malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ഫുട്പാത്തിലെ നിഴൽ


ശൂന്യതയിലേക്കു നോക്കി
നെടുവീർപ്പിൻ്റെ ഒരു ശൂ -
വരയ്ക്കുന്നു
ആകാശ മേൽക്കൂരയിൽ
കരിമേഘ തൂവാല പാറിക്ക -
ളിക്കുന്നു

ചാറ്റൽ മഴയുടെ ചില്ലറ -
മണികൾ
പിച്ചപ്പാത്രത്തിൽ വീണു
കിലുങ്ങുന്നു
കൂനിക്കൂടിയ ദേഹം ഒന്നുകൂടി -
കുനിയുന്നു
കാക്ക തൂറിയ ഗാന്ധിയുടെ തല
തിളങ്ങിത്തന്നെ നിൽക്കുന്നു

പല്ലുപോയ മോണയിൽ
നാവ് തുഴഞ്ഞു കൊണ്ടേയിരി-
ക്കുന്നു
ഒരു പത്തു രൂപ നോട്ട് പാറി വീഴു -
ന്നു പാത്രത്തിൽ
പീളകെട്ടിയ കണ്ണുയർത്തി നോക്കു-
മ്പോൾ
ഫുട്പാത്തിലൂടെ നടന്നു നീങ്ങുന്നു -
ഒരു നിഴൽ

നിഴൽ നീണ്ടു പോയിട്ടും
താഴ്ത്താത്ത കണ്ണുകൾ
തുഴഞ്ഞു കൊണ്ടേയിരിക്കുന്നു
നിഴലിനെ

ഓണനാളിൽ




പച്ച വിരിച്ചൊരു കുന്നിൽ
പിച്ചകം പിച്ചവെയ്ക്കുന്നു
മഞ്ഞുലാവുന്ന പുലരി
മുല്ല മലരണിയുന്നു
തെല്ലെഴുന്നേറ്റുനോക്കുന്നു -
തെറ്റി
തെറ്റു വഴിപ്പൊന്ത തന്നിൽ
ചിങ്ങമണഞ്ഞതു കാണാൻ
കണ്ണൂച്ചിങ്ങ കൺ തുറന്നു -
നോക്കുന്നു
ഓണമായോണമായ് പാടി
ഓലേഞ്ഞാലിയോലത്തുമ്പി -
ലാടി

2025, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

ഒച്ച്


ഒച്ചയില്ലാതെ പിച്ചവെയ്ക്കുന്നു -
ഒരൊച്ച്
അറപ്പിൻ്റെ വെറുപ്പ് നുരയുന്നു
തണുപ്പുള്ള വെളുപ്പിന്, രാത്രിയിൽ
അടുക്കള ചുമരിൽ,അടച്ചൂറ്റിയുടെ -
വക്കിൽ,വഴിയിൽ ,വാഴച്ചുവട്ടിൽ

കുളിമുറിയിൽ കൊമ്പുയർത്തി -
വീക്ഷിക്കുന്നു
തൊണ്ടയിൽ നിന്നൊരു വഴുവഴു -
പ്പിഴയുന്നു
ഓക്കാനത്തിൻ്റെ ഒച്ച ചർദ്ദിക്കുന്നു

കടലാസിലെടുത്ത്
ഉപ്പിട്ടു പൊതിഞ്ഞുകെട്ടി
വലിച്ചെറിഞ്ഞു വരുമ്പോൾ
കവിതയായ് കിനിഞ്ഞിറങ്ങുന്നു -
ഒച്ച്

ഞാനിവിടെയൊക്കെതന്നെ -
യുണ്ടെന്ന
മിനുമിനുത്ത ഒരു വഴി ബാക്കിവെച്ച്

2025, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

അത്തം പത്തോണം



മുറ്റത്തു മുക്കുറ്റിപ്പൂവു പൂത്തു
മത്തപ്പു മെല്ലെ മൊഴിഞ്ഞിടുന്നു
മുല്ലപ്പു മലയാള ഗന്ധവുമായ്
മെല്ലെ തലയാട്ടി നിന്നിടുന്നു

അത്തമിങ്ങെത്തിയെന്നമ്മു-
ചൊല്ലി
അത്തിമരത്തിലെ കിളിയും-
ചൊല്ലി
തെച്ചിമലർ മിഴിനീട്ടി നോക്കി
അത്തം പത്തോണമെന്നാടി-
പ്പാടി

2025, ഓഗസ്റ്റ് 23, ശനിയാഴ്‌ച

മനസ്സ്


ആകാശം പോലെയാണ്
മനസ്സ്
ആഴമളക്കുവാൻ
ആകാത്തത്

2025, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

അനുഭവം


മറക്കുവാൻ ശ്രമിക്കുന്നതാണ്
മനസ്സിലേക്ക് ഓടിയെത്തുന്നത്
ഇഷ്ടമില്ലാത്തതാണ്
നഷ്ടമാകാതിരിക്കുന്നത്
കഷ്ടമെന്നല്ലാതെന്ത്
കുഷ്ഠം പോലെ പേറേണ്ടുന്നവ.

എങ്കിലും;
ദു:ഖ കടലിനു മേലെ
കെട്ടുന്നുണ്ടു നാം
സന്തോഷത്തിൻ്റെ ഒരു പാലം
ഏതു നിമിഷവും വീഴുമെന്നറിഞ്ഞിട്ടും
ഭയമൊട്ടുമില്ലാതെ സഞ്ചരിക്കുന്നു നാം

വിപ്ലവത്തിൻ്റെ പേരാണു ജീവിതം
വരച്ചു വെയ്ക്കുന്നുവതിൽ നാം
നമ്മളെ
നീറ്റലും, ഉരുക്കവും തന്നെ
ജീവിത ഔഷധവും
മുള്ളിനെ മുള്ളു കൊണ്ടെടുക്കുന്ന
വിദ്യ

നമ്മളെ നമ്മളാക്കുന്നത്
സന്തോഷം മാത്രമല്ല
കഴിഞ്ഞ കാലത്തിൻ്റെ
കോറിയിടലും
വർത്തമാനത്തിൻ്റെ വർണ്ണപകിട്ടും
അറിയാതെ വന്നു ചേരും
അനുഭവവും

2025, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ഉത്തരമില്ലാത്ത ചോദ്യം


ചിന്തകൾക്കില്ലിന്ന്
പണ്ടത്തെപ്പോൽ ചന്തം
ചിത്രം വിചിത്രമിതെന്നേ-
പറയേണ്ടു

ചിത്തത്തിലിപ്പോഴും
ചെത്തി നടക്കുമാ
ബാല്യകൗമാരത്തി-
ന്നോർമ്മ തിളയ്ക്കുന്നു

ഉദ്യോഗമെന്നൊരധി-
കാര കസേരയിൽ
തന്ത്രം മെനഞ്ഞു
കളഞ്ഞുള്ള കാലങ്ങൾ
സമ്പത്തിനായി കുതന്ത്ര -
ങ്ങൾ കാട്ടി
സ്വരൂപിച്ചതൊക്കെയും
വ്യർത്ഥങ്ങളാകയും

നഷ്ടമായില്ലെൻ്റെ
യുവത്വമെന്നറിയിക്കാൻ
കോപ്രായമോരോന്നു
കാട്ടിക്കൂട്ടീടിലും
അനുദിനം കായബലം
നഷ്ടമായി
അസ്വസ്ഥത മാത്രം
ബാക്കിയായീടുന്നു

ധന്യതയെന്നൊക്കെ
ചൊല്ലാൻ ബഹുകേമം
ധാത്രിയിൽ ജന്മമെടുത്ത
തെന്തിന്നായി?!
ലക്ഷ്യമിതെന്തെന്നറി-
യാതെ മാനവൻ
ഉത്തരമില്ലാത്ത ചോദ്യമായ്
തീരുന്നു.

2025, ഓഗസ്റ്റ് 13, ബുധനാഴ്‌ച

രാവും പകലും


വൃദ്ധനാം സൂര്യൻ
പടിഞ്ഞാട്ടു മുറുക്കി തുപ്പി
മന്ദം മന്ദം ചരിവിലേക്കിറ -
ങ്ങിപ്പോയി

പൂച്ചപ്പാദവുമായി പതുങ്ങി
വരുന്നുണ്ട്
വെളിച്ചം മൂടി മൂടി
കമ്പിളി പുതപ്പുമായ്
കിഴക്കെൻ രാവ്

പടിഞ്ഞാറെത്തിയിട്ടും
എത്രമേൽ ശ്രമിച്ചിട്ടും
കിട്ടിയതില്ല സൂര്യനെ
രാത്രിഞ്ചരന്

തിരിഞ്ഞു നോക്കുന്നേരം
കമ്പിളി ചുരുട്ടിക്കൂട്ടി
ചിരിച്ചു നിൽക്കുന്നതാ
കുസൃതി കുരുന്നാകും
ബാല സൂര്യൻ

കഴിയാത്തത്


പാലിൽ കലക്കിയ
പഞ്ചസാരയാണു -
നമ്മൾ
എന്നിൽ നിന്നും
എങ്ങനെ നിന്നെ
മാറ്റിയെടുക്കാൻ -
കഴിയും

2025, ഓഗസ്റ്റ് 9, ശനിയാഴ്‌ച

യുവധാര ആർട്സ് & സ്പോർട് ക്ലബ്ബ്



പോക്കറ്ഹാജിയുടെ പീടിക ഞാലി-
യായിരുന്നു
യുവധാര ആർട്സ് & സ്പോർട് ക്ലബ്ബ്

മാതൃഭൂമി, മനോരമ, ദേശാഭിമാനി
മൂന്നു പത്രങ്ങളും മുഴുവൻ ദിവസവും
വായിക്കൻ ആളുകൾ വന്നും പോയു-മിരുന്നു

പുതുമഴ പെയ്ത ഒരു മൂവന്തിക്ക് -
മുപ്പട്ടാണ്
പൂക്കുറ്റി ശബ്ദം പോലെ ശൂ..... വെച്ചു -
കൊണ്ട്
കോട്ടെരുമക്കൂട്ടം ക്ലബ്ബിലേക്ക് കയറി - യത്
കരി,ഓയലടിച്ച കഴുക്കോലും വാരിയും -
പോലെയായി ഞാലിയുടെ ഉത്തരം.

വേനലും, മഴയും വന്നും പോയുമിരുന്നു
കാലങ്ങൾ മാറി മറിഞ്ഞു വന്നു
കോട്ടെരുമകാരണം ആളുകളും -
കുറഞ്ഞു
ക്ലബ്ബ് തുറക്കാതായി
ചുവന്ന ബോർഡിലെ വെള്ളെഴുത്തിൽ
യുവധാര നോക്കുകുത്തിയായി

നാട്ടിലെ ചെറുപ്പക്കാർ ഒത്തുകൂടി
ഓടുമാറ്റി കഴുക്കോലു വൃത്തിയാക്കു-
വാൻ തീരുമാനമെടുത്തു
അന്നാണ് ഞാലി പൊളിഞ്ഞ്
യുവധാര ആർട്സ് & സ്പോർട് ക്ലബ്ബ് പൊലിഞ്ഞു പോയത്

ഇന്ന്;
നാടായ നാടാകെ യുവധാര ആർട്സ് & സ്പോർട് ക്ലബ്ബ്
പത്രങ്ങൾ, മാസികകൾ, ക്ലാസുകൾ, -
ആഘോഷങ്ങൾ.
ഇവിടെയുമുണ്ട് സ്പോർട്സും, ആഘോ-
ഷങ്ങളും
യുവധാര ആർട്സ് & സ്പോർട് ക്ലബ്ബി- ൻ്റെപേരും
സ്ഥലവും കെട്ടിടവും കാത്ത് കുറേ -
അന്നത്തെ ഞങ്ങളും

2025, ഓഗസ്റ്റ് 5, ചൊവ്വാഴ്ച

നീയുള്ളപ്പോൾ


നീയടുത്തുള്ളപ്പോൾ
ഞാനെന്നെത്തന്നെ
മറന്നൊരുപട്ടമായ്
പാറിക്കളിക്കുന്നു

നീ പോയിക്കഴിയുമ്പോൾ
മടുപ്പിൻ്റെ കല്ലിടുക്കിൽ
കുടുങ്ങിക്കിടക്കുന്നു

പ്രണയത്തിൻ്റെ ഏതു
മാന്ത്രിക നൂലാലാണു
നീയെന്നെ,യിത്രയും
ഉയരത്തിൽ പറത്തുന്നത്

കുട്ടിക്കവിത




തത്തമ്മയോട്


തങ്കപ്പെണ്ണേ തത്തമ്മേ
തത്തി തത്തി വന്നാട്ടെ
തളിരിലവാഴ കൈയിലിരുന്ന്
പൊരിവെയിലിൽ നീ തളരാതെ
വരിവരിയായിയിരുന്നീടും
വരിനെല്ലിത്തിരി തിന്നാട്ടെ
എരിപൊരി കൊള്ളാതിത്തണലിൽ
തൂവൽ മിനുക്കിയിരുന്നാട്ടെ

2025, ഓഗസ്റ്റ് 3, ഞായറാഴ്‌ച

പ്രണയമെന്നല്ലാതെ



കാണാതെ കാണുകയും
പറയാതെ കേൾക്കുകയും
മിണ്ടാതെ മിണ്ടുകയും
ചെയ്യുന്നതിനെ
പ്രണയമെന്നല്ലാതെ
മറ്റെന്താണ് വിളിക്കുക

കുട്ടിക്കവിത

പൂവും കരിവണ്ടും


കരിവണ്ടേ തേനുണ്ടെ
കുഞ്ഞിപ്പൂവു വിളിക്കുന്നു
ഞാനില്ലേ തേനുണ്ണാൻ
കുഞ്ഞൻ വണ്ടു മുരളുന്നു

ഇരുളും നേരം വരണ്ടിനി നീ
ഇതളു വിടർത്തി തരില്ലിനി
ഞാൻ
കുഞ്ഞിപ്പൂവെ കോപിക്കല്ലെ
കളിയായ് ചൊല്ലിയതാണേ
ഞാൻ

കൊഞ്ചീടുന്നു കരിവണ്ട്
കുഴഞ്ഞാടുന്നു കരിവണ്ട്
കുഞ്ഞിപ്പൂവിൻ കവിളിൽ
തുരുതുരെ
മുത്തീടുന്നു കരിവണ്ട്

അനുഭവം


കാനനപൂവെ നിൻ
ആനനം വാടിയതെന്തെൻ്റെ
കൺമണിചൊല്ലു വേഗം !

മോഹങ്ങളൊന്നും
നടക്കാതെ വന്നീടിലും
ഹേമത്തിനുണ്ടോ നിറ -
കേടേതും

ആകയാൽ ശങ്കയതൊന്നുമേ
വേണ്ടിനി
സങ്കുചിത വികല്പമതൊട്ടും -
വേണ്ട

പാരം വളരട്ടെ മേൽക്കുമേൽ
തന്നത്താൻ
പാശം തളർത്താത ദൃഢനിശ്ചയം

പാരിലനുഭവം പലവിധമല്ലയോ
പോരായ്മയല്ലതറിഞ്ഞിടുക