malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, ഡിസംബർ 29, ഞായറാഴ്‌ച

കടം


കടം കുടിച്ചു കുടിച്ച്

കണ്ണീരു വറ്റി

ചോരച്ച ചോദ്യകൾ

നീലിച്ചു കിടക്കുന്നു

കൈവിട്ട കളിയാണ്

ജീവിതം


വാക്കിൻ്റെ വീക്കേറ്റ്

മൗനം തിണർത്തുനിൽ

ക്കുന്നവന്

കവിതയുടെ കച്ചിത്തുരു

മ്പുപോലുമില്ല

ആശയ്ക്ക് വകയായി


കവിതയും

പ്രണയവും

എഴുതുവാൻ കൊള്ളാം

ഘോര ഘോരം പ്രസംഗിക്കാം

പറഞ്ഞു പറഞ്ഞു പൊലിപ്പിക്കാം


കടംകൊണ്ട്

കാടുകയറിയവന്

കയർക്കുരുക്കിട്ട്

കൊരളു പറിച്ചു കൊടുക്കയല്ലാതെ

ഗതിയെന്ത് ?

2024, ഡിസംബർ 27, വെള്ളിയാഴ്‌ച

തബലത്താളം



വിരലുകൾ മീട്ടും നാദം
വിസ്മയമാന്ത്രികതാളം
രൗദ്രം, ഘോരം, ശാന്തം, -
സൗമ്യം
സ്നേഹം, സാന്ത്വന പ്രണ-
യവിലോലം

താളക്കൂത്തിലിലലിഞ്ഞു -
ചേരും
ഹൃദയം മറ്റൊരു സ്വർഗ്ഗം -
കാണും
ആഴിത്തിരകൾ എന്നതു -
പോലെ
ആഞ്ഞു പതിച്ചു പതഞ്ഞു -
നുരയും

ഡമരു,ശംഖ്,കുതിരക്കുളമ്പടി
തബലയിൽ താളം വിസ്മിത -
നിമിഷം
ലോകം മുഴുവൻ ലാളനമേറ്റു
പാരാവാര വീചികളായി

ഇല്ലിനി താളം ഇല്ലെന്നാകിലും
അലയടിയായെൻ നെഞ്ചിൽ -
ഉണ്ടാം

................................
കുറിപ്പ്: തബല മാന്ത്രികൻ സാക്കിർ
ഹുസൈനെ ഓർക്കുമ്പോൾ

2024, ഡിസംബർ 22, ഞായറാഴ്‌ച

ഭയം

 


ഇരുട്ടും എകാന്തതയും
ഇടവഴിയിലിരിക്കുന്നു
ഭയം പതയിലെ കുമിളകൾ -
പോലെ പൊട്ടി
ഞാൻ ചുരുങ്ങി ചുരുങ്ങി,യി -
ല്ലാതാകുന്നു

ചിന്തകൾ കാടുകയറി
വികാരങ്ങളാൽ മൂട-
പ്പെടുന്നു
കുറ്റിച്ചെടികൾ ചെന്നായക -
ളെപ്പോലെ
പല്ലിളിച്ചു നിൽക്കുന്നു.

തുളുമ്പി വീണതുള്ളികൾ
പോലെ
വിതുമ്പിപ്പോകുന്നുണ്ട്
സടകുടഞ്ഞ ഭയത്തിൻ്റെ -
വക്ത്രത്തിൽ
മൂർച്ഛിച്ചുവീണ ഞാൻ.


2024, ഡിസംബർ 17, ചൊവ്വാഴ്ച

കാട്ടു പെണ്ണ്



കാട്ടുചോല താളംകേട്ട്
പാട്ട് മൂളണ പെണ്ണേ
മഞ്ഞുതുള്ളിയിൽ
കതിരൊളിപോൽ
മിഴി തിളങ്ങുവതെന്തേ

കാട്ടുചെമ്പക പൂക്കണക്കെ
പൂത്തുനിൽക്കണ പെണ്ണേ
കറുകനാമ്പിൻ തിരികൾ
ചുണ്ടിൽ
വിരിഞ്ഞു നിൽക്കുവതെന്തേ

കാവുതോറും കവിത മൂളി
പാറിവരും കാറ്റേ
കന്മദപ്പൂമേനിയാളുടെ
മന്മഥനെ കണ്ടോ

കുഞ്ഞുകാതിലാട്ടി നിൽക്കും
പൊന്നരിപ്പൂപെണ്ണേ
കവിളിണകളിൽ കള്ളനാണം
തുള്ളി നിൽക്കുന്നെന്തേ

2024, ഡിസംബർ 15, ഞായറാഴ്‌ച

നിർവചിക്കപ്പെടുമ്പോൾ



പ്രണയിയെപ്പോലെയവൻ
ഒരു വിളിപ്പാടകലെ കാത്തിരിക്കുന്നു
നൂപുരധ്വനികളെ
രാത്രിയുടെ ഏകാന്ത സംഗീതമാക്കി
എന്നെ ഉന്മത്തയാക്കുന്നു

ശ്വാസനിശ്വാസം പോലെ
താള നിബദ്ധമായി എന്നിലൊഴുകുന്നു
തെറ്റും ശരിയും ചികയാതെ
അവനിലണയാൻ ഞാൻ വെമ്പൽ
കൂട്ടുന്നു

ചാമ്പ മരച്ചുവട്ടിൽ അവൻ ചുവന്നു -
തുടുത്ത്
ചെറി മരച്ചുവട്ടിൽ ചിരിച്ച് തളിർത്ത്
ഏഴിലംപാലപോലെ പ്രലോഭിപ്പിച്ച്
മരിക്കുവാൻ പോകുന്നവൾക്ക് എന്തി
നീ ചിന്താഭാരമെന്ന്
മൗനമായി ചിരിച്ച്

പക്ഷേ,
ചില വേരുകൾ ആഴങ്ങളിൽ നിന്ന്
അമർത്തിപ്പിടിക്കുന്നു
മരണത്തിൻ്റെ മുഖത്തിനുനേരെ
വാതിൽ കൊട്ടിയടക്കപ്പെടുന്നു

അറ്റുപോകാത്ത ജീവൻ്റെ
വറ്റാത്ത ഒരു പേന
ജീവിതത്തിന് പുതിയൊരു
നിർവചനമെഴുതിച്ചേർക്കുന്നു

2024, ഡിസംബർ 12, വ്യാഴാഴ്‌ച

അമ്മയും ഞാനും

 കുട്ടിക്കവിത



അമ്മേ, അമ്മേ നോക്കമ്മേ
തുമ്പപ്പൂവു വിരിഞ്ഞമ്മേ
തുമ്പപ്പൂവു പറിക്കട്ടെ
തുമ്പച്ചോറു ഞാൻ വെക്കട്ടെ

അയ്യോ, വേണ്ട പൊന്നുണ്ണി
തുമ്പപ്പൂവ് പറിക്കല്ലെ
തുമ്പികൾ വന്നു രസിക്കട്ടെ
തുമ്പപ്പൂമധുവുണ്ണട്ടെ

തുമ്പികൾ പൂവിലിരുന്നെന്നാൽ
തുമ്പിച്ചിറകു പിടിക്കും ഞാൻ
വാലിൽ നൂലിൻ കെട്ടിട്ട്
വാനിടമാകെ പറത്തും ഞാൻ

പാടില്ലുണ്ണി പൊന്നുണ്ണി
പാപ ചിന്തകൾ മാറ്റുണ്ണി
ഉണ്ണിക്കമ്മയെന്നതു പോലെ
തുമ്പിക്കല്ലോ പൂച്ചെടികൾ

നമ്മേ പോലെ തന്നുണ്ണി
നമുക്കു ചുറ്റും അറിയുക നീ
തനതായുണ്ടാവയല്ലാം
തനിമകൾ നിലനിർത്തീടട്ടേ

2024, ഡിസംബർ 11, ബുധനാഴ്‌ച

പ്ലാസ്റ്റിക്



ചന്തമേറീടിന സഞ്ചിയുമായി
ചന്തയിൽ നിന്നൊരാൾ പോരുന്നു
സുരക്ഷയിതല്ലാതെ വേറെയെന്തു -
ണ്ടിന്നീ
സൗകര്യപ്രദമായ സഞ്ചി വേറെ!

ചിന്ത വെടിഞ്ഞിന്നു ചന്തത്തിലാ-
ണല്ലോ
കാമ്പെന്നു കരുതുന്നു നമ്മളെല്ലാം
പ്ലാസ്റ്റിക്കു കൊണ്ടുള്ള പാരിസ്ഥിതി -
കഫലം
ഓർക്കുവാനൊട്ടുമേ നേരമില്ല

പ്ലാസ്റ്റിക് കിറ്റെങ്കിൽ കുറ്റമില്ലെന്നുള്ള
ചിന്തകൾ നമ്മൾ വെടിഞ്ഞിടേണം
മണ്ണോടുമണ്ണായി,യലിഞ്ഞു ചേർന്നീ-
ടാതെ
മണ്ണിനെ പ്ലാസ്റ്റിക് കൊന്നീടും

ജീവനെ കാർന്നുതിന്നീടുന്ന മാരക -
രോഗങ്ങൾ നമ്മൾക്കായ് കാത്തു -
വെയ്ക്കും
തലയറ്റു പോയിടും ഭാവിതലമുറ
അലമുറയായി അവശേഷിക്കും

ഓർക്കുക;
മറ്റൊരു ഭൂമിയെ സൃഷ്ടിക്കാൻ
ആവില്ലയെന്നുള്ള പരമസത്യം

2024, ഡിസംബർ 5, വ്യാഴാഴ്‌ച

മനസ്സിലാവാത്തത്


മനുഷ്യനെ
മനസ്സിലാവുന്നേയില്ല
സോളമൻ്റെ ഗുഹപോലെ
നിഗൂഢം

മോഹിപ്പിക്കാനൊരു
സ്നേഹം
തട്ടിപ്പിൻ്റേതായ
സൗഹൃദം

കൃത്രിമത്വത്തിൻ്റെ
പുഞ്ചിരി
അർത്ഥശൂന്യമായ
വാക്കുകൾ

അറപ്പിൻ്റേയും,
വെറുപ്പിൻ്റേയും
അഴുക്കു
വസ്ത്രമണിഞ്ഞ്
സുഗന്ധതൈലം പുരട്ടി
രൂപാന്തര
പ്രാപ്തിയായ ജീവി

ഭോഗത്തിനും
വിജയത്തിനുമായി
വീതം വെപ്പിൻ്റേയും
ഘോഷയാത്രയുടേയും
ചതുരംഗക്കളി

മനുഷ്യനെ
മനസ്സിലാവുന്നേയില്ല






2024, ഡിസംബർ 3, ചൊവ്വാഴ്ച

ഒറ്റ സ്നാപ്പിൽ ഒതുക്കാൻ കഴിയാത്തത്




പച്ചയിരുട്ടിലേക്ക് പമ്മി പമ്മി നടന്നു.
പാട്ടു പാടുന്നു അരുവിയും, കുരുവിയും
പത്രങ്ങളാൽ മെത്ത വിരിച്ചിരിക്കുന്നു -
മേദിനി
മുളയിട്ടു മുഖമുയർത്തി നോക്കുന്നു
ഇളം തൈകൾ

ചിലപ്പോൾ;
ഉള്ളമൊരു മഴക്കാടാകുന്നു
മറ്റു ചിലപ്പോൾ,
ഹിമ മൗനം അകം പുറം നിറഞ്ഞു നിൽ-
ക്കുന്നു
കണ്ടു തീരാത്ത, മിണ്ടിത്തീരാത്ത,
ഒപ്പമിരുന്ന് കൊതി തീരാത്ത പ്രണയിനി -
യാകുന്നു

ചിന്തയ്ക്ക് പ്രകാശമാകുന്നു
മുറിഞ്ഞ വാക്കുകളുടെ തുടർച്ചയാകുന്നു
അറിവാഴങ്ങളെ കാട്ടിത്തരുന്നു
കുളിരുകളെ കളി നനവോടെ ഊതി വിടുന്നു

കാട് ഒരു പച്ചക്കടൽ
ഇരുളാർന്നൊരാകാശം
ഉള്ളിനെ പൊള്ളിക്കുമൊരു മരുഭൂമി
ഒപ്പിയെടുക്കുന്നു ഹൃദയമൊരു ചിത്രം

എങ്കിലും ;
ഒറ്റ സ്നാപ്പിൽ
ഒതുക്കുവാൻകഴിയുകയില്ല
കാടിനെ !

2024, ഡിസംബർ 2, തിങ്കളാഴ്‌ച

ഏകാക്ഷരി




അവസാനത്തെ മഴയുടെ
കുറിമാനം വരച്ചിട്ട മണ്ണിൽ
അവൻ നിന്നു
നീലച്ച ആഴങ്ങൾ അവൻ്റെ
മനസ്സിൽ
തെളിഞ്ഞു നിന്നു
കണ്ണിലൊരു മഴക്കാലം
ഇരമ്പി വന്നു

പുഴ മഴയെ,യെത്തിപ്പിടി
ക്കുമ്പോൾ
അവളുടെ മുഖത്ത് മീനുകൾ
ചുംബിച്ചതിൻപാട് അവിടവിടെ
ഉണ്ടായിരുന്നു

പെരുവഴിയിലെ പൊന്തക്കാടുകൾ
ഒന്നും മിണ്ടാതെ നിൽക്കുകയായി
രുന്നു
നിയോഗങ്ങളുടെ ഉലച്ചലിൽ
മടങ്ങാതെ വഴിയില്ലല്ലോ

മഴക്കാലം ചായം പിടിപ്പിച്ച പച്ച
ദു:ഖത്തിൻ്റേതു കൂടിയെന്ന് അവ
നറിഞ്ഞു
കാടിറങ്ങി വന്ന കവിത അവളിൽ
കണ്ണു ചിമ്മിനിന്നു
അവളെന്ന ഏകാക്ഷരി ചലനമറ്റു
നീണ്ടു നിവർന്നു കിടന്നു

2024, ഡിസംബർ 1, ഞായറാഴ്‌ച

സത്യം



പകലിരുട്ടി വെളുക്കുന്നു പിന്നെയും
നമ്മൾ നിത്യവും ഓടിത്തളരുന്നു
എന്തു ചെയ്യേണ്ടു,യെന്നറിയാതെ
തലയിൽ തീയുമായ് വെന്തു നീറീടുന്നു

തെറ്റു ചെയ്താലും തെഴുത്തു നിൽക്കും
ചിലർ !
ശരി,യുരച്ചീടിലും തോറ്റുപോയിടും പലർ.
പാതിസത്യം  പൊതിഞ്ഞുവച്ചീടുവോർ
പരകായപ്രവേശം നടത്തുവോർ

നിർവചിക്കുവാൻ കഴിയില്ലയൊട്ടുമേ
മർത്യചിത്ത സഞ്ചാര പഥങ്ങളെ
നോവിനെ തേവിയുണർത്തുന്നു നിത്യവും
നാവിനെപ്പോലെ മൂർച്ച മറ്റെന്തുണ്ട് !!

വിസ്മയം മർത്യ ജീവിതം ഓർക്കുകിൽ
കാര്യമൊട്ടില്ല,യെന്നും നിനച്ചിടാം
കോട്ടകൾ കെട്ടിവാണിടുന്നോരു,മീ
എഴയാ,യാഴ്ന്നു വീണു കിടപ്പോരും
അസ്തമിച്ചിടാം ഒറ്റമാത്രയി, ലെന്ന-
സത്യത്തെ തൊട്ടു നിൽക്ക നാം