malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, നവംബർ 21, ബുധനാഴ്‌ച

മരുഭൂമി



മരുഭൂമി വെറും മരുഭൂമിയല്ല
ചിത്രശാലയാണ്
കാറ്റിന്റെ കൈകളാൽ വരച്ചു ചേർക്കുന്ന
കവിതകളാണ്
കാലങ്ങൾ നെയ്തുകൂട്ടിയ ചിത്രങ്ങളാണ്
നേരത്തെ കണ്ട പുഴയല്ല
ഇപ്പോഴുള്ളതെന്ന പോലെ
മരുഭൂമിയും മാറിക്കൊണ്ടിരിക്കുന്നു
ഒരു വലിയ മരുക്കുന്ന് ഒരു കാറ്റിലലിഞ്ഞ്
ചെറുകൂനയാകും
ഒരു ചെറുകൂന വലിയ മലയുടെ
മായാചിത്രമാകും
ഒരു വലിയ കോട്ടയാണ് മരുഭൂമി
കാലത്തിന്റെ കൈകൾ പണിതുയർത്തിയ കോട്ട
കടലിറങ്ങിപ്പോയ ഒരു മരുക്കാട്
മദാലസയെപ്പോലെ നഗ്നതയുടെ അഴകളവുകൾ -
കാട്ടി
മലർന്നും കമിഴ്ന്നും കിടന്ന്
ഭ്രമിപ്പിക്കുന്ന സുന്ദരി
ചിലപ്പോൾ ഒരു മലർവാടി
കടൽ
വനം
ആടയാഭരണങ്ങളണിഞ്ഞ്
നാണത്തിന്റെ നുണക്കുഴികളിൽ
നിറഞ്ഞു ചിരിക്കുന്ന സുന്ദരി
മാനും, മയിലും, കുയിലും, കുരുവിയും,
കരടിയും, കാട്ടാനയും, വന്യതയും വിതക്കുന്ന
മരമില്ലാത്ത മരുക്കാട്
ദാഹിച്ചുവലയുന്നവനെ
ജലത്തിന്റെ മായാജാലം കാട്ടി
വെള്ളമില്ലാതിടത്തെ
മത്സ്യമാക്കി മാറ്റും മരുഭൂമി
സ്നേഹവും, ദു:ഖവും, പ്രണയവും, പ്രാർത്ഥനയു
മാണ്
മരുഭൂമി വെറും മരുഭൂമിയല്ല
സ്വപ്നങ്ങൾ ചുരത്തിത്തരുന്ന
മോഹങ്ങളിൽ പറിച്ചു വെച്ച
സ്വർണ്ണഹൃദയമാണ് മരുഭൂമി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ