malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, നവംബർ 7, ശനിയാഴ്‌ച

ആശിർവാദം


ബോധിച്ചുവട്ടിൽ കപോതം കിടക്കുന്നു
ബോധമില്ലാതെ വിറങ്ങലിച്ച്
ഏതു ശിശിരത്തിൻ ശാപമേറ്റ്?
ഏതു കപോതകനാൽ ദംശമേറ്റ്?
നീല നിറമാർന്നൊരന്ത്യനിചോളമാദ്ദേഹ-
ത്തിലാരോ വിരിച്ചപോലെ

പാതവക്കത്തു പതം പറഞ്ഞ്
പാഴ്മരമൊന്നു കരഞ്ഞിടുന്നു
പുത്രന്മാരൊക്കെയുമെങ്ങു പോയി!
പത്രങ്ങളൊക്കെക്കൊഴിഞ്ഞു പോയി
പട്ടിണിയാലെല്ലും തോലുമായി

രാവുപകലെന്ന ഭേദമില്ലാ
പാവമാ പാഴ്മരം നീറി നീറി
ചീറിയെത്തുന്നൊരു കാറ്റിൽ മാത്രം
ജീവൻ്റെയൊറ്റ പ്പിടപ്പറിയാം

ശാഖോപശാഖാ പ്രതാപകാലം
എങ്ങും തണൽ വിരിച്ചുള്ള കാലം
മക്കളും, മനയെന്നും മാത്രമോർക്കാതെ
ഏവർക്കും താങ്ങായി നിന്നകാലം
ധീരമാം ഭാവിയാശംസകൾ നേരുവാൻ
വസന്തൈക ദൂതികളൊഴിയാത്ത കാലം

അക്കാലമിന്നോർമ്മ മാത്രമായി
മൃത്യുവിൻ മുഷ്ടിയുയർന്നുപൊങ്ങി
പക്ഷം വിരുത്തിപ്പറന്നു പറന്നു പോയ്
സ്വന്തവും, ബന്ധവും, സാന്ത്വനവും

പട്ടിളം കാലിൻ്റെയോർമ്മയിന്നും
തൊട്ടിലുള്ളത്തിൽകെട്ടിയാടിടുന്നു
നാളെയെൻ ശ്വാസം നിലച്ചുപോകാം
ശാസിക്കയില്ല ഞാൻ നിങ്ങളെയെന്നെന്നും
തുടിക്കണംഭാനു കിരണമായി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ