malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014, ജനുവരി 25, ശനിയാഴ്‌ച

സ്നേഹത്തിനു ഉപ്പുരസം



പിറന്ന അന്നു മുതൽ പശുക്കുട്ടിയെ
അച്ഛൻ വിളിച്ചു തൊപ്പേ...
അമ്മ വിളിച്ചു തൊപ്പച്ചി...
അവൻ വിളിച്ചു ചൊപ്പച്ചീ...
അവന്റെ കാലിൽ ചാണക മിട്ടു
അമ്മയുടെ മടിയിൽ മൂത്രമൊഴിച്ചു
അച്ഛന്റെ കാലിൽ നുരയുന്ന പതയിറ്റിച്ചു
അമ്മ കറുകപ്പുല്ല് വായിൽ വെച്ചു കൊടുത്തു
അച്ഛൻ സ്കൂട്ടറിൽ കയറുന്നതുപോലെ
കഴുത്തിന്റെ ഇരുവശവും  കാലിട്ട് വായകത്തിപ്പിടിച്ചു
അവൻ കഞ്ഞിവെള്ളം കോരിക്കോരിക്കൊടുത്തു
വാലുപൊക്കി തലചെരിച്ചു കുണുങ്ങി കുണുങ്ങി
തുള്ളിക്കളിച്ചു പശുക്കുട്ടി
ഊർന്നുവീഴുന്ന  ട്രൌസർപൊക്കിപ്പിടിച്ച്
വാഴനാരുകൊണ്ട് ചുറ്റിക്കെട്ടി
ഇരുകാലിലും, നാലുകാലിലും തുള്ളിക്കളിച്ചു  അവനും
പശുക്കുട്ടി വളർന്നു വളർന്ന് ഒത്ത പശുവായി
അവൻ വളർന്ന് വളർന്ന് മന്ദ ബുദ്ധി കുട്ടിയായി
പശുവിനെ മേച്ചു ഒരു ദിവസം വീട്ടിലെത്തിയപ്പോൾ
അമ്മ അച്ഛനോട് പറഞ്ഞു:
പശുവിനു ഗർഭമുണ്ടെന്നു.  
ഗർഭക്കാരത്തി പശുവിനെ തല്ലരുതെന്നു
അമ്മ മകനെ ഉപദേശിച്ചു
ഗർഭമുള്ള എന്നെയും തല്ലരുതെന്നു
മകൻ അമ്മയേയും ഉപദേശിച്ചു
അയൽവീട്ടിലെ ചേച്ചി  ഗർഭിണിയായപ്പോൾ
എന്തൊക്കെ പുകിലായിരുന്നു
ചേച്ചിയുടെ അച്ഛൻ ഊരിയ കത്തിയുമായി
ഓടുന്നത് അവൻ മനസ്സിൽ കണ്ടു
ഇവിടെ എനിക്കും പശുവിനും ഗർഭമുണ്ടായിട്ടും
അച്ഛനു ഒരു കുലുക്കവുമില്ല
അച്ഛൻ നല്ലച്ഛൻ പൊന്നച്ഛൻ എന്ന്
അവൻ മനസ്സിൽ പറഞ്ഞു
പ്രസവ മടുത്തപ്പോൾ പശുവിനെ മേയാൻ
വിടാതിരുന്നിട്ടും
അവനെന്നും രാവിലെ പ്പോയി
വൈകുന്നേരം വന്നു
രാവിലെ വെറുതെഎന്തിനാണ് പോകുന്നതെന്ന്
അമ്മ ചോദിച്ചപ്പോൾ
ഗർഭമുണ്ടായിട്ടും  എന്റെ വയർ വീർത്തിട്ടില്ലെന്നും
ഞാൻ പ്രസിവിക്കാറായിട്ടില്ലെന്നും അവൻ പറഞ്ഞു
അമ്മ പശുവിനു പേറ്റ്നൊമ്പലം കിട്ടിയതുപോലെ
അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു
കണ്ണിൽ നിന്നും പശുക്കുട്ടിയോളം വലുപ്പത്തിൽ
കണ്ണീർ തുള്ളി തുള്ളി വീണു
സ്നേഹത്തിനു ഉപ്പ് രസമെന്നു അവനറിഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ