malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, മാർച്ച് 11, തിങ്കളാഴ്‌ച

അടുക്കള അമ്മ അഥവാ കടൽ



കടലിൽ നിന്ന്
കൊട്ടയേറി വന്ന
മത്തി, അയല, തിരുത, ബേളൂരി
അടുക്കളയിലെ വട്ടളയിൽ
മുട്ടോളം വെള്ളത്തിൽ
കത്തിക്ക് പാകത്തിന്
മലർന്നു കിടക്കുന്നു
ചട്ടീം കലവും തട്ടീം മുട്ടീം ഇരിക്കുന്നു
വലിയ പിഞ്ഞാണത്തിൽ
തേങ്ങ ചിരവുന്നുണ്ടൊരു ചിരവ
നനക്കല്ലിൽ പടോപടോന്ന്
തല്ലി നനയ്ക്കുന്നുണ്ടൊരു
തെരുവൻതോർത്ത്
തട്ടുകളിൽ തൊട്ടു തൊട്ടിരിക്കുന്നു
കുഞ്ഞനളുക്കുകളും ഭരണികളും
നൊട്ടിനുണഞ്ഞു കൊണ്ടൊരു പുളി ഭരണി
മൂലയിലൊരു മൂപ്പര് ഉപ്പുമാങ്ങഭരണി
വട്ടച്ചെമ്പിൽ മണം പരത്തി
തേങ്ങ വെന്ത വെളിച്ചെണ്ണ
തെട്ടപ്പുറം, പൊട്ടിത്തെറിക്കാൻ ഭാവത്തിൽ
കടുക്
ഉപ്പും മുളകും മുട്ടി മുട്ടിയിരിക്കുന്നു
കുപ്പിക്കോപ്പയിൽ
കല്ലുമരിയിൽ കരയാൻ പാകത്തിൽ
ഉള്ളി
കാഞ്ഞ വയറുമായി കത്തിനിൽക്കുന്നു
അടുപ്പ്
അലകടൽ പോലെ കാലവും, നേരവു
മില്ലാതെ
വെന്ത് ,വിയർത്ത് ,വെച്ച്, വിളമ്പി
ഊട്ടി, ഉറക്കി വളർത്തുമ്പോഴും
മാറ്റിയിട്ട കൈക്കല പോലെ
തട്ടിമാറ്റുമ്പോഴും
ഒട്ടും പരിഭവവും, പരാതിയുമില്ലാതെ
കാത്തിരിക്കുന്നു അമ്മയെപ്പോലെ





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ