malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ഡിസംബർ 15, ശനിയാഴ്‌ച

നോവ്



അൽ ഫ്രാക്സ് പൂജ്യം പോയന്റ്-
അഞ്ചിന്റെ പകുതി മുറിച്ച്
അവൾ നൽകുന്നു
നാവു വരണ്ട്, കണ്ണടഞ്ഞ്
വേദനയെ അഗാധമായി മയക്കി കിടത്തുന്നു
നട്ടെല്ലിലെ ഡിസ്കിനുള്ളിൽ രോഗാണുക്കൾ
എന്തു ചെയ്യുകയായിരിക്കുമിപ്പോൾ?
ഒന്നുമറിയാതെ മൂന്ന് കുഞ്ഞുങ്ങൾ
അച്ഛനെ മുത്തങ്ങൾ കൊണ്ട് മൂടുന്നു
രണ്ട് കണ്ണുകൾ കണ്ണീർപ്പുഴയിൽ
കൂമ്പിയടഞ്ഞ് പ്രാർത്ഥനയിൽ
വിഷാദത്തിന്റെ മങ്ങിയവെളിച്ചം തപസ്വിയാകുന്നു
മരണത്തിലെന്ന പോലെ കിടക്കുന്നവന്റെ
മുന്നിൽ
അവളുടെ സ്വപ്നങ്ങൾ അന്ധനായ കുട്ടി.
നിരങ്ങി നീങ്ങുന്ന നിരാലംബ തയാണ് ജീവിതം
ചിറകരിയപ്പെട്ട പക്ഷി
രാവിന്റെയേതോയാമത്തിലും നിഴൽചിത്രമായ്
ചുമരുചാരി കൈപ്പുനീരുകുടിച്ച് അവൾ
ഇരുട്ടിൽ ഇലയനക്കംപോലും മുട്ടിവിളിക്കുന്ന ഭയം
മൈലാഞ്ചിയണിഞ്ഞ നിലാവ് വേദനയാണ്
വ്യഥകളുടെചുമടുതാങ്ങി കഴുത്തൊടിയുന്നു
നോവുകളിൽപണിഞ്ഞ കുഞ്ഞു വീട്
നോവിനാൽപുണരുന്ന രണ്ടു ജന്മങ്ങൾ
നോവുകളിൽചിരിക്കുന്ന മൂന്നു കുഞ്ഞുങ്ങൾ
മതി, ഇനിഎങ്ങനെയൊക്കെ ജീവിച്ചുതീർക്കണം
ഒരു ജന്മം
പുലരിവന്ന് വേദനയെതൊട്ടുണർത്തുന്നു
അടഞ്ഞുപോകുന്നകണ്ണ് വലിച്ചുതുറന്ന്
ഉറക്കച്ചടവോടെ അവൾചാടി എഴുന്നേൽക്കുന്നു
വേദനയുടെ ആവിളറിയമുഖം
പ്രതീക്ഷയുടെ പൂവാണവൾക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ