malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, മാർച്ച് 23, വെള്ളിയാഴ്‌ച

നൊസ്സന്‍ കോയ

കോച്ചിവലിക്കുന്ന കൈയും,കാലും
കൊട്ടാന്‍ച്ചുക്കാദിതേച്ച്‌
കോണിയിലിരിക്കും കുഞ്ഞി ക്കോയ
തലമുട്ടു കാണുമ്പം
തലേക്കെട്ടഴിച്ച്
തൊള്ള തുറന്നു ചിരിക്കും.
കുഞ്ഞികൈക്കോറെങ്ങോട്ടാ
എന്ന് കണ്ണിറുക്കി കാണിക്കും
കല്ല്യാണം കൂടാന്‍ കവലെലേക്കെന്നു
പറഞ്ഞാല്‍
കെസ്സുപാട്ട് മൂളും നൊസ്സന്‍ കോയ
മൂക്കിള ഒലിപ്പിച്ച്മൂരിയറവ്
നോക്കിനിന്ന
ചെക്കനാന്നു പോലും
അറിയപ്പെടുന്ന അറവുകാരന്‍ കോയ
നിസ്ക്കാരവും,നിക്കാഹും മറന്ന്
അറുത്തു തള്ളി പോലും
മനസ്സും,മോഹങ്ങളും
ബാക്കിയായത്
ഓണക്കാനിട്ട കൊമ്പും,-
തോലും പോലെ
ചുക്കിച്ചുളിഞ്ഞ ഈ ജീവിതം

പുതു ചരിതം

വാഴക്കാമ്പു മെഴു പുരട്ടി
കുത്തരി ക്കഞ്ഞി
ഉപ്പും,മുളകും,ഉപ്പിലിട്ട മാങ്ങയും
കൊങ്ങായി നെല്ലിനു കണ്ടം-
മൂരുന്ന കാലം പോയി
അടിയാരും,ഉടയോരും പോയി
കാലവും,കോലവും മാറി
കണ്ടം കണ്ട കുട്ടികള്‍ ഇന്നില്ല
പരിഷ്ക്കാരം പച്ച വിരിച്ചപ്പോള്‍
"നെല്ലുമരം "കണ്ടിട്ടില്ലെന്ന്
പേരക്കുട്ടി പറയുമ്പോള്‍
നെല്ലിച്ചപ്പ് വീണവാറ്എനക്കും-
തോന്നുന്നില്ല .
കുണ്ടനിടവഴി എന്ന് പറഞ്ഞാല്‍
കുട്ടികളാർത്ത്ചിരിക്കും
ആര് വരി പാതയിലൂടെ
ആടി തിമിര്‍ക്കുന്നവരാണവര്‍
"പത്തായം പെറും
ചക്കികുത്തും"
ഇത്രയും ചിന്തിക്കേണ്ട അവര്‍ക്ക്
കത്തിയും ,മുള്ളുമെടുക്കുക
കൈ തുവര്‍ത്തി കാറിലേറുക
പാടമവര്‍ക്ക്കമ്പ്യൂട്ടറിന്റെ
മോണിട്ടറില്‍
തിളങ്ങുന്ന ചിത്രം മാത്രം
ചരിത്രം വിഡ്ഢി പെട്ടിക്കുള്ളില്‍
വിറങ്ങലിച്ചു നില്‍ക്കുന്നു

അപകടത്തില്‍ പെട്ടാല്‍....!

കണ്ടുനിന്നവര്‍ക്ക്‌
കൊണ്ട് പോകാനായിരുന്നില്ല
തിടുക്കം.
ആളുകളുടെ തേനീച്ച കൂടായി
പൊതിഞ്ഞു നില്‍ക്കുവാനായിരുന്നു
നിറഞ്ഞു നില്‍ക്കുന്ന കണ്ണുകളിലും
നര്‍മ്മ ബോധം വിരിയുന്നു.
പിരിഞ്ഞു പോകുന്ന കണ്ണുകള്‍
യാത്ര ചോദിക്കുമ്പോള്‍
ഒടിഞ്ഞ കൈ മടിയിലെടുത്തു വെച്ച്
അവള്‍ മൃദുവായി തടവുന്നു
കണ്ണീര്‍ കൊണ്ട് കരള്‍ വേദന
കഴുകി കളയുന്നു
വിങ്ങുന്ന ഹൃദയം വിരല്‍-
തുമ്പിലേക്ക്‌ ഇറങ്ങി വരുന്നു
വേദനയും,ചൊറിച്ചിലും
ചേര്‍ത്ത് ,ചേര്‍ത്ത് പിടിച്ച്‌
അവളേറ്റു വാങ്ങുന്നു
ആശകളുടെഒരാകാശം
കരളില്‍ കുമിളയിടുന്നു
സ്നേഹത്തിന്റെ മടിത്തട്ടിലേക്ക്
മുഖം പൂഴ്ത്തുന്നു

ഓര്‍ത്തെടുക്കുമ്പോള്‍

ചിരിയുടെ ഒരു ചില്ലക്ഷര മെറിഞ്ഞു
അവള്‍ മുന്നില്‍
ചിന്തയുടെ ഒരു ചില്ല അകത്തേക്കും
ചിരിയുടെ ഒരു ചില്ല അവളിലെക്കും
നീട്ടി ഞാന്‍.
ഓര്‍മ്മയുടെ വേരുകളെല്ലാം പിഴുതു-
കൊണ്ടിരുന്നു
സങ്കോചത്തിന്റെ ഒരു സൂചി മുന
കുത്തി ക്കൊണ്ടിരുന്നു
തലച്ചോറിലെ ചോറെല്ലാം
കുഴഞ്ഞു മറഞ്ഞു .
ഉണങ്ങാനിട്ട നെല്ലിനരികിലെ
തൂങ്ങിയാടുന്ന കാക്കചിറകു
വെയിലില്‍ വെച്ച വെള്ളത്തില്‍
പാതിമുങ്ങിയ കണ്ണാടി
ചുമരിലൊരുക്കുന്ന
മഴവില്‍ ജാലം
പുന്നെല്ലു പുഴുങ്ങുന്ന പീരക്ക വള്ളി
ആകാശം കാണാത്ത
കൈക്കാത്ത കുറുക്കന്‍ വെള്ളരി
വാഴതേനിനുവേണ്ടി വാലില്‍ തൂങ്ങി
കളിമ്പ മേറിയ കുഞ്ഞ് പാവാടക്കാരി .
വായുടെ വാതായനം തുറക്കുമ്പോള്‍
പാഞ്ഞു വന്ന ബസ്സില്‍ കയറി
കണ്ണിലൊരു കളിമ്പവും നിറച്ച്
നോക്കിക്കൊണ്ടങ്ങനെ അവള്‍ -
ദൂരേക്ക്‌,ദൂരേക്ക്‌

കാഴ്ച്ച

കരഞ്ഞു കരഞ്ഞു തളര്‍ന്ന കുഞ്ഞ്
അമ്മിഞ്ഞ പോലെ കുടിച്ചു -
കഞ്ഞി വെള്ളം
ഉറുഞ്ചി ക്കുടിക്കാന്‍ പാകത്തില്‍
തള്ള വിരല്‍ വായിലെക്കുവെച്ചു
ഒക്കത്ത് തട്ടി നടന്നു
പാപ്പാത്തി പോലൊരേച്ചി
വെയിലിന്റെ വക്കത്തു നിന്ന്
തണലിന്റെ ഓരത്തില്
പറങ്കിമാം തൊട്ടിലില്‍
താളത്തില്‍ താരാട്ടി
കാറിക്കരയുന്ന കുഞ്ഞിനെ.
പൊന്നീച്ച പാറുന്ന
പൊള്ളുന്ന വെയിലില്
കണ്ണും നാട്ടു കാത്തിരുന്നു അമ്മയെ .
മയ്യല് എത്തുമ്പോള്‍
മെയ്യാകെ ചെളിയുമായി
മുഷിയാത്ത മുഖവുമായി
പാഞ്ഞെത്തുമമ്മ.
പിന്നെ ഒരു പൂരമാണ്‌
പാപ്പാത്തിയെപ്പോലെ
പാറിനടക്കും ഏച്ചി
അമ്മയുടെ മാറില്
പറ്റിച്ചേര്‍ന്നു കിടന്നു
പിഞ്ഞിത്തുടങ്ങിയ കുപ്പായം
ഇനിയെങ്ങും വിടില്ലെന്ന്
മുറുക്കിപിടിക്കും വാവ

--------------------------------
മയ്യല്=സന്ധ്യ

2012, മാർച്ച് 13, ചൊവ്വാഴ്ച

സൂര്യ നാവ്‌

നിലയ്ക്കുന്നതില്ല
ആ സാഗരഗര്‍ജനം
പടഹ മടിപ്പതു
ഇന്നുമേ കേട്ടിടാം
ആ മഹാവൃക്ഷം
ഉണങ്ങുകയില്ലത്
പൂത്തു വിടര്‍ന്നു
സുഗന്ധം പരത്തിടും
ആ മഹാനുഭാവന്‍
വിതച്ചുള്ളൊരക്ഷരം
മുളച്ചും,വിളഞ്ഞുമീ
ഭൂവില്‍ വിളങ്ങിടും
വിസ്മയം വാരി വിതറിയും
ഉള്ളിന്റെയുള്ളില്‍
വിസ്ഫോടനം തീര്‍ത്തും
സുകുമാരചിന്ത
ഇതെന്തെന്തൊരത്ഭുതം.
കൃശ ഗാത്രവും
ശാന്തഭാവങ്ങളും
സാഗരം തുള്ളിത്തുളുന്പും
ഹൃദയവും
മന്ദപാദ,പതനവുമായ് വരും
മലയാള മൊന്നാകെയൊത്ത
മഹാരഥന്‍
മായില്ലമാനവ ചിത്തത്തില്‍നിന്നുമാ
ക്രാന്ത ദർശിത്വത്തിന്‍
കാല്‍പ്പാട് എന്നുമേ
സൂര്യ നാവിന്‍, ജ്വലനങ്ങളെന്നുമേ

2012, മാർച്ച് 9, വെള്ളിയാഴ്‌ച

ഓര്‍ക്കുവാനൊരു കുറിപ്പ്

പ്രീയ ബസ്സ് കാരാ....
എങ്ങോട്ടാണീയാത്ര
ജീവിതത്തിലേക്കാണെന്കില്‍
ഇത്രയുംസ്പീഡ് വേണ്ട!
അല്ല മരണത്തിലേക്കാണെങ്കില്‍
ഇത്രയുംസ്പീഡ് പോര!!
ഇനി കോമയിലേക്കാണെങ്കില്‍
ധാരാളം!!!
എങ്കില്‍ ഇത്രയും എഴുതി നിര്‍ത്തുന്നു
എന്ന്
ഇടതു വശത്തെ നാലാമത്തെ സീറ്റിലെ
രണ്ടാമത്തെ യാത്രക്കാരന്‍
ഒപ്പ്.
കുറിപ്പ്:-ഇടിച്ചു തകര്‍ന്ന ബസ്സിനുള്ളില്‍ നിന്നും
ആര്‍ക്കെങ്കിലും ഈ കത്ത് കിട്ടുകയാണെങ്കില്‍
കോമയില്‍ കടക്കുന്ന ബസ്സ് ഡ്രൈവറുടെ
വിലാസത്തി ലെത്തിക്കണം
എങ്ങിനെയെങ്കിലും മനസ്സിലാക്കുവാന്‍
കഴിയുമെങ്കില്‍ തന്റെ ചെയ്തികള്‍
എന്തായിരുന്നെന്നു ഓര്‍ത്തു നോക്കട്ടെ

അറ്റുപോയ സുഹൃത്ബന്ധം

അടുത്ത സുഹൃത്താണ്
അലഞ്ഞലഞ്ഞു മടുത്തെന്നു
പെണ്ണുകെട്ടാന്‍ പൂതിയായി
പട്ടാളത്തിന്നു വന്നതാണ്
പറഞ്ഞു,പറഞ്ഞു വന്നപ്പോള്‍
പിന്മാറാന്‍ കഴിഞ്ഞില്ല
സ്ത്രീധനത്തിനെഎതിര്‍ത്തവന്‍
സ്ത്രീ തന്നെ ധനമെന്നു ചൊന്നവന്‍
ഡിമാൻറ്ഒന്നേ ഉള്ളു
കാണാന്‍ കൊള്ളാവുന്നത്.
എന്നാലും അങ്ങിനെ യല്ലല്ലോ
പഠിപ്പും പണവുമുണ്ട് സൌന്ദര്യ മില്ല
സൌന്ദര്യ മൊത്താലോപഠിപ്പും,
പണവുമില്ല
ഒത്തുവന്നു ഒരെണ്ണം കണ്ടു ബോധിച്ചു-
ഇഷ്ട്ടപ്പെട്ടു .
വരന്റെ വീട്ടുകാര്‍ കാര്യങ്ങളുണർത്തിച്ചു:
'നിങ്ങള്‍ക്കിഷ്ട്ട മുള്ളത്‌നിങ്ങള്‍ -
കൊടുക്കുക
എത്ര കൊടുത്താലും നിങ്ങളെ -
മകള്‍ക്ക് തന്നെ
നാല്‍പ്പതു പവനെങ്കിലും കുറയാതെ -
കൊടുക്കണം
നാലാളെ മുന്‍പില്‍ നാണിക്കാതെ -
നില്‍ക്കണ്ടേ '
കേട്ടിരുന്ന ഞാന്‍ തരിച്ചിരുന്നു പോയി
ആദര്‍ശ മണവാളന്‍ അമര്‍ത്തി ചിരിക്കുന്നു
അറ്റുപോയി ആ അടുത്ത ബന്ധം
നടന്നതില്ല ആ സ്വപ്ന ബാന്ധവം

ഖേദം

ബസ്റ്റോപ്പിലേകനായ് ഞാനങ്ങനെ -
യിരിക്കവേ
പാലക്കാടന്‍ ചൂടേറ്റ്വിയര്ത്തുകുളിക്കവേ
നട്ടുച്ച പ്രായമായുള്ളൊരു കോമള ഗാത്രന്‍
ചുണ്ടില്‍ ചെറുപുഞ്ചിരിപൂവ്വിരിഞ്ഞുള്ളവന്‍
ചൂടിനെ മറയ്ക്കുവാന്‍ ഒരു കൈ
കുട പോലെ, ഉയര്‍ത്തി വന്നെത്തുന്നു
ഞാനിരിന്നീടും ചാരെ
എവിടയാണാവോ കണ്ടതീ മുഖം
പണ്ടെങ്ങാമോ?
ഓര്‍മതന്‍ പുസ്തക താള്‍
തുപ്പല്‍കൂട്ടി മറിച്ചു
തലയില്‍ മിന്നല്‍ പിണര്‍
തിരിച്ചറിവിന്‍ ഗന്ധം
മന്ദമായ്ചോദിപ്പു ഞാന്‍
അവന്റെ നാടും,വീടും
ക്ഷിതിജങ്ങള്‍ നോക്കിഞ്ഞാന്‍
അച്ഛന്റെ പേര് ചൊല്ലവേ
അനിര്‍വച്ചനീയമാമൊരു
സംഭ്രമത്താല്‍ചോദിപ്പൂ:
അച്ഛനെ അറിയുമോ ?-
അങ്ങാരെന്നറിയില്ലല്ലോ?
പിന്നെ ചോദ്യങ്ങളായി -
വിശേഷങ്ങളെല്ലാം ചൊല്ലി
അച്ഛനു സുഖം തന്നെയല്ലയോ-
യെന്നോതവേ
ആ ചെറു മുഖം വാടി
ഖിന്നത യേറീടുന്നു
മരിച്ചു പതിനെട്ടാണ്ടായെന്നു -
മൊഴിയുന്നു .
സജലങ്ങളാകുന്നുമിഴികള്‍ -
കൂമ്പീടുന്നു
കപ്പ വറ്റലും,കട്ടന്‍ കാപ്പിയും -
തികട്ടുന്നു
അന്നത്തെ സഖാക്കളെ
പലരേയുമോര്‍ക്കുന്നു
അവരില്‍ പലരുമിന്നില്ലതില്‍-
ഖേദിക്കുന്നു

വന്നെത്തണം ലെനിന്‍

വന്നെത്തണംലെനിന്‍
മൃത്യു വിശ്രമംവെടിഞ്ഞെത്തണം
ഇന്ത്യതന്‍ ഈ മഹാരാജ്യത്തില്‍
മര്‍ത്യ ദുഃഖ പാശ,മറുത്തിടേണം
വേല ചെയ്യുന്ന ഞങ്ങളെ
വേലയാല്‍ വേലികെട്ടിത്തിരിക്കുന്ന
സാമ്രാജ്യ ശക്തിതന്‍
വേലതന്‍ വേലി തകര്‍ക്കുവാന്‍
വന്നെത്തണം ലെനിന്‍
മൃത്യു വിശ്രമംവെടിഞ്ഞെത്തണം.
ദീർഘ സാമ്രാജ്യ നുകമഴിച്ചിട്ടും
നിരങ്ങി,ഞരങ്ങി നീങ്ങുന്നു നമ്മള്‍
ചെങ്കോലും,കിരീടവുമേന്തുംനൃപന്‍
പരാന്ന ഭോജിക്ക് പായ വിരിക്കുന്നു
പാവങ്ങളാം പല കോടി ജനത്തിനു
പട്ടിണിപ്പായാസം നിത്യം വിളമ്പുന്നു
അക്ഷയപാത്രമാം ഇക്ഷിതിയേ,യവര്‍
കട്ട് മുടിച്ച് കൊല വിളിച്ചീടുന്നു
ഈ ചപ്പു ചവറു കുഴിച്ചു മൂടീടുവാന്‍
ഈ കൊള്ളക്കാരെ കടലു കടത്തുവാന്‍
വന്നെത്തണം ലെനിന്‍
വേല ചെയ്യുന്നോര്‍ക്കു വെളിച്ച മേകുവാന്‍
മൃത്യു വിശ്രമംവെടിഞ്ഞെത്തണം .

കാക്കക്കവിത

ഉപ്പന്റെചിനക്കല്‍ കേട്ടാണ്
അപ്പനുണരുക
ഒപ്പരം ഞാനും .
പൊടിച്ച ഉമിക്കരി
ചാണകതറയിലിട്ടു തരും
ഉണങ്ങിയ ഈര്‍ക്കില്‍
രണ്ടായി പകുത്തു തരും
പാളത്തൊട്ടിയില്‍
കിണര്‍ ജലം കോരിത്തരും
കൊപ്പര കളത്തിലേക്ക്‌
അപ്പന്റെ ഒപ്പരം ഞാനും പോകും.
അആ ഇഈ ഉ ഊറബ്ബറിട്ട
പുസ്തക കെട്ടുകള്‍
ഇട വഴിയിലൂടെ സ്കൂലിലെക്കോടും
കഫം കെട്ടിയ അപ്പന്റെ -
തൊണ്ടയില്‍ നിന്ന്
ചുമയുടെ കഖഗഘങചിതറും
ഉണ്ട കൊപ്പരയാണ്
ഭൂമി ഉരുണ്ടതാണെന്ന്
എന്നെ പഠിപ്പിച്ചത്
ഉണങ്ങാനിട്ട കൊപ്പര
ഒളികണ്ണാലെ നോക്കുന്ന
കാക്ക വിരലുകളാണ്
തറ പറ പഠിപ്പിച്ചത്
വെള്ളകടലാസിലെകറുത്ത-
അക്ഷരം
കൊപ്പരയ്ക്ക് മുകളിലെ
കാക്ക യായിരുന്നു
കാക്ക കാലുകള്‍ കോറിയതെല്ലാം
കവിതയായിരുന്നു
അങ്ങിനെയാണ് കാക്ക-
കവിതയായതു
കവിതയിലെ കാക്കയ്ക്ക്
ഏഴഴകായിരുന്നു

2012, മാർച്ച് 6, ചൊവ്വാഴ്ച

ക്രൂദ്ധ മദ്ധ്യാഹ്നം

ജീവിതം,ജീവിച്ചു തീര്‍ക്കയല്ല
അടിച്ചു പൊളിക്കയാണ്
അവരുടെ കോപ്പകളില്‍
ജീവിതംനുരഞ്ഞു പൊന്തുകയാണ്.
അന്നം അന്വേഷിച്ചു പോയവന്‍
കൊലച്ചോറിനെന്നറിഞ്ഞിരുന്നില്ല
സങ്കടങ്ങള്‍ കണ്ണീരിലിട്ടു
കാച്ചിക്കുടിക്കുന്നവന്
ഉരുകാന്‍ ഉള്ളില്‍ മഞ്ഞെവിടെ?
ഉണ്ടായിരുന്നു ഋതു ഭേദങ്ങള്‍
രാവും,പകലും ,നിലാവും,നിഴലും -
കവിതയും .
ക്രൂദ്ധമദ്ധ്യാഹ്നങ്ങള്‍ എരിയുന്ന
ആകാശമാണ് ഇന്ന് ഹൃദയം.

ഹൃദയ നികുഞ്ജം

ആശ്രമതിണ്ണയില്‍
പാവമൊരു പടുവൃദ്ധന്‍
പ്രാർത്ഥനയിലെന്നോണം
പാതിമിഴിയുമായ് .
ഹൃദയനികുഞ്ജ കവാടത്തില്‍ -
നിന്ന് ഞാന്‍ കണ്ടു
ആ സ്വാമിയെ ജരാനര ധാരിയെ
ഗാന്ധി സ്മൃതിതന്‍ വിഭൂതിയണിഞ്ഞവര്‍
ഒഴുകും സബര്‍മതി നോക്കിനിന്നീടുന്നു
തിരക്കില്‍നിന്നെല്ലാമൊഴിഞ്ഞൊരാ വൃദ്ധന്‍
അര്‍ദ്ധനിമീലിത നേത്രനായിരിക്കുന്നു.
കാണുന്നു ഞാന്‍ വിഭോ
നിന്നിലാദൈവദൂതനെ
വാപ്പയന്നുരചെയ്തമഹാത്മാഗാന്ധിയെ
.................................
കുറിപ്പ്:-
പെരുമ്പടവം ശ്രീധരന്റെ ഒളിപ്പിച്ചു വെച്ച വാള്‍
എന്ന ലേഖനം വായിച്ചപ്പോള്‍ തോന്നിയത്
ഹൃദയ നികുഞ്ജം =ഗാന്ധിയുടെ ആശ്രമം
വൃദ്ധന്‍=മുഹമ്മദു ഇബ്രാഹിം
വാപ്പ=മുഹമ്മദു ഇബ്രാഹിമിന്റെ വാപ്പ

അന്യരാകുമ്പോള്‍

നമ്മുടെ കണ്ണുകള്‍
നമ്മില്‍നിന്നുമകലുന്നു
അടുത്തവീട്ടുകാരന്റെ
അകത്തളത്തിലെത്തി-
നോക്കുന്നു
കാറ്,ടി.വി,ഫ്രിഡ്ജ്,-
കമ്പ്യൂട്ടര്‍
അത്താഴവിരുന്നുഅതികേമം.
അജത്തിനു ഗജമാവാന്‍ മോഹം
ദുരയില്‍നിന്നു ദുരന്തം തുടങ്ങുന്നു
വട്ടിപലിശക്കാരന്‍കൊട്ടക്കണക്കിനു
പണം നല്‍കുന്നു
കൊള്ളപലിശ കൊടുക്കുവാനാകാതെ
കെട്ടു പോകുന്നു ജീവിതം .
നമുക്ക് നമ്മളെ അറിയുന്നില്ല
നാം അന്യരായിമാറുന്നു
പ്രലോഭനങ്ങളുടെപടി കയറുമ്പോള്‍
കൂട്ട് വരുന്നത് കൂട്ടമരണം

പുത്തന്‍ പഠിപ്പ്

കോഴിയുണരുന്ന കുഞ്ഞു കാലത്ത്
കുട്ടികളെ തട്ടിയുണര്‍ത്തും
കൊല്ലപ്പരീക്ഷയ്ക്ക് കാലമായി .
കൊത്തി ക്കൊറിക്കുമവര്‍ അക്ഷരങ്ങള്‍
കൂനിയിരിക്കും കുളിര്‍ പ്പെയ്ത്തില്‍
കോട്ടുവായിട്ടു കണ്ണടച്ചിരിക്കുമ്പോള്‍
കുലുക്കിയുണർത്തി കൂട്ടിരിക്കും .
കിട്ടിയിരുന്നില്ലഎനിക്കീകുഞ്ഞുകാലം
ഒട്ടിയ വയറ്റിലേക്ക് ഉരുളയായെത്തിയില്ല-
അക്ഷരങ്ങള്‍ .
കുറവൊട്ടു മില്ലിന്നു അണിഞ്ഞൊരുങ്ങുവാനും
ഉണ്ടുറങ്ങുവാനും.
ഒട്ടുമുയരുന്നില്ലിവര്‍
കുത്തുവിളക്കിന്റെ വെളിച്ചത്തില്‍
കത്തും പന്തമായ് മാറിയവരെത്ര.
ഇന്നീ വെള്ളി വെളിച്ചത്തില്‍
പടുതിരി കത്തിപോകുന്നു
പശിയറിയാതെ പഠിച്ചവര്‍
പടിച്ചുകൊണ്ടിരിക്കയാണ്
മൊബൈലില്‍ ചൂടന്‍ രംഗങ്ങള്‍

ട്രെയിന്‍

ട്രെയിന്‍ ഒരു വീടാണ്
അല്ല;
ഹൌസിങ്ങ്കോളനിയാണ്
അതുമല്ല;
ഒരു രാജ്യം തന്നെയാണ് .
പല വേഷക്കാര്‍,ഭാഷക്കാര്‍
ജാതി മതക്കാര്‍ .
വലിയവരുടെമണിമാളികപോല്‍
എ.സി കമ്പാര്‍ട്ട്മെന്റു
ഇടത്തരക്കാരുടെ റിസര്‍വ്വ് -
കമ്പാര്‍ട്ട്മെന്റു
പാവപ്പെട്ടവന്റെത് പോലെ
ജനറല്‍ കമ്പാര്‍ട്ട്മെന്റു
അവിടെയുമുണ്ട് വലുപ്പവും,-
ചെറുപ്പവും
നോക്കിലും,വാക്കിലും,ഇരിപ്പിലും .
ഇടയ്ക്കിടെ കാണാം ചെറു ടൌണുകള്‍
ഭിക്ഷാടനവും ,പാട്ടും ചായ പലഹാരങ്ങളും-
ഭക്ഷണപ്പൊതികളും
കുതിച്ചു കൊണ്ടുള്ള ഓട്ടവും
കിതച്ചു കൊണ്ടുള്ള നില്‍പ്പും
ആടിയുലയലും.
ട്രെയിന്‍ ഒരു ജീവിതം തന്നെയാണ് .

അലമേലു

അലമേലു അലക്കി തേച്ചതാണ്‌
അണിയിച്ചൊരുക്കിയതാണ്
ഇത്തിരിപ്പോന്ന പെണ്ണെങ്കിലും
ഒത്തിരി ഒത്തിരി അറിവാണ് .
അലമേലു അപ്പനും,അമ്മയും -
ഇല്ലാത്തവളാണ്
ആരാലും തിരസ്കൃതയാണ്
ആരുമേ ഇല്ലെന്നതിനാല്‍
ഒപ്പം കൂട്ടിയതാണ്.
ആണൊരുത്തന്‍ അക്കരെയാണ്
കൂട്ടിനൊരാളെന്നേ കരുതി.
അലമേലു ആണിനും തൂണിനും-
ഒത്തവള്‍
അടക്കവുമൊതുക്കവുമേറിയവൾ
വീട്ടിനൊരു വിളക്കു മരം
കൂട്ടിനൊരേ ഹൃദയസ്വരം

2012, മാർച്ച് 5, തിങ്കളാഴ്‌ച

വിരുന്നു

മണിയഞ്ചാകുംപോഴാണ്
നെഞ്ചിലൊരാന്തല്‍ വരിക
വിളിയുടെ മണി മുഴക്കം
നിലവിളിയായുയരുക
ഉപ്പു,മുളക്,......കര്‍പ്പൂരം!
ഇനി,യിന്നെന്തു ?
അച്ഛനും,അമ്മയും വിരുന്നു വന്നെന്നു.
നാളേറെ ചെന്ന് വരികയല്ലേ
ഒരു ചിക്കനെങ്കിലും;
കോഴികളേറെ വീട്ടിലുണ്ടെങ്കിലും
എങ്ങിനെ;
പപ്പുംപൂടയു മൊതുക്കി
അവള്‍ ചിനച്ചു .
ബസ്സ് പിടിക്കാനുള്ള
പരക്കം പാച്ചലില്‍
ബ്രോയിലര്‍ ചിക്കനും തേടി
ചിക്കന്‍ സ്റ്റാളിലേക്ക്
അങ്കവാലും ,പൂവുമുയർത്തി ഞാന്‍

നരകം

നേരമറിയുവാന്‍ ഒരു പക്ഷി
നാഴികമണിതേടിപ്പോയി
നേരറിയുവാന്‍ഒരുപക്ഷി
നേരെയുള്ള കുന്നിന്‍ മുകളിലേക്കും .
നേരത്തെ മറഞ്ഞു പോയ ഒരു -
കഴുകന്‍
ആകാശ പേരാലിന്റെ നിറുകയില്‍
ആശ്രമം കെട്ടി വസിക്കുന്നു .
ആശ്രയ മില്ലാത്തവന്
വിശ്രമിക്കാമെന്നു കൂര്‍ത്തകൊക്ക്
നൊട്ടി നുണയുന്നു.
പണ്ഡിതനെപ്പോലെ
പുണ്ഡ്റമണിഞ്ഞവന്റെ
കാമക്കണ്ണ് കത്തുന്നു .
നരകത്തിനുമേലുംകീഴ്‌ മില്ലെന്നു
നാഴിക മണി ചിലക്കുന്നു

2012, മാർച്ച് 2, വെള്ളിയാഴ്‌ച

ഭ്രാന്തു വിചാരം

ഭ്രാന്തു ഒരു രോഗമല്ല
ജീവിതത്തില്‍ നിന്നുള്ള -
ഒളിച്ചോട്ടമല്ല .
ഒഴിഞ്ഞു പോയ ഓര്‍മ്മകളുടെ
ഒരുക്കൂട്ടലുകളാണ് !
മസ്തിഷ്ക്കത്തിലെ
കഴുകികളയപ്പെട്ടവയെ
കണ്ടെ ത്തലുകളാണ്!.
കടന്നലിന്റെ ഒരു കൂടിളക്കം
ചിലപ്പോള്‍,ബുദ്ധിയുടെ -
മുനമ്പിലേക്ക്‌
ഒരു കല്ലുരുട്ടിക്കയറ്റം .
വായില്ലാക്കുന്നിലപ്പന്‍.
കരിന്തിരികത്തുന്നകാലത്തിനു
കൂച്ചു വിലങ്ങിടാന്‍ ഒരു ശ്രമം .
വെട്ടി പ്പിടിക്കുന്നോരുടെ
വിചിന്തനത്തിനു ഒരു ശ്രമം
പച്ച ഞരമ്പിലെ ചുവന്ന പാമ്പുകള്‍
പത്തി വിടര്‍ത്തുമ്പോള്‍
ഭ്രാന്തു ഒരു രോഗമല്ല.
ജീവിതത്തില്‍ നിന്നുള്ള -
ഒളിച്ചോട്ടമല്ല .
കാലത്തോടുള്ള കലമ്പലാണ്
ഭ്രാന്തു

വൃദ്ധ ദമ്പതികള്‍

ശൂന്യമാം മിഴി നാലും
ശൂന്യതയിലേക്കൂന്നി
അച്ചെറുകുടിലിലായി-
രിക്കുന്നിരുവരും .
കാലം മെനഞ്ഞു വെച്ച
കളിമണ്‍ പാത്രം പോലെ
കാത്തു കാത്തിരിക്കുന്നു
ആ വൃദ്ധ ദമ്പതികള്‍ .
കണ്ടു മതിവരാതെ
തൊട്ടു കൊതി തീരാതെ
തൊട്ടു തൊട്ടില്ലെന്ന പോല്‍
മുട്ടി മുട്ടിയിരിപ്പൂ .
നേര മൊട്ടില്ലോരാള്‍ക്കും
തിരിഞ്ഞു നോക്കീടുവാന്‍
സ്വന്ത മെന്നുരചെയ്യാന്‍
സന്താനങ്ങള്‍ഉണ്ടെന്നാലും .
ധൂസരസ്വപ്നത്തിന്‍റെ
ധൂളികള്‍തുടച്ചവര്‍
ചായവും,ചമയവും
ചികഞ്ഞു നോക്കിടുന്നു
ധന്യമെന്നന്നുതോന്നി
അന്യമായ് തീര്‍ന്നുഇന്ന്
എങ്കിലുംഭൂവില്‍ വാസം
എത്രയോ മഹത്തരം