മനസ്സിന്റെ സ്ക്രീനിലേക്ക്
കവിത, ചിത്രങ്ങൾ പോലെ
കൊഴിഞ്ഞു വീണപ്പോൾ
കൊതിയോടെ കവിത എഴുതുവാൻ
കടലാസും പേനയുമായി ഞാനിരുന്നു
നേരിയ വിറയലോടെമാവുമരം കരം നീട്ടി
വീടിന്റെ മുകൾ ഭാഗം സ്പർശിക്കുവാൻ
ശ്രമിച്ചുകൊണ്ടിരുന്നു
ചുഴിഞ്ഞു വന്നൊരുകാറ്റ് മരത്തെ
ചുറ്റിപ്പിടിച്ച്
അവളുടെ സ്വന്തമായവയെല്ലാം
പിച്ചിചീന്തുവാൻ ശ്രമിച്ചപ്പോൾ
നിഴലിനെ വാരിയെടുത്തവൾ
മേലാകെ പുത്തച്ചുനിന്നു
ശരത്കാലത്തിൽ കൊഴിഞ്ഞു വീഴുന്ന
യിലകളെപ്പോലെ
മോഹങ്ങളുടെ കൊയ്തെടുത്ത കറ്റകൾ
വീണു തകരുമെന്നൊർത്തപ്പോൾ
അവസാന ശ്രമമെന്നനിലയിൽ
അവളൊന്നു പിടഞ്ഞു
പിടിവിട്ട കാറ്റ് പിന്തിരിഞ്ഞു നോക്കാതെ
പാഞ്ഞു പോയി
ഞാൻ പേനയെടുത്ത് വാക്കുകളെ
കുടഞ്ഞു കുടഞ്ഞു
ആകാശത്തെ കറുപ്പിച്ചു
കത്തിച്ചു വെച്ച നില വിളക്കിൻ
തിരിയുടെ കറുത്ത പാടുകൾ പോലെ
കവിത കടലാസിൽ പടർന്നു നിന്നു
അപ്പോൾ പുറത്ത് മാവുമരം
നെടുവീർപ്പിട്ടതിന്റെ നേരിയ കുളിരല
എന്നെ വന്നു തൊട്ടു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ