malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

പ്രണയിക്കുമ്പോൾ


അവൻ അവളോടു പറഞ്ഞു:
പ്രിയപ്പെട്ടവളേ,
പ്രണയം ജീവൻ്റെ പുഷ്പമാണ്
അത് സ്വാഭാവികമായി വിടരുന്നു

പ്രണയിക്കുമ്പോൾ
നാമൊരു പൂന്തോട്ടമായിത്തീരുന്നു
വേരറ്റം മുതൽ ഇലയറ്റംവരെ നന-
യുന്നു
നിലാവിൻ്റെ നീരു കുടിച്ച ചകോര
ങ്ങളാകുന്നു

അവൾ പറഞ്ഞു:
പ്രിയപ്പെട്ടവനേ,
അനുരാഗത്തിൻ്റെ
ആഴങ്ങളെനിക്കറിയില്ല
പ്രണയിക്കുന്നതെങ്ങനെ?!
നിന്നെക്കുറിച്ച് ഓർക്കുവാനേയെനി
ക്കറിയൂ.

അവർ പരസ്പരം
മനസ്സുകൊണ്ടു ചേർന്നു നിന്നു
മിഴികളിൽ നിന്ന് മിഴികളിലേക്ക്
ഒരു മിന്നൽ വെട്ടം

ഇരുട്ടും ഭയവുമൊഴിഞ്ഞ്
അവരും മഴയ്ക്കൊപ്പം
ഇറങ്ങി നടന്നു
പ്രണയത്തിൻ്റെ താഴ് വരയിലേക്ക്

2024, സെപ്റ്റംബർ 29, ഞായറാഴ്‌ച

കാഴ്ച


പണ്ട് കണ്ടുകൊണ്ടിരുന്ന
ആളുകളെയൊക്കെ
ഇന്ന് കാണാതായതു പോലെ
കാണാതായിരിക്കുന്നു
മല
പുഴ
വയൽ
കുളം

മഴയ്ക്ക് മറവിരോഗമാണ്
എവിടെയൊക്കെ തിരഞ്ഞു
വെയില് ദാഹിച്ചുവലഞ്ഞ് !

കളവു പറഞ്ഞതുപോലെയാണ്
കാലം കടന്നു പോകുന്നത്
കണ്ണടച്ചു തുറക്കുമ്പോഴേക്കും
നാടകത്തിലെ പശ്ചാത്തല സ്ക്രീൻ
പോലെ മാറിപ്പോകുന്നു

എന്നെങ്കിലും കാണാൻ കഴിയുമോ
ഇനിയും പണ്ടു കണ്ടതുപോലുള്ള
കാഴ്ചകൾ
കുളിരും
കാവും
കവിതയും

മാറിയില്ലെങ്കിൽ;
മണ്ണിനെ തൊട്ടറിഞ്ഞില്ലെങ്കിൽ
പണം കെട്ടിവച്ചു കൊണ്ട്
പട്ടിണിയാവില്ലെന്ന് ആരു കണ്ടു

2024, സെപ്റ്റംബർ 28, ശനിയാഴ്‌ച

പ്രണയികൾ


കാണെക്കാണെ നിന്നുടെ -
ഓർമ്മകൾ
കവിത ചമയ്ക്കുന്നെന്നുള്ളിൽ
നിറന്ന നിറമായ് നിറപുഞ്ചിരിയായ്
നിറഞ്ഞു നിൽപ്പൂ ഹൃദയത്തിൽ .

നിശ്ചലമല്ലീ നിറഞ്ഞ സ്നേഹം
അനിശ്ചിതമല്ലീ അപരാഹ്നം
ധ്യാനവിലീനം നമ്മുടെ പ്രണയം
തരുവിൽ വിടരും മലർ പോലെ.

പ്രഭയാലഞ്ചിതമാകുന്നൂ നാം
മേഘമൊഴിഞ്ഞൊരു വാനംപോൽ
ഉജ്ജ്വല കിരണം സഖി നിന്നുള്ളിൽ
സഞ്ചിത മോഹം എന്നുള്ളിൽ

പ്രണയാതുരമാം തെന്നൽ കൈകൾ
നമ്മേ തൊട്ടു തഴുകുമ്പോൾ
മൗനം മുറ്റിയ നമ്മുടെ മിഴികൾ
മധുരം കൈമാറീടുന്നു

2024, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

മരണ വാർത്ത


ഇന്നത്തെ പ്രഭാതപത്രത്തിൽ
ഞാനെൻ്റെ മരണവാർത്ത കണ്ടു
പത്രക്കാരൻ തപ്പിയെടുത്ത
പുസ്തകത്താളിലെ
പഴയ ഫോട്ടോകണ്ടു

ഇനി ഞാൻ വെറും പ്രേതം!

വാട്സാപ്പിൽ, ഫേയ്സ്ബുക്കിൽ,
ഇൻസ്റ്റാഗ്രാമിൽ
ജോലിക്ക് പോയിക്കൊണ്ടിരിക്കു-
മ്പോൾ
ഇടനേരങ്ങളിൽ, ബസ്സിൽ നിന്ന്,
ബൈക്കിൽനിന്ന്
പ്രണാമത്തിൻ്റെ കണ്ണീർ വീഴ്ത്തുകൾ

ഞാൻ ചെസ്റ്റ് ഹോസ്പിറ്റലിൽ
കട്ടിലിൽ കിടന്ന്
ചരമകോളത്തിലേക്ക് തലചായ്ച്ച് തിരഞ്ഞുകൊണ്ടിരിക്കുന്നു

കണ്ടില്ല,
പത്രത്തിലെങ്ങും
മരിച്ച ഡോക്ടറുടെ
മരണവാർത്ത

2024, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

മാച്ചി


കാലത്തിൻ്റെകവിതകളെ
മായ്ച്ചെഴുതിക്കൊണ്ടിരിക്കുന്ന പേനയാണ് മാച്ചി
ഒരോദിവസവും വൃത്തിയിലും, വെടിപ്പിലും
മായിച്ചെഴുതിക്കൊണ്ടേയിരിക്കുന്നു
വായിക്കുന്തോറും തൃപ്തിവരാതെ
വീണ്ടും .... വീണ്ടും...

മാച്ചിക്കും പറയാനുണ്ട്
പഴയ കാലത്തിൻ്റെ ചരിത്രം.
നഷ്ടമാകാതെ എന്നും
പുതുക്കിയെഴുതി നമ്മേ പഠിപ്പിക്കു-
ന്നതിൻ്റെ തിടുക്കം

ഇപ്പോൾ,
മാച്ചിയെ മറന്നു പോയിരിക്കുന്നു
പോലും
ചരിത്രത്തെ ചിതൽപ്പുറ്റ്
ഗ്രസിച്ചിരിക്കുന്നു പോലും

പുതുചരിത്രത്തിൽ
മാച്ചിയുടെ മഹാസാന്നിധ്യം
ആവശ്യമില്ല പോലും
മഹത്വങ്ങൾ മറഞ്ഞുപോയ കാലത്ത്
അഹിതങ്ങൾ വാണരുളുന്നു
............................
മാച്ചി = ചൂല്

2024, സെപ്റ്റംബർ 24, ചൊവ്വാഴ്ച

വീട്




വീട് നമ്മുടെ ഉള്ളിലാണ്.
ഒച്ച് തൻ്റെ വീട് ചുമലിലേറ്റി -
നടക്കുന്നതു പോലെ
വീടിനെ നാം നെഞ്ചിലേറ്റി -
നടക്കുന്നു

നാം വീടിന് വെളിയിലായിരി-
ക്കുമ്പോൾ
ഇടയ്ക്കിടെ ഒറ്റക്കാലിൽ -
എത്തിനോക്കും വീട്നമ്മെ.
വീട് അമ്മയാണ്.
അമ്മയോ(വീടിനോ)ളം സുര-
ക്ഷിതത്വം എവിടെ കിട്ടും

എത്ര പഴകിയാലും, പൊളി-
ഞ്ഞാലും
വീടിനോളം പ്രിയം നമുക്ക്
മറ്റൊന്നില്ല.
പഴയ മേൽക്കൂര, പൊട്ടിയ -
മച്ച്
നിറംമങ്ങിയ ഭിത്തി, അടർന്ന-
തൂണ്

അഴുകിയ അടുക്കള, പുറന്തിണ്ണ
ഇളകിയ ഇറങ്കല്ല്
എങ്ങനെ ഉള്ളതായാലും
ചേർത്തു പിടിക്കുന്നുണ്ട് വീട്
ഉയിരും, ഉണർവും നൽകി
നാളെയിലേക്ക് കൂട്ടിക്കൊണ്ടു -
പോകുന്നുണ്ട്



2024, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ബാല്യം


കാലമെത്ര കഴിഞ്ഞുവെ
ന്നാകിലും
കോലമെത്രയാടിയെന്നാ
കിലും
കുഞ്ഞുനാളിലേയോർമ്മ
കളൊന്നുമേ
കൊഴിഞ്ഞു പോകില്ലയെ
ന്നതു നിശ്ചയം

മറന്നുപോകില്ല ഉപ്പുമാവിൻ
രുചി
ഒട്ടുമാങ്ങ കട്ടെടുത്തതിൻ
തെറി
പറിച്ചു തിന്നുള്ള ചാമ്പക്ക
തൻ പുളി
നിൻ്റെ നെഞ്ചിലെ കുഞ്ഞു
മൊട്ടാമ്പുളി

ഉച്ചനേരത്ത് തെച്ചിപൂത്തുള്ള
കാട്ടിലൂടെ നാം പോയതും
കൊക്കോൻ മാവിൻ്റെ തുഞ്ച
ത്തേറി നാം
കണ്ണിമാങ്ങ പൊട്ടിച്ചതും
കല്ലുവിൻ്റെ കണ്ണിലന്നു വെള്ളി
ലപ്പൂ വിരിഞ്ഞതും
ഇന്നലെയെന്നുള്ളപോലെ
ഇന്നുമുണ്ടെൻ്റെയുള്ളിലും

കണ്ടതില്ല പിന്നെയാരെയും
പിരിഞ്ഞു പോയതിൽ പിന്നെ
ഞാൻ
കേട്ടു പലനാട്ടിലെന്ന്
വേഷമാടി നിൽപ്പത്
വരിനെല്ലു കുത്തി ചോറുതിന്ന
വിറയലവർ ഓർക്കുമോ?!
കൊഴിഞ്ഞുപോയ കുഞ്ഞുനാള്
കൗതുകത്താൽ കാണുമോ?


2024, സെപ്റ്റംബർ 18, ബുധനാഴ്‌ച

കുട്ടിക്കവിത



അയ്യയ്യാ,
കയ്പ്പക്ക!


വയലിലെ വേലിയിൽ
നോക്കയ്യ !
കൊത്തുപണികൾ അയ്യയ്യ!
നീണ്ടു വളഞ്ഞും ചുരുണ്ടു -
മടങ്ങിയും
ശില്പംപോലെ കയ്പ്പക്ക!

2024, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

മനസ്സെന്ന ചിത്രശലഭം




മനസ്സിൻ്റെ മരപ്പൊത്തിൽ നിന്നും
ചിറകടി ഉയരുന്നു
വിചാരങ്ങളുടെ കടൽ അലയടി
ക്കുന്നു
ഭ്രമകൽപ്പനയിൽപ്പെട്ടതു പോലെ
നട്ടം തിരിയുന്നു
നിഗൂഢതയുടെ വഴിയിൽ
ഈർപ്പവും ഇരുട്ടും

ആകാശവും, കടലും മുദ്രവെച്ച
മനസ്സ്
കാറ്റിൻ്റെ കൈപിടിച്ചു നടക്കുന്നു
ചില വിടവുകൾക്കുള്ളിൽ ചിതറി
വീണ
നിലാവിലകളെ പെറുക്കിക്കൂട്ടുന്നു

ചിലപ്പോൾ,
മനസ്സിൻ്റെ വന്യതയിലൂടെ
പ്രണയത്തിൻ്റെ ധന്യതയിലൂടെ
ഒരു സ്വപ്നാടകനായ് നടക്കുന്നു

മറവിയുടെ കടലെടുത്തു പോയ -
വയിൽ ചിലതൊക്കെ
പതുക്കെ പതുക്കെ തെളിയുന്നു
ചില ചിത്രശലഭങ്ങളെപ്പോലെ
മിന്നിത്തെളിയുന്നു മനസ്സെന്ന
മായാജാലക്കാരൻ

2024, സെപ്റ്റംബർ 1, ഞായറാഴ്‌ച

കപോതകൻ


കെട്ടുപോയ്
ഉരസ്സിലെ ഉപ്പുരസം
ഊർജം
ഉതിർന്നു പോയ് ഉടജം
ഉടഞ്ഞുപോയ് ഘടം

ഇല്ലിനി നിലാവ്
കണ്ണിലെ തിളങ്ങും നക്ഷത്രം
സ്വന്തമെന്നു പറഞ്ഞവളും
അന്തിത്തിരിയും
എന്നേ പടിയിറങ്ങിപ്പോയി

കറുത്ത ഓർമ്മകൾ
കല്ലിച്ചു കിടക്കുന്നു
ഇടനെഞ്ചിൽ അടവെച്ചപോൽ
ഒരു വിങ്ങൽ
മോഹത്തിൻ്റെ വളപ്പൊട്ട് തന്ന്
സ്നേഹത്തിൻ്റെ ചെരാതു മൂതി-
ക്കെടുത്തി
ധനത്തിൻ്റെ ധവളിമയിലേക്കു -
നീ പോയി

നോക്കൂ ,ഇതാ
പ്രണയത്തിൻ്റെ കപോതകനാൽ
നീലിച്ചുപോയ ഒരുവൻ