malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, ഏപ്രിൽ 14, ബുധനാഴ്‌ച

വിഷു (ഷ) പച്ച


പിന്നെയും വന്നു കരേറി വിഷുദിനം
കൈനീട്ടമായെന്തു നൽകണമിന്നു ഞാൻ
വന്ദിച്ചിരുന്നൊരു മണ്ണിനെയിന്നാര്
വന്ധ്യയായ് തീർത്തതിന്നുത്തരം ചൊല്ലാമോ?!

അമ്മതൻ മണ്ണല്ലൊ നന്മയേകി നമ്മെ
ഉണ്മയിലേക്കു നടത്തിച്ചിരുന്നത്
പൂജകളെല്ലാമെ വ്യാജമായി,യിന്ന്
ആർത്തിയാലാകെയും മൂർന്നു കുടിക്കുന്നു

വിഷമേകി അമ്മയാം മണ്ണിനെ മെല്ലവേ
കൊല്ലുന്നതുണ്ട് മനുഷ്യരാം മക്കൾ
അമ്മതൻ സ്നേഹ വരദാനമായ് പണ്ട്
കായ്ഫലമെന്തെന്തു തന്നിരുന്നു

ചക്കയും, മാങ്ങയും, വെള്ളരി, മത്തനും, -
വെണ്ട, വഴുതിന,നൽപ്പയറും,
കദളിവാഴപ്പഴം, കാഞ്ചനകൊന്നപ്പൂ ,
നാൽക്കാലികൾക്കുമാ,മോദമെങ്ങും

മഴ പെയ്യാനാളുകളേറെയായെങ്കിലും
കുറവില്ല വെള്ളത്തിനന്നൊട്ടുമേ.
വൃദ്ധിയേറും നല്ല പൃഥ്വിയന്നൊക്കെയും
യൗവ്വന യുക്തയായ് വാണിരുന്നു

കൊല്ലാതെ കൊല്ലുന്നു മക്കളിന്നമ്മയെ
കൊന്നയോ പൂക്കാതെ നിന്നിടുന്നു
വിഷു പച്ചയെങ്ങുമേ,യില്ലാതെയായിന്ന്
വിഷ പച്ചയെങ്ങും തഴച്ചിടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ