malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, ജനുവരി 17, ഞായറാഴ്‌ച

വൈതൽമല


താഴ് വരത്താരയിൽ നിന്നു ഞാൻ നോക്കവേ
കുന്ന്,കളഭം ചരിഞ്ഞപോലെ
കുന്നിൻ നെറുകയിലേറി നോക്കുന്നേരം
ആനപ്പുറത്തേറി നിന്നപോലെ
ഒരു മാത്ര,യേതോ പുരാതനക്കൊട്ടാര - ക്കോട്ടതന്നകമേ,യകപ്പെട്ടപോലെ

ദൂരദൂരെ വെള്ളിനൂലിളകുന്നപോൽ
അറബിക്കടലിൻ തിരയിളക്കം!
ആലിംഗനത്തിലമർന്നു നിൽക്കുന്നതാ
കുടകുമലയും പൂർവ്വാംബരവും !!
താഴെത്തരുണിതൻ കെട്ടഴിഞ്ഞുള്ളൊരു
വേണിതൻമട്ടിൽ കിടപ്പു റോഡ്

വള്ളിപ്പടർപ്പുലച്ചെത്തുന്ന നൽക്കാറ്റ്
സലീലം തൊട്ടു പറന്നിടുന്നു
വൻമരമൊക്കെയും പച്ചത്തലപ്പാലെ
വാനത്തെ താങ്ങി നിർത്തുന്ന പോലെ.
മൂകത മുറ്റിത്തഴച്ചുള്ള കാടുകൾ
നിമ്നഗർത്തങ്ങളോ ഗഹ്വരങ്ങൾ.

കോടിയുടുത്തുള്ള കോടപ്പെണ്ണ്
കുണുങ്ങിക്കുണുങ്ങിക്കടന്നു പോകും
ഈ മലത്തട്ടിൻ മടിത്തട്ടിലെങ്ങും
പച്ച വില്ലീസു വിരിച്ചപോലെ
ഭൂവിനും ദ്യോവിനും മധ്യത്തിലായ്
പുത്തനാം ലോകം പണിതപോലെ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ