malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, മേയ് 21, ചൊവ്വാഴ്ച

ഗുണപാഠം



വെയിലിന്റെ നദിയിലേക്ക്
മാനത്തിന്റെ മൗനംതൊട്ട്
ജീവന്റെ ഒരില മെല്ലെ മെല്ലെ -
പതിക്കുന്നു
ബഹുവചനത്തിൽനിന്ന്
ഏകവചനത്തിലേക്ക്
എടുത്തെറിയപ്പെടുന്നു
നിലാവുചാറുമ്പോഴും നിളയൊന്ന്
ശരീരത്തിൽ ചാലിടുന്നു
മരിച്ചവരെകരച്ചിലോർമ്മിപ്പിക്കുന്നു
കാലം ഇരുട്ടിന്റെ വേനലിൽ
തുള്ളിപ്പൊരിയുന്നു
ഭൂതം പറഞ്ഞു:
കുഞ്ഞിൽനീ കുളിരായ് തുള്ളിക്കളിച്ചു
വർത്തമാനം പറഞ്ഞു:
യുവത്വത്തിൽനീ നട്ടുച്ചയായ്
പൊട്ടിത്തെറിച്ചു
ഭാവി അന്നേ പറഞ്ഞിരിക്കാം:
വെയിലിന്റെ വേലിയേറ്റത്തിൽ
കെട്ടുവള്ളം പോലെനീ,യാടി, -
യുലയുമെന്ന്
വള്ളത്തിന്റെ പള്ളയ്ക്കുവെച്ച കൈ
ഞാൻ പിൻവലിക്കുമെന്ന്
ഓർമ്മയുടെ അടരുക, ളൊന്നൊന്നായ്
അടർന്നു വീഴുന്നു
മൊട്ടക്കുന്നുകൾപോലെ ജീവിതം.
പക്ഷമടർന്ന പക്ഷി ഞാനിന്ന്
തണുപ്പില്ലാത്ത വേനൽത്തടം.
ഇപ്പോൾ, പ്രഭാതം
തീയുടെ വാഴ് വ്,  പുകച്ചിൽ,
അഗ്നിയുടെ ചമൽക്കാരം
ദാഹനിലവിളിയുടെ നീറുന്ന സംത്രാസം
വിയർത്തു വിറച്ച് തിന്മയുടെ
തീതുപ്പുന്നഡ്രാഗൺ
അവിവേകത്തെ വിവേകമായി
തിരുത്തുമ്പോൾ
കാലം കൈവെള്ളയിൽ വെച്ചുതരുന്നു
ഒരു ഗുണപാഠ ലോകം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ