malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, ജൂലൈ 30, ബുധനാഴ്‌ച

ചാമ്പ ചുവട്ടിൽ



കുന്നത്തെ ഷാപ്പിൽ നിന്ന്
കുന്നിറങ്ങി ആടിയാടി വന്ന
കാറ്റിൻ്റെ
ശബ്ദവും കുഴഞ്ഞു കിടന്നു
കൊന്നപൂത്ത സന്ധ്യയിൽ
കുഞ്ഞിരാമനപ്പോൾ
കള്ളും കുടവുമായി തെങ്ങിൽ
നിന്നും
ഇറങ്ങി വരുവായിരുന്നു
കുറച്ചകലെ കുറച്ചു പുസ്തകവും
കെട്ടിപ്പിടിച്ചോണ്ട്
ഒരു പെണ്ണ് സ്വപ്നം കണ്ട് നിൽക്കു
വായിരുന്നു
ചിലർ ഷാപ്പിലേക്ക് കയറിപ്പോവുകയും
ഇറങ്ങി വരികയും ചെയ്യുവായിരുന്നു
ഷാപ്പിലേക്കു പോകുന്ന ചെറുപ്പക്കാരെ
ഗൗരവത്തിൽ നോക്കിയിരിക്കുന്ന
പ്രായമായവരെ
ശല്യമെന്നു പിറുപിറുക്കുന്നു ഒരു പൂച്ച!
തെറിച്ചുവീണ തെറിവിളികളെ
കൊത്തിപ്പെറുക്കുന്നുണ്ടൊരു കാക്ക!!
സൂര്യൻ അങ്ങേചരിവിലേക്ക് ചരി
യുകയും
ഇരുട്ട് പട്ടംപറത്തി വരികയും ചെയ്ത
പ്പോൾ
പലരുടേയും പല അറിയാക്കഥകളും
പരസ്യമായി പറഞ്ഞുകൊണ്ട്
ചാമ്പച്ചുവട്ടിലേക്ക് മാറിനിന്ന്
കൊള്ളാവുന്ന കായകളെ തിരഞ്ഞു
കൊണ്ടിരുന്നു കാറ്റ്.

2025, ജൂലൈ 29, ചൊവ്വാഴ്ച

സ്ത്രീ


അഞ്ജനമെഴുതിയ കഞ്ജനേത്രം
ആ.... ഹാ.... എത്ര മനോജ്ഞം
പ്രണയാമൃതമാപാംഗ വീക്ഷണം
തരളിതമാക്കും ചിത്തം

വർണ്ണാലാപ പീയൂഷം നമ്മിൽ
കുളിരായ് വന്നു ഭവിക്കും
തൊണ്ടിപ്പഴം പോലുള്ളോരധരം
മധുരം വഴിഞ്ഞൊഴുകുന്നു

ഫാലത്തിൽ തൊട്ട മാലേയത്തെ
കുരളം ഇക്കിളിയാക്കും
നാസിക തന്നിൽ വജ്രപ്പൊടിപോൽ
സ്വേദം വിളങ്ങീടുന്നു

കാർത്തസ്വരമണികൾ തീർക്കും
പാദസര ശിഞ്ജിത നാദം
എല്ലാം കൊണ്ടും കോമളമയിയാം
സ്നേഹമയിനീയില്ലെങ്കിൽ
ഭൂതിയിതെന്തീ ബ്ഭൂലോകത്തിൽ
എല്ലാം നിശ്ചലം!ശൂന്യം!

2025, ജൂലൈ 25, വെള്ളിയാഴ്‌ച

കർക്കടകം


മിഴിമുന കൂർപ്പിച്ചു
നിൽക്കുങ്കരിമേഘം
തിരിമുറിയാതെ
പെയ്തു തുള്ളുന്നു

തുടലു പൊട്ടിയ
പട്ടിപോൽ ഭ്രാന്തമായ്
കുരച്ചു ചാടി ചീറിയടി-
ക്കുന്നു

കരവിരുതിനാൽ കൺ-
കെട്ടിനാൽ
കൈയടക്കുന്ന മാന്ത്രിക
നാകുന്നു

കലിതുള്ളി കളിയാടിവന്ന്
പ്രാണനെ പ്രണയ
മെന്നോതി വിളിക്കുന്നു

ഇരുളുറഞ്ഞിടിവാൾ
ചുഴറ്റി
ചിലമ്പിട്ടുതുള്ളുന്ന
കോമരമാകുന്നു

കുട്ടിയെപ്പോലെ
കളി ചിരിയായി വന്ന്
ജീവനെടുത്തു
കള്ളനും പോലീസും
കളിക്കുന്നു

കള്ള കർക്കടം
കത്തിനിൽക്കുന്നു
കദനം മിഴി നനയ്ക്കുന്നു

മനോഗതി


ദു:ഖമനുഭവിക്കുമ്പോഴാണ്
സന്തോഷമെന്തെന്ന്
നാമറിയുന്നത്
സന്തോഷിച്ചിരിക്കുമ്പോഴോ
ദു:ഖത്തെക്കുറിച്ച്
നാമോർക്കുന്നേയില്ല

2025, ജൂലൈ 24, വ്യാഴാഴ്‌ച

വാല്മീകി



അരികിൽ കിളിയുടെ,യരിയ
വിലാപം
അരുത് നിഷാദ എന്നശരീരി
വിഷാദമിരുണ്ടൊരു നിഷാദ
മനസ്സിൽ
മൗനമുറഞ്ഞൊരു കാവ്യ -
മുണർന്നു

കാനനമകമേ പൂകീനാനവൻ
താപസ മാനസനായി ഭവിക്കെ
'ആമര,മീമര'- മെന്നു ഭജിച്ചു
" രാമ രാമ " - ബുദ്ധിയുണർന്നു
വല്മീകത്താൽ മൂടപ്പെട്ടു

കാടിനകത്ത് കാവ്യമുയർന്നു
ശ്ലോക രസപ്പൂ ചുറ്റും പൂത്തു
പാമരനാമൊരു കാടൻ വേടൻ
പണ്ഡിതനായതു കാട്ടിനകത്ത്

രത്നാകരനവൻ വാല്മീകിയായ്
ആദ്യ കവിയായ് ആദിമ കവിയായ്
വേദം തന്നെയാകും കാവ്യം
വാല്മീകി വാക്കുകൾ തേൻ മഴയായി

അകക്കണ്ണാലെയറിയുന്നല്ലോ
രാമയാത്ര പിറക്കുന്നല്ലോ
തപസ്സിൽ തീയിൽ കുരുത്തൊരു
ശ്ലോകം
പാരിൽ പലവഴി രാഗ തേൻ മഴ

വല്മീകത്താൽ മൂടപ്പെട്ടവൻ
വാലാമീകിയായറിയപ്പെട്ടു
നൂറ്റാണ്ടെത്രമറഞ്ഞെന്നാകിലും
നൂറ്റാണ്ടെത്രപിറന്നെന്നാകിലും
മറന്നീടില്ല സീതാരാമ
കഥയേകീടിന വാല്മീകിയെ 

2025, ജൂലൈ 23, ബുധനാഴ്‌ച

ഇങ്ങനെയായെങ്കിൽ


ഓമനിക്കാൻ കുറേ
ഓർമ്മ തന്നീടുവാൻ
ഓരോ പുലരിയും
പിറന്നിടേണെ

പ്രണയകാവ്യം പോലെ
കരളിൽ പതിയുന്ന
കനവുകൾ നിദ്രയിൽ
കാട്ടിടേണെ

ഒരു പൂവിരിഞ്ഞു
സുഗന്ധം പരത്തുമ്പോൽ
ഇങ്ങനെയായെങ്കിലീ -
ജീവിതം

എത്ര മനോഹരം
സത്വരം ജീവിതം
ഈ മണ്ണിൽ വീണു
നശിച്ചീടിലും,

മുഷിവൊട്ടുംതോന്നില്ല
വിധിയെ പഴിക്കില്ല
നന്ദി പറഞ്ഞു പിരിഞ്ഞു
പോകും.


ആശകളൊന്നുമെ,യേശ
ണമെന്നില്ല
കണക്കു കൂട്ടിക്കാലം
കാത്തിരിപ്പൂ

ഏറ്റമുണ്ടെങ്കിൽ
ഇറക്കമുണ്ടെന്നപോൽ
പുഞ്ചിരിക്കുകൂട്ട് -
കണ്ണുനീരും

സുഗന്ധം പൊഴിക്കുന്ന
പൂവിനും വേദന,യുണ്ടെ -
ന്ന സത്യമിതാരറിവൂ!.






2025, ജൂലൈ 21, തിങ്കളാഴ്‌ച

കൂടപ്പിറപ്പ്


കുടയില്ലാതിരുന്ന
അന്നൊക്കെ
എത്ര മഴ നനഞ്ഞാണു
നീയെന്നെ
നനയ്ക്കാതെ
സ്കൂളിലെത്തിച്ചത്.

ഇന്നു ഞാൻ
എത്ര വേണമെങ്കിലും
നനയാം
നിൻ്റെ മിഴി നനയാതി
രിക്കുമെങ്കിൽ

2025, ജൂലൈ 18, വെള്ളിയാഴ്‌ച

പിറവി


വിത്തിൽ നിന്നും
പുറത്തു വരുന്ന ചെടികൾ
മുകളിലേക്കു നോക്കി
ആകാശം മുട്ടെ വളരാൻ
കൊതിക്കും
അതുപോലെയാണ് മനുഷ്യരും.

ഓരോന്നിൻ്റെ വളർച്ചയും
കാലം കുറിച്ചു വച്ചിട്ടുണ്ട്
അതറിയുവാൻ കഴിയാത്ത
തിനാൽ
മനുഷ്യരും, മരങ്ങളും
ഉയരങ്ങളിലേക്ക്, ഉയരങ്ങളി
ലേക്കെന്ന്
മോഹിച്ച് മുന്നേറിക്കൊണ്ടിരിക്കും.

ചിലത് വഴിയിൽ വെച്ച് വറ്റിപ്പോകും
ചിലത് മുടന്തിപ്പോകും
മറ്റു ചിലത് മുരടിച്ചു പോകും
വേറെ ചിലത് പ്രയാണം തുടരും
വേരുകൾ ജലം തേടി ആഴങ്ങ -
ളിലേക്ക് പോകുമ്പോലെ.

ലക്ഷ്യത്തിലെത്തിയാലും
ഇല്ലെങ്കിലും
ഇടയിൽ വെച്ചൊന്നു തിരിഞ്ഞു
നോക്കും
തിരിച്ചുവരവ് ആഗ്രഹിച്ചാലും
ഉറവിടത്തിലേക്കു തിരിച്ചു
പോകാൻ
ആവില്ലെന്നറിയുമ്പോഴാണ്
അവനവനിൽ നിന്ന് അറിവിൻ്റെ
ഉറവ ഉണരുന്നത്‌.

നോക്കൂ ;
അന്നേരമാണ്
സത്യത്തിൽ
ഒരു മനുഷ്യൻ പിറവിയെടുക്കുന്നത്

2025, ജൂലൈ 17, വ്യാഴാഴ്‌ച

മനുഷ്യനെ വരയ്ക്കുമ്പോൾ



മനുഷ്യനെ വരയ്ക്കുക
അത്ര എളുപ്പമല്ല
കണ്ടുകണ്ടിരിക്കെ മുഖം
മാറും
ഓന്തുപോലെ നിറം മാറും

കൂർമ്പൻ കണ്ണും
കോമ്പല്ലും മുളയ്ക്കും
ചെവിരണ്ടും കൊമ്പാകും
കമ്പം രക്തത്തോടും മാംസ
ത്തോടും
വാക്കുകൾ അമറലാകും

മൃഗങ്ങളെ വരയ്ക്കാൻ
എളുപ്പമാണ്
സ്വഭാവം മാറുകയേയില്ല
ആർത്തിയോ ആസക്തിയോ
യില്ല
അനാവശ്യമായി ഇടപെടില്ല

അഹങ്കാരം ഒട്ടുമേയില്ല
മറഞ്ഞു നിന്ന് മാറിപ്പോകാൻ
കാത്തു നിൽക്കും
മൃഗീതയെല്ലാം മനുഷ്യർ കട്ടെ -
ടുത്തെന്ന്
മൗനമായ് മൊഴിഞ്ഞൊഴിയും

എന്നും


കണ്ണ്
ഒരു കടലായിരിക്കണം
അതായിരിക്കണം
കണ്ണീരിനെന്നു,മുപ്പ്

2025, ജൂലൈ 15, ചൊവ്വാഴ്ച

വിരഹം


ഞങ്ങളെന്നും കണ്ടുമുട്ടും
ഒരേ ബസ് സ്റ്റോപ്പിൽ
ഒരേ സമയത്ത്
ഒരു ബസ് സ്റ്റോപ്പിലെ
രണ്ടു ഭാഗത്തായിയെന്നും

മിണ്ടിയിട്ടില്ല ഞങ്ങളിന്നോളം
കണ്ടതായി ഭാവിച്ചിട്ടേയില്ല
ബസ്സിൽ കയറുമ്പോൾപ്പോലും
തിരിഞ്ഞു നോക്കിയിട്ടില്ല

കാണാതിരുന്നാൽ
അല്പമൊന്നു വൈകിയാൽ
അന്നൊക്കെ
വല്ലാതെ ഉളളം പിടയ്ക്കാറുണ്ട്

ഇന്നിപ്പോൾ അവളെ കാണാ-
റേയില്ല
വരാറില്ല (വൈകുന്നേരം വരെ
കാത്തുന്നിട്ടുണ്ട്)
വിരഹ വേദനയെന്തെന്നറിഞ്ഞു
അവൾക്കുമുണ്ടാകുമോ ഇത്തര-
മൊരു വേദന?

ക്ഷണികമെങ്കിലും


എത്ര ക്ഷണികമീ -
ജീവിതമെങ്കിലും
എത്ര ദാരിദ്ര്യ ദു:ഖ-
ത്തിലെങ്കിലും
വേർതിരിവെന്ന-
തൊട്ടുമേയില്ലാതെ
അർത്ഥപൂർണ്ണം
സ്വജീവിതം ബ്ഭൂ-
വിലേവർക്കും

2025, ജൂലൈ 10, വ്യാഴാഴ്‌ച

കൊത്തങ്കല്ല്


ഓർമ്മകൾ
ഒളിത്താവളങ്ങളിൽ
നിന്നുമിറങ്ങി വരുന്നു
കൊത്തങ്കല്ലു കളിക്കുന്നു

ഒന്നും വാരി
രണ്ടും വാരി
മൂന്നും വാരി
നാലും വാരി

പെണ്ണൊരുവൾ ചിരിക്കുന്നു
മെല്ലെ മെല്ലെ ചുവക്കുന്നു
കണ്ണുകൾ കാൽവിരലിനെ
മുത്തുന്നു
കരിവളകൾ കളി പറഞ്ഞു
ചിരിക്കുന്നു

കാലം കുത്തിയൊഴുകുന്നു
വേനലും മഞ്ഞും മഴയും
മാറി മാറി വരുന്നു
നിറം മാറിയ കാഴ്ചകൾ
നിലയേറിയ വേഴ്ചകൾ

ഉച്ചിയിൽ നിന്നു തെന്നി
മാറുന്നു സൂര്യൻ
തെച്ചിപോൽ പൂത്തതിൻ
നിറം കെട്ടു തുടങ്ങുന്നു
കെട്ടു പോയിടാം അതിൻ
നിറമാകെയിനി
ഇരുട്ടു മാത്രമായെന്നേക്കു
മണഞ്ഞിടാം

ഒളിത്താവളങ്ങളിൽ നിന്നു
മിറങ്ങുന്നു ഓർമ്മകൾ
ഓളപ്പെരുക്കമായുറക്കെ
പറയുന്നു
എങ്ങുമെത്തിയിട്ടില്ല
നാമൊന്നുമെ-
നേടിയിട്ടില്ലെന്നു തെര്യപ്പെ-
ടുത്തുന്നു

കളിച്ചു കൊണ്ടിരിക്കുന്നു
കൊത്തങ്കല്ലിന്നുമെ
പിന്നെയും പിന്നെയും
കളി മാറിക്കളിക്കുന്നു
ജീവിതമെന്നതിങ്ങനെയൊ-
ക്കെയാണെടോ
ആരുമിതിൽ നിന്നു മുക്ത -
മല്ലൊട്ടുമെ


2025, ജൂലൈ 8, ചൊവ്വാഴ്ച

ഗാസ


നിശബ്ദ നിലവിളി -
കളുടെ,യിടം
വെന്തമാംസത്തിൻ
ഗന്ധം
ഭൂമി അടരുകളായ്
അടർന്നയിടം
തകർന്ന കെട്ടിടങ്ങളേ -
ക്കാൾ
എല്ലുകളും തലയോട്ടി
കളുമുള്ളയിടം
കുട്ടികളെ ചുട്ടുകൊല്ലു-
ന്നയിടം

2025, ജൂലൈ 5, ശനിയാഴ്‌ച

ചെറുതല്ല.....



പിഴച്ചു പോയ് കണക്കുകൾ
പൊഴിഞ്ഞു പോയ് തൂവലുകൾ
ചിതറിയ ഓർമ്മച്ചിത്രങ്ങളിൽ
കക്കിനിൽക്കുന്നു കവിതകൾ

പെട്ടുപോയി കാരാഗൃഹത്തിൽ
പട്ടുപോയി ജീവിതം
പഴി പറയുന്നതെന്തിന്
പിഴച്ചു പോയി കാലം

വ്യാഘ്ര മുരൾച്ചയ്ക്കു മുന്നിൽ
നക്രവക്ത്രത്തിന്നരികിൽ
വരണ്ട ചിന്തയ്ക്കു മുന്നിൽ
വലഞ്ഞു നിൽപ്പൊരു ജന്മം

പൊള്ളി നിൽക്കുന്നു
ഞരമ്പിൻ വരമ്പിൽ
നിപതിച്ചിടാമേതു നിമിഷവുമെ-
ന്നോർത്ത്
ഇല്ലൊരു കച്ചിത്തുരുമ്പും
ആശതൻ ചെറു പച്ചപ്പും

കാരിരുമ്പിൻ്റെ തുമ്പിലും
കിളിർത്തിടും ചില ജന്മങ്ങൾ
ചുറ്റിലും ഒന്നു നോക്കുക
ചെറുതല്ല ജീവിതമെന്നറിയാൻ

2025, ജൂലൈ 4, വെള്ളിയാഴ്‌ച

മഴമുന



മഴ മിഴിയൊന്നു തുറന്ന -
തേയുള്ളു
തള്ളി മറിച്ചിട്ട പോലെ
തുള്ളിക്കൊരു കുടം

കുണ്ടനിടവഴിയില്ല,
നടവഴിയില്ല,
കുഴിയില്ല, കുളമില്ല
തോടില്ല ,തൊള്ള തുറക്കും
കാട്ടാറില്ല

പല പാടും വഴി നോക്കി
ഇഴയാൻ പോലുമില്ല സ്ഥലം
ഒഴിഞ്ഞു പോകുവാൻ ഇനി -
യെന്തു ചെയ്യും
വളഞ്ഞും പുളഞ്ഞും നോക്കി.

അനങ്ങാതെ നിന്നു
ഓളങ്ങളിലാടി
ഭള്ളുകൊണ്ടൊന്നുമല്ല
തളളിയത്
ശ്വാസം മുട്ടിയപ്പോൾ ഒന്നു -
നിവർന്നതാണ്

നിമിഷം കൊണ്ടാണ്
സംഭവിച്ചത്
ഭയാനകമായ ശബ്ദം മാത്രം
തകർന്നടിയലുകൾ, ആർത്ത
നാദങ്ങൾ
ഞാനിപ്പോഴെവിടെ?!
ജലത്തിന് സ്ഥലജല ഭ്രമം !
മഴ മുനയുള്ള പുഴയായ്
ചെന്നിണമായെങ്ങോട്ടോ
കുന്നുകേറി പായുന്നു !

മൊഴിമാറ്റം


മൊഴി മാറ്റുവാൻ
കഴിയുന്നില്ല പുലരിയെ
ഉച്ചയെ
സന്ധ്യയെ

ഉച്ചിയിൽ കത്തിനിൽ -
പ്പാണവ
കഴിയുന്നില്ലൊരു ഭാഷയ്ക്കും
ചിത്രത്തിനും
ഒരു വരയ്ക്കു പോലും!

ആദിയിൽ തുടങ്ങിയ
പരീക്ഷണം
തുടരുന്നുയിന്നും
കാലമെത്ര കഴിഞ്ഞിട്ടും
കഴിയുന്നില്ല മൊഴിമാറ്റാൻ

മൊഴി മാറ്റുവാനെത്രയെ -
ളുപ്പം രാത്രിയെ
പകൽ മൊഴിയല്ല രാത്രി -
മൊഴി
മിഴി
മാന്യത

പകൽ ഞാഞ്ഞൂൽ
രാത്രി സർപ്പം
പകൽ ഭടൻ
രാത്രി വിടൻ
പകൽ ഉടയോൻ
രാത്രി കാലൻ
" മിന്നുന്നതെല്ലാം പൊന്നല്ല''

എത്രയെളുപ്പം
ഉളുപ്പില്ലാത്ത രാത്രിയെ
മൊഴി മാറ്റാൻ

2025, ജൂലൈ 2, ബുധനാഴ്‌ച

കുട്ടിക്കവിത

 



വണ്ടത്താനോട്

വണ്ടത്താനെ, വണ്ടത്താനെ
മണ്ടിപ്പോകുവതെങ്ങോട്ടാ
കണ്ടിട്ടെത്ര കാലായി
മിണ്ടീട്ടെത്ര നാളായി
പൂവിൻ പൂവിളി കേട്ടിട്ടോ
പുന്നാരങ്ങൾ ചൊല്ലാനോ
കാലത്തേറെ കൗതുകമോടെ
മണ്ടിപ്പാഞ്ഞു നടപ്പൂ നീ

വിവർത്തനം



മഞ്ഞിൻ്റെ പുകമറ
മെല്ലെ മായുന്നു
മഞ്ഞവെയിലൊളി
എത്തി നോക്കുന്നു
മനം മടുപ്പിക്കുന്ന
ആശുപത്രി മണത്തിന്
അല്പശമനം

കണ്ണുകൾ ജലാർദ്രമാകുന്നു
ഹൃദയത്തിലൊരു കോച്ചി വലി.
ഏതല്ലാം രൂപത്തിലാണ്
ജീവിതം വിവർത്തനം ചെയ്യ-
പ്പെടുന്നത്

കണ്ണീരിൻ്റെ ഉപ്പുരസം
ചുണ്ടിലറിയുമ്പോൾ
ഓർമ്മകളുടെ അക്കപ്പെരുക്ക
ങ്ങൾ
തുറിച്ചു നോക്കുമ്പോൾ
പറയാതെയറിയുന്നു എളുപ്പമല്ല
ജീവിതം

ആർത്തിയുടെ
ആകെ തുകയാണ് ജീവിതം
അറിയാതെ അതിഥിയെപ്പോലെ
കടന്നു വന്ന്
കയ്യടക്കിക്കളയും കാലം
ജീവിതത്തെയൊറ്റയടിക്ക്
വിവർത്തനം ചെയ്തു കളയും

അവൾ


ഉള്ളൊരു വീടിനെ
ഉത്സാഹത്തോടെന്നും
നോക്കിയിരുന്നവൾ
ഉത്സവമേളം അപ്പോഴെല്ലാം
ഉള്ളിൽ നടക്കുകയാവാം

ഉള്ളൊരു ആളിക്കത്തു
മടുപ്പായ്
എരിപൊരി കൊള്ളുക
യാവാം

വറച്ചട്ടിലെന്നതുപോലുള്ളം
മറച്ചിട്ടിരിക്കുകയാവാം

കടുകുകൾ പൊട്ടിയടർന്നതു
പോലെ
കരിഞ്ഞു മണക്കുകയാവാം

തീർമേശയിലെന്നതു
പോലുളളം
ആവി പറക്കുകയാവാം

കാഞ്ഞൊരു വയറിൽ
മുണ്ടു മുറുക്കി
കുഞ്ഞിനു കഞ്ഞിക്കല
ത്തിൽ തടവി
കിട്ടിയ വറ്റുകൾ വെള്ളം
ചേർത്തു കൊടുക്കുന്നതു
പോലാവാം

ഉള്ളൊരു വീടിനെ ഉള്ളിൽ
പേറി
നടക്കുകയാണവളെന്നും