ചേണുറ്റ ചിങ്ങമരികിലെത്തെ
ചേലിലൊരുങ്ങി പ്രകൃതിയാകെ
വാരുറ്റവാനം തെളിഞ്ഞു നിൽക്കെ
നേരുറ്റ പൂക്കൾ ഞെളിഞ്ഞു നിൽപ്പൂ
ഓണനിലാവു ചിരിച്ചു നിൽക്കെ
താരക കാന്തിയും ചിന്നിച്ചിന്നി
ചാഞ്ഞു ചരിക്കുന്നു തെന്നൽ നീളെ
ചന്ദന ഗന്ധവും പേറി മെല്ലെ
ഓണമായോണമായോണമായി
തവളകൾ താളത്തിൽ നീട്ടിപ്പാടി
തമ്പുരു മീട്ടുന്ന തുമ്പികൾക്ക്
തുമ്പകൾ തൂവെള്ള ചോർ വിളമ്പി
മത്തപ്പു മാടി വിളിച്ചിടുന്നു
പാവലോ ആടിക്കളിച്ചിടുന്നു
വെള്ളരിക്കോന്നു മിഴി തുറക്കെ
പടവലം നീണ്ടു നിവർന്നു നിൽപ്പൂ
പാടവരമ്പേറി നിന്നയോണം
വേലികൾ നൂണുകയറിയോണം
മാവേലി മന്നൻ്റെ നാട്ടിലെങ്ങും
വന്നുപോയ് വന്നു പോയ് ഓണനാള്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ