malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ഡിസംബർ 6, വ്യാഴാഴ്‌ച

വാഴ്ച



എഴുതുവാനെനിക്കെഴുത്തുമേശയില്ല
തുടുത്ത വെളിച്ചത്തിൻ വെള്ളി ശോഭയില്ല
അനന്തമാകാശം കണ്ടു നിൽക്കുവാൻ
തുറന്നു വെയ്ക്കാനൊരു ജനാലയില്ല
ചില്ലയില്ല വന്നിരിക്കാനൊരു കിളിയുമില്ല
ചീത്തയെങ്കിലും ചിലക്കാനൊരു പല്ലിയില്ല
വ്യഥിത ചന്ദ്രന്റെ വിളർത്ത മുഖം നോക്കി
വിശന്ന വാക്കെന്നിൽ കവിതയെഴുതുന്നു
ഇരുട്ടുവന്നിട്ടും ഉറക്കുവന്നില്ല
മുനിഞ്ഞു കത്തുന്ന വഴി വിളക്കരികിൽ
മുല്ല പൂത്തൊരുവള്ളിയായ് നിൽക്കുന്നു
കൂട്ടിയും, കുറച്ചും, ഗുണിച്ചും, ഹരിച്ചും
ഹരിണ വേഗത്തിൽ പായുന്ന കാലമേ
നിശ്ചലമെന്റെ ജീവിതമെത്ര മെച്ചമെന്നു നീ
പരിഹസിക്കയോ?
കവച കുണ്ഡലം അറുത്തു മാറ്റി നീ
കുലച്ച വില്ലുമായ് കാത്തുനിൽക്കയോ ?!
കവിത വന്നെന്റെ കണ്ണുപൊത്തുന്നു
കവിത വന്നെന്റെ കാതു പൊത്തുന്നു
കവിത വന്നെന്റെ വായ മൂടുന്നു
കവിത വന്നെന്റെ വാക്കിൻവാളിനെ
വേരറുത്തു പിഴുതുമാറ്റീടുന്നു
കവിത പൂക്കുന്ന കാലം കഴിഞ്ഞെന്ന്
കാലം കാലനാൽ കാക്കപ്പെടുന്നെന്ന്
പകുതിയിൽ വെച്ച് മരിക്കുന്നതേ കാമ്യം
കവിത ചൊല്ലിപ്പിരിഞ്ഞു പോകുന്നു.
കാലനെത്ര കാലം ഭരിച്ചാലും
കാത്തുവെക്കുമീ കവിതയെന്നു ഞാൻ
കവിതയെ പിടിച്ചു നിർത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ