malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, ജനുവരി 23, വ്യാഴാഴ്‌ച

ജീവതപർവ്വം



മുരളുന്നപട്ടിയാണ് വിശപ്പ്
ഒറ്റയടി മുന്നോട്ട് വെയ്ക്കാൻവയ്യ
ഹിമക്കട്ടപോൽപൊട്ടിയൊഴുകുന്നു
ദുഃഖം
ഞാൻ അറവുകാരനാൽ മുദ്രപ്പെട്ടവൻ.
ചേറിൽനിന്ന് ചേറിലേക്ക് എറിയപ്പെട്ട
വിത്ത്
ചേറിന്റെകാട്ടിലെ കുരുടനായമൃഗം
മൗനത്തിന്റെ തടാകം.
ഈ വയൽ പട്ടിണിയാൽ മരിച്ചുപോയ
എന്റെ അമ്മ
ഈ മരം മഴയെന്നും, മഞ്ഞെന്നും,
വെയിലെന്നുമില്ലാതെ പണിയെടുത്ത്
മരിച്ചുപോയ അച്ഛൻ
അവരുടെയെനിക്കുള്ള സ്നേഹചുംബ -
നങ്ങളാണ്
പാറിപ്പറക്കുന്ന ഈ അപ്പൂപ്പൻ താടികൾ.
ഈ മുന്തിരിവള്ളി ആത്മഹത്യ ചെയ്ത
എന്റെ പെങ്ങൾ
ഈകാറ്റ് ഭ്രാന്തുപിടിച്ച് ഓടിപ്പോയ എന്റെ
സഹോദരൻ
അച്ഛന്റെ പച്ചകുത്തിയ നെഞ്ചാണീ -
പച്ചച്ച കുന്നിൻപുറം.
എന്നെമേയ്ച്ചു നടക്കുന്നവർ
അവർ കവിതയെ കുത്തിനോവിക്കുന്നു
ചാട്ടവാറിനടിക്കുന്നു
എവിടെയെന്റെ നഷ്ടസ്വർഗ്ഗം
ആ ഏദൻ തോട്ടം.
കുനിഞ്ഞശിരസ്സിൽ കുന്നേറ്റിനടക്കുന്നു
ഞാൻ
നാവരിയപ്പെട്ട നാഴികമണി.
ഉറഞ്ഞു തുള്ളുന്ന കനലാടി തെയ്യം
എവിടെയെന്റെ ചുവന്ന നക്ഷത്രം
അറുത്തുമാറ്റിയ ചിറക്.
അറവുകാരനും അറുതിയുണ്ടെന്ന്
സത്യപർവം
കുനിഞ്ഞ ശിരസ്സുയർത്തി കുന്നിൻ
ഉച്ചിയിലേക്ക് ഇനി കയറ്റം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ