malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, ഫെബ്രുവരി 20, വ്യാഴാഴ്‌ച

പുഴ



വറ്റിവരണ്ടൊരു പുഴതൻപുളിനം
ഓർമ്മ,യയവിറക്കിക്കിടക്കുന്നിതാ
കണ്ണാടിയാക്കി കളിച്ചു ഞാനെത്രയോ
കുഞ്ഞുമീനുമായ് കളിയിൽ രസിച്ചു
തെളിഞ്ഞ നീരെന്നെയിക്കിളിയാക്കി
പൊക്കിളിൻ പൊത്തിലുമ്മകൾ വെച്ചു
മന്ദമായ് നൃത്തചുവടുകൾ വെച്ചും
ഹൃത്തടത്തിൽ കുളിർ കോരിയിട്ടും
കളകളം മൂളി കവിതകൾ പാടി
കന്യയാൾ കാനനത്തിൽ മറഞ്ഞും
പാൽനുരചിന്നി പനിമതിപ്പെണ്ണിനെ
ചുംബിച്ചു ചുംബിച്ചൊരാഴം തുഴഞ്ഞും
കാലമങ്ങനെ പാഞ്ഞു പോകിലും
ശാന്ത മന്ദം അലസംഗമിച്ചു
തഴച്ചുവളരുമാ പച്ചത്തടങ്ങളെ
പാഞ്ഞുചെന്നമ്മയായ് കെട്ടിപ്പിടിച്ചും
വർഷ ഹർഷം പൊഴിക്കുന്ന വേളയിൽ
കുട്ടിക്കുറുമ്പായി കുത്തിമറിഞ്ഞും
ദാഹമാറ്റുവാൻ കൈവഴിയായ് ചെന്ന്
ദാനദേവതയായി വിളങ്ങിയും
മന്നിലേമഹാ മൗനങ്ങളെ മാറ്റി
ദേവസന്നിധിയായിച്ചമഞ്ഞും
എത്ര നിർമ്മലം വിശുദ്ധം വിശാലം
എങ്ങും നിറഞ്ഞുള്ള സ്നേഹ സരിത്ത്
പിന്നെയെന്നോ മർത്ത്യനാം കാളിയൻ
വിഷം കലർത്തിയാപുണ്യതീർത്ഥത്തിൽ
പിന്നെ കണ്ഠംമുറിച്ചുപണ്ടങ്ങൾ വാരി -
വിറ്റു രമിച്ചു മദിച്ചു
കൊന്നു കുപ്പിയിലാക്കിയടച്ചുകുടുകുടേ -
കുടിച്ചു രസിക്കുന്നു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ