malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, മാർച്ച് 11, വ്യാഴാഴ്‌ച

ചില നേരങ്ങളിൽ


ചില നേരങ്ങളിൽ ഒരുവൻ ഒറ്റയ്ക്ക്
ഒരു കാട്ടിലൂടെ നടക്കുന്നു
അപ്പോൾ,
സിംഹവും
മുയലും
രാപ്പാടിയും അവൻ തന്നെ

നിഷാദനും
കപോതകനും
കപോതവും അവൻ തന്നെ

ബോധിയും
ബുദ്ധനും
സിദ്ധാർത്ഥനും അവൻ തന്നെ

ഏതു കൊടുങ്കാടും
ഒരു വഴിത്താര തീർക്കുന്നു
കന്യാവനങ്ങൾ കാത്തിരിക്കുന്നു
അഗാധഗർത്തങ്ങളും
വൻമലകളും
സമതലങ്ങളാകുന്നു

കാട്ടുപുഴകൾ കുന്നിൽ തടഞ്ഞപോലെ
ഒരു നിമിഷം നിൽക്കുകയും
അവൻ മറുകരപറ്റുകയും ചെയ്യുന്നു
മധുര ഫലങ്ങൾ അവനായി
തലകുനിച്ചു കൊടുക്കുന്നു
കാട്ടു തേൻ അവൻ്റെ ചുണ്ടിലേക്കിറ്റിറ്റു -
വീഴുന്നു

ചിലനേരങ്ങളിൽ ഒറ്റയ്ക്കൊരുവൻ
കടലിലേക്കിറങ്ങുന്നു
കടലവനൊരു മനുഷ്യപ്പാത തീർക്കുന്നു
കടലാഴങ്ങളിലേക്കു കൂട്ടിക്കൊണ്ടു -
പോകുന്നു
താഴെ ആകാശവും
മുകളിൽ കടലും
കാണിച്ചു കൊടുക്കുന്നു

തിരകളുടെ തരളിത വിരലുകളാൽ -
തലോടുന്നു
കടലിലെ കാടും
കരയും
കാട്ടിക്കൊടുക്കുന്നു

പല നേരങ്ങളിലും ഒരുവൻ ഒറ്റയ്ക്കെ-
ല്ലാതാവുന്നു
കരയുന്ന കുഞ്ഞിൻ്റെ
ദൈന്യതയിലേക്കു നോക്കി
ജൈവ സഞ്ചിയെടുത്ത്
മാസ്ക്കണിഞ്ഞ്
കടം പറയേണ്ടിവരുന്ന
ജാള്യതയോർത്ത്
പലചരക്കുകടയിലേക്ക് നടക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ