malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, നവംബർ 27, ബുധനാഴ്‌ച

നാലുവയസ്സുകാരി



നാലു വയസ്സുകാരി പെൺകുട്ടി
കടലാസ്സു പെൻസിൽ കൊണ്ട്
വെള്ളതേച്ച ചുമരിൽ
കുഞ്ഞു വരകളായ് കോറിയിടുന്നത്
എന്തൊക്കെയായിരിക്കും
പൂച്ച, പട്ടി, പശു, പൂവ്, മയിൽപ്പീലി
ഇത് മാത്രമായിരിക്കില്ല.
ചോറുതിന്നാത്തതിന്
അച്ഛന്റെ കണ്ണുരുട്ടൽ
അമ്മയുടെ ശകാരം
അച്ഛമ്മയുടെ കൊഞ്ചൽ
ഇതു മാത്രമായിരിക്കില്ല.
ഇരുളുറഞ്ഞ് തിമർത്തുപെയ്യും മഴ
ഇറവെള്ളത്തിലെ ഇളകിയാടുന്ന
കടലാസുതോണി
പൊള്ളുന്ന വെയില്
പൊരുളറിയാത്ത വാക്ക്
തണുത്ത കാറ്റ്
കൊളുത്തി വലിക്കും വെളുത്ത
മഞ്ഞിൻ പുതപ്പ്
ഇതു മാത്രമായിരിക്കില്ല.
തിരക്കുപിടിച്ച ബസ്സിൽ
അറിയാത്ത ചേട്ടന്റെ
മടിയിൽനിന്ന് പകർന്ന നോവ്
തിണർത്ത പാട്
കൈവിരൽ ഇഴഞ്ഞ ഇക്കിളികൾ.
ചിതറിക്കിടക്കുന്ന ഈ ചെറുവരകളിൽ
ഒളിഞ്ഞിരിക്കുന്നത്
ചായക്കൂട്ട് വെച്ച് നിറം പിടിപ്പിക്കാനുള്ളതല്ല
തൂവിപ്പോയ കണ്ണുനീരാണ്
ഇനിയും മായ്ച്ചു കളയുന്നതിനു മുമ്പ്
സൂക്ഷിച്ചു നോക്കുക
ഇങ്ങനെയൊക്കെയല്ലാതെ
ഒരു നാലുവയസ്സുകാരി
എങ്ങനെയൊക്കെയാണ്
തന്റെ ദുഃഖം വരച്ചിടുക


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ