malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, മേയ് 16, വ്യാഴാഴ്‌ച

ഓർമ്മിക്കാൻ


രാപ്പാതിനിറവിലും കണ്ണീരണിഞ്ഞവൻ
നീറി നീറിപ്പിടയുന്നു
നേർത്തു നേർത്തു പിഞ്ഞിപ്പോമൊരു ചുമ
ശ്വാസത്തെ പിടിച്ചു പരാക്രമം കാട്ടുന്നു
അപ്പോഴും കാണാം കണ്ണീർ പെയ്ത്തായ് -
യേശു
പള്ളി നിറുകിൽ ക്രൂശിൽ ബന്ധസ്ഥനായ്
കിടക്കുന്നു

കരുണ കാട്ടുവോനെല്ലാം കുരിശോ കാല-
ത്തിൻ നീതി
കരവാളുയർത്തുവോനാമോ കരഗതം
ന്യായാസനം
വിങ്ങുന്ന മേഘമൊന്നുവാർന്നൊഴിഞ്ഞ -
പോൽ
അല്പമൊരാശ്വാസമിപ്പോൾ ക്രൂശിത രൂപം
കാൺകേ

നീറുന്നു ഉള്ളകം നറുനിലാവെട്ടത്തിലും
ഞെട്ടിത്തരിക്കുന്നീ ജീവിതം ഓർത്തിടുമ്പോൾ
തണുത്തു വിറയ്ക്കുവോന് സ്വപ്നം നെരിപ്പോട്
വിശന്നുവലയുവോന് വെറുപ്പിന്നപ്പം മാത്രം

സ്മൃതിയെ ഭയമാണ് ,മൃതി തന്നെയുദാത്തമെ -
ന്നു ചിന്തിച്ചീടുകിൽ കുറ്റം പറയാമോ
പട്ടിണി മാറ്റീടാതെ പടക്കോപ്പുകൂട്ടുന്ന
ഭരണാധികാരിക്കുണ്ടോ അനശ്വരമാം ജീവിതം

2024, മേയ് 15, ബുധനാഴ്‌ച

പുലരി


തലപൊക്കി നോക്കുന്നുണ്ട് വീട്
നേരം പുലർന്നോയെന്ന്
കുണ്ടനിടവഴിയുടെയപ്പുറം
വെള്ളകീറിയോയെന്ന്

കുറുക്കൻ ഓരിയിടുന്നതു കേട്ട
നായ
കുരയ്ക്കുവാൻ തുടങ്ങി
പൂച്ചയുടെ പള്ളയിൽ തലവെച്ചു -
റങ്ങിയ എലി
തട്ടിപ്പിടഞ്ഞെഴുന്നേറ്റ്
തട്ടിൻ പുറത്തേക്ക് ചാടി

രോമവില്ലു കുലച്ച പൂച്ച
ഉറയിലെ ഉടവാൾ നഖമുയർത്തി
കീയോകിയോക്കിടയിലൂടെ
ഒരു കൊക്കരക്കോ ഓടക്കുഴലൂതി

വരിയിട്ടു വരുന്ന ഉറുമ്പുകളോട്
അണ്ണാൻ കുശലം ചൊല്ലി
അങ്ങിങ്ങു കീറിയ വെള്ളയിലൂടെ
കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന
മരച്ചാർത്തുകൾ കണ്ടു

മരിച്ച രാത്രിയുടെ ശവം
വലിച്ചുകൊണ്ടു പോകുന്നു
ഉറുമ്പുകൾ

2024, മേയ് 14, ചൊവ്വാഴ്ച

വേദന


പ്രസവവേദനയോളം വരില്ല
പ്രാണവേദന
പുരുഷ വേദന ആരുമറിയില്ല
പ്രണയമേ,
പ്രതീക്ഷിച്ചതല്ല
സഫലമാകുന്നത്

വിഫലമെന്ന് വിഷാദിക്കുന്നു
നിഷ്ഫലമെന്ന് നിഷേധിക്കുന്നു
വിഷതടാകത്തിൻവാസം
വിഷം തന്നെ അന്നം
വിഷയം വിശ്വാസം

ഓരോ ആളും
ഒരു ജഡതടാകം
വിറ്റുപോയ ആകാശവും കടലും
ഓർമ്മയുടെ അഗ്നിയായി അലറുന്നു
പെയ്യുന്നു

മത്സ്യം കരയിലെന്നപോലെ
വായുവിനായി വാ പിളർത്തുന്നു
കണ്ണീരിൻ്റെ ഉപ്പു മഴ
കരിഞ്ഞ ജഡത്തെ പൊളളിക്കുന്നു

മതിയായിരുന്നു
മത്സ്യജന്മം
വെള്ളമില്ലെങ്കിലും, വായുവില്ലെങ്കിലും
വെളിവില്ലാത്തവരിൽ നിന്നും
വെളിയിലേക്കിറങ്ങി
വറച്ചട്ടിയിലെങ്കിലും പൊരിയാമായിരുന്നു

ഒരു ജന്മം
സഫലമാക്കാമായിരുന്നു

2024, മേയ് 13, തിങ്കളാഴ്‌ച

പരിചയം


തോട്ടു മീനും കൂട്ടി കപ്പ
തിന്നൊരു കാലം
ചിരട്ടകൊണ്ട് കള്ള് മുക്കി
മോന്തിയ കാലം

മോന്തിവറ്റി മന്ത്കാലൻ
രാത്രി വന്നിറ്റ്
മുണ്ടഴിച്ച് തലയിൽ കെട്ടി
കൈപിടിച്ചിറ്റ്

ബീഡിച്ചൂട്ടും പേടിപ്പാട്ടും
പാടിതന്നിറ്റ്
കോണികേറുമ്പം ചന്തികുത്തി
കൊഴഞ്ഞു വീണിറ്റ്

ഓള് വന്ന് പിടിച്ച് വെലിച്ച്
കോണികേറ്റീറ്റ്
നെഞ്ഞടിച്ച് തൊള്ള കീറി
പ്രാക്ക്‌ പ്രാകീറ്റ്

കെണറ്റ് വക്കില് കൊണ്ടിരുത്തി
വെള്ളൊയിച്ചിറ്റ്
മോര് വായില് കോരിപ്പാരി
പള്ളനെറച്ചിറ്റ്.

കട്ടൻകപ്പ തിന്നു കട്ട് പിടി -
ച്ചൊരുകാലം
കാറിത്തൂറി കൊഴഞ്ഞുവീണ -
കഴിഞ്ഞൊരാക്കാലം

ഒരുമവറ്റിപ്പോയതില്ല
എരിഞ്ഞു നിന്നില്ല
ഇരുട്ടിലിഴഞ്ഞു വന്ന വഴികൾ
കൊത്തിവീഴ്ത്തീല

ഞാറ്റുവേല ചാറ്റലന്ന്
ചേർത്തു നിർത്തീലെ
നാട്ടുമാവിൻ തണലുവന്ന്
തഴുകി നിന്നില്ലെ

പലവിചാരങ്ങളാലെയിന്ന്
മനസ്സു മറിയുന്നു
കാത്തിരുന്ന കനലിലേക്ക്
കാലിറക്കുന്നു

കുതിച്ചു പായും കാലമേ നീ
എങ്ങു പോകുന്നു
കണ്ട പരിചയം തീണ്ടാപ്പാടകലെ
പ്പോലുമില്ലല്ലോ

2024, മേയ് 9, വ്യാഴാഴ്‌ച

നവമാധ്യമ സുഹൃത്തിന്


നാം
എത്രയും അകലെയെങ്കിലും
അത്രയും അടുത്തിരിക്കുന്നു

നാം
പരസ്പരം കണ്ടില്ലയെങ്കിലും
ഒന്നായലിഞ്ഞു ചേരുന്നു

പകലിൻ്റെ
പങ്കപ്പാടിനൊടുവിൽ
നിശയിൽ നാം കണ്ടുമുട്ടുന്നു

എങ്കിലുമെന്ത് ?
രാവിനെ പകലാക്കി മാറ്റി
നാം
അല്പം ആശ്വസിക്കുന്നു

ദുഃഖത്തിൻ്റെ
പാരാപാരം മറന്ന്
പരസ്പരം കെട്ടിപ്പിടിക്കുന്നു

നാം
എത്രയും അകലെയാണെ-
ങ്കിലെന്ത് ?
അത്രയും
തീവ്രമായ അടുപ്പം

2024, മേയ് 8, ബുധനാഴ്‌ച

ടോപ്പ്സ്റ്റൈൽ ടൈലേർസ് ഹൈദർക്കക്ക്


ഹൈദർക്കക്ക്
മറക്കുവാൻ കഴിയില്ല
ഗ്രാമഫോണിനെ !
എനിക്ക്
ഹൈദർക്കയേയും

"കണ്ടം ബെച്ചൊരു കോട്ടാണ്
പണ്ടേ കിട്ടിയ കോട്ടാണ് " -
എന്നപാട്ട്
ഗ്രാമഫോണിൽ നിന്ന് ഉയരുമ്പോൾ
താളത്തിലൊരു ചവിട്ടുണ്ട് -
ഹൈദർക്ക തയ്യൽ മിഷ്യൻ
ഗ്രാമഫോൺ കറങ്ങുമ്പോലെ
ഒരു കറങ്ങലുണ്ട് മിഷ്യൻചക്രം

ജീവിതത്തിൻ്റെ ആഴങ്ങളെ
അളക്കുവാൻ കഴിഞ്ഞില്ലെങ്കിലും
അളവെടുത്ത്  വെട്ടിമുറിച്ച്
പാകത്തിന് തയിച്ച്
പത്രാസിൻ്റെ പട്ടുവസ്ത്രമാക്കി
പൊതിഞ്ഞു കെട്ടി കൊടുക്കാറുണ്ട്
ഒരു ചിരി

ഇന്നും ഗ്രാമഫോണിൽ പാട്ടുവച്ചേ
ഹൈദർക്ക തയിക്കാറുള്ളു
ഹൈദർക്ക തയിച്ച പാട്ടേ ഞാൻ
ധരിക്കാറുള്ളു

2024, മേയ് 7, ചൊവ്വാഴ്ച

പ്രാണ മൂർച്ച


ചൂണ്ടയ്ക്കറിയാം
എവിടെ കൊളുത്തണമെന്ന്
കയറിനറിയാം
എങ്ങനെ അയച്ചുകൊടുക്കണ -
മെന്ന്
മീനിനറിയാം
വിശപ്പിൻ്റെ എരിതീയ്യിൽ നിന്ന്
സമൃദ്ധിയുടെ വറചട്ടിയിലേ-
ക്കെന്ന്

കാലമേ ,
ഇത്രയും മൂർച്ചയോ
പ്രാണന്
ഇത്രയും തിളപ്പോ
രക്തത്തിന്

2024, മേയ് 6, തിങ്കളാഴ്‌ച

കടൽ


കടലിനെ എപ്പോഴെങ്കിലും നിങ്ങൾക്ക്
ഏകാകിയെന്ന് തോന്നിയിട്ടുണ്ടോ?

കടൽ ചിലപ്പോൾ ഒരു പ്രണയിനി
ഓടി തിമർക്കുന്ന കുട്ടി
കരണം കുത്തി മറിയുന്ന കൗമാര -
ക്കാരി
പകുക്കാൻ നനവുള്ളതായിയിനിയൊ -
ന്നുമില്ലെന്ന് വിഷാദിക്കുന്ന സ്ത്രീ

ഉള്ളിലൊരു തേങ്ങൽ ഒളിപ്പിച്ചു നടക്കുന്ന
വിരഹി
ലഹരിയിൽ മുങ്ങിത്താണ്
ആരുടേയോ വിളി കാത്തു നിൽക്കുന്ന
അഭിസാരിക
കൈനോട്ടക്കാരിയെപ്പോലെ കൗശലം
ഉള്ളിലൊളിപ്പിച്ച ഒരുവൾ

പുലരിയിൽ നവോഢയെ പോലെ
ആലസ്യംപൂണ്ടവൾ
ഉച്ചയിൽ മദാലസയെപ്പോലെ വിവശ -
യായവൾ
സന്ധ്യയിൽ സിന്ദൂരമണിഞ്ഞ മോഹിനി

കണ്ടിട്ടുണ്ടോ,
കടലിനെ
എപ്പോഴെങ്കിലും
ഏകാകിയായിട്ട്?!

2024, മേയ് 5, ഞായറാഴ്‌ച

കുഴിച്ചുകൊണ്ടിരിക്കുന്നു


കാലം
ജീവിതത്തെ
കുഴിച്ചു കൊണ്ടിരിക്കുന്നു
ആയുസ്സിന്റെ അടരുകൾ
അടർന്നു വീണുകൊണ്ടിരിക്കുന്നു

പഴകിയ പത്രം പോലെ
ഓർമ്മകൾ കീറി മുറിഞ്ഞിരിക്കുന്നു
ഓരോ അടരിലും
അടക്കാനാവാത്ത ജിജ്ഞാസ
കവിത പോലെ കതിരിട്ടു നിൽക്കും
പിന്നെ , കരിഞ്ഞ്
കുഴിമാടത്തെപ്പോലെ ഭയക്കും

ആയിരം ചീവീടുകളുടെ
ആർത്തനാദമായി
അസ്വസ്ഥതപ്പെടുത്തും
വീണ്ടുമൊരടരിൽ പുഞ്ചിരിയുടെ
പൂവിരിയും
നിലയ്ക്കാത്ത സ്വപ്നം ഉറവയിടും

പിന്നെപ്പിന്നെ
കണ്ണുണങ്ങി
കരിഞ്ഞുണങ്ങി
പിഞ്ഞിക്കീറി
ജീർണ്ണ വസ്ത്രമാകും

പിന്നെയും
കാലം കുഴിച്ചു കൊണ്ടിരിക്കും
ജീവിതത്തെ

2024, മേയ് 3, വെള്ളിയാഴ്‌ച

ദൂരം


മരണം തന്നെ
ശരണമെന്നറിയുന്നവൻ
ചോദിക്കുന്നില്ല
'ഇനിയെത്ര ദൂരമുണ്ട് '

ദൂരമുണ്ടെന്നു കരുതി
ദുരമൂത്തു കഴിയുന്നു .
ധര
ധാനം കിട്ടിയതെന്നു
കരുതുന്നു

അളന്നു കൂട്ടവെ
ഒരുവൻ
തളർന്നു വീഴുന്നു

അളന്നു കൂട്ടി
അഹങ്കരിച്ച ഒരുവൻ
അന്നം കഴിക്കുവാൻ
കഴിയാതെ
കിടക്ക ഒഴിഞ്ഞു കൊടുക്കുന്നു

ജീവിതത്തിൻ്റെ
ദൂരമളക്കുവാൻ
കഴിഞ്ഞിട്ടില്ല
ഇന്നുവരെ ആർക്കും

2024, മേയ് 2, വ്യാഴാഴ്‌ച

വേനലിൽ പൂത്ത പൂവുകൾ


വേനലിൽപൂത്ത പൂവുകൾ
പൊള്ളി നിൽക്കുന്ന നോവുകൾ
കണ്ണിനാനന്ദമായിടാം
കരഞ്ഞു വീർത്ത മുഖമലരുകൾ

മരുവുമോർമകൾ ഉള്ളത്തിൽ
തെരുപിടിപ്പിക്കും ചിന്തകൾ
രക്ത മെത്രയൊഴുക്കിയാണു നാം
സുഖിച്ചിടുന്നുസുരക്ഷരായ്

കരിഞ്ഞുപോയ സ്വപ്നങ്ങളിൽ നിന്നും പൂത്തുനിൽക്കും പുതു പ്രതീക്ഷകൾ
ഓർത്തു നോക്കാറില്ലനാമൊട്ടും
ആർത്തി മാത്രമേ ബാക്കി

ഗ്രീഷ്മമെത്ര കുടിച്ചു വറ്റിച്ച്
ചുവന്നു പോയതീ പൂവുകൾ
വസന്തമേകുവാൻ മാത്രമായെത്ര
ജീവിതം പൊള്ളി പോകുന്നുയിങ്ങനെ

2024, മേയ് 1, ബുധനാഴ്‌ച

മെയ്ദിനം

കുട്ടിക്കവിത


മെയ്ദിനമെന്നൊരു
ദിനമെത്തി
മീനച്ചൂടും കൂട്ടെത്തി
ചോന്നു തുടുത്തൊരു
വാകപ്പൂക്കൾ
മണ്ണിൽമെത്ത വിരിച്ചല്ലോ
കാറുകളില്ലാ മാനത്ത്
കുയിലിൻ നാദം മുറ്റത്ത്
മുറ്റക്കൊള്ളിൽ കുട്ടൻ്റെ
അച്ഛൻ
വെള്ളമൊരുക്കി കിളികൾക്ക്