malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, ജൂൺ 29, ശനിയാഴ്‌ച

കവി (ത)


എഴുതിയ കവിത
കളഞ്ഞു പോയി
വേവലാതിയോടെ
അവൻ കവിത തേടി
യിറങ്ങി

അടുത്ത പ്രഭാതത്തിൽ
കവിത
പത്രത്താളിലിരുന്ന്
വേവലാതിയോടെ
അവനെ അന്വേഷിച്ചു
കൊണ്ടിരുന്നു.

2024, ജൂൺ 28, വെള്ളിയാഴ്‌ച

ആയുസ്സിൻ്റെ കണക്കു പുസ്തകം



ആയുസ്സിൻ്റെ കണക്കു
പുസ്തകത്തിൽ
ഇനി എത്ര താൾ ?
അറിയില്ല.
അനുഭവിച്ചു തന്നെ അറിയണം

പാഠപുസ്തകത്തിലെ
അടച്ചു വച്ച മയിൽപ്പീലിയാണ്
ആയുസ്സ്
ആകാശം കാണിക്കരുത്
പെറും ആയുസ്സിനെ.

ആഗ്രഹിച്ചത് സിംഹാസനം
അനുവദിച്ചത് കുരിശ്
കാലത്തിൻ്റെ കണക്കു മാത്രം
തെറ്റാറില്ല

പകലും
രാത്രിയും
സാധാരണമാണെന്ന്
സാമാന്യവത്കരിക്കാം
എന്നാൽ,
എല്ലാവർക്കും വ്യത്യസ്ഥമാണ്

ചിലരുടെ നെഞ്ചിൽ
നിറയൊഴിക്കുന്നു ദിനങ്ങൾ
പൊട്ടിപ്പോകുന്നു പിച്ചച്ചട്ടികൾ
ഉപേക്ഷിക്കപ്പെടുന്നു
നാരകക്കാട്ടിൽ

എണ്ണുവാൻ ഇല്ലാത്തതും
എണ്ണിയാൽ ഒടുങ്ങാത്തതുമാണ്
ആയുസ്സിൻ്റെ
കണക്കു പുസ്തകം

2024, ജൂൺ 26, ബുധനാഴ്‌ച

നാലു മണിപ്പൂവ്


രാത്രി മുതൽ
രാവിലെ വരെ
ചാറ്റിങ്ങിലായിരുന്ന
ഒരു മൊട്ടു പറഞ്ഞു:

നാലു മണിക്ക്
വിരിഞ്ഞോളാമെന്ന്

2024, ജൂൺ 25, ചൊവ്വാഴ്ച

പൊകപ്പൊട്ടൻ


വെയിൽ വേരൂന്നി തുടങ്ങിയാൽ
ഉള്ളിലൊരാന്തലാണ്
പട്ടാമ്പാളിന്റെ പറമ്പ് കത്തിയതിൽ
പിന്നെ
കരളിൽ തീയാണ്
പൊകപൊട്ടേട്ടൻ പശുവിനെ
മേയ്ക്കാൻ പോയാൽ
നാട്ടാരുടെ മനസ്സൊരു ഫയറെഞ്ചി -
നാകും
പൊരിയുന്ന നട്ടുച്ചയ്ക്കും
പൊട്ടേട്ടൻപൊകയിടും
നട്ടുച്ചവെയിലിനും തണുപ്പാണ്
പൊട്ടേട്ടന്
പൊകകാഞ്ഞ് പൊകകാഞ്ഞ്
പൊകഞ്ഞു പോയ പറമ്പുകൾക്ക്
കണക്കില്ല
അങ്ങനെ അങ്ങനെ പൊട്ടേട്ടൻ
പൊക പൊട്ടനായി
പട്ടു പോലത്തെ ഒരു മനസ്സുണ്ട്
പൊട്ടേട്ടന്
പൊട്ടനെന്നാരും വിളിക്കരുത്
പൊട്ടിപ്പോകുമാ ഇടനെഞ്ച്
പിഞ്ചുപൈതങ്ങൾ ദൈവങ്ങളെന്ന്
നാം പറയാറില്ലെ
ദൈവങ്ങളിലും ദൈവമാണ് പൊട്ടേട്ടൻ
മുറുക്കി ചുവന്ന മുരിക്കിൻ പൂപോലുള്ള
പല്ലുകാട്ടി ഒരു ചിരിയുണ്ട്
എഴുത്തുകാരാ, കവിതയെന്നല്ലാതെ
ആ ചിരിയെ
നീയെന്തു പേരിട്ടു വിളിക്കും.
..................
പൊക = പുക

2024, ജൂൺ 16, ഞായറാഴ്‌ച

കാത്തിരിപ്പ്



ഇഷ്ടങ്ങളെല്ലാം നഷ്ടമാകും
നഷ്ടസ്വപ്നങ്ങൾ കൂട്ടുമാകും
എകാന്തവാസത്തിൻ തടവറയിൽ
ഓർമ്മകളോരോന്നായ് പടിയിറങ്ങും

ആദിമമാമൊരു ചോദനയാൽ
ചേതനയാടിക്കളിച്ചിരിക്കും
എന്തെന്തു സ്വപ്നങ്ങളായിരുന്നു
എന്തെന്തു മോഹങ്ങളായിരുന്നു

വെട്ടിപ്പിടിച്ചും അഹങ്കരിച്ചും
അണ്ഡകടാഹം നിറഞ്ഞു നിന്നും!
അങ്ങനെ വാഴാൻ നിനച്ചിരിക്കേ
ഇങ്ങനെ ഒരു വീഴ്ച്ച കാത്തിരിപ്പൂ

2024, ജൂൺ 14, വെള്ളിയാഴ്‌ച

വഴി




ഏതെടുത്താലും
ഒരേവിലയെന്നു പറയുന്നതു -
പോലെ
വഴികളേറെയുണ്ട്

ശരിയായ വഴി കണ്ടു പിടിക്കാ-
നാണ്
വിഷമമേറെ
വഴിയെടുത്ത്, വഴിയേ പോയ
വയ്യാവേലിയാകരുത്
പെരുവഴിയിലുമാകരുത്

വഴികളേറെയുണ്ട്
സ്വർഗ്ഗത്തിലേക്ക്
നരകത്തിലേക്ക്
വഞ്ചനയുടെ
നഞ്ച് കലക്കുന്നതിൻ്റെ.....

നിങ്ങൾ തിരഞ്ഞെടുക്കുന്ന
വഴികളാണ്
നിങ്ങൾക്ക് വഴികാട്ടികളാകുന്നത്
നിരാശപ്പെട്ടിട്ട് കാര്യമില്ല
വഴികളെ നിങ്ങൾക്ക് നയിക്കാൻ
കഴിയില്ല
വഴികൾ നിങ്ങളെ നയിക്കും

ഓർക്കുക;
വഴികളേറെയുണ്ട്

മറക്കാതിരിക്കുക,
വീട്ടിലേക്കുള്ള വഴി
ഒന്നേയുള്ളു

2024, ജൂൺ 13, വ്യാഴാഴ്‌ച

പ്രണയ മഴയിൽ



ഉത്തരം മുട്ടിയ കുട്ടിയെപ്പോലെ
അവൾ തല കുനിച്ചു നിൽക്കുന്നു
കണ്ണ് ചൂണ്ടപോലെ അവളിലേക്കിട്ട
അവൻ്റെ ചുണ്ടുകൾക്കിടയിൽ
കൊതി കിടന്നു പിടയ്ക്കുന്നു

ആരുമറിയാതെ
ആ നിമിഷങ്ങളെ, ഇഷ്ടങ്ങളെ
കട്ടെടുക്കണം
പ്രണയ പച്ചയിൽ ഉമ്മകൾ പൂത്തു
ലഞ്ഞ
ഒറ്റമരമായ്  മാറണം

ഓർമ്മയുടെ വെയിലിൽ
എന്നും പുഷ്പിച്ചു നിൽക്കണം
പ്രണയ ചുവപ്പ്
ഒറ്റവരി കവിതയായ്
ഒന്നിച്ചു മൂളണം

പ്രണയമേ,
നമുക്കെന്നും
പെയ്തു കൊണ്ടിരിക്കാം
അതിലെന്നും
നനഞ്ഞു കൊണ്ടിരിക്കാം


2024, ജൂൺ 12, ബുധനാഴ്‌ച

പ്രിയനോട്



പ്രിയനേ,
ഇത്രയും നീയെന്നെ
സ്നേഹിക്കുന്നതെന്തിന് !
ചിരിപ്പിക്കുന്നതും ?!
അത്രയും ഓർമ്മയാൽ
കരയിക്കുവാനോ

2024, ജൂൺ 11, ചൊവ്വാഴ്ച

കടലിലേക്ക് കണ്ണയച്ച്



കാടു പൂക്കുമ്പോലെ
പുഴയൊഴുകുമ്പോലെ ഒരുവൾ
കഥയിൽ നിന്നും കാടിറങ്ങി
വന്നപ്പോലെ

കാട്ടുകല്ലുകെട്ടിയുയർത്തിയ
മുറ്റക്കൊള്ളിനപ്പുറം
ഒതുക്കു കല്ലിൽ നാണത്താൽ
തല കുനിച്ച് പ്രതിമ പോലെ
നീലച്ചായത്തിൽ വരഞ്ഞ പൂവു -
പോലെ

അന്തി നേരത്ത് ആകാശം തുഴഞ്ഞു
പോകുന്ന
പക്ഷികളെ നോക്കിയിരിക്കുന്നവൾ
രാവിറങ്ങുന്നത് ചോർന്നൊലിക്കുന്ന
മഴയിലൂടെ
കലങ്ങിത്തുളുമ്പുംകണ്ണാലെ
കണ്ടു നിൽക്കുന്നവൾ

ആനന്ദത്തിൽ പുതിയ തൂവലുകൾ
മുളച്ചുപൊന്തി
പച്ച വർണ്ണത്തിൽ നീലയുടെ നേർത്ത
വിരൽ മീട്ടി
ആകാശവർണ്ണങ്ങളിലേക്കു പറന്നേറു-
ന്നവൾ

അവളാണ്,
ഇന്നലെ രാവിലെ അടുക്കള വാതിൽ -
തുറന്ന്
ഒരു നിലവിളിയായ് ഇറങ്ങിപ്പോയത്

ഇനിയെനിക്ക് വീടില്ല
ആ തിരയിലാണ് എൻ്റെ വീടെടുത്തു
പോയത്
ഇന്ന്,
കടലിലേക്ക് കണ്ണയച്ചു നിൽക്കുന്ന
കുട്ടിയാണു ഞാൻ

2024, ജൂൺ 10, തിങ്കളാഴ്‌ച

നാളേയ്ക്ക്



ഒരു തൈ നമുക്ക് നട്ടീടാം
തളിരണിയട്ടെ പ്രകൃതിക്ക്
കുളിരണിയട്ടേ ഭൂമിക്ക്
കളകളമൊഴുകും കാട്ടാറിവിടെ
കണി കണിയായിയൊഴുകട്ടെ

ഒരു തണലാകാം തുണയാകാം
പുതുതലമുറയ്ക്ക് കരുത്താകാം
കറുത്ത നാളുകൾ മറയട്ടെ
പുത്തൻപുലരി പിറയ്ക്കട്ടെ

മണ്ണില്ലെങ്കിൽ നാമില്ല
മനസ്സിൽ പുത്തൻ നിറവില്ല
മണ്ണാണമ്മ,യതോർക്കേണം
അമ്മതൻ വരദാനം നമ്മൾ

2024, ജൂൺ 9, ഞായറാഴ്‌ച

കുടുംബം


മനസ്സിൻ്റെ മരച്ചില്ലയിൽ -
കൂടുകൂട്ടിയ
കിളികളാണ് ഓർമ്മകൾ
ബന്ധം അതിരുകളിൽ കല്ലടു-
ക്കിവെച്ച്
ഇടിഞ്ഞു പോകാതെ സൂക്ഷി -
ക്കുന്നു

പിതൃക്കൾ വേരുകളാണ്
അവ വംശ സ്മൃതികളിലേക്ക്
കൂട്ടിക്കൊണ്ടുപോയി നമ്മേ-
ജീവിപ്പിക്കുന്നു

കുടുംബം പടർന്നു പന്തലിച്ച
ഒരു മരമാണ്
കാണാൻ നിസ്സാരമായിരിക്കാം
പറയാൻ എളുപ്പമായിരിക്കാം
അനുഭവം തീക്ഷണമാണ്

അതിരുകൾ അടർത്തിമാറ്റാ -
തിരുന്നാൽ
ആവോളം അത് മാധുര്യം
കായ്ച്ചു കൊടുക്കും

2024, ജൂൺ 8, ശനിയാഴ്‌ച

ഒച്ച


പണ്ടൊക്കെ
വലിയ ഒച്ചകൾ കേൾക്കുന്നത്
നല്ല രസമായിരുന്നു

ഒച്ചയുള്ളയിടങ്ങളിലെ
കാഴ്ചകണ്ട്
അങ്ങനെയങ്ങിരിക്കും

ഇപ്പോൾ
ഒച്ചയെനിക്ക് കേൾക്കുന്നതേ
അരോചകം

ഒച്ചയനക്കമില്ലാതെ
ഏകാന്തതയുടെ വെളുമ്പിൽ
ഇരുത്തം

അപ്പോൾ തുടങ്ങും
ഉള്ളിൻ്റെയുള്ളിൽ
അടക്കിയാലടങ്ങാത്ത
ഒച്ചയും ബഹളവും

2024, ജൂൺ 7, വെള്ളിയാഴ്‌ച

ഭ്രാന്താശുപത്രി




നിരാശയുടെ ചിതൽപ്പുറ്റുകൾ
വളരുന്നൊരിടമുണ്ട്
ഉള്ളിലെ വേരുകൾ വലിഞ്ഞു
പൊട്ടുന്ന
ആഴ്ന്നിറങ്ങുന്ന വേദന തിങ്ങു -
ന്നയിടം

ഒച്ചയറ്റ വരാന്തയിലേക്ക്
ആർത്തനാദങ്ങൾ
ഒലിച്ചിറങ്ങുന്നയിടം

സ്വപ്നങ്ങളെയാകെ
തീയിട്ടെരിച്ച്
പ്രണയത്തെ പ്രാണനോടെ
മണ്ണിട്ടു മൂടുന്ന സ്ഥലി

പൊള്ളിക്കുന്ന മഴകളുടെ
തീ മുഖങ്ങൾ ചുംബിക്കുമിടം
ആളൊഴിഞ്ഞ മുറികൾ
പിറുപിടുക്കുമിടം

മറന്നിട്ട ഓർമ്മകളുടെ
ഉന്മാദമൂർച്ഛയിൽ
ഉറഞ്ഞാടുന്ന
ഇരുണ്ട അറകൾ

നോക്കൂ ;
അവിടം തളിർക്കുന്നതൊക്കെയും
ഓർമ്മകളുടെ പച്ചയിലയിൽ
കുറിക്കപ്പെട്ട അനുഭവങ്ങൾ

2024, ജൂൺ 6, വ്യാഴാഴ്‌ച

നഗരത്തിൽ



അവൻ,
നഗര കോൺക്രീറ്റിൻ
നരക ജീവിതപ്പുകതുപ്പുന്നു
ദിവസവും പുത്തൻ മുഖംമൂടിയണിയുന്നു പൊള്ളുംചിരിയെടുത്ത് അണിയുന്നു

ഒരിക്കൽ
ആർത്തുല്ലസിച്ചു മദിച്ച
ജീവിതനിളയെ ഓർക്കുന്നു
ഗ്രാമത്തിൻ്റെ കനക കാന്തിയെ തൊടുന്നു

പിന്നെയെന്നോ
ഏതു വാമനനാൽ ചവിട്ടി താഴ്ത്തപ്പെട്ട
മാബലി
നഗര ചെളിക്കുണ്ടിൻ പ്രജാപതി
ഉത്കണ്ഠയുടെ വൈദ്യുത ഫാക്ടറി

വയലേലകൾ കന്നുകുട്ടികൾ കൊറ്റികൾ കുളത്തിൽ മദിച്ചുല്ലസിക്കുംകുട്ടികൾ ചുട്ടുപൊള്ളുന്നു ഉള്ളകം
ചീറിപ്പായുന്നു ജീവിതം

ഇത് വൺവേ ഡ്രൈവിംഗ്
നിശ്ചിത സ്പീഡിൽ പോയില്ലെങ്കിൽ തകർന്നടിയുന്ന ജീവിതം

2024, ജൂൺ 5, ബുധനാഴ്‌ച

പ്രവാഹം


കനച്ചു നിൽക്കുന്നു
കഴിഞ്ഞതൊക്കെയും
അഴുകി പോകാതെ
അലിഞ്ഞു തീരാതെ

ബുദ്ധനാവുന്നതേ
ബുദ്ധി
ബദ്ധശത്രുത ഉള്ളിൽ
കിളിർക്കിലും
പാഴായിപ്പോയി ജീവിത
മെന്നോർക്കിലും
പാഴാക്കിയില്ല സമയമൊ
ട്ടുമേ

പൊട്ടിച്ചിരിച്ചു ''ഹാ കഷ്ട -
മെ''ന്നാർക്കുവോരെ
കണ്ടില്ലെന്നു നടിപ്പതേ നല്ല
ബുദ്ധി
ബന്ധുത്വം ചമഞ്ഞു വരുവോർ
ചെളിയിലേക്ക് തള്ളിയിടുവോർ

ഇന്നവർ തലതാഴ്ത്തി വഴി -
മാറുന്നു
കാർക്കോടകൻമാർ ഓടി ഒളി-
ക്കുന്നു
മൺപുറ്റിൻ മനസ്സുകളേ
മഹാപ്രവാഹത്തെ തടുക്കുവാ-
നാർക്കു കഴിയും

2024, ജൂൺ 4, ചൊവ്വാഴ്ച

ഇരയും വേട്ടക്കാരനും




അറിയാതെയൊന്ന്
തൊട്ടതാണെങ്കിലും
കുളിരു കോരിപ്പോയ്
അവളുടെ അന്തരാള -
ത്തിൽ

എൻ്റെ കണ്ണിലേക്കൊന്ന്
പാളി നോക്കിയപ്പോൾ
പിടയുന്നതെന്തു നീ
കണ്ണുപൊത്തുന്നതെന്തേ?

തൊണ്ടയിൽ നീണ്ട നിലവിളി
വന്നു
തടഞ്ഞു തട്ടിച്ചിതറുന്നതെന്തേ?
തുടുത്ത കവിളിൽ തടുത്തു
നിർത്താൻ
കഴിയാത്തൊരു കറുപ്പ്
പടരുന്നതെന്തേ ?

എത്ര സമർത്ഥമായ്
ഒളിച്ചു വച്ചു ഞാനെൻ്റെ
കഴുകകൊക്ക്
എത്ര വേഗം തിരിച്ചറിഞ്ഞിര
വേട്ടക്കാരനെ

2024, ജൂൺ 3, തിങ്കളാഴ്‌ച

ആഹാരം


ആദ്യമുണർത്തുന്ന പക്ഷിയാ
യിരിക്കും
നാളെത്തെ ആഹാരം
വളർത്തി വലുതാക്കിയത്
വറുത്തു തിന്നാനെന്ന്
അതിനറിയില്ലല്ലോ

എന്നത്തേയും പോലെ
അരികിൽ വരും
കാലിൽ കൊക്കുരുമും
മടിയിൽ പറന്നിരിക്കും.

ഉറക്കം വരുന്നില്ലെങ്കിലും
കണ്ണടച്ചു കിടന്നു
ഇരുട്ടിൻ്റെ കനപ്പിൽ
കോഴിത്തൂവലിൻ്റെ അനക്കം

പ്രാരബ്ധങ്ങളുടെ പരന്നചുമയിൽ
അമ്മയുടെ ഞരക്കം
തിരിഞ്ഞും മറിഞ്ഞും കിടന്ന്
ഭാര്യയുടെ ഉരുക്കം

ക്ലോക്കിൻ്റെ താളം എന്നെ വളർത്തി
ക്ലോക്കിൻ്റെ താളത്തിൽ മൂത്തു
ഇപ്പോൾ,
ക്ലോക്കിൻ്റെ താളത്തിൽ
ചീഞ്ഞുകൊണ്ടിരിക്കുന്നു

കണ്ണടച്ചു കിടന്നാൽ മാത്രം
ഉറക്കമാവില്ല
ഉറക്കം നടിച്ചു കിടന്നാലും
കിഴക്കു വെള്ള കീറും
ആദ്യമുണർത്തുന്ന പക്ഷി
ഉണർത്തുപാട്ടു പാടും

എന്നത്തേയും പോലെ
അരികെ വരും
കാലിൽ കൊക്കുരുമും
മടിയിൽ പറന്നിരിക്കും

ആദ്യമുണർത്തുന്നപക്ഷിയാ
യിരിക്കും
നാളെത്തെ ആഹാരം

2024, ജൂൺ 2, ഞായറാഴ്‌ച

മരിച്ചവർ സംസാരിച്ചാൽ.......!



ജീവിച്ചിരിക്കുന്നവർക്ക്
മനസ്സിലാകുമെങ്കിൽ
മരിച്ചവർ പറയുന്നത്
കേൾക്കാമായിരുന്നു
എങ്ങിനെയാണ് മരിച്ചതെന്ന്
അറിയാമായിരുന്നു
പൊള്ളുന്ന വാക്കുകളിൽ
പിടയാമായിരുന്നു

ഒരു തുള്ളി വെള്ളം കിട്ടാതെ
ഒരു നേരത്തെ അന്നം കിട്ടാതെ,
ഏകാന്ത തടവറയിലിട്ട്,
ഒടുങ്ങാത്ത വേദനകൾ തിന്ന്,
കരയുന്ന കുഞ്ഞിനെ പാലൂട്ടുമ്പോൾ
ഒരു ബോംബിൻചീളായ്.

റോഡിലൂടെ നടന്നുപോകുമ്പോൾ
പിച്ചിച്ചീന്തി,
കത്തുന്ന തീയിൽ കൈക്കലയായി,
ബാരക്കിലെ തറയിൽ ചോരച്ചാലായ്,
കൂടെ നടക്കുന്നവരുടെ കഠാര മുനയാൽ.

വിരാമങ്ങളുടെ വിരസതയില്ലാതെ
അറിയാമായിരുന്നു
വാക്കുകൾ പോലുമില്ലാതെ
കേൾക്കാമായിരുന്നു

2024, ജൂൺ 1, ശനിയാഴ്‌ച

ഉപഹാരം


ഓർമ്മയ്ക്കു വേണ്ട
ഒരു ഉപഹാരവും
നീ എൻ്റെ ഹൃദയത്തിലി-
രിക്കുവോളം കാലം

നീ എന്തിനൊരു പൂവ് -
നൽക്കുന്നു
കടംവീട്ടി കാലത്തെ
മറക്കാമെന്നോ ?!

വാടില്ലൊരിക്കലും
എന്നിൽ
ചുംബനത്തിൻ്റെ
തുടുത്ത നിറമുള്ള നീ

ജര വന്നു കയറിയാലും
ജ്വരത്താൽ തളർന്നാലും
ചുരമേറി
ജ്വലിച്ചു നിൽക്കും
കവിതയുടെ കൃഷ്ണമണി-
യായ് നീ

പടികടന്നു പോകുന്നു സന്ധ്യ
നീലിച്ചു വരുന്നു ഉടൽ
വാടാത്തൊരോർമ്മയുണ്ടുള്ളിൽ
തുടുത്തു നിൽക്കുന്ന നീ