malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, മേയ് 31, വെള്ളിയാഴ്‌ച

വന്യത



വന്യതയുടെ
ധന്യതയിലേക്ക് പോകണം
ജൈവീഗതയുടെ
വാത്സല്യം നുകരണം

പച്ചയിലൂടെ
പിച്ച വെക്കണം
ഒരു മുയൽ പേടി
ഉള്ളിൽ സൂക്ഷിക്കണം

ചിറകുവീശി പറക്കണം
വാലാൽ ചില്ലത്തുമ്പിൽ ചുറ്റി
ചാഞ്ഞു ചരിഞ്ഞൊന്നാടണം

അരയാൽ വേരായ്
അരിയ കിനാവിൽ
കൂട്ടി പിണഞ്ഞൊന്നു കിടക്കണം

എന്തിതു കാടെവിടെ ?
ആദിമ വീടെവിടെ?
കാട് കരളിലെന്നൊരശരീരി
കാണാക്കൊലയാളിയെന്നൊരു
നിലവിളി

2024, മേയ് 30, വ്യാഴാഴ്‌ച

ഘോഷയാത്ര


ഞാനൊരു ഘോഷയാത്രയിലാണ്
ദു:ഖങ്ങളുടെ ഘോഷയാത്രയിൽ
ദൂരങ്ങളെത്രയുണ്ടിനിയും
താണ്ടുവാനെന്നാർക്കറിയാം.

ചിരിച്ചുല്ലസിച്ചു ചരിക്കുന്ന നേരത്തും
പഴയൊരാ ഓർമ്മകൾ സരസാ
നുകരുമ്പോഴും
ഉള്ളിൻ്റെയുള്ളിൽ നടക്കുന്നൊരു ഘോഷം
ജീവിത ദുഃഖത്തിൻഘോഷം

മേലെ മോഹങ്ങൾ
മധുരസ്വപ്നങ്ങൾ
കനവിൻ്റെ ചില്ലകൾ
ഒക്കെയും നിമിഷാർദ്ധ ചിത്രങ്ങൾ

താഴെ നേർജീവിതം
തോരാത്ത കണ്ണുനീർ
ചെഞ്ചോരതൻ വഴുവഴുപ്പ്
മൃത്യു തൊടുത്തു കാത്തരിക്കുന്നുകാലം

2024, മേയ് 29, ബുധനാഴ്‌ച

ഉന്മാദമെഴിയുമ്പോൾ


മൗനത്തിൻ്റെ ശില
കൂർത്തു നിൽക്കുന്നു
സാന്ത്വനമില്ലാത്ത നട്ടുച്ച
ഉച്ചിയിൽ കത്തുന്നു

ചുട്ടുപഴുത്ത ചിന്തകൾ
ലഹരി നുരയും ചില്ലുപാത്രം
തേടുന്നു
കരളിലെ കടൽക്കോള്
കലികൊണ്ടമറുന്നു

അപമൃത്യുവിൻ്റെ മണം
മൂക്കിലടിക്കുന്നു
കുരിശുമായ് ഏകാന്തത
തരിശുകുന്ന് കയറുന്നു

കാറ്റുവന്ന് കതകിൽ മുട്ടുന്നു
ശ്യാമത്തിനുമേലെ
ഒരു സുവർണ്ണ ജ്വാല
തെളിയുന്നു
മൗനത്തിൻ്റെ സ്ഫടികപാത്രം
ഉടയുന്നു
ഉന്മാദം ഗാഗുൽത്ത ഇറങ്ങുന്നു

ഒരു പുഴ
മലകളെ
പൂക്കളെ തഴുകി
പ്രയാണം തുടരുന്നു

ഇലകൾ പച്ച പൂക്കൾ മഞ്ഞ



തൊടിയിൽ തെയ്യം തുള്ളുന്നുണ്ട്
ഇപ്പോഴും തെമ്മാടി വെയില്
ഒളിച്ചുകളിച്ച ഇടങ്ങൾക്കൊന്നും
ഇപ്പോൾ ഒളിപ്പിക്കാൻ കഴിയുന്നില്ല -
യെൻ്റെ ശരീരത്തെ

അന്ന് ഓടിക്കയറിയ കോണികളും -
കൊള്ളുകളും
കള്ളം പറഞ്ഞ പോലെ കാണാതായി
തണലുകളെ താഴെ നിർത്തി വെയ്ലു-
കൊണ്ടു നിൽക്കുന്നുണ്ട്
അന്നത്തെപ്പോലെയിന്നും മരങ്ങൾ

വയലിലെ വെള്ളരിക്കൂവലിലെ
പടവേറി വരുന്നുണ്ട് ഒക്കത്തിരുന്ന്
ഓർമ്മകളുടെ ചില മൺപാനികൾ
ഊഞ്ഞാലാടിയ മരച്ചില്ലകളിൽ നിന്നും -
യെത്രയെത്ര കുഞ്ഞു വാക്കുകൾ

തൂങ്ങിയാടുന്നുണ്ടാകുമിപ്പോഴും
മറന്നുപോയ ചില വാക്കുകൾ
തുറന്നു വരുന്നുണ്ടിപ്പോൾ
വള്ളി ട്രൗസറുമിട്ട് ഓടിപ്പോകുന്നുണ്ട്

"നാരങ്ങ പാല്
ചൂട്ടയ്ക്ക രണ്ട്
ഇലകൾ പച്ച
പൂക്കൾ മഞ്ഞ "

2024, മേയ് 25, ശനിയാഴ്‌ച

സ്പന്ദനങ്ങൾ


ഉയരങ്ങളോരോന്നും വെട്ടിപ്പിടിക്കിലും
പാതകളൊട്ടേറെ വെട്ടിമാറ്റീടിലും
ഒരു നാളിലേകാന്ത ദുഃഖത്തിൻ മാല്യങ്ങൾ
കോർത്തിരുന്നീടാമതോർമ്മവേണം

അണയാത്തൊരുതിരി വെട്ടമായുള്ളിൻ്റെ -
യുള്ളിലുണ്ടാകുമാ പഴയ കാലം
ആസ്പന്ദനത്തിനെ ഒരു വേളയെങ്കിലും
അറിയാതെയൊന്നു നാം സ്നേഹിച്ചിടും

സ്നേഹിച്ചും ലാളിച്ചും മന്ദസ്മിതം തൂകി
നിന്നൊരാ നാളിലേക്കെത്തിയെങ്കിൽ
ജീവിതം ധന്യമായ് തീർന്നേനെയെന്നു നാം
അറിയാതെ അറിയാതെ ആശിച്ചിടും

എല്ലാമുണ്ടായിട്ടും ഒന്നുമേയില്ലെന്ന
ആധികൾ ആഴത്തിൽ മുറിവാകുമ്പോൾ
ഒരു മാത്രയെങ്കിലും ദുഃഖം മറക്കുവാൻ
പഴയൊരാ കാലത്തെ ഓർത്തു പോകും

2024, മേയ് 24, വെള്ളിയാഴ്‌ച

കാക്ക


കവണയിൽ കല്ലുമായ് ഞാൻ
കാത്തിരുന്നു കാകനെ

കൂർത്ത കൊക്കും
മൂർത്ത കണ്ണുമായ്
ചിറക് ചുരുക്കുന്നു അവൻ
ചിക്കിയനെല്ലിനരികെ

ചരിഞ്ഞൊരു നോട്ടമേൽക്കാതെ
മറഞ്ഞു നിന്നു ഞാൻ
മുറ്റത്തെ വറ്റിലേക്കവൻ്റെ
നോട്ടമെന്നറിഞ്ഞു

കൊത്തി മാറ്റി കാട്ടമായ
കെട്ടവറ്റുകളെ, ദുഷ്ടുകളെ
എത്ര മാതൃകാപരം
വൃത്തി ,വെടിപ്പാക്കുമാ
പ്രവർത്തനം

എത്ര വാത്സല്യാർദ്രമാ
ഒറ്റക്കണ്ണിൻ ചരിഞ്ഞുനോട്ടം
പച്ചത്താളിൽ പറന്നിരുന്നാ
കാക്ക കരച്ചിൽ

കവണയിലെ കല്ല്
മൗനമായ് മണ്ണിലേക്ക്
ഇറങ്ങി നടന്നു
കരളിലെ കല്ലെടുത്തു ഞാൻ
കുണ്ടനിടവഴിയിലേക്കെറിഞ്ഞു


2024, മേയ് 22, ബുധനാഴ്‌ച

ഞാനെന്നെ തിരയുമ്പോൾ


തൊടികളെ തേടി നടക്കുന്നു ഞാൻ
പഴയൊരാ ചെടികളെ തേടുന്നു ഞാൻ
പുഞ്ചിരിച്ചൊടികളെ തേടുന്നു ഞാൻ
പുള്ളും പൂങ്കുയിലും തേടുന്നു ഞാൻ

ഹരിത നൃത്തങ്ങളെ തേടുന്നു ഞാൻ
തുടിയും, കലപ്പയും തേടുന്നു ഞാൻ
മറഞ്ഞവനങ്ങളെ തേടുന്നു ഞാൻ
നിറഞ്ഞ നദികളെ തേടുന്നു ഞാൻ

കുടവുമാകുളിർ കാറ്റും തേടുന്നു ഞാൻ
കുളിർമാന്തണലും തേടുന്നു ഞാൻ
ഞാറും ഞാറ്റുവേലയും തേടുന്നു ഞാൻ
കാറുമാ കാട്ടാറും തേടുന്നു ഞാൻ

ഗ്രീഷ്മവും,ശിശിരവും തേടുന്നു ഞാൻ
വസന്തം, വയൽ വെള്ളരി തേടുന്നു ഞാൻ
തിരിയിട്ടു തിരഞ്ഞിട്ടും കാണുന്നതില്ലല്ലോ
ഇനിയെന്നെ തേടി ഞാൻ എങ്ങു പോകും

2024, മേയ് 21, ചൊവ്വാഴ്ച

കവി (ത)


തെരുവിൽ നിന്നൊരു
കവിതളിർക്കുന്നു
തെരുതെരെ കവിത
കുറിക്കുന്നു

തെരുവ് അഭയമായവനേ
തെരുവിൽ മരിച്ച്
ജനഹൃദയത്തിൽ
അനശ്വരത നേടിയവനേ

പട്ടിണിയിൽ കുരുത്ത കവിതേ
മനുഷ്യമനസ്സു പഠിച്ചവനെ
നിൻ്റെ കലാലയം തെരുവായി -
രുന്നു
നിൻ്റെ കവിത സത്യമായിരുന്നു

എന്തൊക്കെ കച്ചവടങ്ങൾ
കണ്ടു നീ
കടിച്ചുകീറും കണ്ണുകളെ
കരുണയില്ലാത്ത കപടതയെ
വെളുക്കെ ചിരിക്കും കള്ളനാണ-
യങ്ങളെ.

നീയാണു കവി
നീയാണു കവിത.

ഒരു നേരത്തെ ആഹാരത്തിനു -
മാത്രം കൈനീട്ടുന്ന
കുഞ്ഞുങ്ങളെപ്പോലുള്ള
ആ നിഷ്കളങ്കതയുണ്ടല്ലോ
മണ്ണുമാത്രമാണ്
മനുഷ്യനഭയമെന്ന അറിവുണ്ടല്ലോ
അയ്യപ്പാ....
നീയല്ലാതെ
മറ്റാരാണു കവി(ത)

2024, മേയ് 20, തിങ്കളാഴ്‌ച

സൗഹൃദം


ഇല്ലിനി മോഹങ്ങൾ
ഇല്ലിനിസ്വപ്നങ്ങൾ
ഇല്ലിനിയൊന്നുമീ ജീവിതത്തിൽ

എല്ലാം വിഫലമായ്
എല്ലാം മറന്നു പോയ്
എന്നെ ഞാനെന്നേ മറന്നുപോയി

പലപല ജീവിത ഭാവങ്ങളാടി ആഴക്കടലിൻനടുവിലായി
കഴിഞ്ഞതില്ലിന്നോണം
അരുമയാമോർമ്മയെ
ഇത്തിരി നേരമൊന്നോർത്തിരിക്കാൻ

എങ്കിലും എന്നിട്ടും;
വന്നല്ലോ നീയിന്ന്
നവസൗഹൃദത്തിൻ തിരിനാളമായ്

കൈവിട്ടതൊന്നുമേനഷ്ടമായില്ലെന്നോ
എല്ലാമി ചാരത്തെണയുമെന്നോ
ഇത്രയും സുന്ദര ജീവിത സ്വപ്നങ്ങൾ
ഏകുവാൻ വന്നല്ലോ സൗഹൃദമേ നീ

2024, മേയ് 19, ഞായറാഴ്‌ച

സാക്ഷ്യപത്രം


അകത്തായാലും
പുറത്തായാലും
വീടിൻ്റെ വാതിലെന്നും
അടച്ചിട്ടിരിക്കുന്നു.

മനസ്സെന്നേ
കൊട്ടിയടക്കപ്പെട്ടു
എന്നതിൻ
സാക്ഷ്യപത്രം

2024, മേയ് 18, ശനിയാഴ്‌ച

നീ


ഉള്ളിൽ ഒരു തീയുണ്ടെന്ന്
കാട്ടി തന്നവൾ നീ
അടുത്തിരുന്നാലും
അകന്നിരുന്നാലും
ഒരേ ചൂടെന്ന് അനുഭവിപ്പിച്ച -
തും നീ

എൻ്റെ സ്പർശമാപിനിയിൽ
നിനക്കെന്നും
നൂറു ഡിഗ്രി ചൂടായിരുന്നു

നിൻ്റെ കൈവെള്ളയിലെ
ഒളിഞ്ഞും തെളിഞ്ഞുമുള്ള _
രേഖയിൽ
ഏതിലായിരിക്കും ഞാനുണ്ടോ -
യെന്നറിയുക?
വെട്ടപ്പെടാത്ത ഒരു രേഖ
ഉള്ളിലുണ്ടെന്ന് നിൻ്റെ മറുമൊഴി.
അന്നെനിക്ക് എന്നെക്കാണാൻ
നിൻ്റെ മിഴിക്കണ്ണാടി

ഇന്ന്,
വരണ്ട രസനയും
പിപാസയും മാത്രം തന്ന്
കാടിൻ്റെ ഹരിദശാദ്വലത്തിലേക്ക്
പ്രണയത്തിൻ്റെ മാൻപേട
മറഞ്ഞിരിക്കുന്നു

പൊള്ളുന്നു കണ്ണുകൾ

2024, മേയ് 17, വെള്ളിയാഴ്‌ച

അടക്കം


ഇത്തിരി നേരം നിശ്ശബ്ദം
തേങ്ങി നിന്ന്
ഇറങ്ങിപ്പോയി ഒരു ഇളം -
തെന്നൽ

എന്തോ ഭയപ്പെട്ടതു പോലെ
കൊക്കി നിന്നു
കോഴികൾ മുറ്റത്ത്

അടക്കം പറഞ്ഞുകൊണ്ട്
ഒരാട്
തൊടിയിലെ തൊട്ടാവാടിക്കരികെ

ചിലക്കാൻ മറന്നു പോയൊരണ്ണാൻ
ചുറ്റിപ്പിടിച്ചുകിടക്കുന്നു മാവിൻ -
കൊമ്പിനെ

അങ്ങിങ്ങായ് കൂട്ടംകൂടി നിൽക്കുന്നു
ആളുകൾ
വേലിയിൽ വിളർത്തു കിടക്കുന്നു
വെളളപ്പൂവ്

വെയിലാറിയ നേരത്ത്
ഭാവമേതും കൂടാതെ
വെള്ളവിരിപ്പിൽ നിന്നെഴുന്നേറ്റ്
വെളിയിലെ തൂമ്പയുമെടുത്ത്
നടന്നു മുത്തശ്ശൻ

തെക്കേ തൊടിയിലെ
താഴ്ന്ന നിലത്ത്
തന്നത്താൻ കുഴിയെടുത്ത്
തന്നെത്തന്നെ അടക്കം ചെയ്തു

2024, മേയ് 16, വ്യാഴാഴ്‌ച

ഓർമ്മിക്കാൻ


രാപ്പാതിനിറവിലും കണ്ണീരണിഞ്ഞവൻ
നീറി നീറിപ്പിടയുന്നു
നേർത്തു നേർത്തു പിഞ്ഞിപ്പോമൊരു ചുമ
ശ്വാസത്തെ പിടിച്ചു പരാക്രമം കാട്ടുന്നു
അപ്പോഴും കാണാം കണ്ണീർ പെയ്ത്തായ് -
യേശു
പള്ളി നിറുകിൽ ക്രൂശിൽ ബന്ധസ്ഥനായ്
കിടക്കുന്നു

കരുണ കാട്ടുവോനെല്ലാം കുരിശോ കാല-
ത്തിൻ നീതി
കരവാളുയർത്തുവോനാമോ കരഗതം
ന്യായാസനം
വിങ്ങുന്ന മേഘമൊന്നുവാർന്നൊഴിഞ്ഞ -
പോൽ
അല്പമൊരാശ്വാസമിപ്പോൾ ക്രൂശിത രൂപം
കാൺകേ

നീറുന്നു ഉള്ളകം നറുനിലാവെട്ടത്തിലും
ഞെട്ടിത്തരിക്കുന്നീ ജീവിതം ഓർത്തിടുമ്പോൾ
തണുത്തു വിറയ്ക്കുവോന് സ്വപ്നം നെരിപ്പോട്
വിശന്നുവലയുവോന് വെറുപ്പിന്നപ്പം മാത്രം

സ്മൃതിയെ ഭയമാണ് ,മൃതി തന്നെയുദാത്തമെ -
ന്നു ചിന്തിച്ചീടുകിൽ കുറ്റം പറയാമോ
പട്ടിണി മാറ്റീടാതെ പടക്കോപ്പുകൂട്ടുന്ന
ഭരണാധികാരിക്കുണ്ടോ അനശ്വരമാം ജീവിതം

2024, മേയ് 15, ബുധനാഴ്‌ച

പുലരി


തലപൊക്കി നോക്കുന്നുണ്ട് വീട്
നേരം പുലർന്നോയെന്ന്
കുണ്ടനിടവഴിയുടെയപ്പുറം
വെള്ളകീറിയോയെന്ന്

കുറുക്കൻ ഓരിയിടുന്നതു കേട്ട
നായ
കുരയ്ക്കുവാൻ തുടങ്ങി
പൂച്ചയുടെ പള്ളയിൽ തലവെച്ചു -
റങ്ങിയ എലി
തട്ടിപ്പിടഞ്ഞെഴുന്നേറ്റ്
തട്ടിൻ പുറത്തേക്ക് ചാടി

രോമവില്ലു കുലച്ച പൂച്ച
ഉറയിലെ ഉടവാൾ നഖമുയർത്തി
കീയോകിയോക്കിടയിലൂടെ
ഒരു കൊക്കരക്കോ ഓടക്കുഴലൂതി

വരിയിട്ടു വരുന്ന ഉറുമ്പുകളോട്
അണ്ണാൻ കുശലം ചൊല്ലി
അങ്ങിങ്ങു കീറിയ വെള്ളയിലൂടെ
കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന
മരച്ചാർത്തുകൾ കണ്ടു

മരിച്ച രാത്രിയുടെ ശവം
വലിച്ചുകൊണ്ടു പോകുന്നു
ഉറുമ്പുകൾ

2024, മേയ് 14, ചൊവ്വാഴ്ച

വേദന


പ്രസവവേദനയോളം വരില്ല
പ്രാണവേദന
പുരുഷ വേദന ആരുമറിയില്ല
പ്രണയമേ,
പ്രതീക്ഷിച്ചതല്ല
സഫലമാകുന്നത്

വിഫലമെന്ന് വിഷാദിക്കുന്നു
നിഷ്ഫലമെന്ന് നിഷേധിക്കുന്നു
വിഷതടാകത്തിൻവാസം
വിഷം തന്നെ അന്നം
വിഷയം വിശ്വാസം

ഓരോ ആളും
ഒരു ജഡതടാകം
വിറ്റുപോയ ആകാശവും കടലും
ഓർമ്മയുടെ അഗ്നിയായി അലറുന്നു
പെയ്യുന്നു

മത്സ്യം കരയിലെന്നപോലെ
വായുവിനായി വാ പിളർത്തുന്നു
കണ്ണീരിൻ്റെ ഉപ്പു മഴ
കരിഞ്ഞ ജഡത്തെ പൊളളിക്കുന്നു

മതിയായിരുന്നു
മത്സ്യജന്മം
വെള്ളമില്ലെങ്കിലും, വായുവില്ലെങ്കിലും
വെളിവില്ലാത്തവരിൽ നിന്നും
വെളിയിലേക്കിറങ്ങി
വറച്ചട്ടിയിലെങ്കിലും പൊരിയാമായിരുന്നു

ഒരു ജന്മം
സഫലമാക്കാമായിരുന്നു

2024, മേയ് 13, തിങ്കളാഴ്‌ച

പരിചയം


തോട്ടു മീനും കൂട്ടി കപ്പ
തിന്നൊരു കാലം
ചിരട്ടകൊണ്ട് കള്ള് മുക്കി
മോന്തിയ കാലം

മോന്തിവറ്റി മന്ത്കാലൻ
രാത്രി വന്നിറ്റ്
മുണ്ടഴിച്ച് തലയിൽ കെട്ടി
കൈപിടിച്ചിറ്റ്

ബീഡിച്ചൂട്ടും പേടിപ്പാട്ടും
പാടിതന്നിറ്റ്
കോണികേറുമ്പം ചന്തികുത്തി
കൊഴഞ്ഞു വീണിറ്റ്

ഓള് വന്ന് പിടിച്ച് വെലിച്ച്
കോണികേറ്റീറ്റ്
നെഞ്ഞടിച്ച് തൊള്ള കീറി
പ്രാക്ക്‌ പ്രാകീറ്റ്

കെണറ്റ് വക്കില് കൊണ്ടിരുത്തി
വെള്ളൊയിച്ചിറ്റ്
മോര് വായില് കോരിപ്പാരി
പള്ളനെറച്ചിറ്റ്.

കട്ടൻകപ്പ തിന്നു കട്ട് പിടി -
ച്ചൊരുകാലം
കാറിത്തൂറി കൊഴഞ്ഞുവീണ -
കഴിഞ്ഞൊരാക്കാലം

ഒരുമവറ്റിപ്പോയതില്ല
എരിഞ്ഞു നിന്നില്ല
ഇരുട്ടിലിഴഞ്ഞു വന്ന വഴികൾ
കൊത്തിവീഴ്ത്തീല

ഞാറ്റുവേല ചാറ്റലന്ന്
ചേർത്തു നിർത്തീലെ
നാട്ടുമാവിൻ തണലുവന്ന്
തഴുകി നിന്നില്ലെ

പലവിചാരങ്ങളാലെയിന്ന്
മനസ്സു മറിയുന്നു
കാത്തിരുന്ന കനലിലേക്ക്
കാലിറക്കുന്നു

കുതിച്ചു പായും കാലമേ നീ
എങ്ങു പോകുന്നു
കണ്ട പരിചയം തീണ്ടാപ്പാടകലെ
പ്പോലുമില്ലല്ലോ

2024, മേയ് 9, വ്യാഴാഴ്‌ച

നവമാധ്യമ സുഹൃത്തിന്


നാം
എത്രയും അകലെയെങ്കിലും
അത്രയും അടുത്തിരിക്കുന്നു

നാം
പരസ്പരം കണ്ടില്ലയെങ്കിലും
ഒന്നായലിഞ്ഞു ചേരുന്നു

പകലിൻ്റെ
പങ്കപ്പാടിനൊടുവിൽ
നിശയിൽ നാം കണ്ടുമുട്ടുന്നു

എങ്കിലുമെന്ത് ?
രാവിനെ പകലാക്കി മാറ്റി
നാം
അല്പം ആശ്വസിക്കുന്നു

ദുഃഖത്തിൻ്റെ
പാരാപാരം മറന്ന്
പരസ്പരം കെട്ടിപ്പിടിക്കുന്നു

നാം
എത്രയും അകലെയാണെ-
ങ്കിലെന്ത് ?
അത്രയും
തീവ്രമായ അടുപ്പം

2024, മേയ് 8, ബുധനാഴ്‌ച

ടോപ്പ്സ്റ്റൈൽ ടൈലേർസ് ഹൈദർക്കക്ക്


ഹൈദർക്കക്ക്
മറക്കുവാൻ കഴിയില്ല
ഗ്രാമഫോണിനെ !
എനിക്ക്
ഹൈദർക്കയേയും

"കണ്ടം ബെച്ചൊരു കോട്ടാണ്
പണ്ടേ കിട്ടിയ കോട്ടാണ് " -
എന്നപാട്ട്
ഗ്രാമഫോണിൽ നിന്ന് ഉയരുമ്പോൾ
താളത്തിലൊരു ചവിട്ടുണ്ട് -
ഹൈദർക്ക തയ്യൽ മിഷ്യൻ
ഗ്രാമഫോൺ കറങ്ങുമ്പോലെ
ഒരു കറങ്ങലുണ്ട് മിഷ്യൻചക്രം

ജീവിതത്തിൻ്റെ ആഴങ്ങളെ
അളക്കുവാൻ കഴിഞ്ഞില്ലെങ്കിലും
അളവെടുത്ത്  വെട്ടിമുറിച്ച്
പാകത്തിന് തയിച്ച്
പത്രാസിൻ്റെ പട്ടുവസ്ത്രമാക്കി
പൊതിഞ്ഞു കെട്ടി കൊടുക്കാറുണ്ട്
ഒരു ചിരി

ഇന്നും ഗ്രാമഫോണിൽ പാട്ടുവച്ചേ
ഹൈദർക്ക തയിക്കാറുള്ളു
ഹൈദർക്ക തയിച്ച പാട്ടേ ഞാൻ
ധരിക്കാറുള്ളു

2024, മേയ് 7, ചൊവ്വാഴ്ച

പ്രാണ മൂർച്ഛ


ചൂണ്ടയ്ക്കറിയാം
എവിടെ കൊളുത്തണമെന്ന്
കയറിനറിയാം
എങ്ങനെ അയച്ചുകൊടുക്കണ -
മെന്ന്
മീനിനറിയാം
വിശപ്പിൻ്റെ എരിതീയ്യിൽ നിന്ന്
സമൃദ്ധിയുടെ വറചട്ടിയിലേ-
ക്കെന്ന്

കാലമേ ,
ഇത്രയും മൂർച്ഛയോ
പ്രാണന്
ഇത്രയും തിളപ്പോ
രക്തത്തിന്

2024, മേയ് 6, തിങ്കളാഴ്‌ച

കടൽ


കടലിനെ എപ്പോഴെങ്കിലും നിങ്ങൾക്ക്
ഏകാകിയെന്ന് തോന്നിയിട്ടുണ്ടോ?

കടൽ ചിലപ്പോൾ ഒരു പ്രണയിനി
ഓടി തിമർക്കുന്ന കുട്ടി
കരണം കുത്തി മറിയുന്ന കൗമാര -
ക്കാരി
പകുക്കാൻ നനവുള്ളതായിയിനിയൊ -
ന്നുമില്ലെന്ന് വിഷാദിക്കുന്ന സ്ത്രീ

ഉള്ളിലൊരു തേങ്ങൽ ഒളിപ്പിച്ചു നടക്കുന്ന
വിരഹി
ലഹരിയിൽ മുങ്ങിത്താണ്
ആരുടേയോ വിളി കാത്തു നിൽക്കുന്ന
അഭിസാരിക
കൈനോട്ടക്കാരിയെപ്പോലെ കൗശലം
ഉള്ളിലൊളിപ്പിച്ച ഒരുവൾ

പുലരിയിൽ നവോഢയെ പോലെ
ആലസ്യംപൂണ്ടവൾ
ഉച്ചയിൽ മദാലസയെപ്പോലെ വിവശ -
യായവൾ
സന്ധ്യയിൽ സിന്ദൂരമണിഞ്ഞ മോഹിനി

കണ്ടിട്ടുണ്ടോ,
കടലിനെ
എപ്പോഴെങ്കിലും
ഏകാകിയായിട്ട്?!

2024, മേയ് 5, ഞായറാഴ്‌ച

കുഴിച്ചുകൊണ്ടിരിക്കുന്നു


കാലം
ജീവിതത്തെ
കുഴിച്ചു കൊണ്ടിരിക്കുന്നു
ആയുസ്സിന്റെ അടരുകൾ
അടർന്നു വീണുകൊണ്ടിരിക്കുന്നു

പഴകിയ പത്രം പോലെ
ഓർമ്മകൾ കീറി മുറിഞ്ഞിരിക്കുന്നു
ഓരോ അടരിലും
അടക്കാനാവാത്ത ജിജ്ഞാസ
കവിത പോലെ കതിരിട്ടു നിൽക്കും
പിന്നെ , കരിഞ്ഞ്
കുഴിമാടത്തെപ്പോലെ ഭയക്കും

ആയിരം ചീവീടുകളുടെ
ആർത്തനാദമായി
അസ്വസ്ഥതപ്പെടുത്തും
വീണ്ടുമൊരടരിൽ പുഞ്ചിരിയുടെ
പൂവിരിയും
നിലയ്ക്കാത്ത സ്വപ്നം ഉറവയിടും

പിന്നെപ്പിന്നെ
കണ്ണുണങ്ങി
കരിഞ്ഞുണങ്ങി
പിഞ്ഞിക്കീറി
ജീർണ്ണ വസ്ത്രമാകും

പിന്നെയും
കാലം കുഴിച്ചു കൊണ്ടിരിക്കും
ജീവിതത്തെ

2024, മേയ് 3, വെള്ളിയാഴ്‌ച

ദൂരം


മരണം തന്നെ
ശരണമെന്നറിയുന്നവൻ
ചോദിക്കുന്നില്ല
'ഇനിയെത്ര ദൂരമുണ്ട് '

ദൂരമുണ്ടെന്നു കരുതി
ദുരമൂത്തു കഴിയുന്നു .
ധര
ധാനം കിട്ടിയതെന്നു
കരുതുന്നു

അളന്നു കൂട്ടവെ
ഒരുവൻ
തളർന്നു വീഴുന്നു

അളന്നു കൂട്ടി
അഹങ്കരിച്ച ഒരുവൻ
അന്നം കഴിക്കുവാൻ
കഴിയാതെ
കിടക്ക ഒഴിഞ്ഞു കൊടുക്കുന്നു

ജീവിതത്തിൻ്റെ
ദൂരമളക്കുവാൻ
കഴിഞ്ഞിട്ടില്ല
ഇന്നുവരെ ആർക്കും

2024, മേയ് 2, വ്യാഴാഴ്‌ച

വേനലിൽ പൂത്ത പൂവുകൾ


വേനലിൽപൂത്ത പൂവുകൾ
പൊള്ളി നിൽക്കുന്ന നോവുകൾ
കണ്ണിനാനന്ദമായിടാം
കരഞ്ഞു വീർത്ത മുഖമലരുകൾ

മരുവുമോർമകൾ ഉള്ളത്തിൽ
തെരുപിടിപ്പിക്കും ചിന്തകൾ
രക്ത മെത്രയൊഴുക്കിയാണു നാം
സുഖിച്ചിടുന്നുസുരക്ഷരായ്

കരിഞ്ഞുപോയ സ്വപ്നങ്ങളിൽ നിന്നും പൂത്തുനിൽക്കും പുതു പ്രതീക്ഷകൾ
ഓർത്തു നോക്കാറില്ലനാമൊട്ടും
ആർത്തി മാത്രമേ ബാക്കി

ഗ്രീഷ്മമെത്ര കുടിച്ചു വറ്റിച്ച്
ചുവന്നു പോയതീ പൂവുകൾ
വസന്തമേകുവാൻ മാത്രമായെത്ര
ജീവിതം പൊള്ളി പോകുന്നുയിങ്ങനെ

2024, മേയ് 1, ബുധനാഴ്‌ച

മെയ്ദിനം

കുട്ടിക്കവിത


മെയ്ദിനമെന്നൊരു
ദിനമെത്തി
മീനച്ചൂടും കൂട്ടെത്തി
ചോന്നു തുടുത്തൊരു
വാകപ്പൂക്കൾ
മണ്ണിൽമെത്ത വിരിച്ചല്ലോ
കാറുകളില്ലാ മാനത്ത്
കുയിലിൻ നാദം മുറ്റത്ത്
മുറ്റക്കൊള്ളിൽ കുട്ടൻ്റെ
അച്ഛൻ
വെള്ളമൊരുക്കി കിളികൾക്ക്