malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, നവംബർ 30, ശനിയാഴ്‌ച

കാഴ്ച്ച



ആനമയക്കികള്ള് കുടിച്ചിട്ടച്ഛനകത്ത് കിടപ്പുണ്ട്
പട്ട കുടിച്ചു കറങ്ങി നടക്കും ഏട്ടന്‍ പട്ടണമൊട്ടാകെ
അമ്മ മഹാമുനി , വണ്ടിക്കാള
ജീവിത ഭാരം പേറുന്നു.

കേള്‍ക്കാം ഒരു മകള്‍ ,ഒരു പെങ്ങള്‍-
റോട്ടില്‍,വീട്ടില്‍ ഇരവില്‍,പകലില്‍
കാമാന്ധതയുടെ കഴുക കൊക്കുകള്‍
കൊത്തും ദീന വിലാപങ്ങള്‍

ആരുണ്ടിവിടെ തടയാന്‍
'അരുത് നിഷാദ അരുത് ' - ,
അരുതരുതരുതെന്നോതീടാന്‍

മാനംവിറ്റ്മാളികപണിതോര്‍
മനസ്സില്‍ മതിലുകള്‍ തീര്‍ക്കുമ്പോള്‍
പട്ടിണി പടിയേറീടിന വീട്ടില്‍
ഇറയില്‍ തൂങ്ങും കയര്‍ കാണാം

ആരുണ്ടിവിടെ തടയാന്‍
'അരുത് നിഷാദ അരുത് ' -,
അരുതരുതരുതെന്നോതീടാന്‍

അമ്മപ്പാല് കുടിച്ചൊരു മാറ്
മുറിച്ചു മുഴക്കും ജയഭേരി
ഉയിരിന്‍പാതി പതിയോ പത്നിയെ
പാതി വഴിയില്‍ വില്‍ക്കുന്നു.

ആരുണ്ടിവിടെ തടയാന്‍
'അരുത് നിഷാദ അരുത് ',
അരുതരുതരുതെന്നോതീടാന്‍.

2024, നവംബർ 29, വെള്ളിയാഴ്‌ച

അധികാരം



കിട്ടുമ്പോൾ
വളരുകയും
നഷ്ടപ്പെടുമ്പോൾ
ചെറുതാവുകയും
ചെയ്യുന്നത്

2024, നവംബർ 28, വ്യാഴാഴ്‌ച

ജീവിതമല്ലാതെ



ചിന്തയുടെ ഒരു വിത്തിനെ
ഭാഷയുടെ വളമിട്ട് ഞാൻ നടുന്നു
മുളയിട്ട് ചെടിയായി വാക്കിൻ്റെ -
വള്ളിയായി
അക്ഷരങ്ങൾ ചുറഞ്ഞു ചുറഞ്ഞു
കയറുന്നു

ഓരോ മനസ്സിലും ഓരോ ഭാഷയായി
വിവർത്തനം ചെയ്യപ്പെടുന്നു
കാണുമ്പോഴൊന്ന്,
വായിക്കുമ്പോൾ മറ്റൊന്ന്,
ചിന്തിക്കുമ്പോൾ വേറൊന്ന്

ചിലർക്ക് ജീവിതം പോലെ
ലിപിയില്ലാത്ത ഭാഷയായി
ഉറക്കെ ഉച്ചരിക്കപ്പെടുന്നത്
കവിത ജീവിതമല്ലാതെ മറ്റെന്ത്?

2024, നവംബർ 27, ബുധനാഴ്‌ച

മാമ്പഴക്കാലം



രസനയിലില്ലിന്നാ
രസമധുരം
രാസവിദ്യതൻ
കടും മധുരമല്ലാതെ

തത്തിക്കളിക്കുന്നുണ്ട്
വലിച്ചീമ്പിക്കുടിക്കുമാ
മാമ്പഴമധുരമിന്നുമെ-
ന്നോർമ്മയിൽ

മാങ്ങാച്ചുനതൻ ചുണയും -
ചൂരുമറിയില്ല കുട്ടികൾക്കിന്ന്
മാവു പൂത്ത വസന്തത്തെ
കണ്ടിട്ടേയില്ല
അറിയില്ല പഴയൊരാ പല -
മാമ്പഴപ്പേരവർക്ക്
പുതുപേരിൽ പുളകമണിയും
പളുങ്കുകളാണവർ

കനികൾതൻ തനിമയറിയില്ല -
വർക്ക്
കണ്ണഞ്ചിക്കും കനികൾ
മാർക്കറ്റിൽ കണ്ടു വളർന്നോര -
വർ

ഗ്രാമഹരിതക്കാഴ്ച്ചയും
കവിതമൂളും കാറ്റും
കുന്നേറി മരമേറി കൂത്താടി
കളിച്ചെത്തും
ബാലകരുമില്ലിന്ന്

പട്ടണത്തിൻ
പളപളപ്പിൽ
പൊങ്ങി നീന്താൻ വെമ്പൽ
കൊള്ളുവോരല്ലാതെ

2024, നവംബർ 26, ചൊവ്വാഴ്ച

നീറ്റൽ



നീ വെച്ചുപോയ വാക്കുകൾ
വെള്ളാരങ്കല്ലുകളാകുന്നു
അവ പൊടിഞ്ഞ,രഞ്ഞ്
രാകി മിനുത്ത് കൂർത്ത് നിൽക്കുന്നു

മൂർച്ചിച്ച നിൻ്റെ വാക്കുകളേറ്റ്
എൻ്റെ മാംസം ചോരച്ചു പോയിരിക്കുന്നു
ക്രൂരതയുടെ ഉപ്പും മുളകും പുരട്ടി നീ
നൊട്ടിനുണയുന്നു

സ്നേഹത്തിൻ്റെ മേമ്പൊടി ചേർത്ത്
ആലസ്യത്തിൽ നിറഞ്ഞൊഴുകുന്ന രതിപ്പുഴയായ് പടർന്നു നിന്ന നീ
രക്തപ്പുഴ,യൊഴുക്കി തിരിച്ചു പോകുന്നു

നീയേകിയ സ്വപ്നങ്ങളൊക്കെയും
ക്ഷണികമായിരുന്നു
നീയേകിയ സ്വാതന്ത്ര്യം മായയായിരുന്നു
പ്രണയം നിറഞ്ഞ എൻ്റെ ഞരമ്പിൽ നിന്നും
നീ ഒളിച്ചു കടത്തിയത് പ്രാണനെയായിരുന്നു

അടിവയറ്റിൽ അറപ്പിൻ്റെ സൂചിമുന -
കളാണിപ്പോൾ
ഉൾവേഴ്ചകളുടെ ഉൾനോവുകളിൽ
ഉയിരുടഞ്ഞു നീറുകയാണിപ്പോൾ

2024, നവംബർ 22, വെള്ളിയാഴ്‌ച

ശേഷിപ്പ്


ഇന്നത്തെ പുലരി കൊണ്ടുവന്നത്
നിൻ്റെ ഓർമ്മകളെയാണ്.
തണുത്ത കാറ്റ്
സ്വർണ്ണ നിറമുള്ള സൂര്യരശ്മി
നിറഞ്ഞു നിരന്ന വാകപ്പൂക്കൾ

പ്രഭാത വെയിൽ കായുന്ന കാക്കകൾ
ഈറനുടുത്തു നാണിച്ച പുൽനാമ്പുകൾ
ഇവയ്ക്കിടയിലൂടെ എത്രയോ വട്ടം
നാം കാട്ടിയ കുസൃതികൾ

നാം വട്ടംചുറ്റിയ കുറ്റിക്കാടുകൾ
നാം നമുക്കായ് കാത്ത്
കാലു കഴച്ച്
കണ്ണുകഴച്ച്
എത്രയോ വട്ടം.......

പറഞ്ഞിട്ടും പറയാത്ത
പാടിയിട്ടും മുഴുമിപ്പിക്കാത്ത
പറഞ്ഞാലും പറഞ്ഞാലും തീരാത്ത
കാര്യങ്ങളുമായി കാത്തിരിപ്പാണിന്നും

മഞ്ഞു വീണു പൊള്ളിയിട്ടും
വെയിൽ നനഞ്ഞുനീറിയിട്ടും
ഇലപൊഴിഞ്ഞ് ശോഷിച്ചിട്ടും
നിന്നെക്കുറിച്ചുള്ള ശേഷിപ്പുമായ് .....

2024, നവംബർ 21, വ്യാഴാഴ്‌ച

പുനർജനി

 



വെയിലും നിഴലും പിണഞ്ഞു -
കിടക്കുന്നു
ഉലഞ്ഞുണരുന്നു അവളുടെ -
മിഴികൾ.
അവൻ, പ്രണയത്തിൻ്റെ പ്രകാ-
ശവർഷകാലത്തിൽ

ഉറഞ്ഞു പോയ പ്രായം പ്രണയ -
ത്തിൻ്റെചൂളയിൽ തിളക്കുന്നു
പ്രണയത്തെ പിഴിഞ്ഞ് തൻ്റെ -
മാത്രം ചഷകത്തിൽ നിറയ്ക്കുന്നു

എളുപ്പം കൊളുത്താവുന്ന പുളപ്പൻ
മീനായി അവൾ മാറുന്നു
അവളെ മുന്തിരിച്ചാറുപോലെ ഉറുഞ്ചി-
ക്കുടിക്കുന്നു
ഇടറുന്ന ചുണ്ടുകൾ തമ്മിൽ കൊരുത്ത്
മറ്റൊരു കാലത്തിലേക്ക് അവർ പുനർ
ജനിക്കുന്നു .

2024, നവംബർ 20, ബുധനാഴ്‌ച

വിശ്വാസം


മുപ്പതുമുക്കോടി ദൈവങ്ങളിൽ
ഞാൻ വിശ്വസിക്കുന്നു
ദിവസവും മുട്ടുകുത്തി കുമ്പിട്ടു -
തൊഴുതു പ്രാർത്ഥിക്കുന്നവരുടെ
ശിലാ ദൈവങ്ങളെയല്ല
ഞാൻ രോഗത്താൽ തളർന്നു കിടന്ന
പ്പോൾ സഹായിച്ച
മുപ്പതു മുക്കോടി മനുഷ്യ ദൈവങ്ങളെ

എനിക് രക്തവും മാംസവുമായവരെ
അന്നവും ജലവുമായവരെ
ഉയിരും ഊന്നുവടിയുമായവരെ
ദൈവത്തോട് അല്ലാതെ സ്വന്തം
ഹൃദയത്തോട് പ്രാർത്ഥിച്ചവരെ

പ്രാർത്ഥിച്ച് സായൂജ്യമടയാൻ ഞാനാ -
ളല്ല
മണ്ണിൽ ചവിട്ടിനടന്ന് മനുഷ്യരെ സ്നേ-
ഹിക്കണം
മനുഷ്യരെ സഹായിക്കുന്നവരുടെ
സ്നേഹഗംഗയിൽ മുങ്ങണം
മണ്ണിനെ, മരങ്ങളെ, പ്രകൃതിയെ
മുപ്പതുമുക്കോടി ജീവജാലങ്ങളെ
ഞാൻ വിശ്വസിക്കുന്നു

2024, നവംബർ 19, ചൊവ്വാഴ്ച

മറവി



മറവിയുടെ ചാരനിറം വന്നു മൂടുന്നു
ദൂരെ വണ്ടി ചൂളം വിളിക്കുന്നു
സ്വപ്നങ്ങളെല്ലാം മൗനങ്ങളാകുന്നു
മൗനം ഒരു കൊത്തിവെച്ച ശില്പം

ഹൃദയത്തിലെ വേദനകൾ
വെന്തുവെന്തഴുകുന്നു
കത്തിച്ചു വെച്ച മെഴുകുതിരി പോലെ
ഉരുകുന്നു
ചിന്തയും, മനസ്സും
രണ്ടു ധ്രുവങ്ങളാകുന്നു

ഓരോ ദിവസമുണരുമ്പോഴും
പുതിയൊരാളാകുന്നു
കഴിഞ്ഞതൊന്നുമോർക്കാത്ത
വരുന്നതൊന്നുമറിയാത്ത
പുതിയൊരാൾ
അരണ ബുദ്ധിയാലൊരു ജീവിതം

കറുത്ത ഫലിതമാകുന്നു ജീവിതം
പിൻതുടരുന്ന കാലടികളെ -
അറിയാതെ വരുന്നു
ഭക്ഷണം വാരിയ കൈ വായിലേക്ക്
പോകുന്നു
വിശപ്പൊരു മായയായ് വലയം ചെയ്യുന്നു

മറവി ഒരമ്മയാകുന്നു
കൈ പിടിച്ച് നടത്തിക്കുന്നു
ചുമലിലിട്ടുറക്കുന്നു
സമയാസമയം ഭക്ഷണം തന്ന്
പാടിയുറക്കുന്നു

2024, നവംബർ 18, തിങ്കളാഴ്‌ച

പ്രിയം

 


കറുകനാമ്പിൻ
നിറുകയിൽ
മഞ്ഞുതുള്ളിയെ-
ന്നപോൽ
നിൻ്റെ നെഞ്ചിൽ
തലചായ്ച്ച്
പുലരിയൊന്നു കാ-
ണണം

2024, നവംബർ 17, ഞായറാഴ്‌ച

ബന്ധം




എത്രമാത്രം വേദനകളാണ് എന്നു
മവളിൽ
തിള,യെണ്ണയിലെ കടുകുകളാ,യൊ
ടുങ്ങുന്നത്
മൂടിവെച്ച പാത്രത്തിനകത്തെന്ന-
പോൽ
മറ്റാരും കേൾക്കാത്തതിനാൽ
വേദന വേദനയല്ലാതാകുമോ?!

വെറുതേയൊന്നു പൊള്ളിക്കുന്നതിൽ
അറിഞ്ഞോ, അറിയാതെയോ
നിങ്ങളും പങ്കാളികളല്ലെ?

ഗൂഡമായ ഒരു തിളപ്പിൽ
കനമില്ലാതങ്ങനെ പൊങ്ങിക്കിടക്കു-
മെങ്കിലും
അകക്കാമ്പ് അടിത്തട്ടിലോളമായി -
രിക്കാം

പൊട്ടിത്തെറിക്കാതെ അലങ്കാരപ്പെട്ട്
ചിരിയുടെ ചെറുതരികളായ് ഒളിവിതറു-
മെങ്കിലും
പൊട്ടി,യൊലിക്കുന്നുണ്ടാകുമുള്ളം

മനസ്സൊന്നു മാറിയാൽ
ചിതറിത്തെറിച്ചുപോകാവുന്ന കുടും
ബത്തെ
എത്ര സമർത്ഥമായാണ,വൾ ബന്ധത്തി
ൻ്റെ നനമണ്ണിൽ ആഴത്തിലമർത്തിവെച്ച്
കണ്ണീരിൻ ജലമണികളിറ്റിച്ച്
തഴച്ചുവളരുവാൻ വഴിയൊരുക്കി പാടു പൊടുന്നത്

2024, നവംബർ 16, ശനിയാഴ്‌ച

ഗ്രാമഭംഗി



ചോലവനഛായയിൽ
ചൂടൊന്നകറ്റവേ
കേൾപ്പുകാട്ടുചോലതൻ
സ്വച്ഛമാമാലാപനം

കാതിനുകുളിരായി
ഹൃത്തടം പ്രദീപ്തമായ്
സപ്തവർണ്ണാഭം
പ്രപഞ്ചമെന്നോർത്തു പോയി

കാട്ടിലെ കിളിയൊന്ന്
പാട്ടതാ പാടീടുന്നു
കൂട്ടുകാരിയെനീട്ടി വിളി -
ച്ചീടുന്നതാകാം

വാനത്തിൻ നെറുകയിൽ
തൊട്ടുതൊട്ടു നിൽക്കുന്ന
മരങ്ങൾ പുൽപ്പൊന്തതൻ
ഉടയാടചുറ്റിയും

വല്ലികൾചുറ്റിച്ചുറ്റി
പണിത വള്ളിക്കുടിൽ
പുഷ്പസുഗന്ധത്താലെ
പൂങ്കാവനമായും

എത്ര മനോഹരം
ഗ്രാമത്തിൻ നേർക്കാഴ്ചകൾ
നിലാവിനെരുചിച്ച
ചകോരമാണിന്നു ഞാൻ

2024, നവംബർ 15, വെള്ളിയാഴ്‌ച

ഭക്ഷണം



ഭക്ഷണത്തേക്കുറിച്ചേറെ -
പറയുവോർ
കൃഷകരെ ഒരുനേരമോർ -
ത്തിടേണം
അവരല്ലോ ചേറിൽ നിന്ന,-
ന്നം വിളയിച്ച്
നിത്യവും നമ്മളേ,യൂട്ടിടു-
വോർ
വൈവിധ്യമാർന്നുള്ള പോഷ -
കമേകിയും
നമ്മളേ നമ്മളായ് മാറ്റിടൂവോർ
ആദരിച്ചീടേണം അവരെ -
നമുക്കെന്നും
അനാരോഗ്യമില്ലാതെ പോറ്റു -
ന്നതിൽ
അന്നമെടുത്തു നാം മുന്നിൽ -
വെച്ചീടുമ്പോൾ
ഓർക്കുക പട്ടിണിപ്പാവങ്ങളെ
പാഴാക്കിടൊല്ലെ നാം ഒരു മണി
യന്നവും
വീതിച്ചു നൽകുക പാവങ്ങൾക്ക്

2024, നവംബർ 13, ബുധനാഴ്‌ച

കടൽ

 



കടലിനെ മനസ്സിലാവുന്നേയില്ല.
ഉൺമയേകുന്ന അമ്മയും,
പ്രതികാര ദുർഗ്ഗയും,
ഉന്മാദിനിയും, പ്രണയിനിയും.

ആരവത്തിനിടയിൽ
ഒരു നിശ്ശബ്ദത
നിശ്ശബ്ദതയിലേക്ക് ചൊരിയുന്ന
അലർച്ച,
വിചിത്ര ശബ്ദങ്ങൾ.

അലർച്ചയ്ക്കും, മുരൾച്ചയ്ക്കു -
മൊടുവിൽ
പാതിരാവിൽ തേങ്ങിക്കരയു-
മൊരു പെണ്ണ്
മീൻചാപ്പയ്ക്കരികിലോളം വന്ന്
ഉപ്പിട്ടുണക്കിയ മത്തി മണത്തിൽ
ഉരുണ്ടു പിരണ്ടൊരു പോക്ക്

ചിലനേരമവളൊരു സംഗിതസദസ്സ്
വല നെയ്യുന്നവരെ മാടി വിളിക്കൽ
ഓലകുത്തി മറച്ചുള്ള വീട്ടിലേക്ക് -
സാന്ത്വന നോട്ടം
കടലിനെ മനസ്സിലാകുന്നേയില്ല

2024, നവംബർ 12, ചൊവ്വാഴ്ച

നഴ്സറിപ്പാട്ട്

 


മുത്ത്


മുത്തശ്ശിക്കൊരു മുത്തുണ്ട്
മുത്തം നൽകും മുത്തുണ്ട്
മുത്തം നൽകിയ മുഖമാകെ
മത്തപ്പൂവു പോലുണ്ട്

തത്തപ്പെണ്ണിൻ ചുണ്ടാണ്
തത്തി തത്തി നടപ്പാണ്
തിത്തിത്താര പാടുമ്പോൾ
തിതൈ തിതൈ തുള്ളുമവൾ

2024, നവംബർ 11, തിങ്കളാഴ്‌ച

ജീവിതം



ഒരു തുള്ളി മഴനീരിൽ
നനയുന്നു മിഴിനീര്
ഒരു തുള്ളിതൻ തണു-
പ്പിൽ
കണ്ണുനീർക്കണച്ചൂട്
ജീവിതം എത്ര നിശ്ശൂന്യ -
മെന്നോർക്കുമ്പോഴും
ജീവിച്ചേ പോകുന്നു നാം
ജീവിതം ഒന്നേയുള്ളു

2024, നവംബർ 10, ഞായറാഴ്‌ച

അടിയന്തരാവസ്ഥ




അടമഴ
ഇടിയും മിന്നലും
സഹിക്കവയ്യ
പ്രകൃതിയുടെ അടിയന്താ-
വസ്ഥ.

പേരും, പെരുമയും, പോരും
ബാക്കിയാക്കി
എത്ര പേരെ മിന്നൽ പാച്ചലി -
ലൂടെ
ഇടിമുറിയിലടച്ച് ഒഴുക്കിക്കൊ-
ണ്ടുപോയിട്ടുണ്ട്.
തൊപ്പി വെച്ച ചില രൂപങ്ങളെ !
പുലിയേപ്പോലെ പേടിച്ചിട്ടുണ്ട്

എത്ര മക്കളെയാണ് നടുമുറ്റത്ത്
അs മഴയിൽ നിർത്തിയത്
എത്ര അച്ഛനമ്മമാരാണ്
തോരാമഴയായ് പെയ്തു തീർന്നത്

ഓർമ്മയുണ്ടോ ആ പഴകാലം
കരിവെള്ളൂരിലെ ചായക്കടയ്ക്കു-
മുകളിൽ
' അടിയന്താവസ്ഥ അറബിക്കടലിൽ '
എന്നെഴുതിയ വീര്യം

മറക്കരുത്, ഓർമ്മകളെ
ചരിത്രങ്ങളുടെ ചാലകങ്ങളെ

2024, നവംബർ 8, വെള്ളിയാഴ്‌ച

ഒറ്റച്ചിറകുളള പക്ഷി




ഒറ്റച്ചിറകുള്ള ഒരു പക്ഷിയാണു
ഞാൻ
പറക്കുവാൻ കഴിയാതെ
ഈ പാറപ്പുറത്തിങ്ങനെ.....

നാരകമാണ് ചുറ്റും
നരകത്തിലേക്കുള്ള പാത -
യെവിടെ
വറ്റിയ പുഴയിലെ വേലിയേറ്റ-
മെവിടെ !

ഒലീവിലക്കൊമ്പിൽ
ചത്തു കിടക്കുന്നു
കവിതയിലെ സമാധാനത്തിൻ്റെ
ദൂതൻ

പൂക്കളുടെ പവിത്രത -
ചവിട്ടിമെതിക്കപ്പെട്ടു
കവിതയുടെ കടിഞ്ഞൂൽ പ്രസവ
ത്തിന്
കംസനെപ്പോലെ കാവലാളായി
കഴുകകൊക്കുകൾ

വരും
വരാതിരിക്കില്ല പുലരി
പാപം ചെയ്യാതവർ മാത്രം
കല്ലെറിയട്ടേയെന്ന്
കല്പിക്കാൻ



2024, നവംബർ 7, വ്യാഴാഴ്‌ച

നീ

 


പവിഴമല്ലിപൂത്തുനിന്ന
പ്രാതസ്സന്ധ്യപോൽ നീ.
ചാരുവാ,മൊരു ചെമ്പ-
കച്ചേലൊത്ത സന്ധ്യ -
പോൽ നീ.

2024, നവംബർ 6, ബുധനാഴ്‌ച

നഷ്ടപ്രണയം




തനിയേ നനയേണ്ടുന്നചില മഴ -
കളുണ്ട്
പുതിയ ആകാശംതേടിപ്പറന്ന
ചിറകൊതുക്കത്തിൽ
ഒരുപാട് മധുരിക്കുന്നോർമ്മയുടെ
ചതുരനെല്ലിക്കതൻ രുചിയുണ്ട്

പ്രിയപ്പെട്ടവളേ,
നവരാത്രി ദീപംപോലെ നിറന്നു -
കത്തുന്നു നീയുള്ളിൽ
മിണ്ടാതെ പറയാതെ എൻ്റെ കൈ -
പിടിച്ചു നടന്നവളാണു നീ

വാക്കിനാൽ വരയ്ക്കുവാൻ കഴിയില്ല
നിന്നെ
പ്രണയ സമവാക്യം മാറ്റിയെഴുതി നീ
സ്വപ്ന, സ്വാതന്ത്ര്യ പുതു ചിറകു -
നൽകി നീ

ഇഷ്ടങ്ങളാലെത്ര നഷ്ടം സഹിച്ചു നീ
കഷ്ടങ്ങളേയെത്ര കോരിക്കുടിച്ചു
കണ്ടുനിൽക്കാൻമാത്രമെന്നെ
കാത്തു നിന്നില്ല നീ
വിളിച്ചാൽ വിളിപ്പുറത്തിറങ്ങി വന്നേനെ

കാലങ്ങളെന്തല്ലാം കാട്ടുന്നു മായം
എങ്കിലുമെന്നുമെന്നുള്ളിൽ വസിപ്പു നീ

2024, നവംബർ 4, തിങ്കളാഴ്‌ച

നട്ടുവൻ



നട്ടുവൻ
നാട്യം കണ്ടുനടന്നു
നാട്യങ്ങളൊട്ടുമില്ലാതെ
നാട്ടിലൂടെ

രാവും പകലുമില്ലാതെ
കറുപ്പും വെളുപ്പുമില്ലാതെ
പകർന്നാട്ടങ്ങളും
പടപ്പുറപ്പാടുകളും കണ്ട്

കൂത്തമ്പലത്തിലൂടെ
കുണ്ടനിടവഴിയിലൂടെ
നഗര ഗലികളിലൂടെ
നട്ടുച്ചയിലെ പാതിരയിലൂടെ

വാഹന തിരക്കുകളിലൂടെ
ആശുപത്രി അലമുറയിലൂടെ
അമ്പലപ്പറമ്പിലൂടെ
പട്ടിണി പേക്കോലങ്ങളിലൂടെ

കൊഴുത്ത രാത്രികളിലൂടെ
കൂത്താടും രതിക്രീഡകളിലൂടെ
കള്ളച്ചൂതുകളിലൂടെ
ബാറിലെ മേളങ്ങളിലൂടെ

മാവേലി താഴ്ന്നുപോയത്
നന്നായെന്നോർത്ത്
നടന്നു
നട്ടുവൻ

2024, നവംബർ 3, ഞായറാഴ്‌ച

അവൾ


കല്ലൊതുക്കു കടന്നവൾ
കാട്ടുവഴിയേ നടക്കുന്നു
നടക്കവയ്യ ;എങ്കിലും, കൊറ്റി -
നുള്ള വകതേടി പോകാതിരി -
ക്കുവതെങ്ങനെ
അന്തരംഗം ചൊല്ലുന്നു
ചുഴലുന്നിതുബോധവും.

യൗവ്വനത്തിൻ്റെ തളിർപ്പിൽ
അരങ്ങിലാട്ടവിളക്കായ്,
വെളിച്ചമായ് നിൽക്കേണ്ടവൾ
കരിന്തിരിയായ് കത്തിപ്പുകഞ്ഞു -
കൊണ്ടിരിക്കുന്നു .

പാകമായ കതിരുപോൽ
കാറ്റിലൂറ്റം കൊള്ളേണ്ടവൾ
പതിരുപോലെ ചാഞ്ഞുവീണു -
ചീഞ്ഞുകൊണ്ടിരിക്കുന്നു .

സലീലമാം കവിതയാകേണ്ടവൾ
സൊല്ലയെന്നു മൊഴിഞ്ഞു മുഷി-
യുന്നു
കല്ലോലിനിയായ് കുളിർവാർക്കേ -
ണ്ടവൾ
വറ്റിവരണ്ട തടിനിയായ് മാറുന്നു .

ഫുല്ല പുഷ്പമായ് സുഗന്ധമാവേ-
ണ്ടവൾ
വല്ലാതെ മാഴ്കിയുഴലുന്നു
ഓട്ടുവിളക്കായ് തെളിയേണ്ടവൾ
ക്ലാവു പിടിച്ചു കിടക്കുന്നു

വെള്ളിലാവള്ളിയായ്
കർപ്പൂരദീപ്തിയായ് വാഴേണ്ടവൾ
വിശപ്പു വറ്റിയ വയറുമായ്
കൊറ്റു തേടി നടക്കുന്നു

2024, നവംബർ 2, ശനിയാഴ്‌ച

ഉഷ്ണമേഖല





സുനിശ്ചിതമാണ് മരണം
അനിശ്ചിതമാണ് അലച്ചിൽ
ചോരച്ചു പോയി ഓർമ്മകൾ
ചേർത്തുവെയ്ക്കാൻ കഴിയാത്ത
ജീവിതം

മിഴികളെന്നേ വറ്റി
മൊഴികളും.
തായ് വേരറ്റ
തെളിനീരറ്റ ജന്മം

പാലുകൊടുത്തവയെല്ലാം
പാമ്പുകളായി
ശശമെന്നു കരുതിയത്
വ്യാഘ്രം

തളർച്ചയുടെ താഴ്ച്ചയിൽ
ചതുപ്പിൽ പുതഞ്ഞിരി -
പ്പാണിപ്പോൾ
ആശതന്നവൾ തന്നില്ല
ആശ്വാസത്തിൻ്റെ ഒരു -
കണിക പോലും

ശാന്തിയുടെ പച്ചപ്പാകേണ്ട -
യിടം
അശാന്തിയുടെ
ഉഷ്ണമേഖല


2024, നവംബർ 1, വെള്ളിയാഴ്‌ച

കുട്ടിക്കവിത



ആശ



കാറ്റിനെപ്പോലെ പറക്കാൻ മോഹം
കാട്ടിലെ കുഞ്ഞനിലയ്ക്ക്
ചിറകില്ലാതെ പറക്കുവതെങ്ങനെ
സങ്കടമായി,യിലയ്ക്ക്
ഒരു നാൾ നീയും പറക്കുമെന്ന്
ചൊല്ലി കാറ്റു പതുക്കെ
തളിരില മൂത്തു പഴുത്തു ഒരുനാൾ
ഞെട്ടറ്റുടനെ വീണു
കാറ്റിൻ കൈകൾ താങ്ങിയെടുത്തു
പറത്തി ആകാശത്തിൽ
അശകൾ നിറവേറ്റീടിന കാറ്റിനു
നേർന്നു ഇല ആശംസ