malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, സെപ്റ്റംബർ 2, ചൊവ്വാഴ്ച

പനന്തത്ത പാടുന്നു



പിച്ചക പൂന്തോപ്പിൽ വന്നിരുന്ന്
പച്ചപ്പനന്തത്ത പാടിടുന്നു
പച്ചിലക്കാടിൻ്റെ തുഞ്ചത്തിലും
പച്ച വിരിപ്പിട്ട പാടത്തിലും
പച്ചോലത്തുമ്പിലെ താളത്തിലും
പച്ചപ്പനന്തത്ത പാടിടുന്നു

ഓണമായോണമായോണമായി
നല്ലൊരു നാളിൻ്റെയോർമ്മയായി
നാലുതിരിയിട്ടു നാലുദിക്കും
നറുനെയ് വിളക്കിൻ്റെ നാളമായി
നാക്കിലയിൽ തുമ്പച്ചോറിനായി
നറുതിങ്കൾ പെണ്ണും വരും ദിനമായ്

മാനുഷരെല്ലാരുമൊന്നുപോലെ
വാണൊരുനാളിൻ്റെ ഓർമ്മയായി
മന്നനാം മാവേലി നാടുവാണ
മഹത്തായ സന്ദേശ,മോർമ്മയായി
പച്ചപ്പനന്തത്ത പാടിടുന്നു
ഓണമായോണമായോണമായി

വയനാടിൻ്റെ രോധനം

 


'
സഹ്യപർവ്വതത്താഴെ
തിലകമായ് വയനാട്
തോരാത്ത കണ്ണീരായി
നിലയ്ക്കാത്ത നീറ്റലായി

ഇരുളു മാത്രം മറയാക്കി
വസിക്കും കുടുംബങ്ങൾ
ഓർമ്മകളുണ്ടുകണ്ണീർ
ജലം കുടിച്ചിരിക്കുവോർ

കാടിൻകരൾ പറിച്ചെടു
ത്തുപോയ് പ്രളയം
കഥയറിയാൻ പറന്നു -
വന്നോർ
കളിചൊല്ലിപ്പിരിഞ്ഞു പോ-
യോർ
കനിഞ്ഞതില്ലൊട്ടുമേ
കനിവിൻ്റെ തെളിനീർത്തുള്ളി

ജാലങ്ങൾ കാട്ടി ജീവിക്കുവാൻ
കഴിയില്ല
ജാലകപ്പഴുതു പോലുമില്ലാത്ത
കൂട്ടരിവർ
കണ്ണിലെണ്ണയൊഴിച്ച് കാത്തിരി
പ്പുണ്ടൊരുവർ
ഹൃദയപക്ഷത്തുനിന്നു നിത്യവും
തുണയ്ക്കുവോർ

വേരോടെ നിലംപൊത്തി
വീഴേണ്ട വൃക്ഷമല്ലവർ
കുത്തിയൊഴുകിപ്പോകേണ്ട
ചെളിവെള്ളമല്ല
വെള്ളകീറുമ്പോഴിടവഴിയി-
ലേക്കിറങ്ങി
നാടിൻ സമ്പത്തായ് മാറിയോ-
രു ജനത

കാത്തുരക്ഷിപ്പാൻ കടമയുള്ള -
ചിലർ
ചുകപ്പുകണ്ട കാളയെപ്പോലെ
വിറളി പിടിക്കുന്നതെന്തിനവ -
രോട്
കണ്ണിലേകൃഷ്ണമണികളെപ്പോ-
ലെ
കാത്തുകൊള്ളുന്ന മലയാള നാടി-
നോട്

കേൾക്കുകീക്കുഞ്ഞു പക്ഷിതൻ
രോധനം
തള്ള പക്ഷിയായ് തൊള്ളയിലന്ന
മാകുക
ദുരിത ശൈത്യത്തിൽ നിന്നുമീ-
മക്കളെ
ചിറകിൽ ചേർത്തു നിർത്തി
ചൂടുപകരുക

2025, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ഓണനാള്




ചേണുറ്റ ചിങ്ങമരികിലെത്തെ
ചേലിലൊരുങ്ങി പ്രകൃതിയാകെ
വാരുറ്റവാനം തെളിഞ്ഞു നിൽക്കെ
നേരുറ്റ പൂക്കൾ ഞെളിഞ്ഞു നിൽപ്പൂ

ഓണനിലാവു ചിരിച്ചു നിൽക്കെ
താരക കാന്തിയും ചിന്നിച്ചിന്നി
ചാഞ്ഞു ചരിക്കുന്നു തെന്നൽ നീളെ
ചന്ദന ഗന്ധവും പേറി മെല്ലെ

ഓണമായോണമായോണമായി
തവളകൾ താളത്തിൽ നീട്ടിപ്പാടി
തമ്പുരു മീട്ടുന്ന തുമ്പികൾക്ക്
തുമ്പകൾ തൂവെള്ള ചോർ വിളമ്പി

മത്തപ്പു മാടി വിളിച്ചിടുന്നു
പാവലോ ആടിക്കളിച്ചിടുന്നു
വെള്ളരിക്കോന്നു മിഴി തുറക്കെ
പടവലം നീണ്ടു നിവർന്നു നിൽപ്പൂ

പാടവരമ്പേറി നിന്നയോണം
വേലികൾ നൂണുകയറിയോണം
മാവേലി മന്നൻ്റെ നാട്ടിലെങ്ങും
വന്നുപോയ് വന്നു പോയ് ഓണനാള്


ഓണം



മണ്ണിലേക്കു മന്നവൻ
വരുന്ന ദിനമെത്തി
വിണ്ണിലാകെ വിരുന്നുവന്ന
പൂവുകൾ ചിരിച്ചു
ചതിച്ചു പാതാളത്തിലേക്ക്
താഴ്ത്തിയതെന്നാലും
ചിരിച്ചു കൊണ്ടുവന്നു നമ്മെ
അനുഗ്രഹിച്ചീടുന്നു

ഓണപ്പാട്ട്


തുമ്പയും, തിരുതാളിം തലയാട്ടി
പാടുന്നു
ഓണമായ്, ഓണമായ്, ഓണമായി
ഓണമായ്, ഓണമായ്, ഓ.... ണമായി
തമ്പുരു മീട്ടുന്ന തുമ്പിയും പാടുന്നു
ഓണമായ്, ഓണമായ്, ഓണമായി
ഓണമായ്, ഓണമായ്, ഓ....ണമായി
                                            (തുമ്പയും)

ഓർമ്മതൻ ചില്ലയിൽ തിരുവോണതിരി
തെറുത്ത്
ഓമന പൈങ്കിളിയിരിക്കേ
ചിങ്ങവെയിൽ വന്ന് ചരിഞ്ഞാടും -
കൊമ്പത്തെ
മലരിനു മുത്തം കൊടുത്തു നിൽക്കേ
ഇളം തെന്നൽ വന്നൊന്നു തൊട്ടു വിളി
ക്കുന്നു
മാവേലി മന്നൻ്റെ നാളു വന്നു
മാവേലി മന്നൻ്റെ നാ...ളുവന്നു (തുമ്പയും)

മലരല്ലിയെല്ലാം മിഴിതുറന്നീടുന്നു
കുറി തൊട്ടു നിൽക്കുന്നു വാനം
ശ്രാവണം മാഞ്ഞെന്ന് ശ്രുതി ചേർത്തു
പൂത്തുമ്പി
ഓണമായ്, ഓണമായ്, ഓണമായി
ഓണമായ്, ഓണമായ്, ഓ.... ണമായി
                                           (തുമ്പയും)

2025, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ഫുട്പാത്തിലെ നിഴൽ


ശൂന്യതയിലേക്കു നോക്കി
നെടുവീർപ്പിൻ്റെ ഒരു ശൂ -
വരയ്ക്കുന്നു
ആകാശ മേൽക്കൂരയിൽ
കരിമേഘ തൂവാല പാറിക്ക -
ളിക്കുന്നു

ചാറ്റൽ മഴയുടെ ചില്ലറ -
മണികൾ
പിച്ചപ്പാത്രത്തിൽ വീണു
കിലുങ്ങുന്നു
കൂനിക്കൂടിയ ദേഹം ഒന്നുകൂടി -
കുനിയുന്നു
കാക്ക തൂറിയ ഗാന്ധിയുടെ തല
തിളങ്ങിത്തന്നെ നിൽക്കുന്നു

പല്ലുപോയ മോണയിൽ
നാവ് തുഴഞ്ഞു കൊണ്ടേയിരി-
ക്കുന്നു
ഒരു പത്തു രൂപ നോട്ട് പാറി വീഴു -
ന്നു പാത്രത്തിൽ
പീളകെട്ടിയ കണ്ണുയർത്തി നോക്കു-
മ്പോൾ
ഫുട്പാത്തിലൂടെ നടന്നു നീങ്ങുന്നു -
ഒരു നിഴൽ

നിഴൽ നീണ്ടു പോയിട്ടും
താഴ്ത്താത്ത കണ്ണുകൾ
തുഴഞ്ഞു കൊണ്ടേയിരിക്കുന്നു
നിഴലിനെ

ഓണനാളിൽ




പച്ച വിരിച്ചൊരു കുന്നിൽ
പിച്ചകം പിച്ചവെയ്ക്കുന്നു
മഞ്ഞുലാവുന്ന പുലരി
മുല്ല മലരണിയുന്നു
തെല്ലെഴുന്നേറ്റുനോക്കുന്നു -
തെറ്റി
തെറ്റു വഴിപ്പൊന്ത തന്നിൽ
ചിങ്ങമണഞ്ഞതു കാണാൻ
കണ്ണൂച്ചിങ്ങ കൺ തുറന്നു -
നോക്കുന്നു
ഓണമായോണമായ് പാടി
ഓലേഞ്ഞാലിയോലത്തുമ്പി -
ലാടി