malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, ഒക്‌ടോബർ 5, ചൊവ്വാഴ്ച

നോക്കിലെ വാക്ക്




നോക്കിലൊരു വാക്കുണ്ട്

വാക്കിൽ ചില വളവുണ്ട്

മുളപൂത്തതുപോലെയതിൽ

മൂപ്പിളമ പലതുണ്ട്

വെള്ളിടിയും തണു കാറ്റും

പുഞ്ചിരിയും, പരിഹാസവും

പലതുള്ളി പെരുവെള്ളം

പോലെയതിൽ വകഭേദം

ചടുലതയിൽ നൊടിനേരം

വിരിയുന്ന നോക്കിൻ്റെ

നിറമെന്ത് നറുപച്ചയോ

നെറികേടിൻ തെറിയേറ്റത്തിറ -

യാട്ട പുറപ്പാടോ

മിഴികളിലെ മൊഴിയറിയാൻ

ഇനിവേണ്ട മണിയൊട്ടും

ത്രസിക്കുന്ന നക്ഷത്ര കിരണത്തിൽ

വെളിവാകും

ആ വാക്കിൻ തരംതിരിവിൽ

ഹൃദയത്തിൻ തുടികേൾക്കാം

പെരുവിരലിൽ നിന്നുമൊരു

പെരുമീനുദിച്ചുപൊന്തും

ചെന്നിവഴി ചെറുചാലുകൾ

ചെറ്റെന്ന് ഉറവയിടും

കണ്ഠത്തിൽ ഒരു ശബ്ദം

ടപ്പേന്ന് വന്നടയും

തലയിലൊരു മണൽക്കൂന

നിലക്കടല വറുത്തീടും

ഉടലാകെ ഒടുക്കത്തെ

തുടലിന്നാൽ തളച്ചീടും

ആ നോക്കിൽ കയപ്പുണ്ട്

ആ നോക്കിൽ ഇനപ്പുണ്ട്

ആ നോക്കിൻ പുളിയാണ്

നോക്കിൻ്റെ പെരു വാക്ക്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ