malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, ഫെബ്രുവരി 6, വ്യാഴാഴ്‌ച

പോലെ.....


വിണ്ണിലേക്കൊന്നു നീ,യെത്തി നോക്കൂ
വെൺനിറപ്പൂപ്പന്തലിട്ട പോലെ
മുറ്റത്തെ പൂവിലേക്കൊന്നു നോക്കൂ
വണ്ടിനെ കാത്തിരിക്കുന്ന പോലെ

മഞ്ഞിൻ മണികളിലൊന്നു നോക്കൂ
തൂവിയപൊന്നിൻ പൊടികൾ പോലെ
പുൽക്കൊടിത്തുമ്പിലെ കാറ്റു നോക്കൂ
പേരാറല,കളിക്കുന്ന പോലെ

ചെമ്പകച്ചോട്ടിലെ തുമ്പനോക്കൂ
അൻപിൻ പൂപ്പുഞ്ചിരിയെന്നപോലെ
പൈങ്കിളിപ്പെണ്ണിനെയൊന്നു നോക്കൂ
പൊൻകതിരുണ്ടു രസിച്ചപോലെ

പച്ചപുതച്ചൊരു കുന്നു നോക്കൂ
കൊച്ചു വൃന്ദാവനമെന്ന പോലെ
പിച്ചകച്ചോടിൻ തണുപ്പു നോക്കൂ
പച്ചിലക്കാട്ടിലേതെന്നു പോലെ

തൊട്ടു നിൽക്കു,ന്നൊട്ടുമാവു നോക്കൂ
തോളോടുതോൾ നമ്മൾ ചേർന്ന പോലെ
വിളക്കിൽ തെളിഞ്ഞൊരാ ദീപം നോക്കൂ
പ്രേമത്തിന്നദ്വൈതദീപ്തി പോലെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ