തിനായുള്ള
അച്ചു കൂടം മാത്രം പ്രവർത്തിക്കുന്നു
കാറ്റു പോലും പറയുന്നില്ല കഥകൾ
ഒരു കാശ്മീരിയൻ തണുപ്പ് പരന്നു
നിൽക്കുന്നു
പാട്ടുകൾക്ക് പതിഞ്ഞ സ്വരം
പഴമയെമൂടി പുതു സ്വരം
ബഹുസ്വരതയുടെ ശബ്ദകോശങ്ങൾ
ചുരുങ്ങിവരുന്നു
കാലാന്തരമായുള്ള കടൽവഴികൾ
മാറി വരുന്നു
പാലങ്ങൾ പലപാടും പണിതു കൊണ്ടി
രിക്കുന്നു
മായക്കാഴ്ചകൾ പെരുകുകയാണ്
കിനാവിൽ പോലും കനിവേതുമില്ല
കണ്ടാൽ ബോധിസത്വൻ
ബോധതലത്തിൽ
അക്രമങ്ങളുടെ ക്രിക്കറ്റുകളി
കുടിപ്പക കുത്തിവെയ്ക്കും
കുട്ടനിലും മുട്ടനിലും
മുട്ടാളൻ്റെ മട്ടും ഭാവവും കാട്ടാതെ
നക്കി കുടിക്കും ചുടുചോര
ആർത്തി പെരുകി പെരുകി വന്നാൽ
നീ ഓർക്കില്ല
ചുടുചോര നക്കിക്കൊണ്ടിരിക്കേ
ചതഞ്ഞു പോകുമെന്നത്

2020, മാർച്ച് 14, ശനിയാഴ്‌ച

വാക്കേ....




വാക്കൊഴിഞ്ഞുപോയകൂടാണ് മനസ്സ്
മടുപ്പിന്റെ മൂടുപടം വന്ന്മൂടിയിരിക്കുന്നു
നിരാശയുടെ പടുകുഴിക്കരികിലെവാടിയ 
മരമാണ് ഞാൻ
ഒരിക്കൽ പോയവഴികൾ ഓർമ്മിച്ചുകൊണ്ട്
തിരിച്ചു വരുമായിരിക്കും വാക്കുകൾ
തിരിഞ്ഞു നോക്കുമ്പോൾ തരിച്ചിരുന്നു
പോകുന്നു
വാക്കായിരുന്നു എന്റെ നോക്കും, വിളക്കും
അന്ന് വാക്കിൽ വിളഞ്ഞതാണ് കാണുന്ന
ഇവയൊക്കെ.

അന്നത്തെപ്പോലെയല്ല ഇന്നത്തെ വാക്കുകൾ!
വാക്കിൽ മാത്രമല്ല വേഷത്തിലും ചിലതൊക്കെ
തിരിച്ചറിയുന്നുണ്ടെന്ന്!
മൂകതയാണ് മുന്നോട്ട് പോകാൻ നല്ലതെന്ന്
വയ്യ! നേട്ടങ്ങളിലല്ലയെന്റെ നോട്ടം
വാക്കു കൊണ്ട് യെനിക്ക് വഴി വെട്ടണം
വാക്കിന്റെ വെളിച്ചത്തിൽ വെയിൽ കായണം
ഏതതിർത്തി കടത്തിവിട്ടാലും അതിരില്ലാത്ത
വാക്കിലൂടെ എനിക്ക് നടക്കണം
നിറയേ വാക്കുകൾ പൂക്കുന്ന ഒരു കാട്ടിലെനിക്ക്
പോകണം
മരിക്കുന്നെങ്കിൽ വാക്കിന്റെ കടലിൽ വീണ് മരി
ക്കണം
വാക്കേ....,
നിന്നോള,മൂക്ക് ഏത് തോക്കിനുണ്ട് .


2020, മാർച്ച് 11, ബുധനാഴ്‌ച

മനുഷ്യൻ




അറിവിൻ്റെ കനിതിന്ന അന്നു മുതൽ
തുടങ്ങി
മുറിവിൻ്റെ പാടുകൾ
ദൈവമെന്ന് നടിച്ച്
ചെകുത്താനായ് നടക്കുന്നവൻ
ചിരിയുടെതിര ചുണ്ടിലണിഞ്ഞ്
കരളിൽ കാന്താരമൊളിപ്പിക്കുന്നവൻ
നഗരത്തിൻ്റെ നരകഗർത്തങ്ങൾ തീർത്ത്
ഗ്രാമത്തിൻ്റെ മർമ്മത്ത് കുത്തിയവൻ
ജലത്തിനും, മണ്ണിനും,ആകാശത്തിനും
അവകാശിയെന്ന് മുദ്ര ചാർത്തിയവൻ
ഇതിഹാസത്തിലെ
കന്യകയും, അമ്മയുമല്ലിന്ന് ഭൂമി
അർദ്ധ പ്രാണനായി അവസാനത്തെ
ശ്വാസത്തിന് പിടയുന്ന വൃദ്ധ
ഹവ്വയോടുള്ള ബഹുമാനമില്ലിന്ന് _
ആദമിന്
ആക്രമിച്ച് അടരോടെ കടിച്ചുകീറുന്നു
നക്രം

2020, മാർച്ച് 7, ശനിയാഴ്‌ച

കാലം



മുറിവിന് മരുന്നാണ്
കണ്ണീര്
രക്തം കൊണ്ട് ചിത്രം
വരയ്ക്കുന്നു കാലം
ദയ,യെന്നേ മരിച്ചു
ഭയം വാഗ്ദാനം ചെയ്യപ്പെടുന്നു
ഗാഗുൽത്തകൾ ആവർത്തിക്ക
പ്പെടുന്നു
ദൈവം ആരാധനാലയത്തിലെ
തടങ്കൽ പാളയത്തിൽ
വിചാരണകൾ നേരിട്ടു കൊണ്ടേ
യിരിക്കുന്നു
കൊക്കു പിളർന്ന പക്ഷിയാണ് കാലം
പ്രേമത്തിൻ്റെ പല്ലിൽ നിന്നും
വിഷമിറ്റിയിറ്റി വീഴുന്നു
സ്മൃതികൾ മാഞ്ഞു പോയ
ശിരസ്സിൽ
മൃതികൾ കൂടുകൂട്ടി പാർക്കുന്നു
ജീവിതം കയപ്പെന്നു ചിലച്ചപക്ഷിക്ക്
പൊള്ളുന്ന രുചിയെന്ന് വേടൻ

2020, മാർച്ച് 6, വെള്ളിയാഴ്‌ച

പ്രത്യാശ



മൗനഘനിമകൾ മനസ്സിനെ
ഗർഭം ധരിച്ചിരിക്കുന്നു
ഭുജകോടാരങ്ങളിൽ നിന്ന്
സൂചികാഗ്രംവന്ന് കുത്തിനോവിക്കുന്നു
വെള്ളിനൂലുപോലെ മഞ്ഞുവന്നു
മറയ്ക്കുന്നു
കാലം ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകാം
ഓരോ ഇലകൊഴിയലിൽ പോലും
ഒരു സൂചന
മുരിക്കു പൂത്തുള്ള കാലം
പട്ടുടുത്ത പോതികൾ ഉറഞ്ഞാടുന്ന കാലം
തെക്കേ തൊടിയിലെ മാങ്കനി,യമ്മിഞ്ഞ
യെന്നതു പോലെ നുണഞ്ഞ കാലം
മോഹങ്ങളുടെ അത്തിത്തണലുകളിൽ
പ്രണയത്തിൻ്റെ പച്ചത്തരിപ്പുകൾ
കിളിർത്തു പൊന്തിയ കാലം
കത്തുന്ന ചുംബനം കൈമാറി കായലിൽ
കണ്ണാടി നോക്കിയിരുന്ന കാലം
ഓർമ്മകൾ മൗനത്തിൻ്റെ പൊറ്റയടർത്തുന്നു
ആഴപ്പൊത്തിലേക്ക് ഇറങ്ങിപ്പോയ
പ്രത്യാശയുടെ ഞാറക്കൊക്കുകൾ
ചിറകടിക്കുന്നു
വരുമായിരിക്കും ഒരിക്കൽക്കൂടി
എന്നിൽ നിന്നും അകന്നുപോയ
ദേശാടകരായ മീവൽപക്ഷികൾ
സ്നേഹത്തിൻ്റെ സംഘഗാനം പാടുമായി
രിക്കും

2020, മാർച്ച് 5, വ്യാഴാഴ്‌ച

കൊല്ലപ്പെട്ട ഒരച്ഛൻ്റെ മകളെക്കുറിച്ചുള്ള വേവലാതി



വഴിയിൽ കണ്ണുംനട്ട്
ചകിതയായി നിൽപ്പുണ്ടാകും മകൾ
വഴിയിലേക്കിറങ്ങിപ്പോയ
അച്ഛൻ്റെ വരവും കാത്ത്.
തിരിഞ്ഞു നോക്കിയപ്പോൾ
റ്റാറ്റ പറയുമ്പോൾ കണ്ട
ആകാംക്ഷ നിറഞ്ഞ ആ മുഖം
ഇന്നുമുണ്ടോർമ്മയിൽ
പ്രതീക്ഷിക്കുന്നുണ്ടാകുമവൾ.
ആ പഴയ ജീവിതം ഇപ്പോഴും
അവിടെ തന്നെയുണ്ട്
ഞാനത്രയും സന്തോഷവാനായിരുന്നു
തീർന്നിട്ടില്ല കൊതി അവളോടൊന്നിച്ച്
ജീവിച്ചിട്ട്
താളുകളുടെ വക്കുകളിൽ അവൾ
വരഞ്ഞിട്ടതൊക്കെയും അച്ഛാ...യെന്നാ
യിരുന്നു
അവൾ നിറം പൂശിയ ചിത്രങ്ങളൊക്കെയും
എൻ്റെ ഹൃദയത്തിലായിരുന്നു
അവളുടെ മുത്തങ്ങളായിരുന്നു യെൻ്റെ
മുഴുവൻ സമ്പാദ്യവും
അച്ഛായെന്ന ആ വിളിയിലായിരുന്നു
ഞാനലിഞ്ഞ് അവളായ്മാറിയിരുന്നത്
കഴിയുമോയെനിക്ക് ആ ശബ്ദത്തിൻ്റെ
അത്ഭുതം ഒരിക്കൽക്കൂടി കേൾക്കുവാൻ?!
വാളിൻ്റെ മൂർച്ചയിൽ എന്തിനാണവർ
ആളുകളെ രണ്ടാക്കി പിളർക്കുന്നത്
അവർക്ക് ഞാൻ ഇല്ലാതായേക്കാം
എന്നാൽ;
എൻ്റെ മകൾക്ക്
ഭാര്യയ്ക്ക്
ഞാൻ ഇല്ലാതായിട്ടില്ല
പാലും, തേനും, ശുദ്ധജലം പോലും
നിങ്ങളിൽ നിന്ന് ഇന്നേവരെ ഞങ്ങൾക്ക്
കിട്ടിയിട്ടില്ല
നിങ്ങളോട് ഇന്നുവരെ ഒന്നിനും ഞങ്ങൾ
ചോദിച്ചിട്ടില്ല
എന്നിട്ടും ,
എന്തിന് എന്നോട് ഈ ചതി
നിങ്ങൾ ആർക്കു വേണ്ടി ചെയ്യുന്നോ
അവർ ഒരിക്കൽ നിങ്ങളോടും
ഇതു തന്നെ ചെയ്യുമെന്ന് ഓർത്തിട്ടുണ്ടോ?
ഇനിയെത്ര പിഡനങ്ങളവർ സഹിക്കേണ്ടി
വരും
ആകാംക്ഷയുടെ, സ്നേഹത്തിൻ്റെ
ആ കുഞ്ഞുതുരുത്തിനെ
ഒന്നും ചെയ്യരുതേ......

2020, മാർച്ച് 2, തിങ്കളാഴ്‌ച

പ്രണയിക്കുമ്പോൾ....!



ഉയിരുവെച്ചുണരുന്നു
ഉടലിൽ നിന്നും ശലഭങ്ങൾ
കൂർത്ത വികാരത്തിൻ്റെ മൂർച്ചയിൽ
അവളൊരുദ്യാനമാകുന്നു
വരുതി വിട്ടവിരലുകൾ തന്ത്രികൾ
മീട്ടുന്നു
ഉഷ്ണത്തിൻ്റെ ഉപ്പുകാറ്റ്
ഉള്ളിൽ നിന്നുമുയരുന്നു
പിടിതരാത്ത ചുഴികൾ പിറവി കൊ-
ള്ളുന്നു
വസന്തം വിരിയുന്നു
ഒറ്റ വായനയിൽ മനസ്സിലാകുന്ന
പുസ്തകമല്ല പ്രണയം
പതഞ്ഞു നിൽക്കുന്നു സ്നേഹത്തിൻ്റെ
ലഹരി
പരന്നു വരുന്ന നാണത്തിൻ്റെ ചോപ്പ്
ഓട്ടുമണി പോലെ ഉള്ളിലെ ഉരിയാട്ടങ്ങൾ
പാതിയടഞ്ഞ മിഴികൾ
നിഷ്കളങ്കതയുടെ നീരുറവകൾ
ഉള്ളിൻ്റെ ഉൾവനത്തിൽ പൂത്തുലയുന്ന
ഒരു ഒറ്റവൃക്ഷമാണ് പ്രണയം
മിന്നാമിന്നികളാൽ പൂത്തു നിന്ന
കാട്ടുമരമാണ് പ്രണയികൾ
വന്യതയിലെ ശാന്തത