malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, ഡിസംബർ 15, ഞായറാഴ്‌ച

തറവാട്ടുവീട്ടിൽ



അച്ഛൻ പണിത വീടാണ്
കളപ്പുര വീടാണ്
ഓടിട്ട ഞാലീല്
ഉണക്കാനിട്ട നെല്ല് ഓർമ്മയുണ്ട്
പുന്നെല്ല് വിളഞ്ഞ കണ്ടവും
പുത്തരിയുണ്ട നാളും.
ഇപ്പോഴുമുണ്ട് ഭിത്തിയിൽ
കരിക്കട്ടയാൽ കോറിയ ചിത്രം
മണ്ണപ്പം ചുട്ട ചിരട്ട.
ദ്രവിച്ച് അടർന്നുവീണെങ്കിലും
അടുക്കളയിലെ അമ്മമണം.
പ്രാന്തത്തി പാറുവിനെപ്പോലെ
തൊടിയിലെങ്ങും കടിത്തൂവ.
ഇളകിയാടുന്നുണ്ട് കട്ടിളയും ജനലും
തെക്കേലെ പാറൂട്ടി
കല്ല്യാണം കഴിയാതെ കുളിതെറ്റിയപ്പോ
മുറ്റത്തെ പ്ലാക്കൊമ്പിൽ
തൂങ്ങിയാടുംപോലെ.
തെറിച്ചുവീണ മൂലയോട് മുഖം പൊന്തിച്ച്
കിടപ്പുണ്ട്
അടിയാത്തി കാരിച്ചി അടിതെറ്റി വീണ
വരഞ്ചാണിയിലേപ്പോലെ
കൊതുക് മൂളിപ്പറക്കുന്നുണ്ട്
അന്നത്തെപ്പോലെയിന്നും
വീണടിഞ്ഞിട്ടുണ്ട് ചക്കയും
നെല്ല് തിന്ന് ചൂളിയിട്ട എലികൾ
പറ്റിച്ചേന്നും പറഞ്ഞ് പായുന്നുണ്ട്
കാലുകൾക്കിടയിലൂടെ അപ്പക്കാട്ടിലേക്ക്
കുറുന്തോട്ടി, കുറുക്കൻ വെള്ളരി
കാണാനേയില്ല
കാടുമൂടിക്കിടപ്പുണ്ട് രണ്ട്മൺകൂനകൾ
തൊട്ടാവാടിക്കുള്ളിൽ തൊട്ടു തൊട്ട്.
ചിതയിലെരിയുന്ന അച്ഛനു, മമ്മയേയും
ഞാൻ നോക്കി നിന്നിട്ടുണ്ട്.
പണിപ്പെട്ടുള്ള അവരുടെ ശ്വാസം
അടഞ്ഞു പോയ ശബ്ദം
എരിഞ്ഞു തീരുന്ന എല്ലുകൾ
ചങ്കുപൊട്ടുന്ന വേദന ,തിന്നിട്ടുണ്ട്.
സന്ധ്യയായെന്ന് ഒരു ചെമ്പോത്ത്
ഓർമ്മിപ്പിക്കുന്നു
മടങ്ങി വരുമ്പോൾ കിളയരികിലെ
കോണി കടക്കുമ്പോൾ
ഒരു ബാല്യം വന്നെന്റെ അരക്കെട്ടിൽ
ചുറ്റിപ്പിടിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ