malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014, ജനുവരി 10, വെള്ളിയാഴ്‌ച

വയനാട്ടിൽ




ഉണർന്നെഴുന്നേറ്റ
കാട്ടു മൂപ്പനെപ്പോലെ
തലയുയർത്തിനില്ക്കുന്നു
കുടവയറൻ കുന്ന്
ജപിച്ചൂതിയ ചരടുപോലെ
നീണ്ടു വളഞ്ഞ് റോഡ്‌
കോടിപുതച്ച കാട്ടു പെണ്ണിനെ -
പ്പോലെ
കോടപുതച്ച കാട്
കാട്ടുതേൻ ഗന്ധമായ്
മന്ദമായെത്തും കാറ്റ്.
മീവൽ പക്ഷിയായ് മനസ്സ് കുതിക്കുന്നു
മണ്ടി മടുത്തപോൽ വണ്ടി കിതയ്ക്കുന്നു
ചരിഞ്ഞ ചായതോപ്പിൽ
പൂത്തു നില്ക്കുന്നു വെയിൽ ചില്ലകൾ  
കുറുവതൻ കരളിലൊരു
കബനി പിടയുന്നു
കഴിഞ്ഞ കാലം സിരകളിൽ പടരുന്നു
ഉദയ പർവ്വതം പൂത്തു നില്ക്കുന്നു
വിപ്ലവത്തിൻ സൂര്യ പട മുയർത്തുന്നു
നടത്തുന്നു ഫോസെറ്റ്  ശിലായുഗത്തിലേക്ക്
അമ്പ്‌ കുത്തി മലയിൽഇടയ്ക്കൽ ഗുഹയിലേക്ക്
ചിന്തയുടെ ചുമരിൽ ശിലാ ലിഖിതമിഴയുന്നു
വട്ടെഴുത്തും കോലെഴുത്തുമായ്  
പെരുക്കങ്ങൾ പിടയുന്നു
ലാസ്റ്റ് പോയന്റിൻ ആഴങ്ങളിലേക്ക്
ആകാംക്ഷ കണ്ണിനെ ആഴ്ത്തിയിറക്കുന്നു
പിടയ്ക്കുന്നു പൂക്കോടൻ
പരൽ പോലെ ഓർമ്മകൾ
തുടിക്കുന്നു ഹൃദയത്തിൽ ഒരു നീലയാമ്പൽ .
എത്രയും പഠിച്ചിട്ടും
ഇത്രയും വേണ്ടിവന്നു
ചരിത്രത്തിന്റെ ഒരു മഞ്ഞുകണം
മനസ്സിലിരുന്നു കുളിരാൻ  
 ......................................................
കുറുവ--കുറുവ ദ്വീപ്‌
കബനി-----കബനി നദി
ഫോസെറ്റ്---1894  ൽ മലബാറിലെ ജില്ലാസൂപ്രണ്ട്
ലോക ജന ശ്രദ്ധയിലേക്ക് എടയ്ക്കൽ ഗുഹയെ കൊണ്ടുവന്നു
ലാസ്റ്റ് പോയന്റ് ---------ഗുഹയുടെ ലാസ്റ്റ് പോയന്റ്
പൂക്കോടൻ  പരൽ----------പൂക്കോടൻ തടാകത്തിൽ മാത്രം കാണുന്ന പരൽ

1 അഭിപ്രായം: