malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

മരിച്ച വീട്


മരിച്ച വീടിൻ്റെ ഉമ്മറത്തിരിക്കുന്നു

ഞാൻ

മൊരിഞ്ഞ ചിന്തകൾ

നനഞ്ഞിരിക്കുന്നു


നിറഞ്ഞ ചിരികൾ

ചരിഞ്ഞിരിക്കുന്നു

മറന്ന മനസ്സ്

വഴിമുട്ടി നിൽക്കുന്നു


പ്രണയമിന്നൊരു

മരിച്ച വീട്

പൊള്ളി, യുരുകുന്ന

മഞ്ഞു വീട്

2025, ഫെബ്രുവരി 27, വ്യാഴാഴ്‌ച

മനസ്സ് പെയ്യുമ്പോൾ


മഴകണ്ടു നിൽക്കുമ്പോൾ മനസ്സു -
പെയ്തീടുന്നു
മറഞ്ഞു പോയുള്ളൊരാ ബാല്യം
എത്രയും സുന്ദര ചിന്തകൾ മാത്രം
നെയ്തുകൂട്ടീടിന കാല്യം

സ്വപ്നത്തിൻ മാത്രകൾ ചേർത്തു -
വച്ചന്നു നാം
കോർത്തെടുത്തഴകാർന്ന കൊട്ടാരം
സൂചിമുഖി പക്ഷികൾ വന്നിണചേരും
വാനം വിതാനിച്ച പൂന്തോട്ടം

വെയിൽത്തോറ്റ മാടുന്ന നട്ടുച്ചയിൽ -
പ്പോലും
നാട്ടു മാഞ്ചോട്ടിലാണന്നു വാസം
രാക്കിളിപ്പാട്ടു കഴിഞ്ഞൊരാ നേരത്തും
കാട്ടിലൂടെയുള്ള യാത്ര

ഇന്നും നിറഞ്ഞൊഴുകുന്നു മഴയോർമ്മ
മഴവറ്റി വരളുന്ന കാലത്തിലും
കാണാമറയത്തായ് അക്കാലമെങ്കിലും
കനവിലും കിനിയുന്നതുണ്ടുള്ളിലിന്നും


2025, ഫെബ്രുവരി 26, ബുധനാഴ്‌ച

പ്രണയം

അവൻ പറഞ്ഞു:

എൻ്റെ പ്രാണനേക്കാൾ
വലുതായിരുന്നു
എനിക്ക് അവളോടുള്ള
പ്രണയം
അതുകൊണ്ടുതന്നെയാണ്
അവളുടെ പ്രാണൻ
ഞാനെടുത്തത് !

2025, ഫെബ്രുവരി 24, തിങ്കളാഴ്‌ച

കടം


അത്രമേൽ സ്നേഹിച്ചിരുന്നു -
വെന്ന്
നീ പറഞ്ഞപ്പോഴാണ്
ഇത്രയും കടം പറ്റാൻ
ഞാനെന്തു തെറ്റാണ് ചെയ്ത -
തെന്നോർത്തു പോയത് !

2025, ഫെബ്രുവരി 23, ഞായറാഴ്‌ച

വിത്ത്


പച്ച വിരിപ്പിട്ടു നിൽക്കുന്ന പാടത്ത്
പച്ചപ്പനന്തത്ത പാടുന്നു
കളികൾ പറഞ്ഞു ചിരിക്കും തന്വംഗി
മാർ
കന്നിക്കളകൾ പറിക്കുന്നു

വിണ്ണണിപ്പാടത്ത് തട്ടമുട്ടി മേഘ-
ക്കന്നുകൾ കൂട്ടമായോടുന്നു
കൊക്കുകൾ കണ്ണുമടച്ചു ധ്യാനത്തിൽ
എന്നതുപോലെ നിന്നീടുന്നു

മുണ്ടകൻ പാടത്തെ ചൂണ്ടൻ വരമ്പിൽ
ഞെണ്ടുകൾ പറ്റിയിരിക്കുന്നു
ഞൊണ്ടി വരുന്നൊരു കാറ്റുണ്ടിയ്ടക്കിടേ
മഴമണി വാരിയെറിയുന്നു

പണ്ടത്തെയോർമ്മകളിന്നും മനസ്സിലെ
പാടവരമ്പേറിനിൽക്കുന്നു
ചൂണ്ടൻ വരമ്പിലെ ഞെണ്ടുകൾ വന്നെൻ്റെ
കണ്ഠമിറുക്കി നോവിക്കുന്നു

ഇന്നില്ലപാടങ്ങൾ, പണിചെയ്യും പെണ്ണു
ങ്ങൾ
പാടവരമ്പേറും പാണനാരും
വിത്തെടുത്തുണ്ടുള്ള മർത്യനറിയില്ല വിത്തിൻ്റെ,വിത്തമെന്തെന്ന്

2025, ഫെബ്രുവരി 18, ചൊവ്വാഴ്ച

കണ്ണാടി


എത്ര കണ്ടതാണെന്നെയീ, -
കണ്ണാടി
കണ്ണിറുക്കി കാട്ടിയതാണ്
ബാല്യ,കൗമാര, യൗവ്വനത്തെ
കൗതുകത്താൽ പുണർന്ന-
താണ്

കൈപിടിച്ചെത്ര നടത്തിച്ചു -
അവൾ
കരയും കുഞ്ഞുവായിൽ പു-
ഞ്ചിരി നിറച്ചു
കുരുത്ത മീശയിൽ തൊട്ട് കോ-
രിത്തരിപ്പിച്ചു
കുരുത്തക്കേടിനെ കണ്ണുരുട്ടി പേ -
ടിപ്പിച്ചു

നിലക്കണ്ണാടി,യെത്ര,യെന്നെ -
കാട്ടി തന്നു
നീലക്കയമായയലിഞ്ഞോള -
മിട്ടു
ഇന്നുമത്രയും കൗതുകത്തോടെ -
നോക്കുന്നു ഞാൻ
ബാല്യ, കൗമാര, യൗവ്വനം തളിർ -
ക്കുന്നു

2025, ഫെബ്രുവരി 15, ശനിയാഴ്‌ച

കൂട്ടുകാരിക്ക്



കവിത കൊണ്ടെന്നെ കീഴടക്കി നീ
കലപിലക്കാറ്റുപോലെച്ചിരിച്ചു നീ
സ്നേഹ തുമ്പപ്പൂച്ചോറു വിളമ്പിനീ
കാട്ടുപച്ച,ക്കറി തൊട്ടുകൂട്ടി നീ

കനൽവിതാനിച്ച വാകയ്ക്കു കീഴെ
കവിത ചൊല്ലിക്കളിച്ചുള്ള നാളിൽ
പവിഴമല്ലിക്ക,സൂയ തോന്നുംവിധം
പരിലസിക്കുന്ന പൂമണമാണു നീ

കവിത കൊണ്ടെൻ്റെ കരളിലെ -
ക്കടവിൽ
എന്നും വന്നു നീ കാത്തു നിൽക്കു-
മ്പോൾ
മഴനിലാവിൻ്റെ മക്കളായി നാം
മോഹവള്ളത്തുഴയെറിയുന്നു

വയലിറമ്പിലും, വേലിപ്പടർപ്പിലും
ജീവഗന്ധങ്ങൾ പൂക്കും പറമ്പിലും
തേടിയെൻ്റെ കരളുപാറുന്നു
കൂട്ടുകാരി എവിടെയാണിന്നു നീ

2025, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

ഇനിയെങ്കിലും


ചുമക്കുന്ന ചിന്താഭാരത്തെ
ഇറക്കി വെയ്ക്കാമിനി
ചുമന്നു നടന്നതുകൊണ്ടെന്തു
കാര്യം
യാദൃച്ഛികമായി ഒന്നും സംഭവി
ക്കുന്നില്ല

ഇലകളുടെ ലാഘവത്തോടെ
ഇളകിയാടാമൊരു ജീവിതം
ഇലകൾ പൊഴിയും പോലെ
പൊഴിഞ്ഞിടാമൊരിക്കൽ

2025, ഫെബ്രുവരി 13, വ്യാഴാഴ്‌ച

പ്രണയമെന്നല്ലാതെ....

 



ശരത്കാല രാത്രിതൻ
കണ്ണിലെദാഹമായ്
അരികിൽ നീ ചേർന്നിരി-
യ്ക്കുമ്പോൾ
രതിമാതളപ്പൂവുണരുന്നു -
ടലി,ലോരോ അണു -
വിലുമെന്നിൽ

മുറ്റത്തെ തേൻമാവിൽ
പടരുന്നൊരാ മുല്ല
ചുംബിച്ചു ചുംബിച്ചു -
നിൽക്കേ
സുഗന്ധം പൊഴിക്കും -
നിലാപ്പൂക്കളായി സിരയിൽ
സരയുവാകുന്നു

പേരറിയാ പക്ഷി പാടുന്ന -
കേൾക്കവേ
വിരിയുന്നൊ ചുണ്ടിലൊരീണം
നിൻ ചുണ്ടിലെച്ചെണ്ടുമല്ലിക -
പ്പൂവൊന്നു
കട്ടെടുക്കാനുള്ളിൽ ദാഹം

എൻ പ്രാണ താളത്തെ
കോർത്തു കോർത്തെടു-
ത്തു നീ
ചാർത്തിക്കയാണൊ -
രതിഹാരം
ഈശ്യാമ നേരത്തിന്ന,ശാന്ത -
ദാഹത്തിനെ
പ്രണയമെന്നല്ലാതെന്തു
വിളിച്ചിടും നാം


2025, ഫെബ്രുവരി 12, ബുധനാഴ്‌ച

അൽഷിമേഴ്സ്

എല്ലാം കാണുന്നു

എല്ലാം കേൾക്കുന്നു

മൃഷ്ടാന്നം ഭക്ഷിക്കുന്നു

ഉറങ്ങുന്നു

ഉണരുന്നു

എല്ലാം മറക്കുന്നു

ഞാൻ ഉണ്ടായിട്ട

2025, ഫെബ്രുവരി 11, ചൊവ്വാഴ്ച

കുന്നുകയറിപ്പോകുമ്പോൾ


കുന്നു കേറിക്കേറി നാം പോകവേ
പിന്നിലേക്കു തിരിഞ്ഞൊന്നു - നോക്കണം
മുകളിലാണിന്നു നിൽക്കുന്ന -
തെങ്കിലും
താഴെയിറങ്ങുവാനുള്ളതാണെ -
ന്നോർക്കണം

2025, ഫെബ്രുവരി 10, തിങ്കളാഴ്‌ച

പതാക


പ്രണയം,
കരുതലും കലാപവും
കവിതയും അതിജീവനവും
നെഞ്ചിൻ പിടപ്പും തുടിപ്പും

പുലരിതൻ തളിർപ്പും
സന്ധ്യതൻ തിണർപ്പും
ജീവൻ്റെപക്ഷി
പറന്നേറും ചേക്കയും

കനവും കിനാവും
ഇനിപ്പും കവർപ്പും
പുളിപ്പും ഇഴചേർന്ന
ജീവിത പതാക

2025, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

മറക്കാൻ കഴിയാത്തത്


ഹരിത കഞ്ചുകം പുതച്ചു നിൽക്കുമീ
മലനിരകളെ കാണുന്ന വേളയിൽ
ഇരമ്പിയാർക്കുന്ന ജലതരംഗമായ്
എന്നിലേക്കു കുതിച്ചു വരുന്നു നീ

അന്നു നമ്മളീവനപാതയിൽ
മൗനഗർത്തങ്ങളായ് നിന്നുപോയതും
നിൻ മിഴികളിൽ നിന്നു മാൻപേടകൾ
പച്ചിലത്തലപ്പു നുള്ളാൻ കൊതിക്കവേ
കൊതികളാൽ കുതിച്ചു പാഞ്ഞൊരെൻ -
ഹൃദയം
കിതച്ചു നിന്നുപോമെന്നു പേടിച്ചു ഞാൻ

മഹിതമാമലക്കമ്പളം ചുറ്റി നാം
പിന്നെ തൊട്ടു തൊട്ടൊന്നായി നിന്നതും
പൊളളുമധരവഹ്നിയിൽ വിങ്ങി നാം
കുളിരും കാനന ഛായയിൽ ചായവേ

സിരകളിൽ നൂറു ചെമ്പനീർ മൊട്ടുകൾ
പൂവായ് വിരിഞ്ഞു പൊൻ തിലകമണി -
ഞ്ഞതും
മറക്കുവാൻകഴിയില്ല മറവിയിലേക്കി - റങ്ങി
നടന്നു മറയുവാൻ കഴിയില്ല ഒട്ടുമേ

2025, ഫെബ്രുവരി 6, വ്യാഴാഴ്‌ച

പോലെ.....


വിണ്ണിലേക്കൊന്നു നീ,യെത്തി നോക്കൂ
വെൺനിറപ്പൂപ്പന്തലിട്ട പോലെ
മുറ്റത്തെ പൂവിലേക്കൊന്നു നോക്കൂ
വണ്ടിനെ കാത്തിരിക്കുന്ന പോലെ

മഞ്ഞിൻ മണികളിലൊന്നു നോക്കൂ
തൂവിയപൊന്നിൻ പൊടികൾ പോലെ
പുൽക്കൊടിത്തുമ്പിലെ കാറ്റു നോക്കൂ
പേരാറല,കളിക്കുന്ന പോലെ

ചെമ്പകച്ചോട്ടിലെ തുമ്പനോക്കൂ
അൻപിൻ പൂപ്പുഞ്ചിരിയെന്നപോലെ
പൈങ്കിളിപ്പെണ്ണിനെയൊന്നു നോക്കൂ
പൊൻകതിരുണ്ടു രസിച്ചപോലെ

പച്ചപുതച്ചൊരു കുന്നു നോക്കൂ
കൊച്ചു വൃന്ദാവനമെന്ന പോലെ
പിച്ചകച്ചോടിൻ തണുപ്പു നോക്കൂ
പച്ചിലക്കാട്ടിലേതെന്നു പോലെ

തൊട്ടു നിൽക്കു,ന്നൊട്ടുമാവു നോക്കൂ
തോളോടുതോൾ നമ്മൾ ചേർന്ന പോലെ
വിളക്കിൽ തെളിഞ്ഞൊരാ ദീപം നോക്കൂ
പ്രേമത്തിന്നദ്വൈതദീപ്തി പോലെ

2025, ഫെബ്രുവരി 5, ബുധനാഴ്‌ച

പ്രളയം


മലമടകളിലൂടെ
അരിച്ചിറങ്ങിയ ജലംകണ്ടത്
കാടിൻ്റെ നടുവൊടിച്ച
നാട്ടാളരെയായിരുന്നു

കർക്കിടകമൊന്ന്
കുന്തക്കാലിൽ നിന്നെത്തി -
നോക്കിയതേയുള്ളു
പുലരിയിൽ പൂങ്കാവനമായി
രുന്ന മലമടക്കുകളിന്ന്
അസ്ഥികൂട നെഞ്ചിൻ കുഴി
പോലെയായിരിക്കുന്നു

സ്മൃതി വറ്റിയ മനുഷ്യാ
മൃതിയേക്കുറിച്ച് നിനക്കെന്ത -
റിയാം
നിൻ്റെ പ്രപിതാമഹർ എൻ്റെ
മഹാസ്നേഹിതർ
അവരുടെ സത്യം നിങ്ങളെ
കാത്തു

നിന്നെ കാത്തുനിർത്താൻ ഇനി
യെനിക്കില്ലൊരു
കരങ്ങൾതൻ തടയണ
എൻ്റെ കണ്ണാടിയാഴങ്ങളിൽ
അമരുവാൻ നീ നിനക്കായ് വഴി
വെട്ടിയിരിക്കുന്നു

കർക്കിടകം കാലൊന്നുറപ്പിച്ച
തേയുള്ളു
നൊടി മാത്രയിൽ
നേടിയെന്നഹങ്കരിച്ചതെല്ലാം
പരൽ മീനുകളെപ്പോലെ
പുളഞ്ഞ്
കാണാമറയത്തു മറഞ്ഞു

2025, ഫെബ്രുവരി 1, ശനിയാഴ്‌ച

നാടും വീടും


ചിന്തതൻ മരംകൊത്തി
കൊത്തിയടർത്തുന്നു ഓർമ്മകൾ
നോക്കുയീ,യിടം കുഞ്ഞുനാളിലെ -
ൻപ്രാണഞരമ്പാകും കുണ്ടനിട-
വഴി

കുത്തി നിർത്തിയതുപോലൊരു
കൊച്ചു മൺകുടിൽ നിന്നയിടം
അച്ഛനമ്മ,മക്കളാനന്ദ നിമിഷങ്ങൾ
പങ്കിട്ടു ജീവിച്ചബ്ഭൂതലം

മത്തവള്ളികൾ, പയറുകൾ
താള്, തകര, കുറുന്തോട്ടി
തഴച്ചുവർളന്നു പുളച്ചു കളിച്ചോരിടം
കന്നുകാലിതൻ മേച്ചിൽപ്പറമ്പ്

വെയിലേറ്റും, വേപഥുപൂണ്ടും,
വിറകേറ്റി വരുവോർക്കും
വേപ്പിൻ തഴപ്പിനാൽ തണുപ്പും -
തണലും
ചുമടുതാങ്ങിയും തണ്ണീരുമേകി -
യോരിടം

കണ്ടാലറിയാതായി,യിന്നീ,യിടം
കൊണ്ടറിഞ്ഞതിനാലിന്നും
മനസ്സിൻ്റെ ആഴത്തിൽ ആഴത്തി -
നാഴത്തിൽ
തറഞ്ഞു നിൽക്കുന്നു,യീ ജന്മ നാടും,
വീടും.