malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, മാർച്ച് 31, ബുധനാഴ്‌ച

ഒറ്റമരം


ഒറ്റമരത്തെ നിങ്ങൾ കണ്ടിട്ടില്ലെ?
തടിച്ചുകൊഴുത്ത് ,
പടർന്നുപന്തലിച്ച്
അങ്ങനെ ഒരു നിൽപ്പുണ്ട്

കാണുന്നവർ പറയും:
പരമസുഖം, ഒറ്റാന്തടി
കാഴ്ചക്കാർക്കറിയില്ലല്ലോ
കദനത്തിൻ്റെ കയ്പ്പുനീർ കുടിച്ചെന്ന്.

ഓർത്തിട്ടുണ്ടോ നിങ്ങൾ ഒറ്റമരത്തിന് -
ഓർച്ചനേരങ്ങളിൽ
ഒന്നു ചായാൻ,ചരിയാൻ, ഒതുക്കത്തോടെ -
ചേർന്നു നിൽക്കാൻ
ചിരിയുടെ ചില്ലകൈകളാൽ ഒരുസാന്ത്വന
മേൽക്കാൻ എത്ര കൊതിക്കുന്നുണ്ടാകും

അർത്ഥംവെച്ചുള്ള ,അശ്ലീലച്ചുവയുള്ള
ഭ്രാന്തൻ കാറ്റിൻ്റെ ഭർത്സനം,
കാടൻ മഴയുടെ കല്ലുവാരിയെറിയൽ,
ഇരുട്ടിൻ്റെ കണ്ണുരുട്ടൽ, പകലിൻ്റെ കുത്തി -
നോവിക്കൽ.

ഒറ്റമരത്തെ
ഓർമ്മ മരമെന്നോ,
കണ്ണീർ മരമെന്നോ
എന്തു പേരിട്ടാണ് വിളിക്കേണ്ടത്?!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ