malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, മാർച്ച് 31, തിങ്കളാഴ്‌ച

അവസരം


ദുഃഖം കൊണ്ട്
കരച്ചിലു വറ്റിപ്പോയവർ
സന്തോഷം കൊണ്ട്
കരഞ്ഞു പോകാറുണ്ട്
ചില അവസരങ്ങളിൽ !

2025, മാർച്ച് 30, ഞായറാഴ്‌ച

ജൈവഘടികാരം


അന്ന്,
ഉണ്ടായിരുന്നില്ല സമയമാപിനി.
ഉണ്ടായിരുന്നു
എല്ലാവരിലും ഒരു ജൈവഘടികാരം
കോഴിയുടെ
പുലർകാല കൂവൽപോലെ.

നക്ഷത്രങ്ങൾ നോക്കി
സൂര്യനെ നോക്കി
വീടിൻ്റെ ഇറനിഴലിനെ
മുറ്റത്തു നോക്കി
അപ്പൻ്റെ കൂറ്റ് കേട്ട്
ഉപ്പൻ്റെ ചിനക്കൽ കേട്ട്.
തെറ്റിയിട്ടില്ല ഒരു സമയക്രമവും

ഇന്ന്,
അലാറത്തിൻ്റെ
അലറി വിളിക്കിടയിലും
കാലമറിയാത്ത
കിടന്നുറക്കത്തെ
തട്ടിയുണർത്താനേ കഴിയുന്നില്ല
എത്ര ശരിയാക്കിയിട്ടും
ശരിയാവുന്നേയില്ല സമയക്രമം

2025, മാർച്ച് 29, ശനിയാഴ്‌ച

അടയാളപ്പെടുമ്പോൾ


പ്രിയേ,
നമുക്ക് സ്നേഹത്തിൻ്റെ
കൊടിയടയാളമാകണം
പ്രണയത്തിൻ്റെ പാലാഴി -
നീന്തണം
വീഞ്ഞു വീട്ടിൽ വീര്യമായ് -
മാറണം
വരും തലമുറകളിൽ അടയാ-
ളപ്പെടണം.

ഉദരത്തിൽ അധരംകൊണ്ട് -
കിളച്ചു മറിക്കണം
അധരംകൊണ്ട് അധരത്തെ -
ഉദ്യാനമാക്കണം
അനാദിയിലേക്ക് ആഴ്ന്നിറങ്ങി
ആദിമമായ ആനന്ദമൂർച്ഛയിലേ -
ക്കുണരണം

പ്രിയേ,
പ്രണയം ഒരു വൃക്ഷമാണ്
ഒരിക്കലും നശിക്കാത്ത -
ആദിമ വൃക്ഷം
ദേവദാരു പോലെ ആകാശം -
മുട്ടില്ല
ബദാം പൂക്കളെപ്പോലെ കുളിർ -
മയേകില്ല

എന്നാൽ; പ്രിയേ,
പ്രണയത്തിൻ്റെ വേരുകൾ
മണ്ണിൽ നിന്ന് മണ്ണിലേക്ക് ആഴ് -
ന്നിറങ്ങുന്നു
അതിജീവനത്തിൻ്റെ രഹസ്യവും
സമൃദ്ധമായ ഫലവും നമുക്ക് -
പകർന്നു തരുന്നു

2025, മാർച്ച് 26, ബുധനാഴ്‌ച

വേർപിരിയൽ


എവിടെ പൊൻമണി മാലകൾ -
ചാർത്തി
നിന്നിടും വയലേലകൾ
പൈക്കിടാവുകൾ മേഞ്ഞു -
നിൽക്കുന്ന
മഞ്ഞണിഞ്ഞ പറമ്പുകൾ

നീളെ നീരദങ്ങളും, നിരന്ന
പുൽക്കൊടികളും
നീരവ ഗ്രാമ വീഥിയും
നീണ്ട ശീമക്കൊന്നയും

കാട്ടു വല്ലികൾ പൂത്തതിൽ
തേൻ നുകരും കരിവണ്ടുകൾ
കൊറ്റികൾ കാത്തു നിന്നിടും
കുളങ്ങളും ചെറു തോടുകൾ

മന്ദമാരുത നിർവൃതി
ചന്തമാർന്നുള്ള പാൽപ്പുഴ
കുന്നുകൾ പിന്നെ കാവുകൾ
പുല്ലുമേഞ്ഞ നൽവീടുകൾ

കഴിഞ്ഞു പോയതിന്നോർമ്മതൻ
നെന്മണം പാറിയെത്തവേ
വേർപിരിയാൻ മാത്രമായി നാം
കണ്ടുമുട്ടിയോരെന്നറിയുന്നു





2025, മാർച്ച് 25, ചൊവ്വാഴ്ച

ശേഷം


പ്രണയിക്കുമ്പോൾ
പിരിഞ്ഞിരിക്കാൻ
വയ്യാത്തതിനാലാണ്
വേഗം വിവാഹിതരായത്.

വിവാഹത്തിനു ശേഷം
തമ്മിൽ കണ്ടിട്ടേയില്ല !

2025, മാർച്ച് 23, ഞായറാഴ്‌ച

കാര്യകാരണം


യുദ്ധങ്ങളുണ്ടായി
ഉത്തരങ്ങളുണ്ടായില്ല!
ചോദ്യങ്ങളുണ്ടായി
യുദ്ധങ്ങൾ ബാക്കിയായി!!

തുടരുന്നു യുദ്ധങ്ങൾ
തുടലൂരിയ കാലങ്ങൾ
കാര്യത്തിന് കാരണം
ഉള്ളിയുടെ,യുള്ളു പോലെ!

2025, മാർച്ച് 22, ശനിയാഴ്‌ച

മനസ്സ്


കൊടുംവേനൽ
വന്നപ്പോൾ
കൊതിയായി
മഴയോട്.
മഴ വന്നപ്പോഴോ
കൊതി മൂത്തു
വേനലിനോട്

2025, മാർച്ച് 21, വെള്ളിയാഴ്‌ച

വിലയിരുത്തൽ


എങ്ങനെയാണ് നിങ്ങൾ
ഒരാളെ വിലയിരുത്തുന്നത്?
പാപ്പാസും, കളസവും നോക്കി -
യാണോ?!

എങ്കിൽ;
ഒറ്റമുണ്ടുമാത്രം അരയിൽച്ചുറ്റി
മേൽക്കുപ്പായമിടാതെ
കുമ്പയില്ലാതെ
കാലുഷ്യമൊട്ടുമില്ലാതെ
നേരിയ കമ്പിക്കാലുളള
വട്ടക്കണ്ണട ധരിച്ച്
ചോര വീണ മണ്ണിലേക്ക്
നഗ്നപാദനായ് നടന്ന
"ഒരർദ്ധനഗ്ന ഫക്കീർ "-ഉണ്ടായി -
രുന്നു.

അറിയുമോ നിങ്ങൾക്ക്?
എന്നിട്ടും;
രാഷ്ട്രപിതാവായി.

എങ്ങനെയാണ് നിങ്ങൾ -
ഒരാളെ വിലയിരുത്തുന്നത്?!

2025, മാർച്ച് 20, വ്യാഴാഴ്‌ച

നിശ്ചയം


ചോരച്ചു പോയ
പച്ചയായ ജീവിതത്തെ
കൈയിലെടുത്തു പിടിച്ച്
അവൾ നടന്നു
മൗനത്തെ മുറിപ്പെടുത്താതെ
പതുക്കെ.

വക്രിച്ച ചുണ്ടിലൂടെ തേറ്റകൾ -
കണ്ടെങ്കിലും
വിരണ്ടു വീര്യം കെട്ട് കാര്യമില്ലെ -
ന്നതിനാൽ
അവൾ നടന്നു ഒന്നും ഗൗനിക്കാതെ

സൂര്യൻ പടിഞ്ഞാറെ കടലിൽ
മുങ്ങി മറഞ്ഞപ്പോൾ
കിട്ടിയ നാണയത്തുട്ടുകൾ തിട്ട -
പ്പെടുത്തി, യവൾ നടന്നു
യൂദാസിൻ്റെ മുന്നിലൂടെ

അവസാനത്തെ അത്താഴ മായാലും
ഉയിർത്തെഴുന്നേൽക്കുമെന്ന്
കമ്പനി പടിക്കൽ നിന്ന്
ഒരു സൈറൺ മുഴങ്ങി !

2025, മാർച്ച് 19, ബുധനാഴ്‌ച

പറയാൻ മറന്നത്


അന്ന്, അടച്ചു വെച്ചതാണവളാ-
പാഠപുസ്തകം
പിന്നെ തുറന്നു നോക്കിയിട്ടേയില്ല -
ആ മയിൽപ്പീലി.
ആകാശം കാണിച്ചാൽ പെറാതെ -
പോയെങ്കിലോ!

ഒരിക്കൽ....ഒരിക്കലെങ്കിലും
തുറന്നു നോക്കിയിരുന്നെ-
ങ്കിൽ
പെറാതെ പോകില്ലായിരുന്നു
ആ മോഹപ്പീലി !

പിന്നെ ഇന്നാണവളെ കണ്ടുമുട്ടി -
യത് .

പറയാൻ മറന്നു പോയതൊക്കെ
കാലമെടുത്തു പോയി
ഇടയ്ക്കിടെ എടുത്തു നോക്കാറു-
ണ്ടു ഞാനാ മോഹപ്പീലിയെങ്കിലും
പുറം ലോകം കാണിക്കാറേയില്ല

നനഞ്ഞ കൺപീലികൾ അമർ-
ത്തി തുടച്ച്
അവൾ നടന്നു നീങ്ങുന്നു
നെറ്റിത്തടത്തിലെ വിയർപ്പുകണ
ങ്ങളിലേക്ക്
ചെറുകാറ്റു വീശുന്നു





2025, മാർച്ച് 16, ഞായറാഴ്‌ച

നാൾവരി


എരിതീയാണീ വരികൾ
അറിഞ്ഞു കൊണ്ടു തന്നെ -
യെടുക്കുന്നു.
അരിഞ്ഞു വീഴ്ത്തിയും, എരി -
ഞ്ഞു തീർത്തും
നാൾവഴി കടന്നു പോകുന്നു

തോരാനിട്ട തുണിയാണു ജീവിതം പു
കീറിയതും, മുഷിഞ്ഞതും, പുതു -
പുത്തനുമതിൽ കാണും
ആറിയു, മാറാതെയുമെടുത്ത -
ണിഞ്ഞ്
അരങ്ങത്തേക്കിറങ്ങുന്നു
ആടിത്തീർക്കാനിനിയെത്രയെന്ന -
റിയാതെ

ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നതി -
നാൽ
അറിഞ്ഞു കൊണ്ടു തന്നെ
ഞാനെന്നെയീ, യെരിതീ വരിയി-
ലെടുത്തു വെയ്ക്കുന്നു

2025, മാർച്ച് 15, ശനിയാഴ്‌ച

യാത്ര

 


പഥികൻ്റെ സ്വപ്നവും പേറി
പാതകൾ നീണ്ടുപോകുന്നു
മൃതിവന്നു വിളിച്ചു വെന്നാകിലും
സ്മൃതി മായുകില്ലെന്നറിക

യാത്ര.... അനന്തമാം യാത്ര
മണ്ണറിഞ്ഞുള്ളതാം യാത്ര
മഴമണി ചിതറി വീഴുമ്പോൾ
മണി കിലുങ്ങുന്നിടനെഞ്ചിൽ

കാറ്റിന്നു കരിയിലത്താളം
കാൽത്തള പോലുള്ള മേളം
കവിതകൾ പൂക്കുന്നുയെങ്ങും
കാഴ്ചതൻ നവ്യാനുഭൂതി

പാതകൾ തീരുന്നേ,യില്ല
യാത്രകൾ തുടരുന്നുയിന്നും
കാത്തിരിക്കില്ല,യീക്കാലം
തുടർന്നിടാം യാത്ര നമുക്ക്

2025, മാർച്ച് 13, വ്യാഴാഴ്‌ച

കല്പന


ഛത്ര ചാമരം വീശി
വന്നെത്തും പ്രണയത്തെന്നൽ
ഹൃദയ ജലാശയത്തിൽ
ചിറ്റോളമിളക്കവേ

സ്നിഗ്ധ ചന്ദ്രിക വന്നു
മുഗ്ധമായ് പുഞ്ചിരിച്ച്
പിന്നെയും ക്ഷണിക്കുന്നു
അക്കരെക്കാവിലേക്ക്

അനുരാഗക്കൊതുമ്പുവളള -
ത്തിലേറീടുന്നവൻ
മോഹത്തിന്നമരത്തിരുന്നാഹ്ളാ-
ദം പങ്കിടുന്നു
തുഴയെറിഞ്ഞീടുന്നവൻ കുളിർ -
മുത്തുവാരീടുന്നു
കുങ്കുമ മലർമാലക്കവിത കൊരു-
ക്കുന്നു

അക്കരെക്കാവിൽ നിന്നും
വിളിക്കുന്നിണക്കിളിതന്നാർദ്ര -
സ്വരം കേൾക്കേ
കരളിൽ കവിതതൻ കല്പന -
കിലുങ്ങുന്നു
ഭ്രമരോത്സവം ഉള്ളിൽ ഭ്രമണം
നടത്തുന്നു



2025, മാർച്ച് 12, ബുധനാഴ്‌ച

പ്ലാസ്റ്റിക്

 കുട്ടിക്കവിത



കണ്ടാലവനൊരു പാവത്താൻ
കൈയിലിരിപ്പിൽ കേമത്താൻ
കോമയിലാക്കും സൂക്ഷിച്ചോ
പ്ലാസ്റ്റിക്കെന്നൊരു ദുഷ്ടനവൻ

2025, മാർച്ച് 10, തിങ്കളാഴ്‌ച

പുലരിയിൽ


പുലരിക്കവിളിൽ അരുണിമ
തേച്ചു
കുളിപ്പിക്കുന്നു മലരണി മഞ്ഞ്
പരിമളമേറ്റി വരുന്നൂ പവനൽ
പരിചൊടു മണ്ണും പുളകമണിഞ്ഞു

അളികൾ വന്നൂ ,നളിനങ്ങൾ
പരത്തി പാവനസൗരഭ്യം
പ്രണയിനി തന്മിഴി നീട്ടുമ്പോൾ
കുളിർ കോരുന്നു തളിർമേനി

വിണ്ണാറൊഴുകി വർണ്ണം ചാർത്തി
അവികലനാദം പ്രകൃതിയിലൊഴുകി
ശംഖൊലി നാദം കേൾക്കുന്നേരം
കിളികളുയർത്തി കീർത്തന പല്ലവി

യവനികയൊന്നു പതുക്കെ നീക്കി
പൂച്ചക്കാലാൽ പുലരിയണയെ
പ്രകൃതി നിന്നുടെ കലതൻ കലവി -
കൾ
മഹിതമഴകിൻ മായാജാലം.


2025, മാർച്ച് 9, ഞായറാഴ്‌ച

കാമം


കെണിയിൽപെട്ട
കാട്ടുമൃഗം

2025, മാർച്ച് 8, ശനിയാഴ്‌ച

ചിത്രശലഭമായ്.......


പ്രിയേ,
മഴമുഴുവൻ മിഴിയിൽ നിറച്ച്
നനഞ്ഞു കുതിരുകയും
പൊള്ളിപ്പിടയുകയും വേണ്ടിനി

ഈ,യിടനെഞ്ചിൻ്റെ ഇത്തിരിച്ചൂട്
നനഞ്ഞ്
ചിറകിൻ്റെ പൊള്ളലാറ്റുക
ഹൃദയത്തിൻ്റെ നനവാറ്റുക

പുതുമണ്ണിലെ മഴനനവുപോലെ
പ്രണയമണം നമുക്ക് നുകരാം
സ്നേഹ തേൻകണം മുകരാം

ഉള്ളിലിരമ്പിയാർത്തെത്തുമാ
മോഹജലത്തിൽ മുങ്ങിനിവരാം
മൊഴിയുമാ മിഴിയിൽ, മധുരം -
പൊഴിയുമാ ചൊടിയിൽ
നനവാർന്ന പാദങ്ങളിൽ
ചിത്രശലഭമായുമ്മ വെയ്ക്കാം

പ്രിയേ,
ഉള്ളം തള്ളിത്തുറക്കാൻ -
വെമ്പുന്ന
വാതിൽ നമുക്ക് തുറന്നിടാം
വർണ്ണത്തുമ്പിയായ് പാറിപ്പറന്നിടാം
സ്നേഹമല്ലാതെയെന്തുണ്ട് -
ബ്ഭൂവിൽ

2025, മാർച്ച് 5, ബുധനാഴ്‌ച

ഓർമ


മനസ്സിനോടു പറഞ്ഞു:
മറക്കുന്നു ഞാൻ
മുറിവുകൾ.
മറമാടുവാൻ മാത്രം
പറയരുതെന്ന് മനസ്സ്.
പിന്നെ;
എങ്ങനെ ഓർക്കാതി-
രിക്കും
ഞാൻ നിന്നെ

2025, മാർച്ച് 4, ചൊവ്വാഴ്ച

സ്വപ്നം


ആ രാത്രിയിൽ
ആദ്യമായി
ആയിരം നക്ഷത്രങ്ങളായ്
മിന്നി നിന്നു നീയെന്നിൽ

ഒരു മേശയ്ക്കപ്പുറം കേൾ-
ക്കാത്ത
പതിഞ്ഞ സ്വരം
കവിത കവിയുന്ന മിഴികൾ
പാദസര കിലുക്കം

പാദങ്ങളിൽ തൊട്ടു പിൻ -
മാറുന്ന തിരപോലെ
സുഖദ ദലമർമ്മരം പോലെ
ചിന്നി നിൽക്കും ചാറ്റൽ മഴ -
പോലെ
ഇക്കിളിയാക്കുന്നിടയ്ക്കിടെ

ഇന്നുവരെ പറഞ്ഞിട്ടില്ല ഞാൻ
ആരോടും
അങ്ങനെയൊരു ഭാവം നടിച്ചി-
ട്ടേയില്ല
മറ്റെല്ലാം മറന്നിട്ടും
മറക്കാത്ത ആ ഒന്നു മാത്രം
ഇടയ്ക്കിടേ എത്തി നോക്കാ-
റുണ്ട്

പിന്നെയിന്നോളം കണ്ടിട്ടില്ല
എന്നെക്കുറിച്ചുഞാൻ
ഇങ്ങനെ ഒരു സ്വപ്നം

2025, മാർച്ച് 3, തിങ്കളാഴ്‌ച

ഇങ്ങനെ പോയാൽ.......



നാട്ടിലെങ്ങും നടമാടിടുന്നു
വിഷലഹരികൾ കൊടുമ്പിരി
കൊണ്ടിടുന്നു
ആണെന്നൊ പെണ്ണെന്നോ
മത-ജാതി-രാഷ്ട്രീയ ഭേദമില്ലാ-
തെ പടർന്നിടുന്നു

പൊട്ടിയ പട്ടമായ് പാറും യുവത്വ-
ങ്ങൾ
തേറ്റയുയർത്തുന്നു ക്രൂരതകൾ
തോറ്റുപോയീടുന്നു മാതാപിതാ-
ക്കൾ
പൊലിഞ്ഞു പോകുന്നു പ്രതീക്ഷ -
കളും

ഊറ്റിക്കുടിച്ചീമ്പി ചണ്ടിയാക്കീടുന്നു
പെൺകുട്ടികൾ മരണക്കയം -
തേടുന്നു
വീർപ്പിച്ചു നിർത്തിയ മോഹങ്ങളെ-
ല്ലാമെ
ഒറ്റവീർപ്പിൽ പൊട്ടിത്തകർന്നിടുന്നു

കുത്തിയൊലിച്ചു പോയീടാതെ - നോക്കണം
കത്തിയമരാതെ കാത്തിടേണം
ജാഗ്രതയോടെ നാം കാത്തുരക്ഷി-
ക്കണം
നാളേക്കു കാവലായ് വളരേണ്ടോരെ

2025, മാർച്ച് 2, ഞായറാഴ്‌ച

കവിത


കണ്ണീരുപ്പിൽ കായ്ച്ചതാണ്
ഈ കവിത
കാലം കയ്ക്കുന്നു

മൗനം കൊണ്ട് മറയ്ക്കുവാൻ
കഴിയില്ല
മുറിവുകളെ.
കഴിഞ്ഞു പോയ കാലത്തെ
ഇന്നിൻ്റെ അമരത്തിരുന്ന്
ഞാൻ കാണുന്നു

കാലത്തിൻ്റെ ചൂതുകളിയാണ്
ജീവിതം
വിധിക്ക് അവധിയില്ല.
മനുഷ്യരെപ്പോലെ തന്നെ
ചിലപ്പോൾ
കല്ലിൻ്റെ ഹൃദയവുമായി
കാലവും പെരുമാറാറുണ്ട്

നീതിമാന് ഗാഗുൽത്ത.
കുരിശും കൂർത്ത കല്ലും
കൂട്ട്.
വിശപ്പിൽ എരിഞ്ഞവെയിൽ
ഓടിക്കിതച്ചു വീണ്
രക്തം കക്കിപ്പോയിരിക്കുന്നു
ആകാശത്തിൻ്റെ പടിഞ്ഞാറേ -
ചരിവിൽ


2025, മാർച്ച് 1, ശനിയാഴ്‌ച

കുട്ടിക്കവിത


കോഴിയും അണ്ണാനും

പൂവാലനണ്ണാനെ
പൂവാലനണ്ണാനെ
മൂവാണ്ടൻ മാവില് -
മാങ്ങയുണ്ടോ?
മൂവാണ്ടൻ മാവിൻ്റെ
മുകളിലെ ചില്ലയിൽ
മൂത്തുപഴുത്തൊരു
മാങ്ങയുണ്ട്.
പുന്നാര അണ്ണാനെ
പുന്നാര അണ്ണാനെ
ഒരു മാങ്ങ തന്നു സഹായി
ക്കാമോ ?
തന്നിടാം തന്നിടാം
കോഴിക്കും മക്കൾക്കും
സന്തോഷമാകട്ടെ
എല്ലാവർക്കും