malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, നവംബർ 21, വ്യാഴാഴ്‌ച

മഴ പെയ്യുമ്പോൾ



മുരച്ചമഴ പെയ്തു കൊണ്ടിരുന്നു
ഞാൻ കുറിഞ്ഞി പൂച്ചയെ തലോടിയിരുന്നു
പല കൗശല ചോദ്യങ്ങളും ഞാൻ എന്നോട്
ചോദിച്ചു കൊണ്ടിരുന്നു
ആ വാക്കുകളൊക്കെ ഒരു ചെവിയിൽ നിന്ന്
മറുചെവിയിലൂടെന്ന പോലെ
പുറത്തേ മഴയിലേക്കു പോയി
ഒരു ഏകാകിയുടെ മൃദുല ഭാവത്തിലെന്ന പോലെ
പൂച്ച ചുരുണ്ടു കിടന്നു
ഞാൻ അതിനെ താലോലിച്ചും
പടക്കളത്തിലെ മുറിവേറ്റ പടയാളിയെപ്പോലെ
മഴ തെറിച്ചു വീഴുന്നു
കവിക് കാവ്യാവിഷ്കാരത്തിനുള്ള
ഉപാദാനം പോലെ
ഇടിനാദമുതിരുന്നു
പിടിതരാത്ത പ്രാസം പോലെ
പൂച്ച വാല് അനക്കി കളിച്ചു
പ്രണയിനിയിലേക്കെന്ന പോലെ
വരി തീർത്തു പോകുന്നു മഴവെള്ളം
ഒരിക്കലും പിരിയരുതെന്ന് മണ്ണ്
മഴയോട് പറഞ്ഞു കൊണ്ടിരുന്നു
മേഘങ്ങൾ മേഞ്ഞു മേഞ്ഞു മറഞ്ഞു
വിളഞ്ഞു പഴുത്ത പഴം പോലെ
കിഴക്കനാകാശം മഞ്ഞിച്ചു
മഴ മാറിയ തക്കത്തിന്
മനസ്സിലെ കവിതയെ കടിച്ചെടുത്ത്
കുറിഞ്ഞി മുറ്റത്തേ തിണ്ടിലേക്ക്
ഓടിക്കയറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ