malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, മേയ് 17, വെള്ളിയാഴ്‌ച

അടക്കം


ഇത്തിരി നേരം നിശ്ശബ്ദം
തേങ്ങി നിന്ന്
ഇറങ്ങിപ്പോയി ഒരു ഇളം -
തെന്നൽ

എന്തോ ഭയപ്പെട്ടതു പോലെ
കൊക്കി നിന്നു
കോഴികൾ മുറ്റത്ത്

അടക്കം പറഞ്ഞുകൊണ്ട്
ഒരാട്
തൊടിയിലെ തൊട്ടാവാടിക്കരികെ

ചിലക്കാൻ മറന്നു പോയൊരണ്ണാൻ
ചുറ്റിപ്പിടിച്ചുകിടക്കുന്നു മാവിൻ -
കൊമ്പിനെ

അങ്ങിങ്ങായ് കൂട്ടംകൂടി നിൽക്കുന്നു
ആളുകൾ
വേലിയിൽ വിളർത്തു കിടക്കുന്നു
വെളളപ്പൂവ്

വെയിലാറിയ നേരത്ത്
ഭാവമേതും കൂടാതെ
വെള്ളവിരിപ്പിൽ നിന്നെഴുന്നേറ്റ്
വെളിയിലെ തൂമ്പയുമെടുത്ത്
നടന്നു മുത്തശ്ശൻ

തെക്കേ തൊടിയിലെ
താഴ്ന്ന നിലത്ത്
തന്നത്താൻ കുഴിയെടുത്ത്
തന്നെത്തന്നെ അടക്കം ചെയ്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ