malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, ഡിസംബർ 2, തിങ്കളാഴ്‌ച

ചെമ്പരത്തി



വക്കൊടിയാത്ത വാക്കായി
വീട്ടുവഴിയിൽ വിരിഞ്ഞു നിൽക്കും
ഒരു ചെമ്പരത്തി പൂവ്
കത്തുന്ന മനസ്സോടെ കാത്തു നിൽക്കും
തെറ്റാത്ത വഴിയെന്ന് ഉറപ്പ് തരും
താളിക്കുളിര് പകർന്നുതരും
ശാഠ്യംപ്പിടിച്ച കുഞ്ഞുകുഞ്ഞുകരച്ചിലുകളെ
പിച്ചവെച്ച വാക്കുകളായ് വിവർത്തനം ചെയ്യും
പാതിരാവിലും പടികയറി വരുന്നവർക്ക്
പിടിവള്ളിയാകും
കയ്പ്പിന്റെ കാട്ടിൽ നിന്ന് കലികയറി വന്നാലും
കറുത്ത മുഖം കാട്ടാതെ ചിരിച്ചു നിൽക്കും
പ്രണയികൾവിവർത്തനം ചെയ്യുന്ന ഒറ്റവരി
ക്കവിതയാണ് ചെമ്പരത്തി
അകത്തൊരു അടുപ്പ് തീർത്ത്
കനലു തിന്ന് ചുവന്നോൾ
നട്ട് നനയ്ക്കാതെ
തൊട്ടുതലോടാതെ
പരിഭവമില്ലാതെ
പരാതി പറയാതെ
അതിരരികിലേക്ക് മാറി നിന്നിട്ടും
ചാഞ്ഞും ചരിഞ്ഞും നോക്കീന്നും
ചിരിച്ചു കാട്ടീന്നുംപറഞ്ഞ്
ചെവിയിൽ ചൂടാമെന്ന് പരിഹസിക്കുന്നു
ഭ്രാന്തത്തി പൂവെന്ന് കുത്തിനോവിക്കുന്നു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ