malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, നവംബർ 18, ബുധനാഴ്‌ച

ഓർമ്മകൾ


ഓർമ്മകളൊത്തിരിയുണ്ടെന്നുള്ളിൽ
ബാല്യത്തിൻ മണിയോർമ്മകളും
പള്ളിക്കൂട വളപ്പിൽ പുത്തൻ
കളികൾ കരേറിയ നാളുകളും
അണമുറിയാപ്പുഴ വെള്ളം പോലെ
ബാലകർ തീർക്കും ആർപ്പുകളും
വായ്ക്കും കൊതിയോടവരവർനീട്ടിയ
വാത്സല്യത്തിൻ പുളിമധുരം
കണ്ണീരുപ്പിൻ കഞ്ഞികുടിച്ചൊരു
പള്ളിക്കൂട നാളുകളിൽ
ഉച്ചയ്ക്കുണ്ണാൻ കാളും വയറിനെ
കണ്ടില്ലെന്നു നടിക്കുമ്പോൾ
കണ്ടത്തിൽ പണിയില്ലാതമ്മ കുടിലിലി -
രിപ്പതു കാണുന്നു
റോഡിന്നരികിൽ മണികൾ മുട്ടി മാടിവിളി-
ക്കും മിഠായി
മിണ്ടാറില്ല ഞാൻ നോക്കാറില്ല ഞാൻ
നോവിൻ രുചിയെന്നുള്ളത്തിൽ
കൊറ്റിനു വകയില്ലാത്തവനാം ഞാൻ
കൊതിപാടില്ലെന്നോർമ്മിക്കും
കിണറിന്നാഴത്തിൽ കുറുകുന്നൊരു
മാടപ്രാവിൻ ചിറകടിയും
അങ്ങേക്കൊമ്പിൽ ചാടി നടക്കും
അണ്ണാൻ കുഞ്ഞിൻ സംഗീതം
മണി മുട്ടുംവരെ പശി മാറാൻ മതി
പിന്നെ ക്ലാസിൽ മിഴി നീട്ടാം
ചെല്ലച്ചിറകു വിരുത്തിയോർമ്മകൾ
ഉള്ളിൽപ്പാറി നടക്കുന്നു
മതിമതിയക്കഥ കണ്ണീരിൻകഥ
ഉണങ്ങാമുറിവിൻ ബാല്യ കഥ
പാടില്ലിനിയും പറയല്ലേ
കണ്ണീരിനിയും തൂവല്ലേ
ഏതോ ശീതളപാണികൾ വന്ന്
ഗാഢം പുൽകി പ്പുണരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ