malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, മേയ് 29, വ്യാഴാഴ്‌ച

മുറിവ്

 കനിവിൻ്റെ കതിരുകൾ തേടികിനാത്തുമ്പി,യലയുന്നി

തെങ്ങുംകരൾ പറിയും കാഴ്ചയല്ലാതൊ-

ന്നുമേയില്ലിന്നു കാണ്മാൻ

അന്നമില്ലാതെ കുഞ്ഞുങ്ങൾ
അന്ത്യയാത്രയായ് പാതവക്കിൽ
വീടുകളെല്ലാം തകർത്ത
വീറുറ്റ മുഷ്ടിതൻ ചിത്രം
വാനിടത്തിൽ പാറി നിൽപ്പൂ
പാരിതിലാരു കണ്ടീടാൻ?!

അലയുന്നൊരമ്മ തേങ്ങുന്നു
മക്കളെ, ചുട്ടുതിന്നു നാരാധമൻമാർ
ലഹരിയാൽ പത്തി വിരിച്ച്
കൊത്തുന്നു കത്തുന്ന യൗവ്വനം

കിനാത്തുമ്പി വന്നു ചൊല്ലുന്നു
ഉണരുക ഉണരുക വേഗം !
നിനവിലെ കാഴ്ച,യിതിനിയും
കാട്ടിത്തരല്ലേ കിനാവിൽ
കെൽപ്പില്ല കണ്ടു നിന്നീടാൻ
ഇനിയില്ല ഞാൻ നിൻ്റെകൂടെ.

2025, മേയ് 28, ബുധനാഴ്‌ച

ഓർമ്മയ്ക്ക്



കൂട്ടുകാർ കടന്നു പോകവേ
ഹന്ത! ചിന്തിച്ചിരിക്കുവതെന്തു നീ
ഓർത്തിരുന്നിട്ടു കാര്യമില്ലെടോ
കാലം പാർത്തു വെച്ചതാണെല്ലാം

യൗവ്വന മദിര കുടിച്ചു നാം
മദിച്ചു നടന്നൊരാക്കാലം
തൃഷ്ണകൾ കൃഷ്ണമണികളെ
ഉജ്ജ്വലിപ്പിച്ച നാളുകൾ

പാട്ടുപാടി രസിച്ചും പരസ്പരം
കലഹിച്ചും
തെല്ലിട കഴിഞ്ഞു പിന്നെ ഫുല്ല ഭാവം പകർന്നും
അല്ലും പകലുമില്ലാതെ,യല്ലലിൽ
ഒന്നായ്ക്കഴിഞ്ഞതും
ജീവിത സ്പന്ദങ്ങളോരോന്നും
ഒന്നെന്നപോലേറ്റി നടന്നതും

പിന്നെ പലപാടുപോയെങ്കിലും
പങ്കപ്പാടിലായിപ്പോയെങ്കിലും
ജീവിത വഞ്ചിതൻ പങ്കായം നീറ്റിൽ
നിന്നെടുക്കാൻ നേരമില്ലാതെ -
പോയെങ്കിലും
ഓർമ്മതൻ തിരുമുറ്റത്ത് ഓടിച്ചാടി
കളിച്ചിരുന്നു

ഒന്നാണെന്നു നാമോർക്കിലും
ഒറ്റയൊറ്റയാണെടോ
 "കൂടിയല്ലാ പിറക്കുന്ന നേരത്തും, കൂടിയല്ലാ മരിക്കുന്ന നേരത്തും "
ഓർത്തുവെച്ചിടാം നമുക്കുള്ളിലൊ,-
രോളത്തിനായെങ്കിലും

2025, മേയ് 23, വെള്ളിയാഴ്‌ച

കളഞ്ഞു പോയത്


എവിടെ വെച്ചാണ് നമുക്ക് -
നമ്മെ നഷ്ടമായത് !
ജീവിതത്തിൻ്റെ,യേതു -
തിരിവിൽവെച്ച് !

എറുമ്പുകളെപ്പോലെ
വരിവച്ചു പോകുന്നു നാം
ഉയരങ്ങൾ തേടി,
അവസാനത്തെ ചില്ല -
ത്തുമ്പും തേടി

മുതുകിലൊരു വീടും പേറി -
പോകുന്നു നാം
ഒച്ചിനെപ്പോലെ
കഴച്ചാലും, കൂനിപ്പോയാലും
അഴിച്ചു വെയ്ക്കാൻ കഴി-
യാതെ

ചുട്ടുവെച്ച മണ്ണപ്പങ്ങൾ
ചൂടാറി നനുത്തു പോയ്
തൊട്ടുകൂട്ടിയ ബന്ധങ്ങൾ
തട്ടി മറിഞ്ഞു പോയ്

കണ്ടെടുക്കുവാൻ കഴിമോ,-
യിനി?!
കളഞ്ഞു പോയ കാലങ്ങളെ
കവിതയുടെ കുളിരുകളെ
ജീവിതത്തിൻ്റെ അറിയപ്പെ-
ടാത്ത
ഏതെങ്കിലും വളവിൽ വെച്ച്.


ഇലകൊഴിഞ്ഞ മരം




രാവിലെ നോക്കുമ്പോൾ
മാഞ്ചോട്ടിൽ ഇലകളടിഞ്ഞിരിക്കുന്നു
പത്രത്താളിലെ ചോരയുടെ നിറം
കട്ടൻ ചായയ്ക്ക്

മീൻകാരൻ തന്നത് അഞ്ച് മത്തി
ചീർത്തുവയറു പൊട്ടിയിട്ടും ഗന്ധ-
മില്ലാത്തത് !
പൂച്ചയ്ക്ക് പരിചയമില്ല മീനും മീൻ -
കാരനും !

മൂക്കാത്ത ചക്ക തൂങ്ങി നിൽക്കുന്നു
ഗർഭിണിയായ അവിവാഹിത
പ്ലാക്കൊമ്പിൽ തൂങ്ങിയതുപോലെ
ചുള്ളിക്കമ്പു പരതി പരക്കെ നടക്കുന്നു
ഒരു കാക്ക

കാലം കടന്നു പോകുന്നു
കാഴ്ചകൾ മാറി വരുന്നു
മഞ്ഞച്ചു പോയി മനസ്സ്
നരച്ച ദിനങ്ങൾ മുന്നിൽ

പ്രാതലായെന്ന് സമയവിളി
പ്രാക്കുകളുടെ പത്രം മാറ്റി വെച്ച്
ഇല കൊഴിഞ്ഞ ഒരു മരം
പതുക്കെയെഴുന്നേറ്റു

2025, മേയ് 16, വെള്ളിയാഴ്‌ച

മിന്നൽക്കവിതകൾ


അഭയം

ഭയം
ഒറ്റച്ചോദ്യമെ
ചോദിക്കാറുള്ളു:
അഭയം തരുമോ?
അഭയം തരുമോ?!

(2)

തോൽവി

വിജയത്തിന്
ഒറ്റ അർത്ഥമേയുള്ളു
തോൽവി

(3)

വിശ്വാസം

വിശ്വാസം
നല്ലതാണ്
വിഷമയമാകാതെ
സൂക്ഷിക്കുമെങ്കിൽ

(4)

വാക്ക്

ഒറ്റവാക്കിൻ്റെ
ചൂടുമതി
ഒരു ജന്മം തന്നെ
ഉരുകിത്തീരാൻ

(5)

കൂട്ട്

നിഴൽ പറഞ്ഞു:
എന്നെ നോക്കൂ
നിനക്ക് കൂട്ട്
നീയല്ലാതെ
മറ്റാര് !

2025, മേയ് 11, ഞായറാഴ്‌ച

നിങ്ങൾ (ളെ ) വായിക്കുന്നത്


ഞാനിന്നലെ ഒരു പരസ്യം കണ്ടു :
" വായിച്ചു കഴിഞ്ഞ പുസ്തകം
വില്‌പനയ്ക്ക്
പാതിവില കൂടെ പോസ്റ്റൽ ചാർജ് "

നിങ്ങൾ വായിച്ച പുസ്തകം
നിങ്ങൾ വായിച്ചിട്ടേയില്ല !
നിങ്ങളാപുസ്തകം ഒന്നുകൂടി
വായിച്ചു നോക്കൂ,
പുതിയൊരു തലത്തിലേക്ക്
നിങ്ങളെ കൂട്ടിക്കൊണ്ടു പോകും

പുതിയൊരു പുസ്തകം വായിക്കു-
ന്നതായ് തോന്നും
പുതിയൊരു കാലം പിറക്കും
ഓർമ്മകളുടെ ഓളങ്ങളിൽ നിങ്ങൾ
ചാഞ്ചാടും
ഇങ്ങനെയും ജീവിതമോയെന്ന്
ആശ്ചര്യപ്പെടും

നിങ്ങൾ ഒരാവർത്തിക്കൂടി വായിക്കൂ !
ഇതുവരെ നിങ്ങൾ വായിച്ച ജീവിതമല്ല
ഇനി നിങ്ങൾ (ളെ ) വായിക്കുന്ന ജീവി-
തമെന്ന് തിരിച്ചറിയും
പുസ്തകം വെറും പുസ്തകമല്ലെന്നും.

പ്രിയനോട്


വസന്തത്തിൻ്റെ മന്ദമാരുതനായി
നീ കടന്നു വരുന്നു
പ്രിയനേ,
എൻ്റെ ജീവിതം ഇനിയും പൂവിടുന്ന
തിൻ്റെ സന്ദേശമാണോ നീ?!
ഇനി ഞാനെന്നെ നിനക്കായർപ്പി
ക്കുന്നു

ദഹിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തെ
ദാനമായ് നൽകിയതിന്
എൻ്റെ ഇരുണ്ട രാത്രികളെ ദീപ്തമാക്കി -
യതിന്
വറ്റിപ്പോയ ഹൃദയത്തിനു വിശപ്പു തന്ന -
തിന്
മൂകതയെ ശബ്ദസാഗരമാക്കിയതിന്
തീയിലും, നിഴലിലും, പൊടിപടലത്തിലും
ക്ഷീണത്തിലും പെട്ടുഴലുന്നതിൽ നിന്നും
സ്നേഹത്തിൻ്റെ ചിറകിൻ തണലുവിരി-
ച്ചതിന്

പ്രിയനേ,
ഇനി നമ്മുടെ മാനസ ക്ഷേത്രാങ്കണ -
ത്തിൽ
ഉത്സവങ്ങളുടെ മേളങ്ങളുയരട്ടെ
പുതിയ പുതിയ ബിംബങ്ങളിൽ, ഭാവ -
ത്തിൽ നമുക്കഭിരമിക്കാം
അവഗണനയെ വിസ്മൃതിയുടെ നദിയി-
ലൊഴുക്കി
ആഴമുള്ള പൂർണ്ണിമയിൽ അനുരാഗ -
ത്തിലലിയാം

വയനാടിൻ്റെ രോധനം


സഹ്യപർവ്വതത്താഴെ
തിലകമായ് വയനാട്
തോരാത്ത കണ്ണീരായി
നിലയ്ക്കാത്ത നീറ്റലായി

ഇരുളു മാത്രം മറയാക്കി
വസിക്കും കുടുംബങ്ങൾ
ഓർമ്മകളുണ്ടുകണ്ണീർ
ജലം കുടിച്ചിരിക്കുവോർ

കാടിൻകരൾ പറിച്ചെടു
ത്തുപോയ് പ്രളയം
കഥയറിയാൻ പറന്നു -
വന്നോർ
കളിചൊല്ലിപ്പിരിഞ്ഞു പോ-
യോർ
കനിഞ്ഞതില്ലൊട്ടുമേ
കനിവിൻ്റെ തെളിനീർത്തുള്ളി

ജാലങ്ങൾ കാട്ടി ജീവിക്കുവാൻ
കഴിയില്ല
ജാലകപ്പഴുതു പോലുമില്ലാത്ത
കൂട്ടരിവർ
കണ്ണിലെണ്ണയൊഴിച്ച് കാത്തിരി
പ്പുണ്ടൊരുവർ
ഹൃദയപക്ഷത്തുനിന്നു നിത്യവും
തുണയ്ക്കുവോർ

വേരോടെ നിലംപൊത്തി
വീഴേണ്ട വൃക്ഷമല്ലവർ
കുത്തിയൊഴുകിപ്പോകേണ്ട
ചെളിവെള്ളമല്ല
വെള്ളകീറുമ്പോഴിടവഴിയി-
ലേക്കിറങ്ങി
നാടിൻ സമ്പത്തായ് മാറിയോ-
രു ജനത

കാത്തുരക്ഷിപ്പാൻ കടമയുള്ള -
ചിലർ
ചുകപ്പുകണ്ട കാളയെപ്പോലെ
വിറളി പിടിക്കുന്നതെന്തിനവ -
രോട്
കണ്ണിലേകൃഷ്ണമണികളെപ്പോ-
ലെ
കാത്തുകൊള്ളുന്ന മലയാള നാടി-
നോട്

കേൾക്കുകീക്കുഞ്ഞു പക്ഷിതൻ
രോധനം
തള്ള പക്ഷിയായ് തൊള്ളയിലന്ന
മാകുക
ദുരിത ശൈത്യത്തിൽ നിന്നുമീ-
മക്കളെ
ചിറകിൽ ചേർത്തു നിർത്തി
ചൂടുപകരുക

നീ അരികിലെങ്കിൽ


നീയൊഴിച്ച്
ആരടുത്തുണ്ടായാലും
ഞാനൊറ്റയ്ക്കാകുന്നു

നീ,യരികിലെങ്കിൽ
ഞാൻ വലിയൊരാൾ
ക്കൂട്ടത്തിൽ

ഒച്ച്



ഒച്ചയില്ലാതെ പിച്ചവെയ്ക്കുന്നു -
ഒരൊച്ച്
അറപ്പിൻ്റെ വെറുപ്പ് നുരയുന്നു
തണുപ്പുള്ള വെളുപ്പിന്, രാത്രിയിൽ
അടുക്കള ചുമരിൽ,അടച്ചൂറ്റിയുടെ -
വക്കിൽ,വഴിയിൽ ,വാഴച്ചുവട്ടിൽ

കുളിമുറിയിൽ കൊമ്പുയർത്തി -
വീക്ഷിക്കുന്നു
തൊണ്ടയിൽ നിന്നൊരു വഴുവഴു -
പ്പിഴയുന്നു
ഓക്കാനത്തിൻ്റെ ഒച്ച ചർദ്ദിക്കുന്നു

കടലാസിലെടുത്ത്
ഉപ്പിട്ടു പൊതിഞ്ഞുകെട്ടി
വലിച്ചെറിഞ്ഞു വരുമ്പോൾ
കവിതയായ് കിനിഞ്ഞിറങ്ങുന്നു -
ഒച്ച്

ഞാനിവിടെയൊക്കെതന്നെ -
യുണ്ടെന്ന
മിനുമിനുത്ത ഒരു വഴി ബാക്കിവെച്ച്

ചെറുതല്ല....


പിഴച്ചു പോയ് കണക്കുകൾ
പൊഴിഞ്ഞു പോയ് തൂവലുകൾ
ചിതറിയ ഓർമ്മച്ചിത്രങ്ങളിൽ
കക്കിനിൽക്കുന്നു കവിതകൾ

പെട്ടുപോയി കാരാഗൃഹത്തിൽ
പട്ടുപോയി ജീവിതം
പഴി പറയുന്നതെന്തിന്
പിഴച്ചു പോയി കാലം

വ്യാഘ്ര മുരൾച്ചയ്ക്കു മുന്നിൽ
നക്രവക്ത്രത്തിന്നരികിൽ
വരണ്ട ചിന്തയ്ക്കു മുന്നിൽ
വലഞ്ഞു നിൽപ്പൊരു ജന്മം

പൊള്ളി നിൽക്കുന്നു
ഞരമ്പിൻ വരമ്പിൽ
നിപതിച്ചിടാമേതു നിമിഷവുമെ-
ന്നോർത്ത്
ഇല്ലൊരു കച്ചിത്തുരുമ്പും
ആശതൻ ചെറു പച്ചപ്പും

കാരിരുമ്പിൻ്റെ തുമ്പിലും
കിളിർത്തിടും ചില ജന്മങ്ങൾ
ചുറ്റിലും ഒന്നു നോക്കുക
ചെറുതല്ല ജീവിതമെന്നറിയാൻ

ഇഷ്ടം



നീ എൻ്റെമേൽ പിടിമുറുക്കുന്നു !
നിൻ്റെ ഓർമകളെ തകർക്കാൻ
എനിക്കാവുന്നില്ല
എനിക്കു വല്ലാതൊരാഹ്ലാദം
തോന്നുന്നു, കാരണം
നീ അത്രമേലെന്നെ പിടിമുറുക്കി
യിരിക്കുന്നു
നാം അത്രയും ഇണങ്ങിക്കഴിഞ്ഞി-
രിക്കുന്നു
നാം നമ്മൾക്കായി ദാഹിക്കുന്നു

എന്നാൽ,യഥാർത്ഥ പ്രണയത്തി
ലേക്ക് ചുവടുവെയ്ക്കാൻ
നമുക്ക് നാണമാണോ?!
അമൂല്യ നിധിയാണു നീ
നീയാണെൻ്റെയെല്ലാമെന്ന് ഞാന
റിയുന്നു

എന്നാൽ നമ്മെ തളച്ചിടുന്ന ആ
അലങ്കാരച്ചരടിനെ
തൂത്തെറിയുവാൻ കഴിയില്ലെന്നോ?!
നമ്മളൊന്നെന്ന തെളിവിന്
മറ്റുവഴികളില്ലെന്നോ
നിന്നിലെത്തിച്ചേരാൻ അതാണു
നേർവഴിയെന്നോ?

പ്രണയത്തിന് പല വഴികളുണ്ട്
പിരിയാതിരിക്കാൻ വഴിയൊന്നേ-
യുള്ളു
ഇഷ്ടങ്ങളിൽ പലതിനോടും
ഞാൻ വിടപറയുന്നു
എൻ്റെ ഇഷ്ടങ്ങളെല്ലാം
നീയാകുന്നു

അകപ്പൊരുൾ


അനന്തതയുടെ അകപ്പൊരുൾ
നീയെനിക്കു കാട്ടി തന്നു
ഇത്രയും ബലവാനെന്ന്
അഹങ്കരിക്കുന്നവരറിയുന്നില്ലല്ലോ
എത്ര ദുർബലനാണെന്ന കാര്യം!

നോക്കൂ,
അത്രയും ദുർബലമായ പുല്ലാങ്കുഴൽ
എത്രയും മനോഹരമായ
സംഗീതം പൊഴിക്കുന്നത്
കാഴ്ചയിൽ അളന്നെടുക്കുവാൻ
കഴിയില്ല ഒന്നും

ഒരിക്കലും പുതുമ നശിക്കാത്ത
ഒരു ചിന്ത
നിങ്ങളിൽ ജനിച്ചു കൊണ്ടേയിരി
ക്കുന്നുണ്ട്
അതുകൊണ്ടാണല്ലോ ഹൃദയത്തിൽ
സന്തോഷത്തിൻ്റെ ഓളങ്ങൾ
സൃഷ്ടിക്കപ്പെടുന്നത്.

മറഞ്ഞിരുന്നു നീ പറഞ്ഞു തരുന്നത്
ഞാൻ പ്രവർത്തിക്കുന്നു
യാദൃച്ഛികമായി ഒന്നും സംഭവിക്കുന്നില്ല
അമർത്യമായ നിൻ്റെ പ്രവർത്തികളാണ്
മർത്യരെ നയിക്കുന്നത്.

നീ എത്ര നൽകിയാലും
അധികമാകുന്നില്ല
മർത്യന്

അനുഭവം


മറക്കുവാൻ ശ്രമിക്കുന്നതാണ്
മനസ്സിലേക്ക് ഓടിയെത്തുന്നത്
ഇഷ്ടമില്ലാത്തതാണ്
നഷ്ടമാകാതിരിക്കുന്നത്
കഷ്ടമെന്നല്ലാതെന്ത്
കുഷ്ഠം പോലെ പേറേണ്ടുന്നവ.

എങ്കിലും;
ദു:ഖ കടലിനു മേലെ
കെട്ടുന്നുണ്ടു നാം
സന്തോഷത്തിൻ്റെ ഒരു പാലം
ഏതു നിമിഷവും വീഴുമെന്നറിഞ്ഞിട്ടും
ഭയമൊട്ടുമില്ലാതെ സഞ്ചരിക്കുന്നു നാം

വിപ്ലവത്തിൻ്റെ പേരാണു ജീവിതം
വരച്ചു വെയ്ക്കുന്നുവതിൽ നാം
നമ്മളെ
നീറ്റലും, ഉരുക്കവും തന്നെ
ജീവിത ഔഷധവും
മുള്ളിനെ മുള്ളു കൊണ്ടെടുക്കുന്ന
വിദ്യ

നമ്മളെ നമ്മളാക്കുന്നത്
സന്തോഷം മാത്രമല്ല
കഴിഞ്ഞ കാലത്തിൻ്റെ
കോറിയിടലും
വർത്തമാനത്തിൻ്റെ വർണ്ണപകിട്ടും
അറിയാതെ വന്നു ചേരും
അനുഭവവും

തെയ്യം




അധഃസ്ഥിത ആത്മ പ്രകാശനം
ലാസ്യതാണ്ഡവ,വീര്യം
അമ്മതൻ കാരുണ്യം
താരുണ്യം തളിരിട്ട പൂക്കളും,
കുരുത്തോലയും

രക്തവർണ്ണാങ്കിതം രൗദ്രം
ചെണ്ട, ചേങ്ങില, ഇലത്താളം
കുറുങ്കുഴൽ ,തകിൽ
കൊട്ടിക്കയറി ആർത്തട്ടഹസിച്ച്
പൊട്ടിച്ചിരിച്ച്, ഗുണം വരുത്തണേ -
യെന്ന് മാറോടു ചേർത്ത്

മൂർദ്ധാവിൽ മുടിയണിഞ്ഞ്
മഞ്ജുളമാം മുഖശ്രീയാൽ
കായം ചിതറും കാലൊച്ചയും
കനൽ കത്തും കണ്ണും

കൊട്ടിക്കയറുമാവേശത്തിര
യടിയിൽ
ഭൂമിയു,മാകാശവും നടുങ്ങുമ്പോൾ
വീരത്തിൻ വിളിപ്പാട്ടുണർത്തി
ഉറവയിടുമാത്മശുദ്ധിതൻ തീർത്ഥം

കശാപ്പ്

കശാപ്പുകടയിലാണു ഞാൻ

കോഴിയെ കശാപ്പു ചെയ്യും
കടയിൽ
കശ്മലനെന്നു വിളിക്കരുത്
കുശുകുശുപ്പരുത് !

കൊക്കിക്കൊക്കി നിൽക്കുന്നു
ഒരു കോഴി
പഴയൊരാവീടിൻ പ്രതാപത്തെ
ഓർത്തു നിൽക്കുന്നു
സ്നേഹത്തിൻ്റെ ഒരു കുഞ്ഞു -
കൊക്കൽ വച്ചുനീട്ടുന്നു

കൂടെയുള്ളവൻ കത്തിക്ക്
പാകമാകുമ്പോഴും
കൊടും ശൂന്യതയിലേക്ക്
കൂപ്പുകുത്താതെ
ഇത്തരി വെള്ളം കൊക്കിലു
യർത്തി
മേലേയ്ക്കു നോക്കി അല്പാല്പം
നുണയുന്നു

"കൊന്നാൽപാവം തിന്നാൽ
തീരും "
ഞാൻ കൊല്ലിച്ച് പാവം തിന്നു -
തീർക്കുന്നു
അല്ലെങ്കിൽ എന്ത് പാവം അല്ലേ !
ക്വട്ടേഷൻ കാലത്ത്
കൊല്ലും കൊലയുമെരു ഫാഷൻ
പണത്തിന് മുകളിൽ പാവവും -
പറക്കില്ല

2025, മേയ് 10, ശനിയാഴ്‌ച

ഇഷ്ടം


നീ എൻ്റെമേൽ പിടിമുറുക്കുന്നു !
നിൻ്റെ ഓർമകളെ തകർക്കാൻ
എനിക്കാവുന്നില്ല
എനിക്കു വല്ലാതൊരാഹ്ലാദം
തോന്നുന്നു, കാരണം
നീ അത്രമേലെന്നെ പിടിമുറുക്കി
യിരിക്കുന്നു
നാം അത്രയും ഇണങ്ങിക്കഴിഞ്ഞി-
രിക്കുന്നു
നാം നമ്മൾക്കായി ദാഹിക്കുന്നു

എന്നാൽ,യഥാർത്ഥ പ്രണയത്തി
ലേക്ക് ചുവടുവെയ്ക്കാൻ
നമുക്ക് നാണമാണോ?!
അമൂല്യ നിധിയാണു നീ
നീയാണെൻ്റെയെല്ലാമെന്ന് ഞാന
റിയുന്നു

എന്നാൽ നമ്മെ തളച്ചിടുന്ന ആ
അലങ്കാരച്ചരടിനെ
തൂത്തെറിയുവാൻ കഴിയില്ലെന്നോ?!
നമ്മളൊന്നെന്ന തെളിവിന്
മറ്റുവഴികളില്ലെന്നോ
നിന്നിലെത്തിച്ചേരാൻ അതാണു
നേർവഴിയെന്നോ?

പ്രണയത്തിന് പല വഴികളുണ്ട്
പിരിയാതിരിക്കാൻ വഴിയൊന്നേ-
യുള്ളു
ഇഷ്ടങ്ങളിൽ പലതിനോടും
ഞാൻ വിടപറയുന്നു
എൻ്റെ ഇഷ്ടങ്ങളെല്ലാം
നീയാകുന്നു

അകപ്പൊരുൾ


അനന്തതയുടെ അകപ്പൊരുൾ
നീയെനിക്കു കാട്ടി തന്നു
ഇത്രയും ബലവാനെന്ന്
അഹങ്കരിക്കുന്നവരറിയുന്നില്ലല്ലോ
എത്ര ദുർബലനാണെന്ന കാര്യം!

നോക്കൂ,
അത്രയും ദുർബലമായ പുല്ലാങ്കുഴൽ
എത്രയും മനോഹരമായ
സംഗീതം പൊഴിക്കുന്നത്
കാഴ്ചയിൽ അളന്നെടുക്കുവാൻ
കഴിയില്ല ഒന്നും

ഒരിക്കലും പുതുമ നശിക്കാത്ത
ഒരു ചിന്ത
നിങ്ങളിൽ ജനിച്ചു കൊണ്ടേയിരി
ക്കുന്നുണ്ട്
അതുകൊണ്ടാണല്ലോ ഹൃദയത്തിൽ
സന്തോഷത്തിൻ്റെ ഓളങ്ങൾ
സൃഷ്ടിക്കപ്പെടുന്നത്.

മറഞ്ഞിരുന്നു നീ പറഞ്ഞു തരുന്നത്
ഞാൻ പ്രവർത്തിക്കുന്നു
യാദൃച്ഛികമായി ഒന്നും സംഭവിക്കുന്നില്ല
അമർത്യമായ നിൻ്റെ പ്രവർത്തികളാണ്
മർത്യരെ നയിക്കുന്നത്.

നീ എത്ര നൽകിയാലും
അധികമാകുന്നില്ല
മർത്യന്

2025, മേയ് 6, ചൊവ്വാഴ്ച

മരണം


ഒരില ദൂരത്തിനപ്പുറമുള്ള
മുരൾച്ച

2025, മേയ് 5, തിങ്കളാഴ്‌ച

കണക്കുകൂട്ടൽ


കാലമേ,
നീയാണെൻ്റെ ബഹുമതിക്കും
അഹമ്മതിക്കും കാരണം !
കണക്കു ചോദിക്കാതെ
നീ പോകില്ലെന്നെനിക്കറിയാം

എന്നിലെ യൗവനത്തിൻ്റെ
സുഗന്ധവും
വാർദ്ധക്യത്തിൻ്റെ
ദുർഗന്ധവും
നിനക്കവകാശപ്പെട്ടതാണ്

ഒരു കയറ്റത്തിന് ഇറക്കം
എന്നതുപോലെ
ഓരോ സന്തോഷത്തിനും
ഒരു ദു:ഖമുണ്ട്
ദു:ഖമാണ് സ്ഥായിയായിട്ടുള്ളത്
സന്തോഷം നൈമിഷികം മാത്രം

വാക്കു കൊണ്ട് വെറുപ്പും
മൗനം കൊണ്ട് മധുരവും വിളമ്പു
ന്നു നീ
ഒരു നിമിഷം സ്വസ്ഥമായിരിക്കുവാൻ
നിയെന്നെ അനുവധിക്കുന്നില്ല
അസ്വസ്ഥതയുടെ ആകെ തുക
ജീവിതമെന്ന്
നീ കണക്കുകൂട്ടി വെച്ചിരിക്കുന്നു

എൻ്റെ കണക്കുകൂട്ടലുകൾ
നീ തെറ്റിക്കുന്നു
നിൻ്റെ കണക്കുകൂട്ടലുകളിലാണ്
എൻ്റെ നാളുകൾ നടവരമ്പേറി
പോകുന്നത്

2025, മേയ് 2, വെള്ളിയാഴ്‌ച

ഉയിർത്തെഴുന്നേൽപ്പ്



കവിത
കല്ലെടുത്തെറിയുന്നുപോലും!
കണ്ണുരുട്ടുന്നു പോലും!
സിംഹാസനങ്ങളെ കുലുക്കുന്നു
പോലും!
ന്യായാസനങ്ങളെ ഉലയ്ക്കുന്നു
പോലും!

കവിതയെ,യവർ
കാൽവരിക്കുന്നേറ്റി
കുരിശിൽ തറച്ചു കയറ്റി
ആണിപ്പാടിൽ നിന്നും
കവിതത്തുളളികൾ ഇറ്റിറ്റു വീണു

ഓരോ തുള്ളിയിൽ നിന്നും
ഒരായിരം കവിതകൾ പിറന്നു
അവരറിഞ്ഞിരുന്നില്ല
കുരിശിലേറ്റിയത് ഉയിർത്തെഴു
ന്നേൽക്കുമെന്ന്.

പ്രണയം



എല്ലാം മറക്കുവാൻ
എല്ലാം പൊറുക്കുവാൻ
പിന്നെയും പ്രേരണ
നീ തന്നെ പ്രണയമേ

പാരിൽ പ്രണയമെന്നൊ-
ന്നില്ലായിരുന്നെങ്കിൽ
പാരമീ ജീവിതമേറ്റം
നശിച്ചേനെ