malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, ജനുവരി 6, ശനിയാഴ്‌ച

കവിയമ്മ


കഥ പറയും കാട്ടിനുളളിൽ
കൂടൊരുക്കി കവിയമ്മ
ജീവനവും, ജീവിതവും കാട് -
പൂർവ്വ ഭവനമെന്നും
കാടുനീളെ, നാടുനീളെ
നടന്നു പാടി കവിയമ്മ

കഥയറിയും കാട്ടാളർ
പച്ചനോട്ടിൻ നോട്ടത്തിൽ
കാട്ടിലേക്കു കുതികൊൾകേ
മഴുവായ്ത്തല മൂർച്ചയായി
കയർക്കുന്നു കവിയമ്മ

അരണ്യത്തെ ഹരിക്കാതെ
ഹരിതമാക്കു ജീവിതം
കാടിവെള്ളം മൂടിത്തന്ന്
കുഞ്ഞുനാളിൽ കൂട്ടുനിന്ന്
ഉൺമയേകി ഉള്ളുണർത്തി
പെറ്റമ്മയീകാടകം

മുറിഞ്ഞു വീഴും മാമരത്തിൽ
ചിറകൊടിഞ്ഞ പക്ഷിയായി
ആർത്തലച്ചു കരഞ്ഞിടുന്നു
സുഗതയമ്മ കവിയമ്മ

ബാലകർക്കു വാഴത്തേനായ്
ജീവിതത്തിൻ മണലെഴുത്ത്
കാട്ടി നമ്മുടെ മനംകവർന്നു
വിശുദ്ധയാമീ അമ്പലമണി

രാധയ്ക്കായി വിലപിക്കും
തുലാവർഷ പച്ച നീ
കൃഷ്ണമണി വീണയായി
കണ്ണീർ തുടച്ചു കവിയമ്മ

കാടിൻ കഥ പാടിനീ
നേരിൻ കഥ ചൊല്ലി നീ
നേരെ നിൽക്കാൻ അശരണർക്കു -
ഊന്നുവടിയായി നീ

ശാന്തി കവാടത്തിലിങ്കൽ
ശാന്തമായുറങ്ങുമമ്മേ !
മക്കൾക്കായി ശാന്തിതേടി -
അമ്മയലയുന്നതറിയുന്നു ഞാൻ



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ