ഒളിത്താവളങ്ങളിൽ
നിന്നുമിറങ്ങി വരുന്നു
കൊത്തങ്കല്ലു കളിക്കുന്നു
ഒന്നും വാരി
രണ്ടും വാരി
മൂന്നും വാരി
നാലും വാരി
പെണ്ണൊരുവൾ ചിരിക്കുന്നു
മെല്ലെ മെല്ലെ ചുവക്കുന്നു
കണ്ണുകൾ കാൽവിരലിനെ
മുത്തുന്നു
കരിവളകൾ കളി പറഞ്ഞു
ചിരിക്കുന്നു
കാലം കുത്തിയൊഴുകുന്നു
വേനലും മഞ്ഞും മഴയും
മാറി മാറി വരുന്നു
നിറം മാറിയ കാഴ്ചകൾ
നിലയേറിയ വേഴ്ചകൾ
ഉച്ചിയിൽ നിന്നു തെന്നി
മാറുന്നു സൂര്യൻ
തെച്ചിപോൽ പൂത്തതിൻ
നിറം കെട്ടു തുടങ്ങുന്നു
കെട്ടു പോയിടാം അതിൻ
നിറമാകെയിനി
ഇരുട്ടു മാത്രമായെന്നേക്കു
മണഞ്ഞിടാം
ഒളിത്താവളങ്ങളിൽ നിന്നു
മിറങ്ങുന്നു ഓർമ്മകൾ
ഓളപ്പെരുക്കമായുറക്കെ
പറയുന്നു
എങ്ങുമെത്തിയിട്ടില്ല
നാമൊന്നുമെ-
നേടിയിട്ടില്ലെന്നു തെര്യപ്പെ-
ടുത്തുന്നു
കളിച്ചു കൊണ്ടിരിക്കുന്നു
കൊത്തങ്കല്ലിന്നുമെ
പിന്നെയും പിന്നെയും
കളി മാറിക്കളിക്കുന്നു
ജീവിതമെന്നതിങ്ങനെയൊ-
ക്കെയാണെടോ
ആരുമിതിൽ നിന്നു മുക്ത -
മല്ലൊട്ടുമെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ