malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

അന്ന് നിനക്കെന്നെ അറിയില്ല



എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്
സുന്ദരിക്ക് പൊട്ടുതൊട്ടലിൽ
സമ്മാനം കിട്ടിയത്
അന്ന് നിനക്ക് എന്നെ അറിയില്ലായിരുന്നു.
സൈക്കിളോടിച്ച് നടന്ന കാലം
സൈക്കിളിന്റെ മുൻ തണ്ടിൽ നിന്നെയിരുത്തി
ഓടിച്ചു പോകുന്നതാണ്
ഞാൻ കണ്ട സ്വപ്നങ്ങളൊക്കെയും
പത്തു കഴിഞ്ഞപ്പോൾ
പഞ്ചായത്തു മാറി നാം ടൗണിൽ കോളേജിൽ -
പോയി
അവിടെ വെച്ചാണ് നാടൻ പ്രേമത്തിൽ നാം
കുടുങ്ങിയത്
അന്ന് നിനക്ക് എന്നെ അറിയില്ലായിരുന്നു
പാത്തുമ്മാന്റെ ആട് വായിക്കുമ്പോൾ
അസുരവിത്തെന്ന് അമ്മാവൻ നടുപ്പുറത്ത്
ചവുട്ടിയത് ഇന്നും അടയാളമുണ്ട്
കരിങ്കൽ ക്വാറയിൽമെറ്റലടിച്ച് തളർന്ന്
കോളേജിലെത്തുമ്പോൾ
നീ കവിതയെഴുതി കൂട്ടുകാരൊത്ത്
കുസൃതി പറഞ്ഞിരിപ്പുണ്ടാകും
അന്ന് നിനക്കെന്നെ അറിയില്ലായിരുന്നു
എത്ര തവണ നാടുവിട്ടിട്ടുണ്ട് നാം സ്വപ്നത്തിൽ
ഒറ്റയ്ക്ക് കണ്ടുമുട്ടിയ ചില നേരങ്ങളിൽ
ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന
വരുടെപരിഭ്രമമായിരുന്നു നമുക്ക്
ഇന്ദിരഗാന്ധി കൊല്ലപ്പെട്ട ദിവസം
ബസ്സുകളുടെ ഓട്ടം നിലച്ചതറിയാതെ
ബസ്റ്റോപ്പിൽ നാം രണ്ടു പേരുമാത്രമാണ്
ഉണ്ടായിരുന്നത്
അന്ന് നിനക്കെന്നെ അറിയില്ലായിരുന്നു
കാലം അതിന്റെ ഉറവകളെ നമുക്ക് നേരെ
ഒഴുക്കിയതേയില്ല
പിന്നെ മാസം തികയാതെ നീ പ്രസവിച്ചപ്പോൾ
രക്തം നൽകി ഒന്നും മിണ്ടാതെ മടങ്ങി
അന്ന് നിനക്കെന്നെ അറിയില്ലായിരുന്നു
നാം എന്നും അപരിചിതരായിരുന്നു
പിന്നെ എഫ്.ബി യിൽ നിന്നെ തിരഞ്ഞു -
തിരഞ്ഞാണ് കണ്ടെത്തിയത്
മെസഞ്ചറിൽ ഞാൻ നൽകിയ ശുഭദിനത്തിലേ
ക്ക് മിഴി നീട്ടിയതേയില്ല നീ
എങ്കിലും എന്നും ഡൈചെയ്ത്
സെൽഫി പോസ്റ്റ്‌ചെയ്ത് കമൻറിനായി
കാത്തു നിന്നു
അന്ന് നിനക്കെന്നെ അറിയില്ലായിരുന്നു.
ഇന്ന്, തൊട്ടടുത്ത് ഈ കല്ലറയിൽ കിടക്കു-
മ്പോഴും
നിനക്കെന്നെ ഒട്ടും അറിയുന്നുണ്ടാവില്ല
........
കുറിപ്പ് :-
നാടൻ പ്രേമം = എസ്.കെ.പൊറ്റക്കാടിന്റെ നോവൽ പാത്തുമ്മാന്റെ ആട് = വൈക്കം മുഹമ്മദ് ബഷീർ
അസുരവിത്ത് = എം.ടി.വാസുദേവൻ നായർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ