malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022, മാർച്ച് 30, ബുധനാഴ്‌ച

ഒട്ടുംഅകലെയല്ല


സൂക്ഷിക്കണം
അകലെയെന്നു തോന്നാം
നിമിഷമൊന്നിൽ
കുതിച്ചുവന്ന്
ചിന്നിച്ചിതറിച്ചേക്കാം

കളികണ്ടിരിക്കാം
കണ്ടില്ലെന്നു നടിക്കാം
വായില്ലാക്കുന്നിലപ്പനാകാം

മൂടിപ്പുതച്ചുറങ്ങാം
ലഹരിയായ് നുരഞ്ഞു -
പൊന്താം
നടവഴിയും
നാലാളുകൂടുന്നയിടവും
ഒഴിവാക്കാം

കടലിനെ
നടുത്തളത്തിലെ
അക്വേറിയത്തിലൂടെ കാണാം

ആകാശത്തെ
അകക്കണ്ണാടിയിലൂടെ കാണാം

കോൺക്രീറ്റ് കെട്ടിടത്തിൽ
സുരക്ഷിതമെന്നു തോന്നാം

സൂക്ഷിക്കണം
ഒട്ടും അകലെയല്ല

ഗാസ
അഫ്ഗാനിസ്ഥാൻ
റഷ്യ
ഉക്രൈൻ
...............................
.................................

നിമിഷമൊന്നിൽ
കുതിച്ചുവന്ന്
ചിന്നിച്ചിതറിച്ചേക്കാം

2022, മാർച്ച് 29, ചൊവ്വാഴ്ച

കവല


നാൽക്കവലകൾ
വെറും കവലകളല്ല
കാലം കാത്തുവെച്ച
ശേഷിപ്പ്
ഓർമ്മകളുടെ ഉറവിടം

സുഖത്തിൻ്റെ
ദുരന്തത്തിൻ്റെ
ഹാസ്യാത്മകതയുടെ
വിളനിലം

എത്രയോജനങ്ങൾ
ഏതല്ലാം തരക്കാൻ
ചരിത്രം ചർച്ച ചെയ്തു
ചാരിത്ര്യം കവർച്ച ചെയ്തു

യുദ്ധവും
കൈയേറ്റവും
ഭരണവും
മരണവും കണ്ടു

ആണും പെണ്ണും
പ്രേമിക്കുവാനും
വെറുക്കുവാനും
ഇണചേരാനും ഒത്തുകൂടി

ശപിക്കുവാനും
അനുഗ്രഹിക്കാനും
പിരിയാനും
പിന്തിരിയാനും മാർഗമായി

നാൽക്കവലകൾ
വെറും കവലകളല്ല
ഒരു കാലഘട്ടമാണ്
ഒരുസംസ്കാരമാണ്

2022, മാർച്ച് 28, തിങ്കളാഴ്‌ച

ജലയാത്രയിൽ


എങ്ങോട്ടു നോക്കിയാലും നമുക്കിപ്പോൾ -
ജലധിയെ മാത്രം കാണാം
ദൂരെയ്ക്ക് ദൂരെയ്ക്ക് നോക്കുകയെങ്കിലോ -
കുന്നിൻ തലപ്പുകാണാം
കല്ലോലമാലകൾ കാറ്റിലാടുമ്പോൾ -
കാളിന്ദിയോർമവരും
കാളിയമർദ്ദനമാടുന്നകണ്ണനെ അകതാരി -
ലോർത്തു നിൽക്കും

കിളിയോല കൈവീശി സ്വാഗതമോതുന്ന
തെങ്ങിൻ തലപ്പു നോക്കൂ
കുഞ്ഞിളങ്കാറ്റുകൾ കാതിൽ വന്നോതുന്ന
കളികളതൊന്നു കേൾപ്പൂ
പച്ചത്തുരുത്തുപോൽ പിച്ചവെച്ചെത്തുന്നു
ഹ്ലാദമെന്നുള്ളിൽ നിന്നും
പച്ചപ്പതക്കമായ് മിന്നിനിന്നീടുന്നു മോഹങ്ങ
ളുളളിൽ നിന്നും

തരുണിയാം പെണ്ണുപോൽ തരിവള കൈനീട്ടി
വിരൽ നൂറാൽ ജലമണിവാരിടുമ്പോൾ
തുഴത്തണ്ടിൻതാളമായ് തുടികൊട്ടുംപാട്ടുമായ്
ചിരി മണി ചിതറുന്നു തോണിപ്പെണ്ണ്
എങ്ങുന്ന് എങ്ങനെ കിട്ടിയീവഞ്ചിക്ക്
ഇമ്മാതിരി ഒരു ചന്തം

ചാടിക്കളിക്കും കരിമീനിനെ പോലെ നീ
താളത്തിലാടിക്കളിക്കെ
ആകാശമേഘങ്ങൾ നോക്കുന്ന കണ്ണാടി
നീ മെല്ലെ ആട്ടിയുലയ്ക്കെ
നാണിച്ചു നാണിച്ചു നിൽക്കുന്ന പെണ്ണുപോൽ
കരിമിഴി കണ്ണുള്ള തോണി
എങ്ങുന്ന് എങ്ങനെ കിട്ടിയീ വഞ്ചിക്ക്
ഇമ്മാതിരി ഒരു ചന്തം




2022, മാർച്ച് 25, വെള്ളിയാഴ്‌ച

അവസാനം


നഷ്ടപ്രതാപത്തിൻ്റെ ശവക്കോട്ട!
കപ്പൽച്ചേതംവന്ന നാവികൻ !!
നോക്കൂ;
ആ ശരീരചലനം
വാക്കുകളുടെ പെയ്തിറക്കം
അനുഭവങ്ങളിലെ ആനന്ദം
അതിരുവിടുന്ന പിരിമുറുക്കം
കൃത്യതയും, മൂർച്ചയുമുളളനോട്ടങ്ങൾ
ഒരു നിമിഷം മിന്നിമറയുന്ന -
ഗൂഢമായ ചിരി,
ആർത്തി മൂത്ത പരവേശം
കഴിഞ്ഞകാലത്തിൻ്റെ
കടലടയാളം തേടിയുള്ള
മനസ്സിൻ്റെ ഉഴറൽ

പിന്നെ,
തിരയുടെ പതച്ചൂര് നിറഞ്ഞ
കടൽമണമേറ്റെന്ന പോലെ
ഉളളിൽനിന്നൊരു പനിച്ചൂട് മാഞ്ഞപോലെ
പതിയെ ധൃതിമാഞ്ഞ് ഒരു കിടപ്പുണ്ട്

ഒരിക്കൽ എല്ലാമായിരുന്ന ഒരുവൻ
അവസാന നാളിൽ
ഇങ്ങനെയൊക്കെയല്ലാതെ
പിന്നെയെങ്ങനെയായിരിക്കും?!

വായിച്ചു തീരാത്ത പുസ്തകം


ജന്മാന്തര രഹസ്യങ്ങളുടെ
തണുപ്പുറഞ്ഞതുപോലെ
അയാളുടെ വാക്കുകൾ
പിന്നെ, മനസ്സിനെ ഭയത്തിൻ്റെ
കയത്തിലേക്കെറിഞ്ഞ്
എന്തോ ഓർത്തിട്ടെന്നതു പോലെ
ഒന്നും മിണ്ടാതെ നിന്നു.

പുറത്ത് കരിനാഗത്തിൻ്റെ
ഫണം പോലെ
കറുത്തകൊടി ആടുന്നു
ഇരുട്ട് വേട്ടാളൻ കൂടുകൂട്ടിയ
ഇടുങ്ങിയ ഇടവഴിയിൽ നിന്ന്
ഞരക്കങ്ങളും, ശബ്ദങ്ങളും

ഏതോ പുരാതന ജീർണ്ണഗന്ധം
എങ്ങും തങ്ങിനിൽക്കുന്നു
കരിങ്കൊടി പൂർവ്വാധികം ശക്തിയിൽ
പാറിക്കൊണ്ടിരിക്കുന്നു
അയാളെവിടെ?!

മേശപ്പുറത്ത് വായിച്ചു പൂർത്തിയാക്കാതെ
താളുകൾ തുറന്ന ഒരു പുസ്തകം
അത് തൻ്റെ ജീവിതം തന്നെയെന്ന്
ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു


2022, മാർച്ച് 18, വെള്ളിയാഴ്‌ച

കടലൊഴിഞ്ഞതിൻ ബാക്കി




ഏതോപുരാതന ലിഖിതംപോലെ

അയാൾ ചുരുണ്ടുകൂടിക്കിടന്നു

പീളകെട്ടിയ നേർത്തമഞ്ഞവെളിച്ചം

അകത്ത് നിറഞ്ഞിരുന്നു

പ്രാചീനമായ നേരിയദുർഗന്ധം

എങ്ങും വ്യാപിച്ചിരുന്നു

ശരീരത്തിൽ നിന്നും ശവത്തിലേക്കുള്ള

വളർച്ചയായിരിക്കാം


ദുർവ്വഹമായ ഒരേകാന്തത മൂടിനിൽ -

ക്കുന്നു

ചില നേരങ്ങളിൽ ചൂണ്ടയിൽ കുടുങ്ങിയ -

മീനിനെപ്പോലെ

ഒരു കുതിപ്പും ആഞ്ഞു വലിയും

കുതറുന്ന പിടച്ചിലും

പിന്നെ ശവംപോലെ അനക്കമറ്റ കിടപ്പ്

ജീവൻ്റെ വടംവലിയായിരിക്കാം!

ആയുസ്സിൻ്റെ ഏതറ്റം വരേയും തെല്ലും

മായാതെ കിടക്കുന്ന

ചില ഓർമ്മകളായിരിക്കാം !!


കൈകാലുകൾ പിണഞ്ഞു കിടക്കുന്ന

മണ്ണിരകളെപ്പോലെ

വലുപ്പമാർന്ന പച്ചഞരമ്പുകൾ

മെലിഞ്ഞ നദിപോലെ


അതെ,

ഒരിക്കൽ ഒരുകടൽ തന്നെയായിരി-

ക്കണം

ഇന്ന്,

കടലൊഴിഞ്ഞതിൻ ബാക്കിയും

2022, മാർച്ച് 15, ചൊവ്വാഴ്ച

മരുഭൂമിയുണ്ടാകുന്നത്


കാട്ചിലപ്പോള്‍
മരുഭൂമിയാണെന്ന്തോന്നും
അകപ്പെട്ടു പോയാല്‍
അടഞ്ഞുപോകുന്നവഴികള്‍
അകത്തോട്ടുപോകുന്തോറും
മനുഷ്യ മനസ്സെന്നു തോന്നും
ആഴവും ,ഇടതൂര്‍ന്നുവളരുംഇരുട്ടും
ഹിംസ്ര മൃഗത്തിന്റെ അമറലും
അരുമ മൃഗത്തിന്റെ കുറുകലും
വളഞ്ഞു പുളഞ്ഞുള്ളോരൊഴുക്കും
മരംകോച്ചുംതണുപ്പിന്‍വിയര്‍പ്പും
ദിക്കറിയാത്ത പച്ചപ്പ്‌ കണ്ടാല്‍
മരുഭൂമിഎന്നേതോന്നു

കാലികം


എനിക്കില്ല ആകാശം
ഇല്ലെനിക്ക്ഭൂമിയും
ഞാൻ മാത്രമല്ലെൻ്റെ
പിതാമഹരും അനാഥരായ്
പോയല്ലോ

ചിറകറ്റ പക്ഷിഞാൻ
ചരിഞ്ഞുവീണു പിടയവേ
കരുണ കാട്ടിയില്ലാരും
തരുണഹൃദയം കണ്ടില്ല,യീ
കാടകംപേറി നടക്കുവോർ

ചിരികരിഞ്ഞു പോയെൻ്റെ
കാലമേ
ചിരിച്ചു തള്ളുന്ന ലോകമേ
ചതിചിതമായി കരുതുവോർ
ചിരഞ്ജീവിയാകുന്ന മായമേ

ഇതോനമുക്കേകിയ സാതന്ത്ര്യ
മഹാമഹം
മധുര മനോജ്ഞ ഗീതകം
കുഞ്ഞുപെണ്ണിൻ കരളു
പറിച്ച കൈകൾ
കറൻസിഎണ്ണിക്കുഴയുംമാന്യത

പിറക്കാതിരിക്കണമിനിക്കാലമേ
മണ്ണിൻമാറു പിളർക്കാതിരിക്കണം
എടുത്തെറിയണം കണ്ണുകൾ
തുണയറ്റ് തുടലിൽ പിടയാതിരിക്കണം


2022, മാർച്ച് 13, ഞായറാഴ്‌ച

മഴക്കവിത


പുറത്ത് മഴത്തുള്ളികൾ
കല്ലുകൾ പോലെ വന്നു വീഴുന്നു
പുഴയൊഴുക്കിന് പിടികൊടുക്കാതെ
വഞ്ചി കടവിൽ തലയിട്ടടിക്കുന്നു.
ആരോ വിളിക്കുന്നുണ്ട്, ആരായിരിക്കും ?!
മഴയ്ക്കും, കാറ്റിനുമിടയിലൂടെ
ശബ്ദത്തിനായി കാതുനീട്ടി
വാതിൽതുറന്നപ്പോൾ
വാക്കും, മഴത്തുള്ളിയും അകത്തു -
കടന്നു
അടിമുടി നനഞ്ഞുപോയിഞാൻ !
'വിശ്രമിക്കുവാൻ വന്നതല്ലഞാൻ
കോരിച്ചൊരിയും മഴയിൽ
കലങ്ങിയകരളിലേക്ക് വള്ളമിറക്കാ-
നുമല്ല'
ചൂടുള്ള ഒരുവിങ്ങലിനെ അടർത്തി -
യെടുത്ത്
വാക്ക് വന്നവഴിയേ മഴയിലേക്കിറങ്ങി -
നടന്നു !!
നേരമെത്രയായി?
ഭാര്യയുടെ ചോദ്യംകേട്ട്
കണ്ണു തിരുമി, മൂരിനിവർന്ന്
എഴുന്നേറ്റുനോക്കുമ്പോൾ
മേശയിലെ വെള്ളക്കടലാസിൽ
നനഞ്ഞു കുളിർന്നിരിക്കുന്നു
ഒരു മഴക്കവിത

2022, മാർച്ച് 10, വ്യാഴാഴ്‌ച

മീനപ്പൂരം


പുല്ലാഞ്ഞിക്കാടുകൾ പൂത്തു
നരയൻപൂ നിറയെ നിരന്നു
പൂരത്തിൻ നാളുകൾ വന്നേ
മീനച്ചൂടെങ്ങുമുണർന്നേ

മുരിക്കിൻപൂ എരിക്കിൻപൂ
അതിരാണിപൂ ചെമ്പകപൂ
ഇടനാടിൻകുന്നുകൾ പൂത്തേ
പുഴയോരപ്പൂക്കൾ നിരന്നേ

കന്യകമാർ പതിനെട്ടൊത്തു
പതിനെട്ടു താളങ്ങൾ ചേർന്നു
പതിനെട്ടുകളികൾ കളിച്ചേ
പൂരക്കളിആടിത്തിമർത്തേ

കാടുണർന്നു കഴകമുണർന്നു
ആചാരമനുഷ്ടാനമുണർന്നു
തറവാടുകൾ തോറും കാമനെ
കന്യകമാർ പൂജിക്കുന്നേ

ഒരിക്കലെങ്കിലും


ഒരിക്കൽ ഒടുങ്ങാത്ത സ്വപ്നത്തിലേക്ക്
നടന്നു കയറണം
പരാജിതൻ്റെ ചളുങ്ങിയ ഭാവങ്ങളെ,
നൂറുനൂറു കാളക്കണ്ണുകളെ മറക്കണം

തൃഷ്ണയുടെ തിരക്കോളിൽപ്പെട്ട്
കുറ്റബോധത്തിൻ്റെ ഞളുങ്ങലിൽ
പ്പെടാതിരിക്കണം
അശാന്തിയുടെ രോദനങ്ങൾ മറക്കണം

ഒരിക്കലെങ്കിലും,
കുളിരുള്ള പ്രഭാതത്തെ
ചൂടോടെ വലിച്ചു കുടിക്കണം

2022, മാർച്ച് 7, തിങ്കളാഴ്‌ച

ജീവിതം തേടി


അവൻനടന്നു കൊണ്ടേയിരുന്നു
വഴിയേതെന്ന ഉറപ്പൊന്നുമില്ലാതെ
അല്ലെങ്കിലും;
ജീവിതത്തിലേക്കിറങ്ങിയാൽ പിന്നെ
നടക്കുകയല്ലാതെ മറ്റെന്തു ചെയ്യും
ഭ്രാന്തിൻ്റെ മുഷിഞ്ഞ വ്രണങ്ങളിലേക്ക്
നീണ്ട മുടിനാരിഴപ്പാതയുടെ അറ്റത്തേക്ക്
വിശപ്പിൻ്റെ വിളിയുടെ നീളൻ നാവിലേക്ക്
പട്ടിണിയുടെ പെടാപ്പാടിലേക്ക്
പൊള്ളുന്ന ഗ്രീഷ്മത്തിലേക്ക്
ശീതക്കാറ്റിലേക്ക്
ചാറ്റൽ മഴയുടെ നീറ്റലിലേക്ക്
ചുണ്ടുകളുടെ ചവർപ്പുകളിലേക്ക്
മരണങ്ങളുടെ മാളങ്ങളിലേക്ക്
ക്രോധം മാന്തിപ്പൊളിക്കുന്ന നഖങ്ങളിലേക്ക്
ചിലമ്പിച്ച തൊണ്ടകളിലേക്ക്
പുലമ്പുന്ന വാക്കുകളുടെ കഷ്ണങ്ങളിലേക്ക്
നിശ്വാസത്തിൻ്റെ ഗന്ധത്തിലേക്ക്
ഉതിർമണികളാകുന്ന വേദനകളിലേക്ക്
വിയർപ്പും, വിശപ്പും, വിഷാദവും മുറ്റിയ
മുഷിഞ്ഞ മുലയുള്ള തെരുവു പെണ്ണിലേക്ക്
അവൻ നടന്നു കൊണ്ടേയിരുന്നു
വഴിയേതെന്ന ഉറപ്പൊന്നുമില്ലാതെ
ഓർമതെറ്റുപോലെ വരഞ്ഞിട്ടിരിക്കുന്ന
ജീവിതത്തിലൂടെ ജീവിതത്തെ തേടി.....

2022, മാർച്ച് 1, ചൊവ്വാഴ്ച

ഒടുവിൽ

 

ഉണ്ടെനിക്കൊരു കുടുംബം
സൗഹൃദങ്ങൾ
ഒട്ട് സൗകര്യങ്ങൾ
എങ്കിലും,
ഒറ്റയെന്നൊരു തോന്നൽ

ഉണ്ടെനിക്കൊരുകെട്ടു വസ്ത്രം
വിദേശി
സ്വദേശി
എങ്കിലും,
ഒറ്റയുടുത്ത പോലൊരു തോന്നൽ

ഉണ്ടെനിക്കുചുറ്റുമൊരുത്സവഛായ
ഉന്മാദവേള
ഉതിരും കവിത
എങ്കിലും,
ഒഴിഞ്ഞചന്തയിലൊറ്റപ്പെട്ടൊരു -
കുട്ടിപ്പോലെ

ഉണ്ടെനിക്കെല്ലാമെങ്കിലും
ഒടുവിൽ നീ ഒറ്റയെന്ന മഹാസത്യം
ഓർമ്മിപ്പിക്കുന്നതായിരിക്കാം
ഉള്ളിൻ്റെ ഉള്ളിൽ നിന്നു ഞാനെന്നെ