തോട്ടു മീനും കൂട്ടി കപ്പ
തിന്നൊരു കാലം
ചിരട്ടകൊണ്ട് കള്ള് മുക്കി
മോന്തിയ കാലം
മോന്തിവറ്റി മന്ത്കാലൻ
രാത്രി വന്നിറ്റ്
മുണ്ടഴിച്ച് തലയിൽ കെട്ടി
കൈപിടിച്ചിറ്റ്
ബീഡിച്ചൂട്ടും പേടിപ്പാട്ടും
പാടിതന്നിറ്റ്
കോണികേറുമ്പം ചന്തികുത്തി
കൊഴഞ്ഞു വീണിറ്റ്
ഓള് വന്ന് പിടിച്ച് വെലിച്ച്
കോണികേറ്റീറ്റ്
നെഞ്ഞടിച്ച് തൊള്ള കീറി
പ്രാക്ക് പ്രാകീറ്റ്
കെണറ്റ് വക്കില് കൊണ്ടിരുത്തി
വെള്ളൊയിച്ചിറ്റ്
മോര് വായില് കോരിപ്പാരി
പള്ളനെറച്ചിറ്റ്.
കട്ടൻകപ്പ തിന്നു കട്ട് പിടി -
ച്ചൊരുകാലം
കാറിത്തൂറി കൊഴഞ്ഞുവീണ -
കഴിഞ്ഞൊരാക്കാലം
ഒരുമവറ്റിപ്പോയതില്ല
എരിഞ്ഞു നിന്നില്ല
ഇരുട്ടിലിഴഞ്ഞു വന്ന വഴികൾ
കൊത്തിവീഴ്ത്തീല
ഞാറ്റുവേല ചാറ്റലന്ന്
ചേർത്തു നിർത്തീലെ
നാട്ടുമാവിൻ തണലുവന്ന്
തഴുകി നിന്നില്ലെ
പലവിചാരങ്ങളാലെയിന്ന്
മനസ്സു മറിയുന്നു
കാത്തിരുന്ന കനലിലേക്ക്
കാലിറക്കുന്നു
കുതിച്ചു പായും കാലമേ നീ
എങ്ങു പോകുന്നു
കണ്ട പരിചയം തീണ്ടാപ്പാടകലെ
പ്പോലുമില്ലല്ലോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ