malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023, ജനുവരി 7, ശനിയാഴ്‌ച

നിലാവുപൂക്കുന്ന പ്രണയം



നിലാവുവന്നു തൊടുമ്പോൾ
നാണിച്ചുനിൽക്കുന്ന പൂവാണ് പ്രണയം
ഈറൻ ഇലഞ്ഞി ഗന്ധമുള്ള രണ്ടു പൂവുകൾ
പരസ്പരം ചുംബിച്ചു നിൽക്കുന്നു

ഇരുട്ടിൻ്റെ ഭയത്തിനെ അവർ മറക്കുന്നു
ഒരേതാളത്തിൽ ഒരേ നിർവൃതിയിൽ
അവർ പരസ്പരം മാറിലേക്കടർന്നു വീഴുന്നു
മഞ്ഞിൻ്റെ മധുരമുള്ള ചൂടിൽ കുളിരുന്നു

'പെണ്ണെ ആൺനിലാവു വന്നുതൊടുമ്പോൾ
നാണിച്ചു വിടരുന്ന ആമ്പലാണു നീ' -
ഒരു കുസൃതിക്കാറ്റുവന്നവളുടെ കവിളിൽനുള്ളുന്നു.
ഹരംപിടിക്കുന്ന നിമിഷങ്ങളിൽ മധുചഷകമായ -
വൾ മാറുന്നു

കവിത ഹൃദയംകൊണ്ടുമാത്രമല്ല
കണ്ണുകൊണ്ട്, അംഗചലനങ്ങൾകൊണ്ട്
ഉടലിൻ ഉല്ലാസംകൊണ്ടുമെഴുതുമെന്ന്
പ്രണയികൾ പറഞ്ഞുതരുന്നു

ലഹളകളേയും, സ്വേച്ഛാധിപത്യത്തേയും
ഭയന്ന മനസ്സിലേക്ക്
പരസ്പരം അധിനിവേശം നടത്തിയവർ
ഊഷരമായ മരുഭൂമിയിൽ
ഊർവ്വരത കണ്ടെത്തിയവർ

നിലാവുപൂക്കുന്ന പ്രണയത്തോളം കാല്പനിക -
മായ നിമിഷം മറ്റെന്താണുള്ളത്
അത്രമേൽ തീക്ഷണമത്രെ പ്രണയജീവിതം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ