malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022, ജൂൺ 15, ബുധനാഴ്‌ച

നിലാ നിശീഥിനി


കിനാക്കീറുപോലെ കിടക്കുന്നു വാനം
എങ്ങുനിന്നേതോ പക്ഷിതൻ കൂജനം
മലകൾക്കപ്പുറത്തെങ്ങാണ്ടു നിന്നും
കേൾക്കാം തുടിപ്പാട്ടിൻ താളാത്മശബ്ദം

പുകച്ചുരുൾപോലെ പുകഞ്ഞുള്ളമഞ്ഞ്
സുന്ദരിനിലാവിനെ കെട്ടിപ്പിടിക്കാ
നെന്നോണമാകാശത്തിലേക്കാഞ്ഞു നിൽപ്പൂ
കല്പടവിറങ്ങിവരുംകന്യപോലുള്ള
നിലാവുള്ള രാത്രിയെ
ശ്രദ്ധിച്ചുവോനിങ്ങൾ?!

ഏതോ വിജനമാം തീരത്തു നിന്നും
തടാകത്തിലേക്കുപതഞ്ഞുതൂവീടുന്ന
അരുവിയുടെ നിർഝര ശബ്ദംപോലെ
വളകളണിഞ്ഞ കൈ,യനക്കം പോലെ
അത്തറിൻ നേരിയ ഗന്ധം പോലെ
നമ്മെ ഹർഷോന്മത്തരാക്കിടുന്നു

മരങ്ങൾ പ്രാചീനമാം തൂണുപോലെ
ഇലയനക്കങ്ങൾ വീണാ ഗാനംപോലെ
ആഭരണങ്ങൾതൻ കിലുക്കംപോലെ
പാദസരത്തിൻ്റെ നാദംപോലെ
പ്രപഞ്ചം വലിയോരകത്തളം പോൽ

നിലാവൊരു കൈത്തിരിനാളമേന്തും
ലജ്ജാവതിയാം കന്യയെന്നപ്പോലെ
ആരോ മൃദുവായെന്നരികെ
ഉന്തി നടത്തിയപോലെ
അദൃശ്യ അവളെ അകക്കണ്ണാൽ കാണാം
കൊലുന്നനെ അറബിപ്പെൺകൊടിയെന്ന
പോലെ

അയഞ്ഞ കുപ്പായത്തിന്നുളളിൽ കാണാം
സുന്ദരമോഹന മൃദുലമേനി
ചെറിപ്പഴമധുരം വഴിയുന്ന ചുണ്ടും
നിറയെ മോഹങ്ങൾ വിടർന്നകണ്ണും
നീലച്ച ചേലവിരിച്ച വാനം
കുസൃതിക്കൺകാട്ടി വിളിച്ചിടുന്നു
പ്രണയ മനോഹരി നിലാനിശീഥിനി
മറക്കാനെളുതാത്ത മനോമോഹിനി


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ