malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022, ജൂലൈ 25, തിങ്കളാഴ്‌ച

അറ്റുപോകാത്തത്



കിതച്ചുനിന്ന തീവണ്ടിയിലേക്ക്

ഇടിച്ചുകയറുന്നു ജനങ്ങൾ

രാവെന്നോ, പകലെന്നോയില്ലാതെ

എങ്ങോട്ടായിരിക്കും ഈ ജനങ്ങ -

ളൊക്കെ പോകുന്നത് ?!


പറിച്ചെടുത്ത ജീവിതത്തെ

മറ്റൊരിടത്ത് നട്ടുപിടിപ്പിക്കുവാനാ-

യിരിക്കുമോ?


എത്ര ആഴത്തിൽ കിളച്ചെടുത്താലും

അറ്റം പൊട്ടിയ ഓർമകൾ

ബാക്കിയാകാതിരിക്കുമോ?!


ആദ്യ സ്പർശമേറ്റമണ്ണിനെ (അമ്മയെ)

എങ്ങനെ മറക്കും

ഹൃദ് രക്തം പുരണ്ടു ഘനീഭവിച്ചുണ്ടായ

സ്മാരകശിലയാണ് ഓർമകൾ


നെഞ്ചിലെവിങ്ങലത്രയും ചൂടുനീരായി

കണ്ണിലൂടെ പെയ്തിറങ്ങുന്ന ചില -

നിമിഷങ്ങളുണ്ട്


വെളിയിലേക്ക് കണ്ണുംനട്ട് കാത്തിരിക്കു-

ന്നവീട്

തിരിച്ചു വരാൻ അല്പമൊന്ന് വൈകിയാൽ

ഒന്നും മിണ്ടാതെ പരസ്പരം നോക്കി മൗനം

പാലിക്കുന്ന തരു ശാഖികൾ

വേരോളമിനികായ്ക്കുന്നതെന്തിനെന്ന്

പ്ലാവ്

വേനലിനെ എന്തിന് പഴുപ്പിക്കണമെന്ന്

മാവ്


ആഴത്തിൽ കുഴിച്ചിട്ട്

ആവോളം സൂര്യവെളിച്ചം മോന്തി -

ക്കുടിച്ച്

മഴയിൽ നനഞ്ഞ് കുളിച്ച്

മഞ്ഞിൽ മേഞ്ഞു നടന്നിട്ടും

മഞ്ഞളിച്ചുപോയ


ചെറുകുഴിയിൽ ചരിഞ്ഞുകിടന്നിട്ടും

പാകത്തിന് വെളിച്ചമില്ലാതെ,

വെള്ളമില്ലാതെ മൃതപ്രായയായിട്ടും 

തളിർത്തു തിടംവെച്ച

എത്ര ജീവിതങ്ങളുണ്ട് ചുറ്റും


എത്ര നനഞ്ഞാലും

ചിതലരിച്ചാലും

ദ്രവിച്ചുപോകില്ല

ഓർമകളുടെ തായ് വേര്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ